കൈലാസ ഗോപുരം – ഭാഗം 81, എഴുത്ത്: മിത്ര വിന്ദ

ജാനകിചേച്ചി…. ഇത് എന്തൊക്കെയാണ് ഈ പറയുന്നേ,, കല്ലുമോള്…. അവള് ഇപ്പൊ എവിടെയാ… ഉഷയുടെ വാക്കുകൾ ഇടറി. ശിവൻ അവന്റെ ഭാര്യയും കുഞ്ഞും ആയിട്ട് കാനഡയ്ക്ക് പോകുവാന്നു… ആ […]

ജാനകിചേച്ചി…. ഇത് എന്തൊക്കെയാണ് ഈ പറയുന്നേ,, കല്ലുമോള്…. അവള് ഇപ്പൊ എവിടെയാ…

ഉഷയുടെ വാക്കുകൾ ഇടറി.

ശിവൻ അവന്റെ ഭാര്യയും കുഞ്ഞും ആയിട്ട് കാനഡയ്ക്ക് പോകുവാന്നു… ആ കുട്ടി, കുഞ്ഞിനെയുമായിട്ട് നാട്ടിലുണ്ട്. അവനു ഒരിക്കലും അവന്റെ ഭാര്യയെയും മകളെയും ഉപേക്ഷിച്ചു കളയാൻ ഒക്കത്തില്ലന്നു.കല്ലുമോളെ താമസിയാതെ സരസ്വതി കൊച്ചമ്മ ഇവിടേക്ക് പറഞ്ഞു വിടും, കണ്ടൊ നിങ്ങള്..

ചേച്ചി…..

ഇപ്പൊ കരഞ്ഞിട്ട് കാര്യം ഇല്ലാ ഉഷേ, ഇതിനേക്കാൾ ഉപരി ആയിട്ട് നിന്റെ മുന്നിൽ നിന്നു പൊട്ടികരഞ്ഞത് അല്ലേ ആ എട്ടും പൊട്ടും തിരിയാത്ത കൊച്ചു…. എന്നിട്ട് അതൊന്നും കേൾക്കാൻപോലും ഉള്ള സാവകാശം നീ കാണിച്ചോ… ഇല്ലാലോ.. ഒടുക്കം അതിന്റെ ജീവിതം എല്ലാവരും കൂടി നശിപ്പിച്ചു.

പറഞ്ഞു കഴിഞ്ഞു അവർ ഉടുത്തിരുന്ന വേഷം മാറ്റാൻ വേണ്ടി അവരുടെ മുറിയി
ലേക്കുപോയി.

ദാസനും ശോഭയും ഒക്കെ തരിച്ചു നിൽക്കുകയാണ്….

ഉഷ ഒരറ്റത്തു ഇരുന്നു പതം പെറുക്കി കണ്ണീർ വാർക്കുന്നുണ്ട്..

സന്തോഷത്താൽ മതിമറന്നു കഴിഞ്ഞവർ എല്ലാവരും വിഷമത്തോടെ അങ്ങോട്ടും ഇങ്ങോട്ടും നോക്കി നിൽക്കുകയാണ്…

മരണ വീട് പോലെ ആയി മാറിയിരുന്നു കുറച്ചു നിമിഷങ്ങൾ കൊണ്ട് ആ കുടുംബം.

ഇനി നാളെ എന്താകും എന്നോർത്തു കൊണ്ട് ദാസൻ തലയ്ക്കു കയ്യും കൊടുത്തു ഇരുന്നു..

എടി ശോഭേ, കഴിക്കാൻ എന്തെങ്കിലും ഉണ്ടെങ്കിൽ ഇത്തിരി എടുക്കു, എനിക്ക് വല്ലാതെ വിശക്കുന്നു….

സാരി മാറി ഒരു നൈറ്റി ഇട്ടുകൊണ്ട് ജാനകി ചേച്ചി ഇറങ്ങി വന്നു കൊണ്ട് ശോഭയെ നോക്കി പറഞ്ഞു.

