എഴുത്ത്: സനൽ SBT
—————-
എൻ്റെ ദൈവമേ ആദ്യരാത്രി തൊട്ട് തുടങ്ങിയ പങ്കാപ്പാടാണ് ഇപ്പോഴും എൻ്റെ ശ്വാസം ഒന്ന് നേരെ വീണിട്ടില്ല.
ചെറിയമ്മമ്മാരും അമ്മായിമാരും കസിൻസ് പിള്ളേരും എല്ലാം ആദ്യരാത്രി എന്ന് പറഞ്ഞ് പേടിപ്പിച്ച് വച്ചിരിക്കുവായിരുന്നു.
ആദ്യരാത്രിയെക്കുറിച്ച് കുഞ്ഞുനാളുമുതൽ വായിച്ചറിഞ്ഞതും കേട്ടു വളർന്നതും അത്ര നല്ല കാര്യങ്ങൾ അല്ല. അതുകൊണ്ടുതന്നെ താലികെട്ട് കഴിഞ്ഞപ്പോഴുണ്ടായ നാദസ്വരത്തിൻ്റെ ശബ്ദം ഇപ്പോഴും എന്നെ നെഞ്ചിൽ നിന്നും വിട്ടുമാറിയിട്ടില്ല.
അതു കൊണ്ടു തന്നെയാവും അമ്മ തന്ന ഒരു ഗ്ലാസ് പാലും കൊണ്ട് ഞാൻ റൂമിനകത്തേക്ക് കയറിയതും വാഴ വെട്ടിയിട്ട പൊലെ ഞാൻ ബെഡിൽ ബോധം കെട്ട് വീണത്
ഹോ ആദ്യരാത്രി എന്ന് പറഞ്ഞ് ഒരു കുന്നോളം ആഗ്രഹങ്ങളുമായി നടന്ന അങ്ങേർക്ക് എന്തായാലും എട്ടിൻ്റെ പണിയാണ് ഞാൻ കൊടുത്തത്.
പാവത്തിൻ്റെ ആദ്യരാത്രി അങ്ങിനെ ഒരു കാളരാത്രിയായി.
ആദ്യരാത്രി എന്ന വൻമരം വീണു ഇനിയാര് ? എന്ന് ചിന്തിച്ച് ഇരിക്കുമ്പോഴാണ് ഏട്ടൻ ഹണിമൂണിൻ്റെ കാര്യം പറയുന്നത് കേട്ടത്.
വീണ്ടും എൻ്റെ നെഞ്ചിനകത്ത് പാണ്ടിയും പഞ്ചാരിയും ഒരുമിച്ച് കൊട്ടാൻ തുടങ്ങി.
ദൈവമേ എങ്ങനെ ഇതിൽ നിന്ന് ഒന്ന് ഊരും എന്ന് ചിന്തിച്ച് ഇരിക്കുമ്പോഴാണ് തലയിൽ വെറെ ഒരു ഐഡിയ തോന്നിയത്. ഇന്നലത്തെ പോലെ ബോധം കെട്ട് വീണാലോ ?
അയോ അത് വേണ്ട ചിലപ്പോൾ എനിക്ക് വല്ല അപസ്മാരം ആണെന്ന് പറഞ്ഞ് എന്നെ വീട്ടിൽ കൊണ്ടുപോയി ആക്കിയാലോ?
ഇങ്ങനെ ഒരായിരം ചിന്തകൾ കൊണ്ട് ഞാൻ കാട് കയറി നിൽക്കുമ്പോഴാണ് പുറകിൽ നിന്ന് ആ വിളി വന്നത്.
“ദേവൂട്ടീ. “
“ന്തോ ഇതാ വരുന്നേ ഏട്ടാ. “
“നീ ഇത് എന്ത് സ്വപ്നം കണ്ട് നിക്കുവാ നമ്മുക്ക് പോകണ്ടേ എല്ലാം എടുത്ത് വെച്ചോ? “
“ആ എടുത്ത് വെച്ചു “
“അല്ല നീ എന്തൊക്കെയാ എടുത്ത് വെച്ചത് നോക്കട്ടെ. ഇത് ഒരു പാട് ഉണ്ടല്ലോ? “
“ഹേയ് അത് എൻ്റെ കുറച്ച് സാധനങ്ങൾ മാത്രള്ളൂ.”
