നിനക്കെന്താ പോകാനിത്ര ധൃതി.. പുറത്തെ കക്കൂസും കൂടി കഴുകിയിട്ടിട്ട് പോയാൽ മതി.
ആനിയമ്മ എളിയിൽ കൈകുത്തി നിന്നുകൊണ്ട് സന്ധ്യയെ നോക്കി.
“അത് ഇന്നലെ കഴുകിയതാണല്ലോ…
അവൾ കുളിക്കാനായി എടുത്ത സോപ്പും തോർത്തും തിരികെ വെച്ച് ദൈന്യതയോടെ ആനിയമ്മയേ നോക്കി.
“അത് സാരമില്ല.. ഒന്നൂടെ കഴുകിക്കോ. രാവിലെ ഞാൻ അതുപയോഗിച്ചാരുന്നു.”
“ഇനിയും വൈകിയാൽ ബസ് കിട്ടില്ല ആനിയമ്മച്ചി. ആ ബസ് പോയാൽ പിന്നെ നൂറ്റിയിരുപതു രൂപ കൊടുത്തു ഓട്ടോക്ക് പോകേണ്ടിവരും.”
“ബസൊന്നും പോകില്ല.. നീ സംസാരിച്ചു നിൽക്കാതെ വേഗം ആ പണി കൂടി തീർക്കാൻ നോക്ക്”
സന്ധ്യ നിറഞ്ഞു തുടങ്ങിയ കണ്ണുകളോടെ ചൂലും ബ്രഷുമെടുത്തു പുറത്തേക്ക് നടന്നു.
പള്ളിയിൽ സ്ഥലം മാറി വന്ന വികാരിയച്ഛന്റെ ഭവന സന്ദർശനം ഉണ്ടെന്നപേരും പറഞ്ഞ് ഒരാഴ്ചയായി വീടും പരിസരവും വൃത്തിയാക്കുന്ന പണി തുടങ്ങിയിട്ട്.
ദിവസവും അടിച്ചു തുടച്ചിടുന്ന വീടായിട്ട് കൂടിയും ആനിയമ്മ ഒരു നിമിഷം പോലും അവളെ വെറുതെയിരിക്കാൻ സമ്മതിക്കാതെ ഓരോ ജോലികൾ ചെയ്യിച്ചു കൊണ്ടിരിക്കും.
സഹിക്കുകയല്ലാതെ മറ്റുവഴികളില്ലാത്തതുകൊണ്ട് സന്ധ്യ മൗനമായി കരഞ്ഞുകൊണ്ട് ഓരോന്നും ചെയ്തു തീർക്കും.ആഴ്ചയിൽ ഒരു ദിവസം കിട്ടുന്ന ലീവാണ്. അതിനും ഇത്തിരി നേരത്തെ ഇറങ്ങാൻ സമ്മതിക്കില്ല. മോൾടെ പിറന്നാളാണെന്നു ഒരാഴ്ചമുന്നേ പറഞ്ഞ് വെച്ചതാ.. എന്നിട്ടും..
സന്ധ്യയുടെ മനസ്സൊന്നു തേങ്ങിപ്പോയി.
ടോയ്ലറ്റ് കഴുകി കഴിഞ്ഞ് കുളിക്കാൻ നിൽക്കാതെ വിയർപ്പു നാറുന്ന ദേഹത്തേക്ക് അവൾ സാരി വലിച്ചുവാരിയുടുത്തു.
ബസ്റ്റോപ്പിലെത്തിയപ്പോഴേക്കും ടൗണിലേക്കുള്ള ബസ് ആളെകയറ്റി മുന്നോട്ടെടുത്തിരുന്നു. ഇടവഴിയിലൂടെ വയ്യാത്ത കാലും വലിച്ചു കൊണ്ട് ഓടി വരുന്ന അവളെ കണ്ടതും ഡ്രൈവർ ബസ് നിർത്തി.
അണച്ചുകൊണ്ട് ബസിലേക്ക് കയറുമ്പോൾ അവൾ കൃതജ്ഞതയോടെ അയാളെ നോക്കി ഒന്ന് പുഞ്ചിരിച്ചു.
ഇടവഴിയിലേക്ക് തല ചെരിച്ച് നോക്കാൻ അയാൾക്ക് തോന്നിയ നിമിഷത്തിനും അവൾക്ക് വേണ്ടി പിന്നെയും കാത്തു നിൽക്കാൻ കാണിച്ച അയാളുടെ നല്ല മനസ്സിനും അവൾ മനസ്സുകൊണ്ട് നന്ദി പറഞ്ഞു.