സാധാരണ അവർ വരുന്ന സമയങ്ങളിൽ തന്നെത്താനെ വിളമ്പി കഴിക്കുകയാണ് പതിവ്, ഇതെന്താ ഇപ്പോൾ പുതിയ ഒരു ഏർപ്പാട് എന്ന് ഓർത്തുകൊണ്ട് , ശോഭ ദാസന്റെ മുഖത്തേക്ക് നോക്കി.

എടുത്തുകൊടുക്കു എന്ന് അയാൾ ഭാര്യയോട് കണ്ണുകൊണ്ട് ആംഗ്യം കാണിച്ചതും,  അനിഷ്ടത്തോടുകൂടി അവർ എഴുന്നേറ്റു അടുക്കളയിലേയ്ക്ക് നടന്നു.

ഊറി വന്ന ചിരി ഒളിപ്പിച്ച കൊണ്ട് ജാനകി ചേച്ചി ചെന്നു ദിവാൻ കോട്ടിൽ ഇരുന്നു.

” ഇതൊക്കെ പുതിയതാണോ ഉഷേ, ഞാൻ വന്നിട്ട് പോകുമ്പോൾ ഇതൊന്നും കണ്ടിരുന്നില്ല അതുകൊണ്ട് ചോദിച്ചതാ, “

“അതെ ചേച്ചി,ശിവന്റെ അമ്മ തന്നെ പൈസ കൊടുത്തു വാങ്ങിയത് ആണ്,അഥവാ ശിവനും കല്ലും മോളും കൂടി ഇവിടേക്ക് എങ്ങാനും വരുന്നുണ്ടെങ്കിൽ, ആ പയ്യൻ ഇരുന്നോട്ടെ എന്നുകരുതി മേടിച്ചിട്ടത് ആണ്…”

“ഹ്മ്മ്….. അതൊക്കെ നല്ല കാര്യമായിരുന്നു ഉഷേ നീ ചെയ്തത്,  പക്ഷേ ഇനി ശിവൻ അവന്റെ ഭാര്യയെയും കുഞ്ഞിനെയും  കാനഡയ്ക്ക് കൊണ്ടുപോയി എന്നറിഞ്ഞു കഴിയുമ്പോൾ കല്ലു മോളെ ഇവിടെ തിരികെ കൊണ്ട് ആക്കിയിട്ട് സരസ്വതി കാശ് ചോദിച്ചാൽ നീ പകരം ഈ ദിവാൻ കോട്ടും മേശയും കസേരയും എടുത്തു കൊടുക്കുമോ”?

ജാനകിയുടെ ചോദ്യം കേട്ടുകൊണ്ട് ഉഷയും ദാസനും പകച്ച് നിൽക്കുകയാണ്.

അതൊക്കെ എന്നാ വർത്താനമാ ചേച്ചി പറയുന്നത്, ആ ചെറുക്കനു എന്തോ ജാതകദോഷം ഉണ്ടെന്നും ചിലപ്പോൾ പെൺകുട്ടിയുടെ ജീവിതം തന്നെ നഷ്ടപ്പെടാം എന്നും, അതുകൊണ്ട് ആറുമാസം വളരെ നിർണായകമാണന്നും ഒക്കെ പറഞ്ഞു കൊണ്ടാണ് സരസ്വതി  ഈ കാശൊക്കെ തന്നു വിവാഹത്തിന് സമ്മതിപ്പിച്ചത്..”

ജാനകി കഴിക്കാനുള്ള ഭക്ഷണവും എടുത്തുകൊണ്ടുവന്ന ശോഭയായിരുന്നു അവരുടെ സംസാരം കേട്ടുകൊണ്ട് മറുപടി പറഞ്ഞത്.