“ഇതോ ചീപ്പ് ,സോപ്പ് , കണ്ണാടി ,കാച്ചിയ വെളിച്ചെണ്ണ ,രാസനാദിപ്പൊടി , കുങ്കുമം ,കൺമഷി, കരിവള ,വട്ടപ്പൊട്ട്, ഹെബ്രോപെൻസിൽ, കുട്ടിക്കൂറ പൗഡറ്, റിബ്ബൺ, സേഫ്റ്റി പിന്ന്,
അല്ല നിനക്ക് ഇത് മാത്രമേ കിട്ടിയൊള്ളൂ രണ്ട് ബലൂണും ഓരോ ഓലപ്പീപ്പിയും കൂടി മേടിച്ച് വെയ്ക്കായിരുന്നില്ലേ ഒരു പൂരക്കച്ചവടത്തിന് ഉള്ള സാധനം ഉണ്ടല്ലോ ബാഗിൽ, എടോ താൻ ഇത്….
അതെ നമ്മൾ പോണത് ഹണിമൂണിന് ആണ് അല്ലാതെ ചിനക്കത്തൂര് അമ്പലത്തില് കൂത്ത് കാണാനല്ല. ആവശ്യമുള്ള സാധനങ്ങൾ മാത്രം എടുത്താൽ മതി. “
ശ്ശെടാ ഇതിപ്പോ ഹണിമൂണിനാണ് പോകുന്നത് എന്ന് വെച്ച് ഇടാതെയും ഉടുക്കാതെയും ആണോ നടക്കാൻ പോണത് ഇതെല്ലാം ആവശ്യസാധനങ്ങൾ അല്ലേ.
ഇനിയിപ്പോ ഫുൾ ടൈം തുണിയില്ലാതെയുള്ള വല്ല പരിപാടിയും ആണോ ഈ ഹണിമൂണ് എന്ന് വെച്ചാൽ ഞാൻ മനസ്സിൽ പിറുപിറുത്തു.
“അതെ ഏട്ടാ നമ്മൾ എത്ര ദിവസത്തിനാണ് പോണത്. “
“കപ്പിൾ ഓഫ് ഡേയ്സ്. “
“എന്ന് വെച്ചാൽ “
“രണ്ട് ദിവസം. “
“ആ അപ്പോ അമ്മ ഇട്ട് വെച്ച കണ്ണിമാങ്ങ അച്ചാറും ചക്കവരട്ടിയതും ഒന്നും എടുക്കണ്ട അല്ലേ. നന്മൾ രണ്ട് ദിവസം കഴിഞ്ഞാൽ ഇങ്ങ് വരില്ലേ. “
“എൻ്റെ ദൈവമേ. “
“ദേവൂ നീ തനി നാട്ടിൻ പുറത്തുകാരിയാണ്, പഠിച്ചത് ബി.എ മലയാളം ആണ്, ഒരു പക്കാ അമ്പലവാസിക്കൊച്ചാണ് എന്നൊക്കെ ആ ബ്രോക്കറ് വന്ന് പറഞ്ഞപ്പോൾ ഞാൻ ഇത്രം പ്രതീക്ഷിച്ചില്ല. ഇതിനെക്കുറിച്ചൊന്നും ഒരു പിടിയും ഇല്ല ല്ലേ. “
ഞാൻ ഏട്ടൻ്റെ മുഖത്ത് ഒരു വളിച്ച ചിരി ചിരിച്ചു.
ഹോ ഇങ്ങേര് പറയണത് കേട്ടാൽ തോന്നും ഞാൻ ‘രണ്ടാഴ്ച കൂടുമ്പോൾ ഹണിമൂണിന് ഊട്ടിയിലോ കൊടൈയ്ക്കനാലിലോ പോകാറുണ്ടെന്ന്.
“എന്താ നീ പറഞ്ഞത്. “
“ഹേയ് ഒന്നൂല്ല ഈ സാരി എത്ര ഉടുത്തിട്ടും ശരിയാവുന്നില്ല. “
“ൻ്റെ മാതാവേ സാരി ഉടുക്കുന്ന കോലമാണോ ദേ ഈ കാണുന്നത്. ഇതെന്താ കല്യാണത്തിന് പന്തല് വലിച്ച് കെട്ടുവാണോ? “
”ഏട്ടാ ഇത് ഉടുത്താൽ നിക്കണില്ല അതാ. “
“അപ്പോ അറിയാവുന്ന പണിക്ക് നിന്നാൽ പോരെ ?” വല്ല ചുരിദാറോ മറ്റോ ഇട്ടാൽ മതിയായിരുന്നല്ലോ?
