പ്രതികാരം – എഴുത്ത്: നിയ ജോണി
കഷ്ടപ്പെട്ട് പട്ടീന പോലെ നാലര വർഷം പൊറകേ നടന്നട്ട് ചെന്ന് ഇഷ്ടാണ് ന്ന് പറഞ്ഞപ്പോ ന്നോട് പറയാ…… നിക്ക് അടക്കോം ഒതുക്കോം ഇല്ലാന്ന്…….
ആദ്യം അത് കേട്ട് കരഞ്ഞു പിഴിഞ്ഞ് ഒക്കെ ഇരുന്നേലും നച്ചു, ദേവു, ആമി ചേച്ചി, ശ്രീധു, അത്തിമോളും ഒക്കെ തന്ന ധൈര്യം കൊണ്ട് വീട്ടുകാർടെ കയ്യും കാലും ഒക്കെ പിടിച്ചു ആ മൊതലിനെ തന്നെ അങ്ട് കല്യാണം കൈച്ചു.
താൻ തീർന്നടോ….. താൻ തീർന്ന്……..ന്റെ അടക്കോം ഒതുക്കോം കമ്പനി കാണാൻ കെടക്കുന്നെ… ഒള്ളൂ… ന്ന് പറഞ്ഞു അന്ന് രാത്രി റൂമില് കേറിയപ്പോ ബെഡ്‌റൂം ഒക്കെ കിടുക്കാച്ചി ഒക്കെ ആയിട്ട് അലങ്കരിച്ചേക്കണ്.
എന്തിന്???????
എന്തിനോ വേണ്ടി തിളക്കുന്ന സാമ്പാർ….
എന്റ അടക്കോം ഒതുക്കോം അല്ലെ ദോ അവടെ ഇരുന്ന് ടെൻഷൻ അടിക്കണത്….
കൂൾ സ്റ്റെല്ല കൂൾ ……….
ഞാൻ വന്നു ന്ന് കണ്ടപ്പം ഒരു വളിച്ച ചിരി ഒക്കെ വരണിണ്ട്…….
വല്യ വോൾട്ടേജ് ഒന്നൂല്ലാത്ത ചിരി ആണല്ല………കാട്ടുമുത്തപ്പാ….. ഇനി വേറെ വെല്ല പ്രേമോം…… യേയ് ചാൻസ് ഇല്ല ….. ഞാനല്ലാതെ ഈ മരമോന്ത ആര് നോക്കാനാ…….
പിന്നെ ഞാൻ വാതില് അടച്ചട്ട് നമ്രശിരസ്ക ഒക്കെ ആയിട്ട് അങ്ട് നടന്ന്……
ഇത്രേം അടക്കോം ഒതുക്കോം മതിയോ സേട്ടാ….. ന്ന് ചോയ്ച്ചപ്പോണ്ട് അങ്ങേര് പറയാ….. അത് ഞാൻ അന്ന് ചുമ്മാ പറഞ്ഞതാ…… അത് വിട്ട് കളാ.. ന്ന്………
അയ്യോ…. ഞാൻ അതൊക്ക അപ്പഴേ തന്നെ വിട്ട്…. എനിക്കറിയാർന്നു ചേട്ടായി അത് ചുമ്മാ പറഞ്ഞതാണ് ന്ന് പറഞ്ഞപ്പോ അങ്ങേർടെ മൊഖത്ത് ചിരി അങ്ട് കൂടി…..അയ്യോ എന്നാ ഒരു ഫങ്ങി ആന്നേ……..
ചുമ്മാ ഒരു രസത്തിന് ഒരു പാട്ടൊക്ക പാടി ഞാൻ ആ സിറ്റുവേഷൻ അങ്ട് റൊമാന്റിക് ആക്കി….. ഹുഹുഹു….
” നീയെൻ സുന്ദരൻ, എന്റെ മാത്രം സുന്ദരൻ, ഏത് പെണ്ണും വീണ് പോകും നല്ല പാട്ടിൻ വല്ലഭൻ “ ന്നൊക്കെ പാടിയപ്പം അങ്ങേര് നീയെൻ സുന്ദരി ന്ന് പാടും ന്ന് വിചാരിച്ചു…
പക്ഷെ ആ കള്ള ബഡുവ പാടേണ്….
” ഈ നല്ല രാത്രി വെറുതെ…കളയുന്നതെന്തിനിയും… “… ന്ന്.
പ്ഫ…. കള്ള കെളവ…. മര്യാദക്ക് അവടെ പോയി കെടന്ന് ഒറങ്ങിക്കോണം…….
അത് കേട്ടട്ട് അങ്ങേര് പറയാ… ന്ന് ഞങ്ങടെ ഫസ്റ്റ് നൈറ്റ് ആണ് ന്ന്…….
ഫസ്റ്റ് നൈറ്റ് അല്ല സെക്കന്റ് നൈറ്റ് പൊക്കോണം…..എനിക്ക് കൊറച്ചു അടക്കോം ഒതുക്കോം ഒക്കെ വെക്കട്ട്…. ന്നിട്ട് നമ്മക്ക് ഫസ്റ്റ് നൈറ്റും സെക്കന്റ് നൈറ്റും ഒക്കെ ആലോയിക്കാം……അല്ല പിന്നെ……പോടാ.. പൈത്തിയക്കാരാ…. പോയി തൂങ്കടാ……
യെടി മഹാപാപി….. ന്ന് പറഞ്ഞു അങ്ങേര് തല വഴി മൂടി പൊതച്ചു കെടന്ന്…..
