എഴുത്ത്: ശിവ
===========
“ടീച്ചറേ, മോളിത് വരെ സ്കൂൾ വിട്ട് വീട്ടിലെത്തിയിട്ടില്ല.”
സ്കൂൾ വിട്ട് വീട്ടിലെത്താനുള്ള സമയം കഴിഞ്ഞിട്ടും മകളെ കാണാതെ പരിഭ്രാന്തിയോടെ അവളുടെ ക്ലാസ്സ് ടീച്ചറെ ഫോണിൽ വിളിച്ചതാണ് അശ്വതിയുടെ അമ്മ ലത.
“മൂന്നരയ്ക്ക് സ്കൂൾ വിട്ടപ്പോൾ തന്നെ അശ്വതി പോകുന്നത് കണ്ടതാണല്ലോ. കൂടെയുള്ള കുട്ടികളുടെ വീട്ടിൽ വിളിച്ചു ചോദിച്ചോ?”
ക്ലാസ്സ് ടീച്ചർ വീണ ചോദിച്ചു.
“അവരെയൊക്കെ വിളിച്ചു ചോദിച്ചു ടീച്ചറെ. ആർക്കും ഒന്നും അറിയില്ല. കൊച്ചിന്റെ അച്ഛൻ വരാൻ നേരായി ടീച്ചറെ. ഞാൻ അതിയാനോട് എന്താ പറയാ.”
“നിങ്ങൾ വിഷമിക്കാതിരിക്കൂ. ഇപ്പൊത്തന്നെ ഹസ്ബൻഡിനെയും കൂട്ടി പോലിസ് സ്റ്റേഷനിൽ പോയി ഒരു കംപ്ലയിന്റ് എഴുതി കൊടുക്ക്.”
“എനിക്കെന്റെ മോളെ കേട് കൂടാതെ കിട്ടിയാൽ മതി ടീച്ചറെ. ഈ നേരം എന്റെ കൊച്ച് എവിടെ പോവാനാ.”
“സമയം പാഴാക്കാതെ നിങ്ങൾ പെട്ടെന്ന് അടുത്തുള്ള സ്റ്റേഷനിലേക്ക് ചെല്ലു. ഞാൻ സ്കൂൾ പ്രിൻസിപ്പലിനെ വിവരം അറിയിക്കട്ടെ. എന്നിട്ട് ഞാൻ അങ്ങോട്ട് വരാം. നിങ്ങൾ വിഷമിക്കാതിരിക്കൂ. മോൾക്കൊന്നും വരില്ല.”
വീണ അവരെ സമാധാനപ്പെടുത്തി.
ടീച്ചറോട് സംസാരിച്ച് ലത ഫോൺ വച്ചതും മുറ്റത്ത് മുരളിയുടെ സ്കൂട്ടർ വന്ന് നിൽക്കുന്ന ശബ്ദം കേട്ടു. അവർ ഓടി വരാന്തയിലേക്ക് ചെന്നു.
“എന്താ ലതേ? എന്ത് പറ്റി? നിന്റെ മുഖമെന്താ വല്ലാതിരിക്കുന്നത്?”
ഭാര്യയുടെ കരഞ്ഞു തളർന്ന മുഖം കണ്ട് പരിഭ്രാന്തിയോടെ മുരളി ചോദിച്ചു.
“ചേട്ടാ…
നമ്മുടെ മോള്….
അവളിതുവരെ വന്നിട്ടില്ല. ക്ലാസ്സ് ടീച്ചറെയും കൂടെയുള്ള കുട്ടികളുടെ വീട്ടിലും വിളിച്ചു നോക്കി. വൈകുന്നേരം ബെല്ലടിച്ചപ്പോൾ മോള് സ്കൂളിൽ നിന്ന് പോകുന്നത് അവരെല്ലാരും കണ്ടതാ. അവളെ ടീച്ചർ പോലീസിൽ കംപ്ലയിന്റ് കൊടുക്കാനാ പറഞ്ഞത്.”