” കല്ല്യാണം കഴിഞ്ഞ് എല്ലാവരും സാരിയാണ് ഉടുക്കുന്നത് സോ ഞാനും ഒന്ന് ഉടുത്തു നോക്കി. “
” ആ ബെസ്റ്റ് ഇപ്പോ കാണാൻ അസ്സല് കണ്ണേറുകോലം പൊലെ ആയിട്ടുണ്ട്.”
”ഏട്ടൻ നിന്ന് എന്നെ കുറ്റം പറയാതെ ഈ സാരിയുടെ ഞൊറി ഒന്ന് എടുക്കാൻ സഹായിക്ക്.”
”ആ ശരി ഈ തല ഇങ്ങ് താ മറ്റേ തല നീ പിടിച്ചോ .”
ഏട്ടൻ സാരിയുടെ മുന്താണി ഓരോന്നോരോന്നായ് കൈവിരലുകൾ കൊണ്ട് മടക്കി. ഞാൻ കണ്ണിമ വെട്ടാതെ ഏട്ടനെ നോക്കിക്കൊണ്ട് നിന്നു.
അവസാനം ഏട്ടൻ സാരിയുടെ ഞൊറികൾ എല്ലാം പിടിച്ച് എൻ്റെ അടിവയറിലേക്ക് കുത്തിയിറക്കി.
ഒരു നിമിഷം എൻ്റെ കാലുകൾ രണ്ടും നിലത്തു നിന്ന് ഒരല്പം പൊങ്ങി രോമങ്ങൾ എല്ലാം എണീറ്റ് നിന്നു എന്നെ കുളിരണിയിച്ചു കണ്ണുകൾ രണ്ടും കൂമ്പിയടയുന്ന പൊലെ എനിക്ക് തോന്നി.
“അതെ ദേവൂട്ടി നമുക്ക് പോണ്ടേ. “
“ആ പോണം. “
“എന്നാൽ ഇങ്ങ് വാ ഇത് കഴിഞ്ഞു. “
“ശ്ശോ ഈ ഏട്ടൻ “
“ഇപ്പോൾ തന്നെ ഒരു പാട് ലേറ്റ് ആയി നീ അമ്മയോട് യാത്ര പറഞ്ഞ് ഇറങ്ങാൻ നോക്ക് ഞാൻ ഈ ബാഗ് അപ്പോഴേക്കും കാറിൽ വെയ്ക്കട്ടെ. “
“ഉം. ശരിയെട്ടാ. “
അമ്മയോട് യാത്ര പറഞ്ഞ് കാറിൽ കയറി ഇരിക്കുമ്പോഴും ഞാൻ ഏതോ മായാലോകത്ത് ആയിരുന്നു.
ഏട്ടൻ എന്നെ സാരി ഉടുപ്പിക്കുമ്പോഴും ആ കൈവിരലുകൾ എൻ്റെ ശരീരത്തെ സ്പർശിക്കുമ്പോഴും ഏട്ടൻ്റെ ആ ചുടുനിശ്വാസം എൻ്റെ മേൽ ഏൽക്കുമ്പോഴും ഞാൻ ഇതുവരെ അറിയാത്ത ഒരു അനുഭൂതിയുടെ കൊടുമുടിയിൽ ആയിരുന്നു.
അപ്പോ ഈ ഫസ്റ്റ് നൈറ്റ് എന്നൊക്കെ പറഞ്ഞാലും ഇത്രയൊക്കെ ഉള്ളൂ അല്ലേ ശ്ശേ ഞാൻ വെറുതെ ഇന്നലെ ബോധം കെട്ടു വീണു.
“ദേവൂ നീ എന്താ ഇങ്ങനെ ആലോചിച്ച് ഇരിക്കണേ.”
“ഹേയ് ഒന്നൂല്ല ഏട്ടാ വെറുതെ .”
“ആഹാ താൻ എന്തേലും പറയെടോ .”
“ഞാൻ എന്ത് പറയാനാ ഏട്ടൻ പറ ഞാൻ കേൾക്കാം. “
“ഉം. നിനക്ക് ഇഷ്ട്ടം ഉള്ള ഭക്ഷണം എന്താ? “
“കഞ്ഞിയും പയറും. “
“ആ ബെസ്റ്റ് ദൈവമേ എൻ്റെ ജീവിതം ഇനി പഴങ്കഞ്ഞി ആവാതിരുന്നാൽ മതിയായിരുന്നു. .”