ടൗണിൽ ഇറങ്ങി ആദ്യം കണ്ട ബേക്കറിയിലേക്ക് നടക്കുമ്പോൾ ബാഗിലിരുന്ന ഫോൺ അടിഞ്ഞു.
“അമ്മേ… എത്താറായോ??
നന്ദൂട്ടിയുടെ കൊഞ്ചിക്കൊണ്ടുള്ള ചോദ്യം അവളുടെ കാതിൽ മുഴങ്ങി.
“ദാ ഇപ്പൊ എത്തുട്ടോ. മോള് വെച്ചോ. അമ്മ കടയിൽ നിൽക്കുവാ.”
ഫോൺ കട്ടാക്കി, ചില്ലലമാരയിൽ നിരന്നിരിക്കുന്ന കേക്കുകളിലേക്ക് അവൾ കണ്ണോടിച്ചു.
പിന്നെ അതിലൊരെണ്ണം ചൂണ്ടി, അവളുടെ സെലെക്ഷൻ കാത്തുനിന്ന പയ്യനോട് ദാ ഇതെടുത്തോളൂ. ഹാപ്പി ബർത്ത്ഡേ കൃഷ്ണനന്ദ എന്നൊന്ന് എഴുതിക്കോളൂട്ടോ. പെട്ടന്ന് വേണം. ബസ് ഇപ്പൊ വരും. അപ്പോഴേക്കും ഞാനാ പച്ചക്കറിക്കടയിലൊന്നു കയറിവരാം.
ഒറ്റ ശ്വാസത്തിൽ പറഞ്ഞു തീർത്ത് അവൾ അടുത്തുകണ്ട പച്ചക്കറിക്കടയിലേക്ക് നടന്നു.
തിരികെ ബേക്കറിയിലെത്തി പേഴ്സിൽ നിന്ന് പണമെടുത്തു കൊടുത്ത് ഇറങ്ങിയപ്പോഴേക്കും, പുളിക്കക്കടവിലേക്കുള്ള ബസ് ഹോൺ മുഴക്കി അവൾക്ക് മുന്നിലൂടെ ബസ്സ്റ്റോപ്പിലേക്കു കയറി നിന്നു.
കയ്യിലിരുന്ന കവറുകളും താങ്ങിപ്പിടിച്ച് മെല്ലെ ഓടേണ്ടി വന്നു.
ബസിൽ അധികം തിരക്കില്ലാ.യിരുന്നു ഇരിക്കാൻ സീറ്റ് കിട്ടിയതിൽ അവൾക്ക് വല്ലാത്ത ആശ്വാസം തോന്നി. അതുവരെ ഗതിവിഗതികളില്ലാതെ അനസ്യൂതം പാഞ്ഞു നടന്നിരുന്ന ശ്വാസനിശ്വാസങ്ങളെ നിയന്ത്രിച്ചു നിർത്തി ദീർഘമായൊന്നു നിശ്വസിച്ചു കൊണ്ട് സീറ്റിലേക്കു ചാരി കണ്ണുകൾ അടച്ചു.
ബാഗിലിരുന്ന ഫോൺ വീണ്ടും ബെല്ലടിച്ചു തുടങ്ങി.
മഹേഷായിരിക്കും എന്ന് ഈർഷ്യയോടെ ഓർത്തുകൊണ്ടവൾ ഫോണെടുത്തു.
വിചാരിച്ചതു പോലെ തന്നെ മഹേഷിന്റെ നമ്പർ ഡിസ്പ്ലേയിൽ തെളിഞ്ഞു.
“എന്താ..?
അവൾ ശബ്ദം താഴ്ത്തി ചോദിച്ചു
“നീ ടൗണിൽ ഉണ്ടോ..?
“ഇല്ല… ബസ് കിട്ടി “
“എന്നാ അവിടെ ഇറങ്ങിക്കോ. ഞാനിവിടെയുണ്ട്. ഒന്നിച്ചു പോകാം.
വേണ്ട.. ഞാൻ ടിക്കറ്റെടുത്തു.