ഇതാണ് കെട്യോനെ… പറയണത്……FOR EVERY ACTION, THERE IS AN EQUAL AND OPPOSITE REACTION…….. ബുഹഹഹ……
കട്ടിലില് കേറി കെടന്നെങ്കിലും ധൈര്യക്കൊറവ് ഒള്ളോണ്ട് എക്സ്ട്രാ ഒണ്ടാരുന്നു തലയണ വെച്ച് ഞാൻ ഞങ്ങടെ എടേല് ഒരു കുത്തബ് മീനാർ പണിതുയർത്തി……
ഇതെങ്ങാനും തല്ലി പൊളിച്ച……മൈ ഡിയർ കെട്യോനെ….. നിങ്ങളെന്റ ശെരിക്കും ഒള്ള അടക്കോം ഒതുക്കോം ഒക്കെ കാണും……..
എന്റ ഭാഗ്യത്തിന് നച്ചുന് കരിയാന പണി കൊടുത്ത് പച്ചമാങ്ങേം കൊണ്ട് ട്വിൻസ്നെ കൊണ്ടൊരാൻ ആയിട്ട് ഹോസ്പുത്രില് അഡ്മിറ്റ് ആയോണ്ട് പണി ഒന്നും കിട്ടീല്ലാ……
നല്ല സുഖായിട്ട് കെടന്ന് ഒറങ്ങി പിറ്റേ ദിവസം എണീറ്റ് കുളിച്ച് അടുക്കളേലേക്ക് ചെന്നപ്പോ ദോണ്ടേ മൈ അമ്മായിഅമ്മ ആൻഡ് നാത്തൂൻ.
അങ്ങേരെ ചാക്കിലാക്കാൻ നടക്കണേന്റെ എടേല് പെങ്ങളുവഴി ഒന്ന് ട്രൈ ചെയ്യാൻ നോക്കിയപ്പ തിരിഞ്ഞു പോലും നോക്കാത്ത ഐറ്റം ആണ്……
ആ…. അത് പോട്ട്…. നാത്തൂൻ ആയി പോയില്ലേ……. വെർതെ വിട്ട്.
പിന്ന ചായ റൂമില് കൊണ്ട് കൊടുക്കൽ ഒന്നും ഇല്ലാത്തോണ്ട് കൊഴപ്പം ണ്ടാരുന്നില്ല.
കൊറച്ചു നേരം കയിഞ്ഞു ചെന്ന് നോക്കിയപ്പ ആള് കുളിക്കാൻ കേറി.
അങ്ങേർടെ കുളി കൈഞ്ഞാന്ന് നോക്കാൻ വേണ്ടി പിന്നേം മുറീലേക്ക് പോയപ്പോ ദോ…. അങ്ങേര് കണ്ണാടിടെ മുന്നില് നിന്ന് പോഞ്ഞിക്കര കളിക്കണ്. മ്യൂസിക് വിത്ത് ബോഡി മസിൽസ്…….
നാണൂല്ലാത്ത മൻഷ്യൻ ഇങ്ങേര്ക്ക് ഒരു ഷർട്ട് ഇട്ടൂടെ…… ഒരു കൂറ കൈലി ഉടുത്തോണ്ട് അങ്ങേർടെ ഒരു ഫാഷൻ ഷോ…….കള്ള കെളവൻ…..
നിങ്ങക്ക് ഒരു ഷർട്ട് ഇട്ടൂടെ മൻഷ്യാന്ന് പറഞ്ഞ് ഞാൻ കണ്ണും പൊത്തി തിരിഞ്ഞു നിന്ന്. അയ്യേ…. നാണക്കേട്……..
നീ ഒന്നില്ലേല് കണ്ണ് പൊത്ത്. ഇല്ലേല് തിരിഞ്ഞു നിക്ക്… രണ്ടൂടെ വേണ്ടാന്ന്…… പറഞ്ഞു അങ്ങേര് ന്റെ പൊറകില് വന്ന് നിന്ന്…….
ന്റെ സിവനേ…….. ഞാൻ ഇപ്പൊ തട്ടി പോവും…..ന്റെ പൊന്ന് കൈ അല്ലെ… ഒന്ന് വെറക്കാതെ ഇരുന്നൂടെ………
”കയ്യും കാലും വെറവെറക്കണ് പെട പെടക്കണ് തുടി തുടിക്കണ് ” എനിക്കിപ്പ അറ്റാക്ക് വരുവേ…….കണ്ട്രോൾ ദൈബങ്ങളേ…. ശക്തി തരൂ…..നമ്മക്ക് പ്രതികാരം ചെയ്യാൻ ഒള്ളതാ……കേറി ഉമ്മ വെച്ച് നാറ്റിക്കല്ലേ പെണ്ണേ………ന്തോ…….ദാ വരണു….. എന്ന ആരോ വിളിച്ചു……പിന്ന തിരിഞ്ഞു നോക്കാതെ ഒരൊറ്റ ഓട്ടാരുന്നു……
ന്റെ സിവനെ ….. കൊറച്ചു നേരം കൂട അവട നിന്നേച്ചേല് ഞാൻ അങ്ങേര പിടിച്ചു പീ-,ഡിപ്പിച്ചേനേ………ന്റെ പ്രതികാരം ഒക്ക വെള്ളത്തില് വരച്ച വര കണക്ക് ആയേനെ……
ഭക്ഷണം കൈക്കാൻ വന്നിരുന്നപ്പ ആക്കി ഒള്ള ഒരു ഇളി. കൊരങ്ങൻ…എന്ന നേരത്തെ പേടിപ്പിച്ചതിന്റ ഇളി ആണ്. ഹും…….
