വീട്ടുകാർക്ക് ഒരു സർപ്രൈസ് ആയിക്കോട്ടെയെന്ന് കരുതി , ഞങ്ങൾ വരുന്ന വിവരം ആരുടെയും വീട്ടിൽ അറിയിച്ചില്ല……

അന്നൊരുനാളിൽStory written by Aparna Shaji=================== അന്നൊരു വെള്ളിയാഴ്ചയായിരുന്നു….ഇന്നും ഞാൻ ഭീതിയോടെ ഓർക്കുന്ന എന്റെ ജീവിതത്തിലെ ഇരുണ്ടദിനം…. MBA പഠനം കഴിഞ്ഞ് ബാംഗ്ലൂരിൽ തന്നെ ഒരു കമ്പനിയിൽ […]

അന്നൊരുനാളിൽ
Story written by Aparna Shaji
===================

അന്നൊരു വെള്ളിയാഴ്ചയായിരുന്നു….ഇന്നും ഞാൻ ഭീതിയോടെ ഓർക്കുന്ന എന്റെ ജീവിതത്തിലെ ഇരുണ്ടദിനം….

MBA പഠനം കഴിഞ്ഞ് ബാംഗ്ലൂരിൽ തന്നെ ഒരു കമ്പനിയിൽ ജോലിക്ക് കയറിയ ടൈം…പ്രൊബേഷൻ പീരിയഡ് എല്ലാം കഴിഞ്ഞു ജോലിക്ക് ചേർന്നിട്ടന്ന് മൂന്ന് മാസം തികഞ്ഞ ദിവസം…..

നാട്ടിലേക്ക് പോയിട്ട് കുറെനാൾ ആയതുകൊണ്ട് രണ്ടാഴ്ച ലീവെടുത്ത് ഞങ്ങൾ നാട്ടിലേക്ക് പോകാൻ തീരുമാനിച്ചു…ഞങ്ങൾ എന്ന് പറഞ്ഞത് എന്റെ രണ്ട് ചങ്കത്തിമാരെയാണ്….

ആത്മിക എന്ന ആമിയും ആരതി എന്ന ആതിയും…ഞങ്ങൾ മൂന്നുപേരും MBA ക്ക് പഠിക്കുന്ന ടൈമിൽ ബാംഗ്ലൂരിൽ വച്ചാണ് പരിചയപെടുന്നത്..പിന്നീടങ്ങോട്ട് എപ്പോഴും ഒരുമിച്ചായിരുന്നു…..

വ്യാഴാഴ്ച വൈകിട്ട് ബാംഗ്ലൂരിൽ നിന്ന് പുറപ്പെട്ടു വെള്ളിയാഴ്ച രാവിലെ നാട്ടിലെത്തി….

വീട്ടുകാർക്ക് ഒരു സർപ്രൈസ് ആയിക്കോട്ടെയെന്ന് കരുതി , ഞങ്ങൾ വരുന്ന വിവരം ആരുടെയും വീട്ടിൽ അറിയിച്ചില്ല……

ആദ്യം ആമിയുടെ വീട്ടിലേക്കാണ് പോയത്…. അവിടെ ചെന്ന് ഫ്രഷായി ബ്രേക്ക് ഫാസ്റ്റ് ഒക്കെ കഴിച്ച് ആമിയോട് യാത്രയും പറഞ്ഞ് ഞാനും ആരതിയും അവളുടെ വീട്ടിലേക്ക് പോയി …

ആരതിയുടെ വീട്ടിൽ ചെന്ന് പറയാതെ വന്നതിന് അവളുടെ അമ്മയുടെ
ചെറിയ പരിഭവം പറച്ചിലുമൊക്കെ കേട്ട് അവിടെ കുറെ സമയം ചിലവഴിച്ചു ….

അങ്ങനെ സമയം അതിക്രമിച്ചു കഴിഞ്ഞപ്പോഴാണ് എനിക്ക് വീട്ടിൽ പോകണമല്ലോ എന്ന ബോധോദയം ഉണ്ടായത്

അവളുമാരുടെ വീട് കൊച്ചിയിലും എന്റെ വീടാണേൽ അങ്ങു കോട്ടയത്തുമാണ് അവിടെ വരെ ഇനി ചെല്ലണം…

രാത്രി ആവാറായി ഇന്നിനി പോവേണ്ട എന്ന് ആരതി പറഞ്ഞെങ്കിലും അതൊന്നും വക വയ്ക്കാതെ ഞാൻ വീട്ടിലേക്ക് പോകാൻ തീരുമാനിച്ചു …

എനിക്ക് ഡ്രൈവവിങ് ഇഷ്ട്ടമാണെന്ന് അറിയുന്നതുകൊണ്ട് ആരതി , കാർ എടുത്തോളാൻ പറഞ്ഞെപ്പോൾ ആദ്യം നിരസിച്ചെങ്കിലും അവളുടെ അമ്മയും ഒത്തിരി നിർബന്ധിച്ചിപ്പോൾ പാതി മനസ്സോടെ ഞാൻ സമ്മതിച്ചു….