“ടിക്കറ്റും കോപ്പും ഒക്കെ എടുത്തു കളയെടി. നീ വേഗം ഇറങ്ങാൻ നോക്ക്. എന്നിട്ട് വിളിച്ചാൽ മതി.ഞാൻ വരാം അങ്ങോട്ട്.
“വേണ്ട.. ഞാനിതിൽ പൊയ്ക്കോളാം. നിങ്ങളെ കാത്തു നിന്നാൽ ഇനിയും വൈകും.”
“നിനക്കെന്താ പറയുന്നത് അനുസരിച്ചാൽ. എനിക്കിത്തിരി കാശ് വേണം.. ജെയിംസിന് കൊടുക്കാൻ ഉള്ളതാ. അവനിവിടെ നിന്ന് തെറി വിളിക്കുന്നു. നിന്റെ കയ്യിൽ ഉണ്ടെങ്കിൽ ഒരയ്യായിരം തന്നിട്ട് പോ. ഞാൻ തിരിച്ചു തന്നേക്കാം.
സന്ധ്യ വേഗം ഫോൺ കട്ട് ചെയ്ത് സ്വിച്ഓഫാക്കി ബാഗിലിട്ടു.
അയ്യായിരം…. എത്ര നിസാരമായാണ് ചോദിക്കുന്നത്.അവൾ പുച്ഛത്തോടെ ഓർത്തു.
പൈസക്ക് ആവശ്യം വരുമ്പോൾ അവനിങ്ങനെയാണ്. പലപ്പോഴും കൊടുക്കാതെ തന്നെ പിടിച്ചു പറിച്ചുകൊണ്ടു പോകുകയാണ് പതിവ്.സ്ഥിരമായി ജോലിക്കു പൊയ്ക്കൂടേ, എന്തിനായിങ്ങനെ നാട്ടുകാരോട് കടം മേടിച്ചു കൂട്ടുന്നെ എന്ന് ചോദിച്ചാൽ അവനവൾക്ക് നേരെ കുരച്ചു ചാടും.
” എനിക്ക് സൗകര്യമില്ല. നീയെന്നെ ഭരിക്കാൻ വരണ്ട.
“പിന്നെ നിങ്ങളെന്തിനാ കല്യാണം കഴിച്ചതും, ഒരു കൊച്ചിനെ ഉണ്ടാക്കിയതും. ചിലവിനു കൊടുക്കാൻ പറ്റാത്തവർ ഈ പണിക്ക് പോകരുത്.
“ഓ… ഇനിയിപ്പോ അതിനായി കുറ്റം. എടുക്കാ ചരക്കായി നിന്ന നിന്നെപ്പോലൊരു ഞൊണ്ടിക്കാലിയെ തന്തേം തള്ളേം കൂടി എന്റെ തലയിൽ കെട്ടിവെച്ചതും പോരാഞ്ഞിട്ട് എന്റെ മെക്കിട്ട് കേറുന്നോ.എനിക്ക് ഇങ്ങനെയൊക്കെയൊ പറ്റൂ. സഹിക്കാൻ പറ്റാത്തവർ ഇറങ്ങിപൊയ്ക്കോ എവിടെക്കാന്നു വെച്ചാൽ..
അതോടെ സന്ധ്യ മൗനിയാകും.
എടുക്കാച്ചരക്ക് ആണെന്നറിഞ്ഞപ്പോ അച്ഛനും അമ്മയും കൂടി അല്പം വിഷം തന്ന് കൊല്ലുകയായിരുന്നു ഇതിൽ ഭേദം എന്നവൾ വേദനയോടെ ഓർക്കും.
ബസിറങ്ങി വീട്ടിലേക്കു നടക്കുമ്പോൾ സന്ധ്യക്ക് കരച്ചിൽ വന്നു. കവിളിലൂടെ ഒഴുകിയിറങ്ങിയ കണ്ണുനീർ ഇരുൾ വീണു തുടങ്ങിയ വഴിയിൽ വീണു ചിതറി.
മുറ്റത്തേക്ക് കയറിയതും നന്ദു ഓടി വന്ന് അവളുടെ കയ്യിലിരിക്കുന്ന കവറുകളിലേക്ക് ആകാംഷയോടെ നോക്കി.
“മോള് കുളിച്ചില്ലേ ഇതുവരെ. എന്തൊരു വേഷമാ ഇത്. അവളുടെ മുഷിഞ്ഞ ഉടുപ്പിലേക്ക് നോക്കി സന്ധ്യ മുഖം ചുളിച്ചു.
