എഴുത്ത്: അംബിക ശിവശങ്കരൻ
=========================
സർവ്വധൈര്യവും സംഭരിച്ച് തന്റെ പ്രണയം തുറന്നു പറഞ്ഞപ്പോൾ, ജന്മം നൽകിയെന്ന പരിഗണന പോലും തരാതെ തല്ലി ചതച്ച തന്റെ പിതാവാണ് ഇന്ന് ഈ മൃതദേഹത്തിന് മുന്നിലിരുന്ന് വിങ്ങി കരയുന്നത്.
അന്ന് മൗനം പാലിച്ച അമ്മയും തന്നെ നോക്കി പൊട്ടിക്കരയുന്നുണ്ട്. എന്തിന് എന്ന ചോദ്യം തന്റെ മനസ്സിൽ മാത്രം ആയിരം ആവർത്തി ഉരുവിട്ടുകൊണ്ടിരുന്നു.
അവർ മാത്രമല്ല ഇവിടെ തടിച്ചുകൂടിയിരിക്കുന്ന സകലമാന ജനങ്ങളുടെ മുഖത്തും തന്നോടുള്ള സഹതാപമാണ്. മുപ്പതാം വയസ്സിൽ വിധവയാകേണ്ടി വന്ന ഒരു പെണ്ണിനോടുള്ള സഹതാപം.
‘വിധവയോ?’
അതെ, മുന്നിൽ ജീവനറ്റ് ശരീരവുമായി അഗ്നി തന്നെ പുണരുന്നതും കാത്ത് കിടക്കുന്നത് തന്റെ ഭർത്താവാണ്!.
വെള്ളത്തുണിയിൽ പൊതിഞ്ഞ ആ ശരീരത്തെ ഉറ്റുനോക്കി കൊണ്ട് അവൾ നിർവികാരയായി തന്നെയിരുന്നു.
ആറു വർഷങ്ങൾക്കു മുൻപ് ഇതേപോലൊരു കാഴ്ച കണ്ട് പൊട്ടിക്കരഞ്ഞതാണ്. അന്നത്തോടെ കണ്ണുനീർ മുഴുവൻ വറ്റിപ്പോയതുകൊണ്ടാവാം അവൾ കരഞ്ഞില്ല. മരവിച്ചിരിക്കും കണക്കേ വെറുതെ അങ്ങനെ നോക്കിയിരുന്നു. ആരുടെയൊക്കെയോ കരച്ചിൽ കാതിൽ മുഴങ്ങി കേൾക്കുന്നുണ്ട്. അതൊന്നും പക്ഷേ അവളുടെ കണ്ണുകളെ ഈറനണിയിച്ചില്ല.
എങ്ങനെയെങ്കിലും ഈ ചടങ്ങുകൾ കഴിഞ്ഞ് ഒരല്പനേരം തനിച്ചിരിക്കണം എന്ന് മാത്രമേ മനസ്സിൽ ഉണ്ടായിരുന്നുള്ളൂ.
കർമ്മങ്ങളെല്ലാം കഴിഞ്ഞു വന്നപ്പോൾ വൈകിയിരുന്നു.
കുളി കഴിഞ്ഞ് മുറിയിൽ എത്തി തനിച്ചിരിക്കുമ്പോൾ ചിത എരിയുന്നത് ജനൽ പാളിയിലൂടെ കാണാമായിരുന്നു. അവളത് അടച്ച് കൊളുത്തുകൾ ഇട്ടു.
തന്റെ മുറിയിലേക്ക് ആളുകൾ കയറിയിറങ്ങുന്നത് അവളെ വല്ലാതെ അലോസരപ്പെടുത്തി കൊണ്ടിരുന്നു.
ഹ്മ്മ്…താനിപ്പോൾ ഭർത്താവ് മരണപ്പെട്ട ഒരു സ്ത്രീ ആണല്ലോ..