അത്യാവശ്യം ബ്ലോക്കിൽ ഒക്കെ പെട്ട് കോട്ടയത്ത് എത്തിയപ്പോഴേക്കും 9 മണി കഴിഞ്ഞു… മെയിൻ റോഡിലൂടെ പോയാൽ ഇനിയും എടുക്കും ഒരുമണിക്കൂറിനടുത്ത്….

തലേദിവസത്തെ ബസ് യാത്രയും തനിച്ചുള്ള രണ്ടു മൂന്ന് മണിക്കൂർ ഡ്രൈവിങ്ങും ഞാൻ ആകെ മടുത്തിരുന്നു….അതുകൊണ്ട് ഷോർട്ട് കട്ട് എടുക്കാൻ തീരുമാനിച്ചു….അതാകുമ്പോൾ അരമണിക്കൂറിനുള്ളിൽ വീട്ടിലെത്താം….

ഒരു കോൺക്രീറ്റ് റോഡാണ് വഴി അത്ര നല്ലതല്ലാത്ത കൊണ്ട് ആരും അങ്ങനെ പോകാറില്ല….

കാർ ആരതിയുടെ ആയത് കൊണ്ടാണോ എന്തോ , ഞാനതുവഴി പോകാൻ തന്നെ തീരുമാനിച്ചു….

”എവിടെ എത്തി, എത്താറായോ ” എന്നോക്കെ ചോദിച്ച് ഇടക്കിടെ ആരതിയും ആമിയും വിളിക്കുന്നുണ്ടായിരുന്നു …ബട്ട് കുറച്ചു സമയമായിട്ട് കോൾ ഒന്നും കാണുന്നില്ല..
മൊബൈൽ എടുത്തു നോക്കിയപ്പോൾ നെറ്റ് വർക്കില്ല….

അത് നന്നായി എന്നോർത്ത് ഞാനിരുന്നു….എന്റെ ആ ചിന്ത തെറ്റായിരുന്നു എന്ന് മനസ്സിലാക്കാൻ അധികസമയം വേണ്ടി വന്നില്ല… കുറച്ചു ദൂരം പോയപ്പോഴേക്കും ഫ്രണ്ട് ടയർ പഞ്ചറായി.

വീട്ടുകാരെ ഞെട്ടിക്കാൻ വന്ന ഞാൻ ആകെ പെട്ടു. ടയറിന്റെ കാറ്റ് പോയപോലെ അത്രയും നേരമുണ്ടായിരുന്നു എന്റെ ധൈര്യവും കാറ്റഴിച്ചു വിട്ട ബലൂൺ പോലെയായി….

ചുറ്റിനും നോക്കിയിട്ട് കുറെ റബ്ബർ മരങ്ങൾ അല്ലാതെ ഒന്നും കാണുന്നില്ല..മൊബൈലിൽ ആണേൽ നെറ്റ് വർക്കുമില്ല….ദേഷ്യമോ സങ്കടമോ ഒക്കെ തോന്നി ….

ആരോടും പറയാതെ ഒറ്റക്ക് വരാൻ തോന്നിയ നിമിഷത്തെ ഓർത്തപ്പോൾ എന്നോട് തന്നെ ദേഷ്യം തോന്നി….പക്ഷേ അതൊന്നും ഓർത്തിട്ട് കാര്യമില്ലാത്ത കൊണ്ട് ഞാൻ എന്നെ തന്നെ സെൽഫ് മോട്ടിവേറ്റ് ചെയ്തു…അങ്ങനെ ഇറക്കി നടക്കാൻ തീരുമാനിച്ചു….

ഇത്രയും വന്നില്ലേ ഇനി കുറച്ചു ദൂരം കൂടി പോയാൽ പോരെ എന്നൊക്കെ ഓർത്തപ്പോൾ ചെറിയ ആശ്വാസം തോന്നി….

വിളിച്ചിട്ട് കിട്ടുന്നില്ല എന്ന് കണ്ടപ്പോൾ വിവരങ്ങൾ എല്ലാം പറഞ്ഞു വാട്സാപ്പിൽ വല്യേട്ടന് ഒരു വോയ്സ് മെസേജ് ഇട്ടു, അത് തന്നെ അച്ഛനും കുഞ്ഞേട്ടനും ഫോർവേഡ് ചെയ്ത്..
നെറ്റും ഓൺ ചെയ്ത് ഒരു ഹാൻഡ് ബാഗും എടുത്തു കാർ ലോക്ക് ചെയ്തിറങ്ങി നടക്കാൻ തുടങ്ങി…..

മൊബൈൽ കൊണ്ട് ആവശ്യസമയത്ത് ഒരുപകാരവും ഇല്ലെന്ന് പറയാൻ പറ്റില്ലായിരുന്നു. ആ അന്ധകാരത്തിൽ എനിക്ക് വെളിച്ചമേകിയത് മൊബൈലിലെ ഫ്ലാഷ് ലൈറ്റായിരുന്നു….