“കുളിച്ചോളാം അമ്മേ… അമ്മയെനിക്ക് കേക്ക് വാങ്ങിച്ചോ..?
“അതൊക്കെ വാങ്ങിച്ചു. ആദ്യം നീ പോയി കുളിക്ക്. എന്നിട്ട് കട്ട് ചെയ്യാം.
നന്ദു തുള്ളിച്ചാടി അകത്തേക്ക് കയറിപ്പോയി.
“നല്ലൊരു ദിവസമായിട്ടും ഇത്തിരി നേരത്തെ കുടുംമത്തു വരാൻ തോന്നില്ല..ഒരു ജോലിക്കാരി..
അകമുറിയിൽ നിന്നും ഇന്ദിരാമ്മയുടെ പിറുപിറുക്കൽ.
സന്ധ്യ അതിന് കാത് കൊടുക്കാതെ സാരി മാറ്റി അടുക്കളയിലേക്ക് ചെന്നു.
അടുപ്പിൽ ചോറിനുള്ള വെള്ളം വെച്ചിട്ടുണ്ട്.. തീയൊട്ട് കത്തുന്നുമില്ല.
ഈ നശിച്ച തള്ളക്ക് ഇത്തിരി അരിയെങ്കിലും വേവിച്ചു വെക്കാൻ തോന്നിയില്ലല്ലോ എന്ന് മനസ്സിൽ പ്രാകിക്കൊണ്ട് അവൾ വിറകുകൾ എടുത്തു വെച്ച് തീയൂതി കത്തിച്ചു.
വാങ്ങിക്കൊണ്ട് വന്ന പച്ചക്കറികൾ മുറത്തിലെക്കിട്ട് സാമ്പാറിനും, അവിയലിനും, ഒരു തോരനുമുള്ള കഷ്ണങ്ങൾ തരം തിരിച്ചു വെച്ച്, അരി കഴുകി അടുപ്പത്തിട്ടു.
കറിക്കുള്ളത് അരിയാൻ തുടങ്ങുമ്പോ മഹേഷിന്റെ ബൈക്ക് മുറ്റത്തേക്ക് കയറി വരുന്ന ശബ്ദം കേട്ടു.
ബൈക്കിന്റെ ശബ്ദം നിലച്ച് ഒരു നിമിഷം കഴിഞ്ഞതും മഹേഷ് അടുക്കളവാതിൽക്കലെത്തി.
“നായിന്റെ മോളെ നീയെന്നെ നാണംകെടുത്തിയെ അടങ്ങൂ ല്ലേ..
ആക്രോശത്തോടെ ഓടിവന്ന് അവനവളുടെ മടിയിലിരുന്ന മുറം ചവുട്ടിത്തേറുപ്പിച്ചു.
അരിഞ്ഞു കൊണ്ടിരുന്ന പച്ചക്കറികൾ നാലുവശത്തേക്കും വീണു ചിതറി.
“അനുസരണയില്ലാത്ത ശവം.. നിന്നെയിനി ഇവിടെ കണ്ടു പോകരുത്. ഇപ്പോ ഇറങ്ങിക്കോ. ഇല്ലേൽ കൊല്ലും ഞാൻ “
മഹേഷ് കയ്യോങ്ങിക്കൊണ്ട് വീണ്ടും അവൾക്ക് നേരെ ചീറിയടുത്തു.
ശബ്ദം കേട്ട് ഓടി വന്ന നന്ദു പേടിച്ചരണ്ട മിഴികളോടെ രണ്ടു പേരെയും മാറി മാറി നോക്കി. പിന്നെ മെല്ലെ നടന്നു ചെന്ന് സന്ധ്യയുടെ പിന്നിൽ ചെന്ന് അവളോട് ചേർന്ന് പതുങ്ങി നിന്നു.
“വന്നു കയറിയതും രണ്ടും കൂടി തുടങ്ങിയോ വെട്ടും കുത്തും. ഇന്നിനി ഏത് നേരത്താണാവോ ഇച്ചിരി കഞ്ഞിവെള്ളം കുടിച്ച് കയറി കിടക്കാൻ പറ്റുന്നെ .?
ഇന്ദിര ഓടി വന്ന് അവനെ തള്ളി മാറ്റിക്കൊണ്ട് അവളെ ക്രൂദ്ധമായി നോക്കി.