” ഇതൊന്നും ഞാൻ അറിഞ്ഞില്ലാലോന്നേ..എന്നിട്ട് ഉഷയ്ക്ക് സമ്മതമായിരുന്നോടി,കല്ലുവിന്റജീവൻ ആപത്തിൽ ആയാലും ശരി,പൈസ കിട്ടിയാൽ മതി അല്ലേ… “

ജാനകി അതിശയത്തോടെ ഉഷയെ ന്നോക്കി…

.”ഉഷ ചേച്ചിക്ക് എല്ലാത്തിനും സമ്മതവും ആയിരുന്നു.അവര് വീടും സ്ഥലവും ഒക്കെ തരാം എന്ന് പറഞ്ഞപ്പോൾ ചേച്ചി എതിര് ഒന്നും പറഞ്ഞില്ല…എന്നിട്ടിപ്പോൾ ഒരു സുപ്രഭാതത്തിൽ വന്ന് പൈസ തിരികെ തരണമെന്ന് പറഞ്ഞാൽ അത് എവിടുത്തെ ന്യായമാ,കൊള്ളാം “

ശോഭ അരിശത്തോടെ പറയുന്നത് കേട്ടപ്പോൾ ജാനകിയ്ക്ക് കലി കയറി. എങ്കിലും അവര് പിടിച്ചു നിന്നു… കാരണം കളികൾ ഒന്നൊന്നായി വരുന്നത് അല്ലേ ഒള്ളു….

. അല്ലാ ഉഷേ… കല്ലുമോള് നിന്നെ വിളിച്ചോ….?

ഇല്ല ചേച്ചി….. പോയിട്ട് ഈ നിമിഷം വരെ എന്നേ അവളൊന്നു വിളിച്ചു പോലും ഇല്ലാ…. അവിടുത്തെ പത്രാസ് ഒക്കെ കണ്ടപ്പോൾ, അവള് ഞങ്ങളെ ഒക്കെ മറന്ന് എന്ന് തോന്നുന്നു..

ഓഹ്..ഇപ്പൊ അങ്ങനെ ആയോ കാര്യങ്ങൾ….. സ്വന്തം അമ്മയുടെ തനി സ്വഭാവം അറിഞ്ഞു കഴിഞ്ഞപ്പോൾ അവൾക്ക് എങ്ങനെ വിളിക്കാൻ തോന്നിക്കാണും നിന്നെ..നിയൊക്കെ ചേർന്ന് കൊണ്ട് കൊലക്കയർ എടുത്തു കഴുത്തിൽ കുരുക്കി ഇട്ട് കൊടുത്തിട്ട് കുറ്റം മുഴോനും ഇപ്പൊ ആ പാവത്തിന് അല്ലേ…

ഉള്ളിലെ അമർഷം പതഞ്ഞു പൊങ്ങുമ്പോഴും അവർക്ക് അത്ര എങ്കിലും പറയാതെ ഇരിക്കാൻ ആയില്ല.

നീയൊരു പെറ്റതള്ളയാണോ എന്നാണ് എനിക്ക് സംശയം,സ്വർണ്ണം കൊണ്ട് തുലാഭാരം നടത്താം എന്ന് പറഞ്ഞാൽ പോലും സ്വന്തം മകളെ ഇതുപോലെ ആരും വിൽക്കില്ലടി.. അതിന്റെ ജീവനെങ്കിലും ഈശ്വരൻ തിരിച്ച് നൽകിയാൽ മതിയായിരുന്നു, ഇത്രയും വലിയ ദോഷമുള്ള ഒരുത്തന്റെ തലയിൽ കെട്ടിവെച്ച് അവന്റെ അമ്മ തന്ന പൈസയ്ക്ക് കുറേ സാധങ്ങൾ വാങ്ങിച് വീട്ടിലേക്കു ഇട്ടു, എന്നിട്ട് ഒടുക്കം, ചെറുക്കൻ ആണെങ്കിൽ അവന്റ ആദ്യ ഭാര്യയെയും കൊണ്ട് കടന്നു കളയാനും ഇരിക്കുവാ…. “

” ചേച്ചിയോട് ആരാണ് ഈ കാര്യങ്ങളൊക്കെ പറഞ്ഞത് “

അപ്പോഴായിരുന്നു ദാസൻ പതിയെ ശബ്ദം ഉയർത്തി തുടങ്ങിയത്.