അന്ധകാരമെന്നത് എത്ര ഭയാനകമാണെന്ന് ഞാൻ തിരിച്ചറിഞ്ഞ നിമിഷം….ചുറ്റിനും നിറഞ്ഞു നിന്ന നിശബ്ദത പോലും എന്നിൽ ഭയം ജനിപ്പിച്ചു. ആ നിശബ്ദതയിൽ എന്റെ ഹൃദയതാളങ്ങൾ മാത്രം ഉയർന്നു കേട്ടു.

കുറച്ചു ദൂരം നടന്ന് കഴിഞ്ഞപ്പോഴേക്കും കാറ്റിന്റെ വേഗത ക്രമാതീതമായി ഉയർന്നു….നിലത്തു വീണു കിടന്ന ഇലകൾ കാറ്റിൽ ഉയർന്നു , താഴ്ന്നു ….

നിശബ്ദതയെ ഭേദിച്ച് ചീവീടിന്റെ ശബ്ദവും പ-ട്ടിയുടെ ഓരിയിടലും കാതിൽ പതിച്ചതും എന്നിലെ ഭയം അതിന്റെ പാരമ്യത്തിൽ എത്തി……

പേരറിയാത്ത ജീവികളുടെയൊക്കെ ശബ്ദം കർണ്ണപ്പടത്തിൽ അലയടിക്കുമ്പോൾ ശരീരം തളരുന്നു പോലെ തോന്നി..

പണ്ട് കേട്ട കെട്ടുകഥകൾ എല്ലാം വീണ്ടും കാതിൽ മുഴങ്ങി കേൾക്കുന്നു..അറിയാതെ മിഴികൾ ചുറ്റിനും പാഞ്ഞു..ഹൃദയം ബാൻഡ് മേളം നടത്തി തുടങ്ങിയപ്പോൾ കൈകൾ അതിന് താളം പിടിച്ചു….

പിന്നിൽ ആരോ ഉണ്ടെന്ന തോന്നൽ എന്നെ വല്ലാതെ അലട്ടി തിരിഞ്ഞു നോക്കാനുള്ള ധൈര്യമില്ലാത്ത കൊണ്ട് വേഗത്തിൽ നടന്നു

ഞാൻ ബോൾഡാണ് സ്ട്രോങ്ങാണ് എന്നൊക്കെ ഫ്രണ്ട്സ് പറയുമായിരുന്നു…എന്നാൽ അതിലൊക്കെ എന്തെങ്കിലും സത്യമുണ്ടോയെന്ന് വിറക്കുന്ന കൈകൾ കണ്ടപ്പോഴെനിക്ക് തന്നെ സംശയം തോന്നി.

ചുറ്റിനും പരക്കുന്ന പേരറിയാത്ത മാദകഗന്ധങ്ങൾ ഇരുട്ടിന് പുതിയ ഭാവങ്ങൾ നേടി കൊടുത്തു…..

ആരോ പിന്നിൽ ഉള്ളത് പോലെ….ഇലയിൽ ചവിട്ടുന്ന ശബ്ദം കേൾക്കാം, എല്ലാം എന്റെ
തോന്നൽ ആകുമെന്ന് കരുതി നോക്കിയില്ല…അല്ല നോക്കാനുള്ള ധൈര്യമില്ലായിരുന്നു…പിന്നെയും വേഗത്തിൽ നടന്നു….

വീണ്ടും ആ കാലൊച്ചകൾ അടുത്തെത്തി, ആരോ പിന്നിൽ ഉണ്ട്, അതെനിക്ക് ഉറപ്പായി..നടത്തം നിർത്തി ഒരു ദീർഘനിശ്വാസമെടുത്തു, പതിയെ തിരിഞ്ഞു നോക്കി, പിന്നിൽ ആരുമില്ല….അപ്പോഴും കാറ്റ് നല്ല ശക്തിയിൽ വീശുന്നുണ്ട് …

എല്ലാം തോന്നൽ ആന്ന് കരുതി നടന്നു തുടങ്ങിയതും പിന്നിൽ നിന്ന്
ചിരിക്കുന്ന ശബ്ദം കേട്ടു..തിരിഞ്ഞു നോക്കിയില്ല, പെട്ടന്നാ ചിരി ശബ്ദം ഉയർന്ന് അലറി കരച്ചിലായി മാറിയതും , ചലിക്കാൻ പോലുമാവാതെ ഞാനവിടെ
തറഞ്ഞു നിന്നു…..

ചുറ്റിനും ര-ക്തത്തിന്റെ ഗന്ധം പരന്നതും, എനിക്ക് നേരെ ശോഷിച്ച രണ്ട് കരങ്ങൾ നീണ്ടു…കണ്ണടച്ച് നിന്ന് ഞാൻ ഉറക്കെ കരഞ്ഞതും കാറ്റിന്റെ വേഗത കുറഞ്ഞു വീണ്ടും നിശബ്ദത നിറഞ്ഞു. എന്റെ ശബ്ദത്തിന്റെ ധ്വനികൾ മാത്രം ഉയർന്നു കേട്ടു ….