“ഇത്രേം നേരായിട്ടും വീട്ടിൽ വരാതെ അവളെങ്ങോട്ട് പോവാനാ.”
വാച്ചിൽ സമയം നോക്കികൊണ്ട് തളർച്ചയോടെ മുരളി പടിയിൽ ഇരുന്നു.
“നമുക്ക് വേഗം പോലീസിൽ കംപ്ലയിന്റ് കൊടുക്കാം ചേട്ടാ.”
“നീ വേഗം സാരി മാറി വാ. നമുക്ക് ഇപ്പൊത്തന്നെ സ്റ്റേഷനിലേക്ക് പോകാം.”
“സാരിയൊന്നും മാറാൻ നിക്കുന്നില്ല. നേരം കളയാതെ പെട്ടെന്ന് പോവാം ചേട്ടാ.”
ധൃതിയിൽ വീട് പൂട്ടി താക്കോൽ പേഴ്സിൽ ഇട്ടുകൊണ്ട് ലത മുരളിക്കടുത്തേക്ക് വന്നു.
ഇരുവരും സ്കൂട്ടറിൽ അടുത്തുള്ള പോലിസ് സ്റ്റേഷൻ ലക്ഷ്യമാക്കി വേഗം പുറപ്പെട്ടു.
കൂലിപ്പണിക്കാരനായ മുരളിയുടെയും ലതയുടെയും ഏക മകളാണ് പ്ലസ് ടു വിന് പഠിക്കുന്ന അശ്വതി. എന്നും വൈകുന്നേരം സ്കൂൾ വിട്ട് നാലരയ്ക്കും അഞ്ചിനും ഇടയിൽ വീട്ടിലെത്തുന്ന മകളെ അന്ന് ആറ് മണി അഞ്ചര കഴിഞ്ഞും കാണാതായപ്പോൾ തന്നെ ലത പേടിക്കാൻ തുടങ്ങിയിരുന്നു.
പോലീസ് സ്റ്റേഷനിൽ ചെന്ന് എസ് ഐ യെ കണ്ട് മുരളിയും ലതയും മകളെ കാണാനില്ലെന്ന് കംപ്ലയിന്റ് നൽകി. എസ് ഐ അൻവർ പരാതി വിശദമായി വായിച്ചു നോക്കി.
“മോളുടെ അടുത്ത കൂട്ടുകാരികളോടൊക്കെ അന്വേഷിച്ചോ നിങ്ങൾ?”
അൻവർ അവരോട് ചോദിച്ചു.
“ഉവ്വ് സർ. ബസ് സ്റ്റോപ്പിൽ വച്ച് അവൾ വീട്ടിലേക്കുള്ള ബസ് കയറുന്നത് മോൾടെ കൂട്ടുകാരികൾ കണ്ടതാ. അവളുടെ കൂടെയുള്ള കുട്ടികൾ ട്യൂഷന് കൂടെ പോയിട്ട് വരുന്നത് കൊണ്ട് എന്നും വൈകുന്നേരം ബസ് സ്റ്റോപ്പ് വരെയേ കൂട്ടുകാരികൾ ഉണ്ടാവു. സ്റ്റോപ്പിന് അടുത്തുള്ളൊരു ട്യൂഷൻ സെന്ററിലാണ് അവർ പഠിക്കുന്നത്. ബസ് കയറിയ മോൾ കവലയിൽ ഇറങ്ങുന്നതൊന്നും ആരും കണ്ടിട്ടില്ലെന്ന് അന്വേഷിച്ചപ്പോൾ അറിഞ്ഞു.”
അപ്പോഴേക്കും ലതയുടെ കണ്ണുകൾ നിറഞ്ഞുപോയി.
“അശ്വതിക്ക് ആരോടെങ്കിലും ഇഷ്ടമുള്ളതായി അറിയുമോ?”
“ഇല്ല സർ…
ഇതുവരെ അങ്ങനെയുള്ളതായി സംശയമൊന്നും തോന്നിയിട്ടില്ല.”