“ഏട്ടനോ ? “
“എരിവും പുളിയും ഉള്ള എന്തും കഴിക്കും. “
“ഉം. “
“താൻ ആരെങ്കിലും ഇതിന് മുൻപ് പ്രേമിച്ചിട്ടുണ്ടോ?”
അപ്രതീക്ഷിതമായുള്ള ഏട്ടൻ്റെ ചോദ്യം കേട്ടപ്പോൾ സത്യം പറഞ്ഞാൽ എൻ്റെ രണ്ട് ഉണ്ടക്കണ്ണുകളും നിറഞ്ഞൊഴുകി.
“എടോ ഞാനൊരു തമാശക്ക് ചോദിച്ചതാ അതിന് താനെന്തിനാ ഈ കരയണേ? “
“എനിക്ക് ആരോടും പ്രേമം ഒന്നും തോന്നിയിട്ടില്ല എൻ്റെ വീട്ടുകാര് എന്നെ അങ്ങിനെയല്ല വളർത്തിയത്. “
“ങ്ങാ. ശരി ശരി ഇനി ഞാൻ ഓരോന്ന് ചോദിച്ച് ഇന്നത്തെ ദിവസത്തിൻ്റെ ത്രില്ല് കളയുന്നില്ല. “
“ഏട്ടന് അങ്ങിനെ ആരോടെങ്കിലും ഇഷ്ട്ടം തോന്നിയിട്ടുണ്ടോ? “
“കാണാൻ കൊള്ളാവുന്ന എല്ലാ പെമ്പിള്ളാരോടും എനിക്ക് പ്രേമം തോന്നാറുണ്ട്. ന്തേയ് . “
“ഹേയ് ഒന്നൂല്ല. കാണാൻ കൊള്ളാവുന്ന എല്ലാവരേയും പ്രേമിക്കാൻ ഇങ്ങേര് ആരാ ശ്രീകൃഷ്ണനോ ഹും. “
ഞാൻ മുഖം തിരിച്ച് ജാലകത്തിലൂടെ പുറത്തോട്ട് നോക്കി ഇരുന്നു. വഴിക്കടവ് ചെക്ക് പോസ്റ്റ് കഴിഞ്ഞ് ചുരം അങ്ങ് കയറിത്തുടങ്ങിയപ്പോഴാണ് എന്തോ എനിക്കൊരു പന്തികേട് തോന്നിയത്.
ഏട്ടാ എനിക്ക് ഛർദ്ദിക്കാൻ വരുന്നു എന്ന് പറഞ്ഞതും ഞാൻ പുറത്തേക്ക് നോക്കി വാള് വെച്ചതും ഒരുമിച്ചായിരുന്നു.
അപ്പോഴാണ് കാറിൻ്റെ ഗ്ലാസ് താഴ്ത്തിയിട്ടില്ല എന്ന ആ നഗ്ന സത്യം ഞാൻ മനസ്സിലാക്കിയത്. ഏട്ടൻ എന്നെ രൂക്ഷമായി ഒന്ന് നോക്കി. നിസ്സാഹായാവസ്ഥയിൽ ഞാനും ഒന്ന് നോക്കി
പിന്നെ ഒരു വിധത്തിൽ വണ്ടിയെല്ലാം കഴുകി വൃത്തിയാക്കി വീണ്ടും യാത്ര തുടർന്നു.
പക്ഷേ അവിടേയും എൻ്റെ സകല പ്രതീക്ഷകളും തകർന്നു. പിന്നങ്ങോട്ട് ഊട്ടി എത്തുന്ന വരെ ഓരോ സ്റ്റോപ്പിലും നിർത്തി വാളോട് വാള് വെയ്ക്കലായിരു എൻ്റെ പണി
അവസാനം ഛർദ്ദിച്ച് ഛർദ്ദിച്ച് വെറും ഒരു മഞ്ഞ വെള്ളം മാത്രമേ പുറത്തോട്ട് വരുന്നുണ്ടായിരുന്നൊള്ളു.
അവസാനം ക്ഷീണിച്ച് തളർന്ന് ഞാനൊരു ഹോട്ടലിൻ്റെ റിസപ്ക്ഷനിൽ പോയി കിടന്നു അപ്പോഴേക്കും ഏട്ടൻ റൂമെല്ലാം റെഡിയാക്കി എന്നെ ബെഡിൽ കൊണ്ടുപോയി കിടത്തി.