എല്ലാമെന്റെ തോന്നൽ മാത്രമായിരുന്നു എന്ന് തിരിച്ചറിഞ്ഞ നിമിഷം വീണ്ടും ഞാൻ നടന്നു തുടങ്ങി

നടന്ന് തുടങ്ങിയതും പിന്നിൽ വീണ്ടും ഒരു കാൽ പെരുമാറ്റം കേട്ടു …സർവ്വ ദൈവങ്ങളെയും മനസ്സിൽ ധ്യാനിച്ച് ചെറിയ ധൈര്യം സംഭരിച്ച് തിരിഞ്ഞു നോക്കി..

ഇല്ല

പിന്നിൽ ആരുമില്ല….ഇതെന്ത് പരീക്ഷണമാണ് ദൈവമേ…??

നടക്കാൻ കഴിയാതെ കുറെ നേരമവിടെ നിന്നു….

മനസ്സാണ് ഏറ്റവും വലിയ ശക്തി എന്നൊക്കെ പറഞ്ഞ് ആശ്വാസം കണ്ടെത്തി പിന്നെയും നടന്നു…..

ഒരില ദേഹത്ത് വന്ന് വീണതും അലറി കരഞ്ഞു കൊണ്ട് ഓടി…എത്ര ദൂരമെന്നറിയില്ല….

മടുത്തപ്പോൾ വീണ്ടും വേഗത കുറഞ്ഞു..വീണ്ടും പിന്നിൽ നിന്ന് ആരോ ചുമക്കുന്ന ശബ്‌ദം കേട്ടതും കുറച്ചു നേരം ഞാനവിടെ തറഞ്ഞു നിന്നു….തിരിഞ്ഞു നോക്കാൻ ഉള്ളിലിരുന്ന് ആരോ പറഞ്ഞതും പാതി മനസ്സോടെ ഞാൻ തിരിഞ്ഞു നോക്കി ….

ആരോ നടന്ന് വരുന്നതാണ്….എന്തോ ഒരു ചെറിയ വെട്ടം കയ്യിലുണ്ട്….

ഓടിയാലോ…?

ഓടിയാലും എവിടെ വരെ ഓടും..വീണ്ടും ഞാൻ അവിടെ നിന്ന് ഒറ്റക്ക് ഇറങ്ങി പുറപ്പെട്ട എന്നെ ചീത്ത വിളിക്കാൻ തുടങ്ങി, വേഗം പോകണമെന്നുണ്ട്..അപ്പോഴേക്കും ആകെ തളർന്നിരുന്നു….

ആരാ അത്….?

പിന്നിൽ നിന്ന് ഗൗരവേറിയ ആ ശബ്ദം ഉയർന്നതും എന്റെ മനസ്സിൽ ഒരു കുളിർമഴ പെയ്തു…

കാരണം ആ ശബ്ദം എനിക്ക് പരിചിതമായിരുന്നു. ഞങ്ങളുടെ അയൽക്കാരൻ വർക്കിച്ചൻ..വർഗീസ് എന്നാണ് പേര് എല്ലാവരും വർക്കിച്ചൻ എന്നാണ് വിളിക്കുന്നത്..ഞാനും പണ്ട് തൊട്ട് അങ്ങനെയാണ് വിളിക്കുന്നത്….ആളെ കണ്ടതും ഞാൻ ഹാപ്പിയായി..കൂട്ട് കിട്ടിയല്ലോ….ഇനി ധൈര്യമായി നടക്കാം..

വർക്കിച്ചാ..ഞാനാ നന്ദുട്ടി…തിരിഞ്ഞു നിന്ന് ഞാൻ പറഞ്ഞു….

“നീയെന്നാ കൊച്ചേ ഈ വഴി. അതും ഒറ്റയ്ക്ക്. ശാസനയും ഗൗരവവും ആ വാക്കുകളിൽ നിറഞ്ഞു….

ഞാൻ നടന്നത് ഒക്കെ അങ്ങു പറഞ്ഞു..പുള്ളി അത് കേട്ട് കയ്യിലിരുന്ന മുറി ബീ-ഡി കളഞ്ഞു എന്നെ നോക്കി പൊട്ടിച്ചിരിക്കാൻ തുടങ്ങി….

എങ്ങനെ ചിരിക്കാതെ ഇരിക്കും..സർപ്രൈസ് കൊടുക്കാൻ വന്ന ഞാനാണ് പേടിച്ചു വിറച്ച് പെരുവഴിയിൽ നിൽക്കുന്നത്…ഞാനും നന്നായൊന്ന് ഇളിച്ചു കാണിച്ചു….

വർക്കിച്ചൻ എന്നാ ഈ വഴിക്ക് ..?