ഫുഡടി ഒക്കെ കൈഞ്ഞപ്പോ വകേലെ ഏതോ ആന്റിടേം അങ്കിൾന്റേം ഒക്കെ വീട്ടില് ഒക്കെ പോയി തിരിച്ചു വന്നപ്പോ ശ്രീധുന്റെ അഞ്ച് മിസ്സ്‌ഡ് കോൾ…..
ഇനി ഇവള് അവക്കടെ സ്വപ്നത്തിലെ ആ കണ്ണിന്റേം താടീടേം പ്രൊപ്രൈറ്റർ നെ കണ്ട് പിടിച്ചോ ആവോ????
തിരിച്ചു വിളിച്ചു ചോയ്ച്ചപ്പോ പറയാ ……നച്ചു ട്വിൻസ് ആയിട്ട് ലേബർ റൂം ന്റെ പൊറത് എറങ്ങിന്ന്…….
ഇയ്യോ……. ഇത് ചെന്ന് അങ്ങേരോട് പറഞ്ഞപ്പം നാള പോയി കാണാം ന്ന്….. നിക്ക് വയ്യാ…….
പിറ്റേ ദിവസം നച്ചുന ഡിസ്ചാർജ് ചെയ്യാത്തോണ്ട് ഒരു കൊട്ട ഫ്രൂട്ട്സ് ഒക്ക ആയിട്ട് അവള കാണാൻ ചെന്നപ്പോ ദേവൂം ശ്രീധൂം ആമി ചേച്ചീം ഒക്കെ നേരത്തെ തന്ന ഹാജർ ഇട്ട്.
മിനിഞ്ഞാന്ന് കല്യാണം അങ്ട് കയിഞ്ഞുള്ള കൊണ്ട് എനിക്ക് പിന്നെ വമ്പൻ സ്വീകരണം ആർന്നു…..
ഇവരൊക്ക വന്നപ്പ അവൾടെ അമ്മ വീട്ടില്ക്ക് പോയി. കരിയാന അവള്ടെ അടുത്ത് തന്നെ കുഞ്ഞുങ്ങളെ ഒക്ക നോക്കി നിക്കണിണ്ട്…….
പാവം…… അങ്ങേര് അറിയുന്നില്ലല്ലോ അങ്ങേർടെ ഒറക്കം ഇല്ലാത്ത രാതികൾടെ പ്രൊപ്രൈറ്റേഴ്സാണ് ആ കെടക്കണേന്ന്…….
അപ്പോണ്ടടാ…. ആമി ചേച്ചി പറയുവാ….. കല്യാണം കൈഞ്ഞിട്ട് ഒരു വർഷം അല്ലെ ആയുള്ളൂ….. അപ്പഴേക്കും ഒരു ഇരട്ടകളെ കിട്ടിയല്ല….. ന്ന്…….
അത് കേട്ടപ്പോ ദോ രണ്ടൂടെ നിന്ന് നാണിക്കണ്…….ശോ…. അവൾട നാണം കണ്ടട്ട് എനിക്ക് നാണം വന്നു…. പോ അവടന്ന്…….
ഞാൻ എടുത്താ കുഞ്ഞു കരയും ന്ന് ഒറപ്പ് ഒള്ളോണ്ട് ഞാൻ എടുത്തില്ല…….
അങ്ങേര് കുഞ്ഞിനെ എടുത്തു കളിപ്പിക്കാൻ തൊടങ്ങിയപ്പോ തന്നെ കുഞ്ഞ് നൈസ് ആയിട്ട് അങ്ങേർടെ ഷർട്ടില് പുണ്യാഹം തളിച്ച്……
സന്തോഷമായി ഗോപിയേട്ടാ……. കുഞ്ഞ് പോലും പണി കൊടുത്തു തൊടങ്ങി……
അച്ചോടാ… അങ്ങേർടെ മൊഖം ഒന്ന് കാണണം……… നിക്ക് ചിരിക്കാൻ വയ്യായേ……
പിന്നെ ഷർട്ട് ഒക്കെ കഴുവി ഒണക്കി അവടന്ന് പോന്നു.നേരെ ന്റെ വീട്ടില്ക്ക് വെച്ച് പിടിച്ചു. അങ്ങന ഒരു ചടങ്ങ് ണ്ടല്ലോ……അവടെ ചെന്നപ്പോ എല്ലാരും കൂടെ മരുമോനെ അങ്ട് സൽക്കരിച്ചു കൊല്ലുവാ…..ഞാൻ ന്ന് ഒള്ള ജന്തുന തിരിഞ്ഞു പോലും നോക്കണില്ല…..അങ്ങേര് ആണേൽ വിനയകുനയനായിട്ട് ബല്ലാത്ത ജാതി അഭിനയം……
ഞാൻ പോയി കുളിച്ച് തലേല് കെട്ടും ആയിട്ട് എറങ്ങി വന്നപ്പ അങ്ങേര് പന്തം കണ്ട പെരുച്ചാഴി കണക്ക് എന്നേം നോക്കി ഇരിക്കേണ്.
ചുരിദാർ ഇട്ടോണ്ട് നടന്ന സ്വന്തം ഫാര്യ ത്രീഫോർത്തും ടോപും ഇട്ട് വന്ന ഏത് ഫർത്താവും ഞെട്ടും.