“ഇതിനാണോടി ആഴ്ചയിൽ ഒരു ദിവസം നിന്നെയിങ്ങോട്ട് കെട്ടിയെടുക്കുന്നെ.. മനുഷ്യന് ഉള്ള സമാധാനം കൂടി കളയാൻ..
മകൻ ചെയ്യുന്ന തെറ്റുകൾക്ക് നേരെ കണ്ണടച്ചു കൊണ്ടുള്ള അവരുടെ പ്രകടനം കണ്ട് സന്ധ്യക്ക് കോപം ഇരച്ചു കയറി.
“നിങ്ങളുടെ മോൻ ചോദിക്കുമ്പോഴെല്ലാം എടുത്തു കൊടുക്കാൻ എന്റെ കയ്യിൽ കാശില്ല. ഇങ്ങേർക്ക് ചിലവിനു കൊടുക്കാനല്ല ഞാൻ വല്ലവന്റെയും അടുക്കളയിൽ കിടന്നു നരകിക്കുന്നത്. എനിക്കും എന്റെ മോൾക്കും ജീവിക്കാൻവേണ്ടിയിട്ടാ.നിങ്ങളുടെ മകൻ വരുത്തി വെക്കുന്ന കടങ്ങൾ തീർക്കാൻ എനിക്കൊരു ബാധ്യതയുമില്ല. എന്നെ സംരക്ഷിക്കാൻ കഴിയാത്തവർക്ക് ശിക്ഷിക്കാനും അവകാശമില്ല. ഓർത്തോ.
സന്ധ്യ അതേ നാണയത്തിൽ തിരിച്ചടിച്ചു.
“നീ നാവടക്കിക്കോ അതാ നല്ലത്..ഇല്ലേൽ ചവിട്ടികൂട്ടി കിണറ്റിലെറിയും ഞാൻ…
മഹേഷ് വീണ്ടും അവൾക്കരികിലേക്കു കുതിച്ചെത്തി.
“ആ.. കൊള്ളാം.. കലികയറി നിക്കുന്ന ചെക്കനോട് പറയുന്ന വാക്കുകൾ കൊള്ളാം..ഇനി കിട്ടുന്നതൊക്കെ നീ മേടിച്ചോ. എന്നെക്കൊണ്ട് വയ്യ തടസ്സം പിടിക്കാൻ.
ഇന്ദിരാമ്മ ചുണ്ട് കോട്ടിക്കോൺ അകത്തേക്ക് കയറിപ്പോയി.
അടിച്ചാൽ തിരിച്ചടിക്കണം എന്ന വാശിയൊടെ സന്ധ്യ സന്ധ്യ അവനെ തറച്ചു നോക്കി പതറാതെ നിന്നു.
അവളുടെയാ കൂസലില്ലായ്മ അവനെ വീണ്ടും ചൊടിപ്പിച്ചു.
“നാട്ടുകാര് എന്നെയങ്ങു തല്ലി കൊന്നാൽ നിനക്ക് സമാധാനമാകുമല്ലോ അല്ലെ.. അഴിഞ്ഞാടി നടക്കാൻ ആരെയും പേടിക്കണ്ട. അതോണ്ടല്ലേ അവനെന്നെ റോഡിൽ തടഞ്ഞു നിർത്തിയേക്കുന്നു എന്ന് പറഞ്ഞിട്ടും, എന്റെ വാക്ക് കേൾക്കാതെ നീ ഇങ്ങോട്ട് തന്നെ പോന്നത്.
അവൾക്കതു കേട്ട് ചിരി വന്നു.
വിവരമില്ലാത്ത മനുഷ്യൻ.. താലി കെട്ടിയ ഭാര്യ അധ്വാനിച്ചുണ്ടാക്കുന്ന പിച്ചക്കാശിൽ കയ്യിട്ടു വാരി തിന്നാൻ നടക്കുന്ന തെണ്ടി. നാണമില്ലാത്ത നിന്നോടൊക്കെ സംസാരിച്ചു കളയാൻ എനിക്ക് സമയമില്ല
അവൾ ഉള്ളിൽ ചിരിച്ചു കൊണ്ട് ചിതറി കിടക്കുന്ന പച്ചക്കറികൾ വാരിയെടുത്തു വീണ്ടും അരിയാൻ തുടങ്ങി.