ഞാനൊരു ഒരു കല്യാണത്തിന് പോയിട്ട് വരുന്ന വഴിയാ, വന്നപ്പോൾ ഇത്തിരി വൈകി…നമ്മള് ഇത്‌ വഴി എത്ര നടന്നിട്ടുള്ളതാ…അതുകൊണ്ട് മക്കളെ ഒന്നും വിളിച്ചില്ല..ഞാൻ ഇങ്ങു നടന്നു…

അത് നന്നയി…എനിക്കൊരു കൂട്ട് കിട്ടിയല്ലോ..ഞാൻ പേടിച്ചു പേടിച്ചു നടക്കുവായിരുന്നു,,,

എന്റെ സംസാരം കേട്ട് അയാൾ വീണ്ടും ചിരിച്ചു…

പിന്നെ ഞങ്ങൾ നാട്ടിലെയും ബാംഗ്ലൂരിലെയുമൊക്കെ ഓരോ വിശേഷങ്ങൾ പറഞ്ഞ് നടന്ന് വീടെത്തിയപ്പോഴേക്കും 11 .30 കഴിഞ്ഞു…വർക്കിച്ചന്റെ വീട്ടിലേക്ക് കുറച്ചു കൂടി പോകണം, എന്നെ വീട്ടിൽ ആക്കിയിട്ട് പുള്ളി പോയി..

ഞാൻ കുറെ നേരം ബെൽ അടിച്ചിട്ടും ആരും ഡോർ തുറക്കുന്നില്ല.. ഹാൻഡ് ബാഗ് സെറ്റിയിലേക്ക് ഇട്ട് ഒന്ന് വട്ടം കറങ്ങിയപ്പോഴേക്കും കുഞ്ഞേട്ടൻ വന്ന് ഡോർ തുറന്നു..എന്നെ കണ്ടതിന്റെ ഞെട്ടൽ ആ മുഖത്ത് പ്രകടമായിരുന്നു..

നീയത് എങ്ങനാ നന്ദുട്ടി വന്നത്..ചുറ്റിനും നോക്കി ഇത്തിരി കലിപ്പിൽ ചോദിച്ചു….

അതൊക്കെ വല്യൊരു കഥയാ….എല്ലാവരും എവിടെ ?? ഇപ്പോൾ ഓരോരുത്തർ ഓരോ ചോദ്യവും ആയിട്ട് വരുഎല്ലാവരും വരട്ടെ ഒരുമിച്ച് പറയാം….

അതാകുമ്പോൾ കിട്ടുന്നത് ഒക്കെ ഒരുമിച്ച് വാങ്ങാല്ലോ..അച്ചനും അമ്മയും എല്ലാവരും എന്തിയെന്നേ ..? ഞാൻ അകത്തേക്ക് എത്തി നോക്കി….

എന്റെ ശബ്ദം കേട്ടിട്ടും ആരെയും പുറത്തേക്ക് കണ്ടില്ല..

നമ്മുടെ വർക്കിച്ചൻ മരിച്ചു.. എല്ലാവരും അവിടെയാ..

നന്ദിത ഒരു നേടുവീർപ്പോടെ അത്രയും പറഞ്ഞു നിർത്തി…..

“what…” ചുണ്ടോട് ചേർത്ത കോഫി കപ്പ് ശിഖയുടെ കയ്യിൽ നിന്നൂർന്ന് താഴെ വീണു….അവളാണേൽ കണ്ണും മിഴിച്ചിരുന്നു….

അതുകണ്ട് നന്ദിത പൊട്ടിച്ചിരിക്കാൻ തുടങ്ങി….

നിങ്ങൾക്ക് ഒന്നും മനസ്സിലായില്ലല്ലേ, ഈ നന്ദിത ആണ് നമ്മുടെ കഥാ നായിക നന്ദുട്ടി. നന്ദിതയുടെ നാത്തൂനാണ് ശിഖ…

oh my god..മരിച്ച ചേട്ടനൊപ്പമാണോ
ഏടത്തി അത്രയും നേരം നടന്നത്….ലച്ചു സംശയത്തോടെ നന്ദിതയെ നോക്കി..ശിഖയിൽ ആകാംക്ഷയും അത്ഭുതവും നിറഞ്ഞു….

“എന്റെ ശിഖ, നിനക്ക് വേറെ പണിയൊന്നുമില്ലേ….?? നീ അല്ലാതെ വേറെ ആരെങ്കിലും നിന്റെ ഏടത്തി പറയുന്ന തള്ള് കഥ വിശ്വസിക്കുമോ.. ?? ഇങ്ങനെയൊരു പൊട്ടി….” ഇതെല്ലാം കേട്ടുകൊണ്ടിരുന്ന ശരൺ ലാപ്പിൽ തന്നെ നോക്കികൊണ്ട് ശിഖയോടായി പറഞ്ഞു….

അപ്പോൾ ഏടത്തി വെറുതെ പറഞ്ഞതായിരുന്നോ….??? ഞാൻ ഏടത്തിയുടെ ലൈഫിൽ ശരിക്കും നടന്നതായിരിക്കും എന്ന് കരുതി..ശിഖ ചമ്മിയ മുഖത്തോടെ പറഞ്ഞു…നന്ദിത മറുപടിയായി നിറം മങ്ങിയൊരു ചിരി മറുപടിയായി നൽകി….