“കുട്ടിക്ക് സ്വന്തമായി മൊബൈലുണ്ടോ?”
“ഇല്ല…
അവൾക്ക് കൂടെയുള്ള കുട്ടികളെ വിളിക്കണമെങ്കിൽ എന്റെ മുന്നിൽ വച്ചുതന്നെ വിളിച്ചു സംസാരിക്കും.”
“ഹും..
ഞങ്ങൾ എന്തായാലും അന്വേഷിക്കട്ടെ. നിങ്ങൾ വീട്ടിലേക്ക് പൊയ്ക്കോളൂ.”
അൻവർ അവരിൽ നിന്നും അശ്വതിയുടെ ഡീറ്റെയിൽസ് മുഴുവൻ വാങ്ങി വീട്ടിലേക്ക് പറഞ്ഞയച്ചു.
രാത്രി ഏകദേശം ഒരു ഒൻപത് മണിയായപ്പോൾ മോളെ കണ്ടെത്തിയിട്ടുണ്ടെന്ന് പറഞ്ഞു സ്റ്റേഷനിൽ നിന്നും അവർക്ക് കാൾ വന്നു.
ആ നേരമത്രയും കരഞ്ഞു തളർന്ന് സകല ദൈവങ്ങളെയും വിളിച്ചു പ്രാർത്ഥിച്ചു കൊണ്ടിരുന്നവർ ആ വാർത്ത കേട്ടപാടെ പുതു ജീവൻ കിട്ടിയത് പോലെ സന്തോഷിച്ചു. സമയമൊട്ടും പാഴാക്കാതെ മുരളിയും ലതയും കൂടി സ്റ്റേഷനിലേക്ക് പോയി.
തങ്ങളുടെ സന്തോഷത്തിന് നിമിഷങ്ങളുടെ ആയുസ്സ് മാത്രമേ ഉണ്ടാവുള്ളു എന്ന് സ്വപ്നത്തിൽ പോലും അവർ ചിന്തിച്ചിരുന്നില്ല.
പോലീസ് സ്റ്റേഷന്റെ ഒരു മൂലയ്ക്ക് ഇട്ടിരുന്ന ബെഞ്ചിൽ സ്കൂൾ ബാഗ് മാറോടടുക്കി അശ്വതി ഇരിപ്പുണ്ടായിരുന്നു. അന്ന് ബുധനാഴ്ചയായത് കൊണ്ട് കളർ ഡ്രെസ്സായിരുന്നു അവളുടെ വേഷം. അവൾക്കൊപ്പം മുപ്പത് വയസ്സ് തോന്നിക്കുന്നൊരു പുരുഷനുമുണ്ടായിരുന്നു.
“നിങ്ങടെ മോള് ദേ ഇവന്റെ കൂടെ ഒളിച്ചോടാൻ ഇറങ്ങി പുറപ്പെട്ടതായിരുന്നു. റെയിൽവേ സ്റ്റേഷനിൽ വച്ചാ രണ്ടിനേം പൊക്കിയത്.”
എസ് ഐ അൻവറിന്റെ വാക്കുകൾ കേട്ട് ലതയും മുരളിയും ഞെട്ടിത്തരിച്ചു.
കേട്ടത് ഉൾകൊള്ളാൻ കഴിയാനാവാതെ അടുത്ത് കണ്ടൊരു കസേരയിലേക്ക് മുരളി തളർച്ചയോടെ ഇരുന്നപ്പോൾ ലത പാഞ്ഞു ചെന്ന് അശ്വതിയെ തലങ്ങും വിലങ്ങും തല്ലാൻ തുടങ്ങി.
“എന്ത് കുറവുണ്ടായിട്ടാടി ഞങ്ങളെ ചതിച്ച് നിനക്ക് കണ്ടവന്റെ കൂടെ പോകാൻ തോന്നിയത്. പൊന്ന് പോലെയല്ലേടി നിന്നെ ഞങ്ങൾ നോക്കിയിരുന്നത്. നിന്നെ സ്നേഹിക്കേം വിശ്വസിക്കേം ചെയ്ത ഞങ്ങളോട് ഈ ചതി വേണ്ടായിരുന്നു മോളെ.”