“ദേവൂട്ടി ഇപ്പോ എങ്ങനെയുണ്ട്. “
“എന്തോ ഏട്ടാ തല ചുറ്റുന്നത് പോലെ. “
“ആ കുറച്ച് നേരം നീ കിടന്നോ ഞാൻ പുറത്തോട്ട് ഒന്ന് പോയിട്ട് വരാം അപ്പോഴേക്കും എല്ലാം ശരിയായിക്കൊള്ളും. “
“ഉം. ശരി, ”
തിരിച്ച് റൂമിലേക്ക് കയറി വന്ന ഏട്ടൻ ഞാൻ പനിച്ച് വിറച്ച് ബെഡിൽ കിടക്കുന്നതാണ് കണ്ടത്.
“ദേവൂ എന്താ നിനക്ക് പറ്റിയെ നല്ല ചൂട് ഉണ്ടല്ലോ? വാ നമ്മുക്ക് ആശുപത്രിയിൽ പോകാം. “
“വേണ്ട ഏട്ടാ സാരല്ല ഇവിടെ നല്ല തണുപ്പല്ലേ ചിലപ്പോൾ അതിൻ്റെ ആവും.“
“ദേവൂ നീ ഇതിന് മുൻപ് ദൂരേയ്ക്ക് ഒന്നും യാത്ര പോയിട്ടില്ലേ. “
“ഒരിക്കൽ വീട്ടുകാരുടെ കൂടെ ഗുരുവായൂർ വരെ ഒന്ന് പോയി ദാ പിന്നെ ഇപ്പോഴാ ഇത്ര ദൂരെ യാത്ര ചെയ്യണത്. “
“എന്നാൽ ഇത് നിനക്ക് നേരത്തെ പറഞ്ഞൂടെ . “
“ഏട്ടൻ ഒരു പാട് നാള് കൊണ്ട് ആഗ്രഹിച്ച് പ്ലാൻ ചെയ്തതല്ലേ അതാ ഞാൻ എതിർത്ത് ഒന്നും പറയാതെ ഇരുന്നേ. “
“പിന്നെ എന്നിട്ട് ഇവിടെ വന്നിട്ട് അങ്ങ് മല മറിച്ചു ഇത്രം ദൂരം വണ്ടി ഓടിയത് മിച്ചം. ദൈവമേ ഏത് നേരത്താണാവോ ഇനി പറഞ്ഞിട്ട് എന്ത് കാര്യം വാ ഹോസ്പറ്റലിൽ പോകാം. “
അങ്ങിനെ ഊട്ടിയില് ഹണിമൂണിന് വന്ന ഞങ്ങൾ നല്ല അന്തസ്സായി അവിടെയുള്ള ഒരു ഹോസ്പറ്റലിൽ രണ്ട് ദിവസം കിടന്ന് അത് അങ്ങ് അടിച്ച് പൊളിച്ച് ആഘോഷിച്ചു.
വിവാഹം കഴിഞ്ഞുള്ള രണ്ട് പരിപാടികളും ഞാൻ കാരണം അങ്ങനെ എട്ട് നിലയിൽ പൊട്ടി
പിന്നീട് ഒരാഴ്ച കഴിഞ്ഞ് എന്നെ ഒരു തവണ ഗുരുവായൂർക്ക് കൂട്ടിക്കൊണ്ട് പോയി ഞാൻ നല്ല ഹാപ്പിയായിരുന്നു.
പക്ഷേ അന്ന് കണ്ണനെ മാത്രം കണ്ടില്ല ബാക്കിയെല്ലാം കണ്ടു നല്ല വിശദമായി തന്നെ.
എനിക്ക് പേടിയില്ലാത്ത ഒരേ ഒരു സ്ഥലം ഗുരുവായൂർ ആണെന്ന് മൂപ്പർക്ക് അറിയാവുന്നതുകൊണ്ടാവണം ആദ്യരാത്രിയും ഹണിമൂണും എല്ലാം അവിടെ വെച്ച് നടത്തിയത്
പഴയ ട്രിപ്പ് മുടങ്ങിയതിൻ്റെ മധുര പ്രതികാരം പിന്നെ ഞാൻ ബോധം കെട്ട് വീഴാതിരിക്കാനുള്ള അങ്ങേരുടെ ഒടുക്കത്തെ സൈക്കോളജിക്കൽ മൂവ്മെൻറ്
ശ്ശെടാ എന്നാലും പിന്നെ അങ്ങോട്ടുള്ള ഒറ്റ രാത്രിയും എന്നെ മര്യാദയ്ക്ക് കിടത്തി ഉറക്കിയിട്ടില്ല എന്നതാണ് മറ്റൊരു സത്യം