കണ്ണിൽ നിന്നിറ്റി വീഴുന്ന തുള്ളികൾ അവളെ ശാസിച്ചു അധികം ചിരിക്കണ്ട.. അത് നിനക്ക് വിധിച്ചിട്ടില്ല.
കറികൾ അടുപ്പത്തു വെച്ച് ചോറ് വാർക്കാൻ തുടങ്ങുമ്പോഴാണ് നന്ദുവിന്റെ കരച്ചിലും ഒപ്പം മഹേഷിന്റെ അലർച്ചയും കേൾക്കുന്നത്.
എന്താ മോളെ..?
അവൾ ഓടി ചെന്ന് കുഞ്ഞിനെ ചേർത്തു പിടിച്ചു.
അച്ഛൻ തല്ലി… അവൾ എങ്ങലടിച്ചുകൊണ്ട്, വിരൽപ്പാടുകൾ തിണർത്തു കിടക്കുന്ന തുടയിലേക്ക് വിരൽ ചൂണ്ടി.
“എന്നോടുള്ള ദേഷ്യം കുഞ്ഞിനോട് തീർത്തു അല്ലെ..?
അവൾ ദഹിപ്പിക്കുന്ന ഒരു നോട്ടം അവന് നേരെ തൊടുത്തു.
“കുളിച്ചു കഴിഞ്ഞാൽ ബാത്റൂമിൽ മുഴുവൻ സോപ്പ് പതപ്പിച്ചിടും.. ടാപ്പിൽ കയ്യോണ്ട് തൊടാൻ പറ്റില്ല.. എത്ര വട്ടം പറഞ്ഞാലും അനുസരിക്കില്ല.. അതെങ്ങനെയാ നിന്റെ സ്വഭാവം കണ്ടല്ലേ ഇവളും പഠിക്കുന്നെ..
മഹേഷിന്റെ ഒച്ചയുയർന്നു.
അവൾ അസഹ്യതയോടെ അവനെനോക്കികൊണ്ട് മോളെ ഉടുപ്പിടുവിച്ച് മുറിയിൽ നിന്ന് പുറത്തിറങ്ങി.
രാത്രി മോളെ ചേർത്തു പിടിച്ചു കിടക്കുമ്പോൾ സന്ധ്യ അവളോട് ചോദിച്ചു,
നന്ദു, അമ്മയ്ക്കും നന്ദൂനും ഇവിടുന്ന് എങ്ങോട്ടെങ്കിലും പോകാം..?
” എവിടെക്കാ അമ്മേ..?
“വേറെയൊരു വീട്ടിലേക്ക്.. അവിടെ അമ്മേം നന്ദും മാത്രം മതി.. വേറെ ആരും വേണ്ട.
“അപ്പൊ അച്ഛനോ?
“അച്ഛനും അച്ഛമ്മയും ഇവിടെ താമസിച്ചോട്ടെ..
“അത് വേണ്ടമ്മേ.. നന്ദൂട്ടിക്ക് അച്ഛനും വേണം അമ്മേം വേണം.. എന്റെ ക്ലാസ്സിലെ കുട്ടികൾക്കെല്ലാം അച്ഛനും അമ്മേമുണ്ട്.. അപ്പൊ നന്ദുട്ടിക്കും വേണം..
“അവരെയൊക്കെ അവരുടെ അച്ഛൻമാര് ഇങ്ങനെ അടിക്കോ..?
“അതൊന്നുമില്ല എന്നാലും ചില നേരത്ത് അച്ചക്ക് എന്നോട് വല്യ സ്നേഹാ അമ്മേ. അത് മതി നന്ദൂട്ടിക്ക്.
“ശരി.. മോളുറങ്ങിക്കൊ. നാളെ രാവിലെ നേരത്തെ എണീക്കണം. അമ്പലത്തിൽ പോണ്ടേ നമുക്ക്.
ഉം…
പിറന്നാളായിട്ട് ഒരു മുട്ടായി പോലും വാങ്ങികൊടുക്കാത്ത അച്ഛന് സ്നേഹമാണത്രെ. അവൾ നിന്ദയോടെ ഓർത്തു.
പിന്നെ, നെഞ്ചിലെ വേവും, കവിളിലേക്കൊഴുകാൻ ധൃതി കൂട്ടുന്ന കണ്ണുനീരും തടഞ്ഞു നിർത്തി മോളെ കെട്ടിപ്പിടിച്ചു വളഞ്ഞു കൂടി കിടന്നു…
തുടരും…