“ഇവിടെ വച്ചൊരു തല്ലും ബഹളവും വേണ്ട. ആ കുട്ടിക്ക് അവനൊപ്പം പോയാൽ മതിയെന്നാ പറയുന്നത്.”
എസ് ഐ പറഞ്ഞത് കേട്ട് അവളെ തല്ലാനോങ്ങിയ കൈ പിൻവലിച്ചു അവർ മുരളിയുടെ അടുത്തേക്കിരുന്നുപോയി.
“ഞങ്ങളെ മോളെ ഞങ്ങൾക്ക് വേണം സർ. അവൾക്ക് പറ്റിയ തെറ്റ് ക്ഷമിക്കാൻ ഞങ്ങൾ തയ്യാറാണ്. ഊരും പേരും അറിയാത്തൊരുത്തന്റെ കൂടെ അവളെ വിടാൻ ഞങ്ങൾക്ക് കഴിയില്ല.”
ക്ഷീണിതനായി മുരളി പറഞ്ഞു.
“ഇതിൽ ഞങ്ങൾക്ക് ഒന്നും ചെയ്യാൻ കഴിയില്ല. കാരണം നിങ്ങളുടെ മകൾക്ക് പതിനെട്ടു വയസ്സ് കഴിഞ്ഞിട്ടുണ്ട്. അവൾ തന്നെയാണ് അവൾക്ക് അവന്റെ കൂടെ പോയാൽ മതി എന്ന് പറയുന്നത്. ഇതിപ്പോ കേസാക്കി കോടതി പോയാലും കോടതി പെൺകുട്ടിയോട് ആണ് ചോദിക്കുന്നത് ആരോടൊപ്പം പോകണമെന്ന്.
അതുകൊണ്ട് നിങ്ങൾ മകളെ പറഞ്ഞു മനസ്സിലാക്കി തിരിച്ചുവിളിക്കാൻ നോക്കാം അവൾ വരുമെങ്കിൽ കൊണ്ടുപോകും അല്ലെങ്കിൽ അവനോടൊപ്പം തന്നെ വിടേണ്ടി വരും.
സ്കൂളിൽ പോകുന്ന മകൾ കൃത്യമായി സ്കൂളിൽ എത്തുന്നുണ്ടോ എന്നൊക്കെ നിങ്ങൾ അന്വേഷിച്ചിരുന്നോ. ഇവൻ സ്കൂളിനടുത്ത് ലോട്ടറി കച്ചവടം നടത്തുന്നവനാണ്. അങ്ങനെ കണ്ടുള്ള പരിചയം ആണ് അവർ തമ്മിൽ. പലദിവസവും ഇവർ ഇവനോടൊപ്പം ബീച്ചിൽ പാർക്കിലും കറങ്ങാൻ പോയിക്കൊണ്ടിരുന്നത് നിങ്ങൾ അറിഞ്ഞിട്ടില്ല. കൂടുതലും ബുധനാഴ്ച ദിവസങ്ങളാണ് ഇവർ പൊയ്ക്കൊണ്ടിരുന്നത്…
ഇതൊക്കെ നിങ്ങളുടെ മകൾ തന്നെയാണ് ഞങ്ങളോട് പറഞ്ഞത്. ഇപ്പോ ഈ ഒളിച്ചോട്ടത്തിനുള്ള കാരണം എത്ര ചോദിച്ചിട്ടും അശ്വതി പറഞ്ഞിട്ടില്ല ഞങ്ങളോട്…
മൂന്ന് മാസം മുൻപ് അവൾക്ക് 18 വയസ്സ് തികഞ്ഞതുകൊണ്ട് തനിക്ക് ആരോടൊപ്പം വേണം ജീവിക്കാനുള്ള അവകാശം ഉണ്ടെന്നാണ് അശ്വതി ഇവിടെ കൊണ്ടുവന്നപ്പോൾ ഞങ്ങളോട് പറഞ്ഞത്.