ഇത് ഏതെങ്കിലും സിനിമയിലെ കഥ ആയിരിക്കും…നിന്റെ ഏടത്തി അല്ലേ പറഞ്ഞത്….നന്ദിതയെ നോക്കാതെ , ശിഖയോടായി ശരൺ പറഞ്ഞു….

കാരണം അത് വെറും കഥയല്ല അതിലുമൊരു സത്യമുണ്ടെന്ന് അവനറിയാമായിരുന്നു..

അങ്ങനെ ഏട്ടൻ എന്റെ നന്ദു
ചേച്ചിയെ പുച്ഛിക്കേണ്ട…ഏട്ടന്റെ അടുത്ത് പറഞ്ഞ് വർക്ക് ഔട്ട് ആയ കഥ മാത്രമേ എന്നോട് പറഞ്ഞിട്ടുള്ളൂ എന്നാണല്ലോ ഏടത്തി പറഞ്ഞത്….

ശിഖ പരിഹാസ ചിരിയോടെ പറഞ്ഞതും ശരൺ നന്ദിതയെ നോക്കി ..അവളുടെ മിഴികളിലെ നീർത്തിളക്കത്തിലാണ് അവന്റെ കണ്ണുകൾ ഉടക്കിയത്…

ശിഖ ഓരോന്ന് പറഞ്ഞ് വീണ്ടും അവനെ കളിയാക്കിയതും ശരൺ അവളെ ഓടിച്ചു….

ശിഖക്കൊപ്പം എണീറ്റ് പോകാൻ തുടങ്ങിയ നന്ദുവിനെ ശരൺ അവനരികിൽ പിടിച്ചിരുത്തി..

എന്റെ നന്ദുട്ടി നീയത്
ഇതുവരെ മറന്നില്ലേ.. ??? എന്തിനാടോ വീണ്ടും അതോർക്കുന്നത്…നിറഞ്ഞ അവളുടെ കണ്ണുകളിലേക്ക് നോക്കി

ആർദ്രമായവൻ ചോദിച്ചു…ആ നെഞ്ചിലേക്ക് തലചായ്ച്ചവൾ കിടന്നു….അന്ന് നടന്നതെല്ലാം ഒരു ചിത്രം പോലെ അവളുടെ ഓർമകളിലേക്ക് ഓടിയെത്തി..

കാറിൽ നിന്നിറങ്ങി നന്ദിത
കുറെ ദൂരം നടന്നു..അത്യാവശ്യം ബോൾഡ് ആൻഡ് സ്ട്രോങ് ആയ ക്യാരക്ടറുള്ള നന്ദിതക്ക് ആ ഇരുട്ടിൽ അത്ര പേടിയൊന്നും തോന്നിയില്ല….

നിലാവുള്ള രാത്രി…എങ്ങും നിശബ്ദത.. പാറി പറന്നു നടക്കുന്ന മിന്നാമിനുങ്ങുകൾ….ചുറ്റിനും ചെമ്പകത്തിന്റെ സുഗന്ധം
പരത്തുന്ന ഇളം തെന്നൽ, നിലാവിൽ കുളിച്ചു നിൽക്കുന്ന ഭൂമി… ആകാശം നിറയെ ചിന്നിച്ചിതറിയ നക്ഷത്രങ്ങളും എങ്ങും മനസ്സിന് കിളിർമയേകുന്ന കാഴ്ച്ചകൾ….

അവളതെല്ലാം ആസ്വദിച്ചു
നടന്നു…ഒരു തരത്തിലും പേടിപ്പിക്കുന്ന ഒരന്തരീക്ഷമായിരുന്നില്ല അന്ന്….

എങ്കിലും ഇടക്ക്  ഒറ്റക്കാണല്ലോ എന്നൊരു ഭയം അവളെ വലയം ചെയ്യുമ്പോൾ മൊബൈലിൽ സേവ് ചെയ്തു കിടക്കുന്ന ഏതെങ്കിലും ഫണ്ണി വീഡിയോസ് കാണും.

അങ്ങനെ ഒരു മുക്കാൽ മണിക്കൂറോളും നന്ദിത നടന്നു…പെട്ടെന്നാണ് ഒരു ബൈക്ക് അവളെ കടന്ന് പോയത്…..അത് ഒരു പത്തു മീറ്ററോളം മുന്നിലേക്ക് പോയി നിന്നു….

തനിച്ചാകുമ്പോൾ പല പെൺകുട്ടികളും അഭിമുഖീകരിക്കേണ്ടി വരുന്ന പ്രശ്നങ്ങൾ നന്ദിതക്ക് മുന്നിലും പ്രത്യക്ഷപ്പെട്ടു….

തൊട്ടടുത്തായി മറ്റൊരു ബൈക്ക് കൂടി വന്ന് നിന്നതും അവൾ ബാഗിൽ പരതി…കയ്യിൽ കിട്ടിയത് ഒരു പെർഫ്യൂമായിരുന്നു..മുൻപിൽ വന്ന ബൈക്കിൽ ഒരാളെ ഉണ്ടായിരുന്നുള്ളു..അവൾക്കരികിൽ നിർത്തിയ ബൈക്കിൽ രണ്ട് പേരും….