എന്നോടാരെങ്കിലും ആവട്ടെ പറഞ്ഞത്,,അതൊന്നും നിങ്ങളെ ആരെയും ബോധിപ്പിക്കേണ്ട കാര്യവുമില്ല, പക്ഷേ ദാസാ നീയ് ആ കവലയിലോട്ട് ഒന്ന് ഇറങ്ങി 10 മിനിറ്റ് അവിടെ നിന്നാൽ മതി കാര്യങ്ങൾ മൊത്തം വ്യക്തമായി നിനക്ക് മനസ്സിലാകും,

കഴിച്ച പാത്രം അവിടെത്തന്നെ വെച്ചശേഷം അവർ കൈ കഴുകാനായി എഴുന്നേറ്റ് പോയി.

“ചേച്ചി ആ പ്ലേറ്റ് എടുത്ത് അടുക്കളയിലേക്ക് കൊണ്ട് കഴുകി വെച്ചേക്ക് കേട്ടോ,”

ശോഭയാണെങ്കിൽ പല്ലിറുമ്മി കൊണ്ട്  ജാനകിയെ നോക്കി.

” അതെന്താടി ഞാൻ കഴിച്ച പ്ലേറ്റ് ഒന്ന് കഴുകി വെച്ചന്ന് കരുതി നിന്റെ കയ്യിൽ കിടക്കുന്ന വള വല്ലതും ഊരി പോകുമോ,”

എടുത്തടിച്ച പോലെ ജാനകി ചേച്ചി അവളൊട് തിരികെ ചോദിച്ചു..

” ഞാൻ ആരുടെയും വേലക്കാരി ഒന്നുമല്ല,അതുകൊണ്ട് പറഞ്ഞതാ “

ശോഭ്യ്ക്കും വിട്ടുകൊടുക്കാനുള്ള ഭാവം ഇല്ലായിരുന്നു..

“അല്ലേ,,,,, ഒരു രൂപ പോലും വാടക തരതെ കൊണ്ട് ചുളുവിൽ എന്റെ വീട്ടിൽ കഴിയുന്നതും പോരാ, എന്നോട് തർക്കുത്തരം പറയാനും കൂടി ആയോ ശോഭേ നീയ്…. മര്യാദയ്ക്ക് ആണെങ്കിൽ എല്ലാവർക്കും ഒരു രണ്ടുമാസം കൂടി ഇവിടെ താമസിക്കാം അല്ലെങ്കിൽ നാളെത്തന്നെ ഇവിടുന്ന് ഇറങ്ങിക്കോണം… പറഞ്ഞില്ലെന്ന് വേണ്ട കേട്ടോടാ ദാസാ….”

അവരകത്തേക്ക് കയറിപ്പോയതും മൂവരും സ്തഭിച്ചു കൊണ്ട് ഇരുന്നു പോയി..

************************

ഹലോ….. ആഹ് വല്യമ്മേ കാശിയ, എന്താണ് വിളിച്ചേ….

പാറുവിനോട് കൊഞ്ചിക്കൊണ്ടു നിൽക്കുകയായിരുന്നു കാശി ആ നേരത്താണ് അവന്റെ ഫോൺ ബെല്ലടിച്ചത് നോക്കിയപ്പോൾ സരസ്വതിയാണ്….

ഹെലോ കാശി, ശിവൻ വിളിച്ചാരുന്നോടാ നിന്നെ.

ഇല്ലാല്ലോ വല്യമ്മേ… എന്താണ്..

അവനാ പെണ്ണിനെയും വിളിച്ചുകൊണ്ട് ബാംഗ്ലൂർക്ക് പോവുകയാണെന്ന് പറഞ്ഞ് ഇവിടുന്ന് ഇറങ്ങിയതാണ്, വിളിച്ചിട്ട് ഫോൺ എടുക്കുന്നുമില്ല ആകപ്പാടെ ഒരു വെപ്രാളവും പരവേശവും… അതാ നിന്നെ വിളിച്ച്ത്..

അവര് ചുമ്മാ ഹണിമൂൺ പോയതായിരിക്കും,അതോർത്ത് വല്യമ്മ ടെൻഷൻ ആവണ്ട…

അതല്ലടാ കാശി വേറെ കുറച്ച് സംഭവങ്ങൾ ഒക്കെ ഉണ്ടായിരുന്നു, ഞങ്ങളെല്ലാവരും കൂടി  അമ്മമ്മയെ കാണുവാൻ പോയി, അവിടെവച്ച് സുഗന്ധി എന്നോട് കുറച്ചു കാര്യങ്ങൾ ഒക്കെ പറഞ്ഞു..