മോനെ എഞ്ചിനീയറേ….. അടക്കോം ഒതുക്കോം ഇത്രേം മതിയോ ഹേ…….ന്ന് മനസില് പറഞ്ഞ് തിരിഞ്ഞപ്പോ ദോ അമ്മച്ചി ഒരു നോട്ടം.
ന്നിട്ട് അങ്ങേർടെ മുന്നില് വെച്ച് തന്നെ പോയി പെൺപിള്ളേരടെ വേഷം ഇടടിന്ന് പറഞ്ഞു മുറീല്ക്ക് ഒറ്റ തള്ളും.
അന്നേരം അങ്ങേർടെ ഒരു ചിരി… കള്ള ബഡുവ…. തരാടോ……
ന്ത് മനോഹരമായ ആചാരങ്ങൾ……കല്യാണം കൈഞ്ഞാ അത്രേം നാള് ഇട്ട ഡ്രസ്സ് കൂടെ ഇടാൻ പറ്റൂല്ലേ……. തേങ്ങാക്കൊല….
കയ്യീക്കിട്ടിയ ചുരിദാർ വലിച്ച് കേറ്റി ചെന്നപ്പ അങ്ങേരടേം ന്റെ അമ്മച്ചിടേം മൊഖം ഒന്ന് കാണണം. ന്നാ ചിരിയാ രണ്ടിന്റേം…..
രാത്രി ഭക്ഷണം കൈക്കാൻ ഇരുന്നപ്പ ഞാൻ ചെയ്ത എല്ലാ കൊനഷ്ട്ട് പണികളും ന്റെ കെട്യോന്റെ മുന്നില് എണ്ണി എണ്ണി പറഞ്ഞു കൊടുത്ത്.
ന്തിന്…….എനിക്ക് രണ്ട് വയസ്സ് ഉള്ളപ്പോ വീട്ടില് പാല് കൊണ്ട് തരണ പാലമ്മേടെ പൊറകേ പോയി പാലാരിവട്ടം സിറ്റി മൊത്തം കറങ്ങിയത് ഉൾപ്പടെ.
ഞാൻ അങ്ട് ഇല്ലാണ്ടായി പോയി…….
ഒരാഴ്ച കൈഞ്ഞ് അലമാര, കൊറേ സാധനങ്ങള് ഒക്കെ ആയിട്ട് ഞാൻ അങ്ങേർടെ വീട്ടില്ക്ക് പോയി.
ഒരൂസം ഞാൻ നോക്കിയപ്പോ ദോ അങ്ങേര് ഷേവിങ് സെറ്റ് പിടിച്ചോണ്ട് നിക്കണ്……
എന്തെയ്യാൻ പോവാണ്??? ന്ന് ചോയ്ച്ചപ്പോ താടി വടിക്കാൻ പോണേണ് ന്ന്…….
ന്നാ പിന്ന ആ മീശ കൂടി അങ്ട് വടിക്ക്….. നല്ല ഇസ്തിരി പെട്ടി പോലെ ഇരിക്കും…… ന്ന് ഞാൻ പറഞ്ഞപ്പോ ന്നാ…വടിച്ചേക്കാം ന്ന്….
താടീല് എങ്ങാനും തൊട്ടാ തല ഞാൻ തല്ലി പൊളിക്കും… അല്ല പിന്നെ…..ഞാൻ പറഞ്ഞ കേട്ട് ന്താന്ന് ചോയ്ച്ചു അങ്ങേര് കണ്ണുരുട്ടിയപ്പ സത്യം പറഞ്ഞാ ന്റെ കയ്യീന്ന് പോയി.
അത് ന്താന്ന് വെച്ച…… താടി കളയല്ലേ… ന്ന്…… ന്നൊക്കെ വിക്കി വിക്കി പറഞ്ഞു ഞാൻ സ്കൂട്ട് ആയി…..
ഞ്ഞ…ഞ്ഞ… ഞ്ഞ… ഞ്ഞ….. താൻ പോടോ ഹേ……….ഇപ്പൊ കൊറേ നാളായിട്ട് അങ്ങേര് എന്ന പേടിപ്പിക്കാൻ തൊടങ്ങിട്ട് ണ്ട്…..
ഒരൂസം ഏതോ സ്വർണക്കടേടെ പരസ്യം കണ്ടിട്ട് ആണ് ന്ന് തോന്നണു….എന്നോട് വന്നിട്ട് ചോയ്ക്കാ നിനക്ക് മൂക്ക് കുത്തണോന്ന്…….
പത്താം ക്ലാസ്സ് കൈഞ്ഞപ്പോ സെക്കന്റ് സ്റ്റഡ് കുത്തി പ്ലസ് ടു കൈഞ്ഞപ്പോ തേർഡ് സ്റ്റഡ് കുത്താൻ പോയപ്പോ ഒള്ള ആഗ്രഹം ആർന്നു മൂക്ക് കുത്തണം ന്ന്….. അന്ന് അത് സമ്മയിക്കാഞ്ഞോണ്ട് ആ വാശിക്ക് തേർഡും ഫോർത്തും ഒരുമിച്ച് അടിച്ച എന്നോട് മൂക്കുത്തി വേണോന്ന് ഇങ്ട് ചോയ്ച്ചാ പിന്നെ……….
ചാടി കേറി വേണം ന്ന് പറഞ്ഞ്.