അവരുടെ കഴുകൻ കണ്ണുകൾ അവളുടെ ശരീരമാകെ ഒഴുകി നടന്നു….ഒരു പെൺകുട്ടി ഏറ്റവും നിസ്സഹായയാകുന്ന സമയം…..

ശരിക്കും സ്ത്രീ ദുർബലയാണോ … ??അതോ അവൾ അങ്ങനെയാണെന്ന് സ്വയം വിശ്വസിക്കുന്നത് കൊണ്ടാണോ ഇത്രയേറെ അതിക്രമങ്ങൾ നേരിടേണ്ടി വരുന്നത്.??

വഷളൻ ചിരിയോടെ നോക്കുന്ന അവരെ അവൾ തറപ്പിച്ചു നോക്കി….മ–ദ്യത്തിന്റെ രൂക്ഷമായ ഗന്ധം അവൾക്ക് ചുറ്റും പരന്നു.

മുൻപോട്ട് നടക്കാൻ തുടങ്ങിയ
നന്ദിതക്ക് നേരെ ഉയർന്നുവന്ന കൈ അവളുടെ സ്‌കാർഫിൽ പിടുത്തമിട്ടതും നന്ദിത ബാഗ് വച്ച് അവന്റെ തലക്കിട്ടടിച്ചു..കയ്യിലെടുത്ത പെർഫ്യൂം സ്പ്രേ ചെയ്തിട്ടിവൾ ഓടി…

കുറച്ചു ദൂരം ഓടിയതും ശരീരമാകെ തളരും പോലെ തോന്നി…കാലിന് ബലം മതിയാവാത്തത് പോലെ.. എങ്കിലും സർവശക്തിയുമെടുത്തവൾ ഓടി….പിന്നാലെ അവരും….രണ്ട് പേർ ഓടിയും ഒരാൾ ബൈക്കിനും..ഒരു കല്ലിൽ തട്ടി റോഡിലേക്കവൾ വീണു ….

ബോധം വരുമ്പോൾ ഹോസ്പിറ്റലിലായിരുന്നു….താളം തെറ്റിയ മനസ്സുമായണ് ഞാൻ ഉണർന്നത്.

ഇടക്ക് എപ്പോഴോ നെറ്റ് വർക്ക് കിട്ടിയപ്പോൾ ഞാൻ അയച്ച മെസ്സേജ് സെന്റായി..അത് കണ്ട് ഏട്ടനും അച്ചനും വന്നപ്പോഴാണ് അവർ എന്നെ ഉപദ്രവിക്കാൻ ശ്രമിക്കുന്നത് കാണുന്നത്…ഒരുപക്ഷേ അവർ വരാൻ കുറച്ചു വൈകിയിരുന്നുവെങ്കിൽ …പി-ച്ചിചീ-ന്ത പെട്ടവരുടെ കൂടെ എന്റെ പേരും ചേർക്കപ്പെട്ടേനെ….

ഇര എന്ന പട്ടം കിട്ടിയില്ലെങ്കിലും ആ സംഭവത്തിന് ശേഷം ഭ്രാന്തി എന്നൊരു പേര് കൂടി എനിക്ക് കിട്ടി….

അവളെ നെഞ്ചിൽ നിന്നടർത്തിമാറ്റി നിറഞ്ഞൊഴുകിയ ആ കണ്ണുകളവൻ തുടച്ചു…

കഴിഞ്ഞ കാര്യമല്ലേ നന്ദു…ഇതോർത്ത് എന്തിനാ ഇനിയും കരയുന്നത്.. ?

ശരിയാണ് കഴിഞ്ഞു പോയി…ആരോടും പറയാതെ വന്നു എന്ന തെറ്റിന്റെ ശിക്ഷയായിരുന്നോ ഞാനന്നാ രാത്രയിൽ അനുഭവിച്ചത് …?? പിന്നീട് കേട്ട കുത്തുവാക്കുകൾ ..???

മറ്റുള്ളവരുടെ കാഴ്ച്ചപ്പാടിൽ ഞാൻ മാത്രമായിരുന്നു കുറ്റക്കാരി,vഅവരുടെയൊക്കെ കണ്ണിൽ അവന്മാർ എന്നെ ഉപദ്രവിക്കാൻ ശ്രമിച്ചതല്ല ഞാൻ ഒറ്റക്ക് വന്നതാണ് വലിയ തെറ്റ്…..

ശരിയാണ് എനിക്ക് വിളിക്കാൻ രണ്ട് ഏട്ടന്മാർ ഉണ്ടായിരുന്നു, അച്ചൻ ഉണ്ടായിരുന്നു. പക്ഷേ ഇതൊന്നും ഇല്ലാത്ത ഒരു പെൺകുട്ടി ആയിരുന്നെങ്കിലോ..???