ഇനി നിങ്ങൾക്ക് തമ്മിൽ തീരുമാനിക്കാം. പക്ഷേ വഴക്കും ബഹളവും ഒന്നും ഇവിടെ പാടില്ല.
ഞങ്ങൾ മാക്സിമം പറഞ്ഞു നോക്കിയിട്ടും നിങ്ങളുടെ മകൾക്ക് യാതൊരു മാറ്റവുമില്ല അവനോടൊപ്പം പോയാൽ മതി എന്ന് തന്നെയാണ് അവൾ ഇപ്പോഴും പറയുന്നത്.
നിങ്ങൾക്ക് അവളെ പറഞ്ഞു മനസ്സിലാക്കി തിരുത്തി കൊണ്ടുപോകാൻ കഴിയുമെങ്കിൽ കൂടെ കൊണ്ടുപൊയ്ക്കോ…
അല്ലെങ്കിൽ അവളെ അവളുടെ ഇഷ്ടത്തിന് വിട്ടേക്ക്. “
അത്രയും പറഞ്ഞിട്ട് എസ്ഐ അൻവർ തന്റെ സീറ്റിലേക്ക് പോയി ഇരുന്നു.
“ഊരും പേരും അറിയാത്ത ഇവന്റെ കൂടെ നീ എന്ത് ധൈര്യത്തിലാ മോളെ പോകുന്നത്. നിനക്ക് പറ്റിയ തെറ്റ് ക്ഷമിക്കാൻ ഞങ്ങൾ തയ്യാറാണ്. നീ ഞങ്ങളുടെ കൂടെ വാ.”
മുരളിയും ലതയും കരഞ്ഞുകൊണ്ട് മകളുടെ കാലുപിടിച്ചു പറഞ്ഞു.
“അച്ഛനും അമ്മയും എന്നോട് ക്ഷമിക്കണം കഴിഞ്ഞ രണ്ടു വർഷമായി ഞങ്ങൾ തമ്മിൽ പ്രണയത്തിലാണ്. ഈ ബന്ധം നിങ്ങൾ ഒരിക്കലും അംഗീകരിച്ച് തരില്ലെന്ന് എനിക്കറിയാം. പക്ഷേ എനിക്ക് സുനിയേട്ടൻ ഇല്ലാണ്ട് ജീവിക്കാൻ കഴിയില്ല. എനിക്ക് മൂന്നുമാസം മുമ്പ് പതിനെട്ട് വയസ്സ് കഴിഞ്ഞില്ലേ…? അതുകൊണ്ട് എനിക്ക് എന്റെ ഇഷ്ടത്തിന് ആരോടൊപ്പം വേണമെങ്കിലും ജീവിക്കാനുള്ള അവകാശം ഉണ്ട്.
മാത്രമല്ല ഞാനിപ്പോൾ ഒന്നരമാസം ഗർഭിണിയാണ്.
സുനിയേട്ടന്റെ വീട്ടിൽ ഞങ്ങളുടെ ബന്ധം അറിയാം അവർക്ക് യാതൊരു എതിർപ്പും ഇല്ല. ഞങ്ങളെ ഞങ്ങളുടെ ഇഷ്ടത്തിന് ജീവിക്കാൻ അനുവദിക്കണം. സുനിയേട്ടൻ ആകെ സുഖമില്ലാത്തൊരു അമ്മ മാത്രമേ ഉള്ളൂ. നിങ്ങളുടെ ആരുടെ കൺവെട്ടത്ത് വരാതെ ഞങ്ങൾ ജീവിച്ചു കൊള്ളാം.”
ആരെയും കൂസാതെയുള്ള അശ്വതിയുടെ വാക്കുകൾ കേട്ട് എല്ലാവരും ഞെട്ടി.