‘വിധവ’
ഇനി ഈ വിധവയായിരിക്കും കുറച്ചുനാളത്തേക്ക് ആളുകളുടെ സംസാരവിഷയം. സഹതാപ വാക്കുകൾ കൊണ്ട് ആളുകൾ തന്നെ പൊതിഞ്ഞു പിടിക്കും. ഇത്ര ചെറുപ്പത്തിലും അവൾക്കിത് വന്നല്ലോ എന്ന് ഖേദം രേഖപ്പെടുത്തും.
അടുത്തൊരു വിധവ ജനിക്കുന്നത് വരെയും മുഴുവൻ കണ്ണുകളും ഇനി തന്റെ മേൽ പതിക്കും.
ഹാ…. വിധി…
അവൾ ദീർഘനിശ്വാസം എടുത്തു.
രാത്രി ഉറങ്ങാൻ കിടന്നെങ്കിലും ഉറക്കം വന്നില്ല. വെറുതെ തിരിഞ്ഞും മറിഞ്ഞും കിടന്നു.
ഇന്നലെ വരെ കൂടെയുണ്ടായിരുന്ന ആ ഒരാൾ ഇനിയില്ലെന്ന് തിരിച്ചറിവാണോ?
അറിയില്ല.
“അതിന് താൻ അയാളെ സ്നേഹിച്ചിരുന്നുവോ?”
“അല്ലെങ്കിൽ അയാൾ തന്നെ സ്നേഹിച്ചിരുന്നുവോ?”
ഇല്ല….
പിന്നെങ്ങനെ അയാളുടെ ശൂന്യത തന്നെ വീർപ്പുമുട്ടിക്കും?
ഇത് അതല്ല. മറ്റെന്തോ കാരണമാകാം തന്റെ ഉറക്കത്തെ തച്ചുടയ്ക്കുന്നത്. ഒന്നെങ്കിൽ മരണവീട്ടിൽ ഇനിയും ഉറങ്ങിയിട്ടില്ലാത്ത ആളുകളുടെ പിറുപിറുക്കലുകൾ കേട്ടാകാം. അല്ലെങ്കിൽ പച്ചമാം-സം കത്തിയെരിയുന്ന മണം മൂക്കിലേക്ക് തുളച്ചു കയറുന്നത് കൊണ്ടാകാം. അതുമല്ലെങ്കിൽ പിന്നെ മറ്റെന്തെങ്കിലും ആകാം…
അവൾ കണ്ണുകൾ വലിച്ചടച്ചു. ഇരുട്ടിൽ പലതരം നിറങ്ങൾ മാറിമാറി പ്രകാശം ചൊരിഞ്ഞുകൊണ്ടിരുന്നു. ചിന്തകൾക്കൊടുവിൽ അവൾ എപ്പോഴോ മയങ്ങിപ്പോയി.
ദിവസങ്ങൾ എത്ര വേഗമാണ് കടന്നുപോയത്. വീടിനുള്ളിൽ പുറംലോകം കാണാതെ ദിവസങ്ങൾ ഇരുന്നപ്പോഴും ക്ലോക്കിലെ സൂചികൾക്ക് വേഗതയേറിയതുപോലെ തോന്നി. ചിലപ്പോൾ അവ തന്റെ മനസ്സറിഞ്ഞ് സഞ്ചാരത്തിന്റെ വേഗത കൂട്ടിയതാകാം.
അതിനിടയ്ക്ക് ഒരുപാട് സന്ദർശകർ വന്നുപോയി.
കുടുംബക്കാർ, സുഹൃത്തുക്കൾ, അയൽവാസികൾ. എല്ലാവരും അവളെ ആശ്വസിപ്പിക്കാൻ വളരെ പ്രയാസപ്പെട്ടിരുന്നു.
എങ്കിലും ഒടുക്കം എല്ലാവരും ഒരൊറ്റ വാക്കിൽ തറച്ചു നിന്നു.
‘വിധി.’
അമ്മയും അച്ഛനും ഈ ദിവസങ്ങളിൽ അത്രയും അവൾക്ക് കൂട്ടായി ഉണ്ടായിരുന്നു. മകളോട് സംസാരിക്കുമ്പോഴൊക്കെയും അമ്മയുടെയും മിഴികൾ നിറഞ്ഞിരുന്നു.