ന്തായാലും കേട്യോൻ കൊള്ളാം……….ഞാൻ മനസ്സില് കാണുമ്പം അങ്ങേര് അത് സ്കൈയില് കാണണിണ്ട്……
മൂക്ക് കുത്താനായിട്ട് മാളിലെ ജ്വല്ലറീലേക്ക് വെച്ച് പിടിച്ചു. അവടെ ചെന്നപ്പോ ദോണ്ടേടാ എസ്കലേറ്റർ………… ഐ ആം ട്രാപ്പ്ഡ്…..
നമ്മക്ക് പിന്നെ എല്ലാം നൊസ്റ്റു ആണ് അതോണ്ട് വല്യ വല്യ കടകളിൽ പോയാലും എസ്‌കലേറ്റർ നമ്മള് ഉപയോഗിച്ച് കേറൂല്ല. ഒൺലി കോണി പടി. അതാണ് സേഫ്.
ഞാൻ ഓരോ സ്റ്റെപ് എണ്ണി എണ്ണി കേറിക്കൊണ്ടിരുന്നപ്പോ ദോ മേരാ കേട്യോൻ എസ്കലേറ്റർ വഴി കേറി മേളില് എത്തി എന്നേം നോക്കി ഇടുപ്പില് കയ്യും വെച്ച് നോക്കി നിക്കണു…….ഞാൻ നന്നായിട്ട് അങ്ട് ഇളിച്ചു കൊടുത്ത്.
ന്നിട്ട് എന്നോട് ചോയ്ക്കാ ന്താ നീ എസ്കലേറ്ററില് വരാത്തത് ന്ന്…നിക്ക് എസ്കലേറ്ററും കുന്തോം ഒന്നും ഇഷ്ടല്ല…. നിക്ക് സ്റ്റെപ്പാ ഇഷ്ടം…. അതാ ആരോഗ്യത്തിനു നല്ലത് ന്ന് പറഞ്ഞപ്പോ വോ… വോ….. ന്നും പറഞ്ഞു കിണിച്ചോണ്ട് അങ്ങേര് ജ്വല്ലറീലേക്ക് കേറി പോയി……
നല്ല ഒറ്റക്കല്ലിന്റ ഒരു നീലക്കൽ മൂക്കുത്തി എടുത്ത് എന്നെ മൂക്ക് കുത്താൻ ഇരുത്തി. ആദ്യം ഒക്കെ മുടിഞ്ഞ ധൈര്യം ആർന്നു. കുത്തണ കുന്തം കണ്ടപ്പം ലേശം കിളി ഒക്കെ പറക്കാൻ തൊടങ്ങി.
കെട്യോന നോക്കിയപ്പ അങ്ങേര് ഇളിച്ചോണ്ട് നിപ്പ്ണ്ട്……..ഈശോയെ….. ഇനി ഇത് പ്രതികാരം വെല്ലോം ആണോ???? യേയ് …………………
പിന്നങ്ങ്ട് ആകെ ബഹളം ആർന്നു. കുത്താൻ വന്ന ആളെ ഞാൻ കൊല്ലാതിരിക്കാൻ സ്നേഹനിധിയായ എന്റെ കേട്യോൻ ന്റെ കൈ രണ്ടും കൂട്ടി പിടിച്ചു. ന്നാലും മാന്തി കീറാൻ ഒള്ളത് മുഴുവൻ കൊടുത്ത്ട്ട് ണ്ട്. പാവം……
ശൂ…. ശൂ…. അതൊണ്ടല്ലോ……നിക്ക് കവര് കാണിച്ചരോ???????? ന്ന്
ചോയ്ച്ചപ്പോ അങ്ങേര് പറയാ അടുക്കളേല് എന്തോരം ഇരിക്കണ് പോയി നോക്കിക്കൂടെ…. അത് ഞാൻ കാണിച്ചരണോ?????? ന്ന്.
കവറല്ല മൻഷ്യാ കവര്…… ന്ന് പറഞ്ഞപ്പോ കവരാ??? അതെന്തോന്ന് സാധനം???? ന്ന്.
ഈ കുമ്പളങ്ങി നൈറ്റ്‌സ് സിനിമേല് കാണിക്കണില്ലേ… അത്……ഓഓഓ ……. ബയോലൂമിനെസെൻസ്……..
ഞങ്ങ കൊച്ചിക്കാര് കവര് ന്നാ പറയാറ്…..നിങ്ങ പിന്ന ഇംഗ്ലീഷ്ക്കാര് ബയോലൂമിനെസെൻസ് ന്നൊക്ക പറയുവാരിക്കും…… അല്ല പിന്നെ…
ആാാ …… ആലോയിക്കട്ട്……. ന്ന് പറഞ്ഞ് അങ്ങേര് കെടന്ന് ഒറങ്ങി കളഞ്ഞ്.
പിറ്റേ ദിവസം പള്ളീല് പോയി വന്ന് കൈഞ്ഞപ്പോ ആള് പറയാ എടി…. റെഡി ആവ്… ഒരു സ്ഥലം വരെ പോണം…… ന്ന്.
എങ്ങുടാ???? ന്ന് ചോയ്ച്ചപ്പോ പറയാ, കവര് കാണാൻ……ന്ന്,
ഈ പട്ടാപകലാ?????
നീ കവര് കാണാനല്ലേ പോണത്??? അല്ലാതെ കക്കാൻ ഒന്നും അല്ലല്ല…….