പ്ലസ് ടുവിന് പഠിക്കുന്ന തന്റെ മകൾ ഗർഭിണിയാണെന്ന് അറിഞ്ഞു ആ അമ്മയുടെയും അച്ഛന്റെയും ഹൃദയം കഠിനമായി നൊന്തു.
ചെയ്ത തെറ്റ് അല്പം പോലും കുറ്റബോധം ഇല്ലാതെയുള്ള അശ്വതിയുടെ സംസാരം അവരെ തളർത്തി. തങ്ങളുടെ ഒരേയൊരു മകളാണ് ഇത്തരത്തിൽ അധികാരം പറഞ്ഞ് കണ്ടവന്റെ കൂടെ പോകാൻ നിൽക്കുന്നത്.
“നീയെന്ത് ഭ്രാന്താണ് വിളിച്ചു പറയുന്നത്. നിന്നെക്കാൾ എത്ര വയസ്സിനു മൂപ്പുണ്ട് ഇവന്. നിന്ന് മടുക്കുമ്പോൾ ഇവൻ നിന്നെ കളഞ്ഞിട്ട് പോകും. നിനക്ക് ഞങ്ങളുടെ കൂടെ വന്നൂടെ വെറുതെ നിന്റെ ജീവിതം നീ തുലക്കരുത്. “
ലത അവളോട് കെഞ്ചി.
മുരളിയും ലതയും മകളുടെ കാലുപിടിച്ച് പറഞ്ഞിട്ടും അവളുടെ തീരുമാനത്തിന് മാറ്റം ഉണ്ടായിരുന്നില്ല.
മകളെ അങ്ങനെ വല്ലവനും വിട്ടുകൊടുക്കാൻ താല്പര്യമില്ലാത്തതുകൊണ്ട് ഇരുവരും അവളെ വിട്ടു കിട്ടാൻ പോലീസിന് കേസ് നൽകി.
പക്ഷേ കോടതിയിൽ അശ്വതി തനിക്ക് ഇഷ്ടപ്പെട്ടവരുടെ കൂടെ പോകാനാണ് താല്പര്യം എന്ന് പറഞ്ഞപ്പോൾ അവളുടെ തീരുമാനത്തെ കോടതി അംഗീകരിച്ചു കൊടുത്തു.
കോടതിയിൽ നിന്നും ഇറങ്ങുമ്പോൾ സുനിയുടെ കയ്യും പിടിച്ചു പോകുന്ന സ്വന്തം മകളെ കണ്ട് അച്ഛനും അമ്മയും ഹൃദയം പൊട്ടി കരഞ്ഞു.
അച്ഛനെ അമ്മയെയും ചതിച്ചു കാമുകന്റെ കൂടെ പോയിട്ടും അവൾക്ക് നല്ലൊരു ജീവിതം ലഭിച്ചില്ല.
ഗർഭിണിയായ അവളെ മടുത്തു കഴിഞ്ഞപ്പോൾ അവൻ അവളെ വഴിയിലുപേക്ഷിച്ചു കടന്നു കളഞ്ഞു.
ഒടുവിൽ നിറവൈറോടെ അശ്വതി തന്റെ അച്ഛനെയും അമ്മയെയും തേടിയെത്തി.
പക്ഷേ പ്രസവത്തോടെ അശ്വതി ഒരു പെൺകുഞ്ഞിനെ നൽകി മരണമടഞ്ഞു.
മരിക്കുംവരെ തങ്ങളുടെ ഏക മകളെ ഓർത്ത് കരയാനായിരുന്നു അവർക്ക് വിധി. എങ്കിലും മകളുടെ ഓർമ്മയ്ക്കായി അവൾ നൽകിയ മാലാഖ കുഞ്ഞിനെ അവർ പൊന്നുപോലെ നോക്കി വളർത്തി.
ഈയൊരു ഗതി ഒരു അച്ഛനും അമ്മയ്ക്കും ഉണ്ടാകരുത് എന്നായിരുന്നു മരണംവരെ അവരുടെ പ്രാർത്ഥന.
-ശിവ