എന്ത് കാര്യങ്ങൾ….ഒന്നും മനസ്സിലാവാത്തത് പോലെ കാശി അവരോട് ചോദിച്ചു.

നടന്ന കാര്യങ്ങളൊക്കെ സരസ്വതി അപ്പാടെ അവനോട് വിശദീകരിക്കുകയും ചെയ്തു..

അർജുനോട് അവൾക്ക് അങ്ങനെ ഇഷ്ടമുണ്ടായിരുന്നെന്നോ എന്നിട്ട് ഇതൊന്നും ഞാൻ അറിഞ്ഞില്ലല്ലോ… അവളും ആ വീട്ടുകാരും ചേർന്ന് നമ്മളെ എല്ലാവരെയും ചതിക്കുകയായിരുന്നല്ലേ വല്യമ്മേ….

അവന്റെ സംഭാഷണം കേട്ടുകൊണ്ട് , ചിരി അടക്കാൻ പാടുപെടുകയായിരുന്നു പാറു.

ഇതങ്ങനെ വിട്ടാൽ പറ്റില്ല വല്യമ്മ ഇതിനൊരു തീരുമാനം ഉണ്ടാക്കണം വല്യമ്മയുടെ കയ്യിൽ നിന്നും എത്ര രൂപയാണ് അവളുടെ കുടുംബത്തിലേക്ക് ചിലവഴിച്ചത്. ആ അവളെ ഇനി പ്രേമിച്ച ചെറുക്കൻ വന്ന് വിളിച്ചാൽ അവന്റെ ഒപ്പം പോകില്ലെന്ന് ആരു കണ്ടു…

അവൾ പോകുന്നെങ്കിൽ പൊക്കോട്ടെ മോനെ എനിക്ക് അതൊന്നും കുഴപ്പമില്ല കാരണം ശിവന്റെ മൂന്നാം വിവാഹമാണ്, നിലനിൽക്കത്തുള്ളൂ,,, അത് പണിക്കര് മൂന്നുതരം പറഞ്ഞു കഴിഞ്ഞിരിക്കുന്നു….

അവര് പറയുന്നത് കേട്ടതും കാശി പല്ല് ഞെരിച്ചു കൊണ്ട് പാർവതിയെ നോക്കി ഒന്ന് തലയാട്ടി കാണിച്ചു..

എന്തായാലും ഞാൻ ശിവനെ ഒന്ന് വിളിച്ചു നോക്കാം വല്യമ്മേ. അവൻ എവിടെ എത്തി, എന്താണ് കാര്യങ്ങൾ എന്നൊക്കെ അറിയാമല്ലോ,,,

ഹ്മ്മ്.. മോനെ നീ ഒന്നു വിളിച്ചതിനു ശേഷം എന്നോട്  പറയണേ..

ഓഹ് ആയിക്കോട്ടെ…. വല്യമ്മ ടെൻഷൻ അടിക്കേണ്ട..

പറഞ്ഞു കൊണ്ട് അവൻ കാൾ കട്ട്‌ ചെയ്തു.

വല്യമ്മ ആകെ പേടിച്ചിരിക്കുവാല്ലേ ഏട്ടാ..

ഹ്മ്മ്… ഇത്തിരി പേടിയൊക്കെ വേണം പാറുവേ…അതില്ലാതെ പോയതുകൊണ്ടാണ് ഇത്രയും പ്രശ്നങ്ങൾ വഷളായത്….

“അതിരിക്കട്ടെ അകത്തെ മുറിയിലേക്ക് കയറിപ്പോയ രണ്ടെണ്ണത്തിനെ ഇതുവരെയായിട്ടും കണ്ടില്ലല്ലോ ഇനി ആക്രാന്തം കൂടി അവരുടെ ഫസ്റ്റ് നൈറ്റ് എങ്ങാനും കഴിഞ്ഞോടി പാറുട്ടാ….. “

തുടരും.

Scroll to Top