ബ്ലഡി ബേവക്കൂഫ്…..ഇങ്ങേര് ശെരിക്കും പൊട്ടനാണ??????? ന്ന് ആലോയിച്ച് കവര് രാത്രി അല്ലെ കാണാൻ പറ്റുള്ളൂ……… ന്ന് ചോയ്ച്ചപ്പോ നീ ഡയലോഗ് അടിക്കാതെ പോയി റെഡിയാവാൻ…………
വോ…. ആയിക്കോട്ട് ന്ന് പറഞ്ഞു ഞാൻ റെഡി ആയി വന്നപ്പോ തന്നെ ആള് ശകടം സ്റ്റാർട്ട് ചെയ്ത്.
കവര് കാണിക്കാൻ ന്ന് പറഞ്ഞു ഇങ്ങേര് ഇതെന്താ ദേവുന്റെ വീട്ടില്…
അകത്തേക്ക് കേറി നോക്കിയപ്പോ ദോ എല്ലാം ണ്ട്. നച്ചു രണ്ട് പിള്ളേരേം പിടിച്ചോണ്ട് ഇരിപ്പ് ണ്ട്. ഹരിയേട്ടൻ ഫോണില് ആരോടോ വല്യ സംസാരം……ദേവു തലക്കും കൈ കൊടുത്തു വേറൊരു മൂലക്ക്….ആമിയേച്ചി മേലോട്ട് നോക്കി നിപ്പ്ണ്ട്. ശ്രീധു വേറൊരു മൂലേല് തലേം കുത്തി ഇരിപ്പ്ണ്ട്. അപ്പ്രത്ത് പുതിയൊരു അവതാരം കൂടെ ണ്ടല്ലോ??? ഏതാ ഈ താടിക്കാരൻ????
ന്താ പറ്റിയെ ന്ന് ചോയ്ച്ചപ്പോ പറയാ ശ്രീധു ആ താടിക്കാരന്റ കൂടെ ഓടിപ്പോന്നതാണ് ന്ന്……
ന്റെ സിവനെ….. ഇനി ന്തൊക്കെ കാണണം???ഈ ജന്തു എല്ലാത്തിനും തല്ല് വാങ്ങി തരുവോ????
ദേവു ഒരു വിധത്തില് ലവൾടെ വീട്ടില് പറഞ്ഞ് സെറ്റ് ആക്കാൻ നോക്കിയട്ട് എവടന്ന്….അമ്പിനും വില്ലിനും അവര് അടുക്കണില്ല. അല്ലേലും സ്വന്തം മോള് ഓടി പോയാ ആരാ സൈക്കാ?????
അത് കൈഞ്ഞപ്പോ ആമിയേച്ചി വിളിച്ചു സംസാരിച്ചു. അങ്ങന പറഞ്ഞ് പറഞ്ഞ് വല്യ താല്പര്യം ഒന്നൂല്ലാതെ അവര് സമ്മയിച്ച്. അവസാനം ശ്രീധുന അവൾടെ വീട്ടില്ക്കും ആ ചെർക്കന അവന്റ വീട്ടില്ക്കും പറഞ്ഞു വിട്ട്.
എല്ലാം കൈഞ്ഞ് അവടന്ന് എറങ്ങിയപ്പോ മണി ഏഴായി.
അപ്പോ എന്ന കൊണ്ടോയി കവര് കാണിക്കും ന്ന് ഒക്കെ വിചാരിച്ചേലും അതൊക്ക അസ്ഥാനത്തായി പോയി. അങ്ങേരാ വണ്ടി കൊണ്ടോയി നേരെ വീട്ടില് നിർത്തി.
ഹും……നിങ്ങ കൊണ്ടോയില്ലേലും ഞാൻ പോവും. എന്ന ന്റെ അനിയൻ…… ഇല്ല അവൻ കൊണ്ടോവൂല്ല…. ചേട്ടന്മാര്…… അതൊട്ടും കൊണ്ടോവൂല്ല…….ആാാ…… ന്നെ ന്റെ ദേവൂസും ആമിയേച്ചീം കൂടി കൊണ്ടോവും….
രണ്ടൂസം കൈഞ്ഞപ്പോ നാത്തൂൻ കൊറച്ചു നാള് വീട്ടില് വന്നു നിന്ന്. പുള്ളിക്കാരിക്ക് അഞ്ചാം മാസാണ്. ഒരൂസം എല്ലാരും കൂടെ സിനിമ കണ്ടോണ്ടിരിക്കണ സമയത്ത് നാത്തൂന്റ മൂത്ത കുരുപ്പ് വന്നട്ട് അമ്മടെ വയറ്റില് കുഞ്ഞാവ ഒണ്ടല്ലോ…. ആന്റിടെ വയറ്റില് ന്താ ഇല്ലാത്തെന്ന്…
ന്റെ സിവനെ….. എല്ലാത്തിന്റേം കാതടിച്ച് പോണേ………
യെവടന്ന്………. അത് കേട്ടട്ട് എല്ലാരും കൂടെ എന്ന നോക്കി ചിരിക്കണ്.
ഞാനാണേൽ വല്ല ഭൂമിദേവി വന്ന് എന്ന അങ്ട് കൊണ്ടോയാ മതിന്നൊള്ള അവസ്ഥ.അന്നേരം ദോ ടീവില് സാമന്ത വിജയ്ടെ അടുത്ത് മറ്റേ പ്രെഗ്നൻസി ഡിറ്റെക്ഷൻ കാർഡ് കൊണ്ടോയി കാണിക്കണ്…..ന്റെ സാമന്ത ചേച്ചി……..