എല്ലാ ആണുങ്ങളും അവന്മാരെ പോലെയല്ലല്ലോ….ഒരുപാട് നല്ലവരും ഉണ്ടടോ…

അറിയാം ശരൺ..ബോയ്സ് ഫ്രണ്ട്സായിട്ട് എനിക്കുമുണ്ട്. ഏത് രാത്രിയിലും അവർക്കൊപ്പം ധൈര്യമായി സഞ്ചരിക്കാം..ബട്ട് ചിലർ സ്ത്രീകളെ മറ്റൊരു കണ്ണിലൂടെ മാത്രം കാണുന്നവർ..അവളൊന്നു നിർത്തി….

“അന്നവരെന്നെ പി-ച്ചി ചീ-ന്തിയിയിരുന്നുവെങ്കിൽ ഇയാളെന്നെ
കല്യാണം കഴിക്കുമായിരുന്നോ.. ? ”

അവന്റെ മിഴികളിലേക്ക് നോക്കികൊണ്ടവൾ ചോദിച്ചു..

പെട്ടന്നങ്ങനെ ചോദിച്ചതും ശരൺ ചെറുതായൊന്ന് ഞെട്ടി…എന്ത് പറയണമെന്നറിയാതെ അവനവളെ നോക്കി..

” I dont know….”അൽപ്പസമയത്തെ മൗനത്തിന് ശേഷമവൻ പറഞ്ഞു…

എങ്കിലും എന്റെ നന്ദു ചോദിച്ചതല്ലേ, അതുകൊണ്ട് പറയാം, വി ക്‌ടിം ആയൊരു പെൺകുട്ടിയെ ഞാൻ വിവാഹം കഴിക്കാൻ സാധ്യത കുറവാണ്..അത്രക്ക് നല്ല മനസ്സൊന്നും
എനിക്കില്ലടോ..മറുപടി കേട്ടവൾ പുച്ഛത്തോടെയൊന്നു ചിരിച്ചു ….

ശരൺ എന്തിനാ, എന്നെപോലെ ഒരു ഭ്രാന്തിയെ വിവാഹം കഴിച്ചത്..??

അതോ, റിസ്ക് എടുക്കാൻ വല്യ ഇഷ്ട്ടാന്നെ..കുസൃതിച്ചിരിയോടെ പറഞ്ഞുകൊണ്ട് അവളെ ആ നെഞ്ചോട് ചേർത്ത് പിടിച്ച് നെറുകയിൽ മൃദുവായി ചുംബിച്ചു..

താൻ പിന്നീട് എപ്പോഴെങ്കിലും
അവരെ കണ്ടോ ?? തെല്ലും ആകാംക്ഷയോടെ അവൻ ചോദിച്ചു…

നേരിട്ട് കണ്ടില്ല…അന്ന് തന്നെ എന്റെ ഏട്ടന്മാർ അവരെ പഞ്ഞിക്കിട്ടന്ന് പിന്നീട് എപ്പോഴോ പറഞ്ഞു കേട്ടു….

കേസ് കൊടുത്തിട്ടും വലിയ കാര്യമൊന്നുമില്ലാത്ത കൊണ്ട്
കേസിന് ഒന്നും പോയില്ല..
ഒരഞ്ചുമാസത്തിന് ശേഷം ഒരു ന്യൂസ് പേപ്പർ റിപ്പോർട്ട് കണ്ടു…അതിൽ രണ്ട് പേർ ഒരു ബൈക്ക് ആക്‌സിഡന്റിൽ മരിച്ചുവെന്ന്…

എന്നെ ഉപദ്രവിക്കാൻ ഒരാൾ കൂടി ഉണ്ടായിരുന്നു…അവനിപ്പോൾ ജീവനോടെ ഉണ്ടോ എന്തോ അറിയില്ല..അറിയാൻ താല്പര്യവുമില്ല….

അതും പറഞ്ഞവൾ എണീറ്റ്‌ നടന്നു..

നിനക്ക് ഇപ്പോൾ ഒറ്റക്കാകുമ്പോൾ പേടി ഉണ്ടോ ??

അവന്റെ ചോദ്യം കേട്ടവൾ ഒന്നു നിന്നു..

ഇല്ല, ഞാനെന്തിന് പേടിക്കണം …??? ആ തിരിച്ചറിവിൽ എത്താൻ വൈകിപ്പോയി…

പിന്നെ അന്നത്തെ ആ സംഭവത്തിന് ശേഷം മൊബൈൽ എടുത്തില്ലെങ്കിലും പെപ്പർ സ്‌പ്രേയും ചില്ലി പൗഡറും എന്റെ ബാഗിൽ കാണും..എപ്പോഴാ എന്താ സംഭവിക്യാന്ന് പറയാൻ പറ്റില്ലല്ലോ….ഒരു മുൻകരുതൽ..ചെറു ചിരിയോടെ പറഞ്ഞവൾ അവന്റെ മറുപടിക്ക് കാത്തു നിൽക്കാതെ അകത്തേക്ക് പോയി…..

ഞാനെന്തിന് പേടിക്കണം ???

ശരണിന്റെ മനസ്സപ്പോഴും നന്ദിതയുടെ ആ ചോദ്യത്തിൽ കുരുങ്ങി കിടന്നു..

Scroll to Top