വൈകുന്നേരം ആയപ്പോ പള്ളീല യൂത്ത് വീക്ക് ന്റെ ഭാഗായിട്ട് നടത്തണ പരുപാടിക്ക് കലാപപരുപാടി സെറ്റ് ആക്കി കൊടുക്കാനായിട്ട് യൂത്ത്ന്റെ ചേട്ടന്മാരൊക്ക കൂടി വീട്ടില്ക്ക് വന്ന്.
ഇപ്പൊ കെട്ടോക്ക കൈഞ്ഞ് ഒരു മൂലേല് പോസ്റ്റ് ആണേലും ഒരെടക്ക് ആ ക്ലബ് ന്റെ കലാതിലപട്ടം ന്റെ തലേല് ആർന്നു. ഞാനാർന്ന് അവടത്തെ മൈക്കിൾ ജാക്സത്തീം കെ എസ് ചിത്രചേച്ചീം രാജാ രവിവർമ്മേം ഒക്കെ…….ഹാ….. അതൊക്ക ഒരു കാലം…..
ഡാൻസ് ന്ന് കേട്ടപ്പ തന്നെ മേരാ പതി ഇവളും ഇവള്ടെ വാല്കളും കൂടെ മുണ്ടുടുത്ത് ഡാൻസ് കളിക്കും ന്ന്…….
പടച്ചോനെ……. ഇങ്ങേര് അതൊക്ക കണ്ടാരുന്നാ????? അത് കേട്ടപ്പ ആ ചേട്ടന്മാരൊക്ക കൂടെ ഒരു ചിരി.
ഒരബദ്ധം ഏത് പോലീസ്കാരനും പറ്റും….
അത് വേണ്ടങ്കി പള്ളീടെ മുറ്റത്ത് ഒരു ഫ്ലാഷ്മോബ് ആയാലോ????
ഇങ്ങേര ഞാനിന്ന് വെല്ലോം ചെയ്യും……ഇതിനും ഭേദം എന്റെ ശവം എടുത്തൂടെ മൻഷ്യ നിങ്ങക്ക്…….
ഇന്നത്ത കണി ഒരു കെണി ആയി പോയല്ലോ കർത്താവേ ………
പിള്ളേര ഒപ്പിച്ചു തന്നാ പരുപാടി സെറ്റ് ആക്കി തരാന്ന് ഞാൻ പറഞ്ഞപ്പോ പിള്ളേരൊക്കെ ണ്ട് നാളെ വൈകുന്നേരം മുതല് ഡാൻസ് പഠിപ്പിച്ചു കൊടുക്കാൻ പള്ളീലേക്ക് വായോ… ന്ന്……
പിന്ന അങ്ട് അറഞ്ചം പുറഞ്ചം പ്രാക്ടീസ് ആർന്നു….അത് കൈഞ്ഞ് വീട്ടിലെത്തുമ്പം ഇന്നത്ത നിന്റ തവളച്ചാട്ടം അടിപൊളി ആർന്നു ന്ന് കേട്യോൻ…..പിന്നെ അങ്ട് താടിക്ക് പിടിച്ച് വലീം തലയണക്ക് ഏറും ഒക്ക ആയിട്ട് ആകെ ബഹളം…..
ആ പരുപാടി നടക്കണ ദിവസം പിള്ളേർക്ക് മേക്കപ്പ് ഒക്കെ ഇട്ട് തട്ടേല് കേറ്റി തിരിഞ്ഞു നോക്കിയപ്പോ ദോ ഞാനങ്ങേര പള്ളീല് ചെന്ന് വായിനോക്കണ സമയത്ത് ന്റെ നാത്തൂന്റെ കൂടെ നടന്ന് അങ്ങേര വായിനോക്കിയ മൊതല് അതിന്റ എടേല് അങ്ങേര വാറ്റണ്…….ഇങ്ങേര് പ്രൈവറ്റ് പ്രോപ്പർട്ടി ആയ കാര്യം പുള്ളിക്കാരി അറിഞ്ഞില്ലേ ആവോ?????
ആദ്യം ഞാൻ വിട്ടുകളഞ്ഞേലും പരുപാടി കഴിയാറായിട്ടും ആ മാക്കാച്ചി അങ്ങേരേം നോക്കി നിക്കേണ്…..
അപ്പോ ദോ…. ഒരു കൊച്ച് മമ്മി ന്ന് വിളിച്ച് അതിന്റ അടുത്തേക്ക് ചെന്ന്….ഇതെന്തോന്ന് സന്തൂർ സോപ്പ് ന്റെ പരസ്യോ??????
അപ്പൊ സ്വന്തം ആയിട്ട് ഒരു പ്രോപ്പർട്ടി ണ്ടായിട്ടാണ് വല്ലോർടേം പ്രോപ്പർട്ടിലേക്ക് വായിനോക്കി നിക്കണത് കള്ള കെളവി…….
പരുപാടി പൊളിച്ചടക്കിയോണ്ട് ഞാൻ പിന്നേം ക്ലബ് ന്റെ കണ്ണിലുണ്ണിയും ഉണ്ടംപൊരിയും ഒക്കെ ആയി.
അയിന്റെ എടേല് ഒരൂസം ഒറങ്ങി കെടന്ന എന്ന കുത്തി പൊക്കി അങ്ങേര് കുമ്പളങ്ങില് കൊണ്ടോയി കവര് കാണിച്ച് തന്ന്…. അല്ലേലും ന്റെ കേട്യോൻ മുത്താണ്….
രണ്ട് വർഷം കൈഞ്ഞ് ശ്രീധുന്റെ പഠിത്തം ഒക്കെ കൈഞ്ഞപ്പോ അവളേം താടിക്കാരനേം പിടിച്ചു അങ്ട് കെട്ടിച്ചു. നച്ചുന് വേറെ പണി ഒന്നൂല്ലാത്തോണ്ട് അവള് പിന്നേം പച്ചമാങ്ങ തിന്നണ ഡ്യൂട്ടി തൊടങ്ങി. സ്കാൻ ചെയ്തപ്പ അജു വർഗീസിന്റ പോലെ ദോ പിന്നേം അവക്ക് ട്വിൻസ്. ന്റെ നച്ചുവേ………
എന്റെ കയ്യില് ഒരു പച്ചമാങ്ങേം തന്ന് എന്നോട് പ്രതികാരം ചെയ്ത് ന്ന് ഒള്ള സന്തോഷത്തിലാരുന്നു ന്റെ കേട്യോൻ കൊറച്ചു നേരം മുന്നേ വരെ…….
ഇപ്പൊ പുള്ളി വല്യൊരു പണിയിലാ…….തുണി അലക്കണം….വിരിക്കണം….. അത് ഉണങ്ങി കഴിയുമ്പം എടുത്തു മടക്കി വെക്കണം……. ന്തൊക്കെ പണിയാ…..
ഇതൊക്ക ആലോയിച്ചു നിന്നപ്പോണ്ടടാ…… തുണി വിരിച്ചോണ്ടിരുന്ന അയ പൊട്ടി അതൊക്ക കൂടെ മണ്ണില് വീണ്. അത് കണ്ടട്ട് പാവത്തിന്റെ മൊഖം ഒന്ന് കാണണം…….ഇനി എല്ലാം ഒന്നേന്ന് തൊടങ്ങണം.
നല്ലൊരു ഞായറാഴ്ച ആയട്ട് അടുക്കളേല് കേറിയപ്പോ ദോ മിക്സി പണി മൊടക്കി……
ചേട്ടായി…………ന്റെ വിളി കേട്ടപ്പോ ആൾടെ ചങ്കില് വെള്ളിടി വെട്ടിയിട്ട്ണ്ടാവും…. അടുത്ത പണി കിട്ടീന്ന് വിചാരിച്ചു….
മിക്സി കേടായി…. തെങ്ങ അരക്കണം ന്ന് പറഞ്ഞപ്പോ ന്തിനാ തേങ്ങാന്ന്……കറി വെക്കാൻ ന്ന് പറഞ്ഞപ്പോ തേങ്ങ ഇല്ലാതെ വെച്ചാ മതിന്ന്……
തേങ്ങ ഇല്ലേല് ഒരു ടേസ്റ്റ് ണ്ടാവൂല്ല….. ന്ന് പറഞ്ഞു അങ്ങേരേം തള്ളി അമ്മിക്കല്ലിന്റെ അടുത്ത് കൊണ്ടോയി നിർത്തി.
ഈ അമ്മിക്കല്ലില്ലാരുന്നെങ്കിലോ……. ങ്കിലോ…. ങ്കിലോ……. എങ്ങന തേങ്ങ അരക്കുവാരുന്നു……അപ്പൊ വേം അരച്ചോ…. ന്നിട്ട് വേണം വേറെ പണി തരാൻ……
അത് കേട്ടട്ട് ആള് പറയാ…… തീരുമ്പ തീരുമ്പ പണി തരാൻ ഞാൻ ന്തോന്നു കുപ്പീന്ന് വന്ന ഭൂതോ… ന്ന്….
ഹിഹിഹിഹി…….
ഉച്ചക്ക് ഭക്ഷണം ഒക്കെ കൈഞ്ഞ് ആള് കെടക്കാൻ പോയപ്പ ഞാനും അങ്ട് ചെന്ന്….
വിടില്ല ഞാൻ…. വെർതെ വിടില്ല ഞാൻ…
ഒറങ്ങാൻ കെടന്ന മൻഷ്യന എണീപ്പിച്ചു പാട്ട് വരെ പാടിച്ച് ഞാൻ…….എനിക്കിങ്ങനെക്കേ പ്രതികാരം ചെയ്യാൻ അറിയുള്ളു………
ചെടിക്ക് വെള്ളം ഒഴിക്കാൻ നോക്കിയപ്പോ കറന്റ് ഇല്ല…. ടാങ്ക് ല് വെള്ളോം ഇല്ല….ഇനി കെണറ് തന്നെ ശരണം…..
ചേട്ടായി……………
ഞാൻ കെണറ്റിന്റെ സൈഡില് നിക്കണ കണ്ടപ്പോ തന്നെ അടുത്ത പണി വെള്ളം കോരലാണ് ന്ന് മനസിലായിന്ന് തോന്നണു….പാവം വന്ന് വെള്ളം കോരാൻ തൊടങ്ങി. വല്യ പാവോന്നും അല്ല……എന്ന അടക്കി ഒതുക്കി അലമാരേല് കേറ്റാൻ നോക്കിയ മൊതലാണ്…….
എടക്ക് എടക്ക് എന്ന നോക്കി കണ്ണുരുട്ടണിണ്ട്….നോക്കി പേടിപ്പിച്ചട്ട് ഒന്നും കാര്യം ഇല്ല മൊതലാളി……പ്രതികാരം അത് വീട്ടാനുള്ളതാണ്.
വേഗാവട്ടെ….. ഇത് മുഴുവൻ കൈഞ്ഞിട്ട് വേണം മാവില് കേറാൻ…. നിക്ക് പച്ചമാങ്ങ വേണം……