അച്ഛൻ അത് പ്രകടമാക്കാതെ ഭംഗിയായി മറച്ചുവയ്ക്കുന്നുണ്ടെന്ന് അവൾക്ക് മനസ്സിലായി.
രണ്ടുപേരുടെയും മുഖത്ത് എന്തെന്നില്ലാത്ത ഒരു കുറ്റബോധം നിഴലിക്കുന്നുവോ?
“മോളെ വിഷമിക്കരുത് എല്ലാം വിധിയാണെന്ന് കരുതി സമാധാനിക്കണം. വിധിയെ തടുക്കാൻ നമുക്ക് ആർക്കും കഴിയില്ലല്ലോ മോളേ…”
അമ്മ സാരി തലപ്പിനാല് കണ്ണ് തുടച്ചു കൊണ്ട് അത് പറയുമ്പോൾ അച്ഛൻ അരികിൽ മൗനമായി നിന്നു.
‘ വിധി.’
ആ വാക്ക് വീണ്ടും വീണ്ടും കേൾക്കുമ്പോൾ അവൾക്ക് ചിരിയാണ് വന്നത്.
സ്വന്തം മകളുടെ ജീവിതം ദുരിത കയത്തിലേക്ക് വലിച്ചെറിഞ്ഞു കൊടുത്തിട്ട് എത്ര ഭംഗിയായി ആണ് ഇവർ വിധിയുടെ മേൽ പഴിചാരുന്നത്. സത്യത്തിൽ തന്റെ ജീവിതത്തിന് ഇങ്ങനെയൊരു അധ്യായം നൽകിയത് തന്റെ ഈ മാതാപിതാക്കൾ തന്നെയല്ലേ?
മുന്നിൽ നിന്ന് കരയുന്ന തന്റെ മാതാപിതാക്കളെ കണ്ട് അവൾക്ക് പുച്ഛം തോന്നി.
ഇതിനേക്കാൾ നൂറ് ഇരട്ടി വേദനയോടെ താൻ ഇവരുടെ മുന്നിൽ നിന്ന് ചങ്കുപൊട്ടി കരഞ്ഞിട്ടുണ്ട്, കേണപേക്ഷിച്ചിട്ടുണ്ട്. അന്നിവർ ആ കണ്ണുനീർ കണ്ടിരുന്നെങ്കിൽ ഒരുപക്ഷേ ഒരിക്കലും തനിക്ക് ഈ ഗതി വരില്ലായിരുന്നു.
സ്വന്തം ജാതിയല്ല എന്നതായിരുന്നു തന്റെ പ്രണയത്തെ തല്ലി തകർക്കുന്നതിന് അവർ കണ്ടെത്തിയ കാരണം. അന്ന് തന്റെ കണ്ണുനീർകണ്ട് മനസ്സലിയാത്തവർ എന്തിനാണ് ഇന്ന് തന്റെ ഈ അവസ്ഥ കണ്ട് ദുഖിക്കുന്നത്?
അത്രയേറെ സ്നേഹിച്ച രണ്ട് മനസ്സുകൾ തമ്മിൽ വേർപിരിച്ച കഠിന ഹൃദയമുള്ള ഇവരെന്തിനാണ് ഇപ്പോൾ കണ്ണുനീർ വാർക്കുന്നത്?
ഒന്നും മനസ്സിലാകുന്നില്ല.
മനംനൊന്ത് ആ ചെറുപ്പക്കാരൻ സ്വന്തം ജീവൻ വെടിഞ്ഞ് മൃതശരീരമായി കിടക്കുന്നത് കണ്ടിട്ട് പോലും വേദന തോന്നാത്ത ഇവരെന്തിനാണ് ഇന്ന് അയാളുടെ മൃതദേഹത്തിന് മുന്നിൽ നിന്ന് പൊട്ടിക്കരഞ്ഞത്?
“എന്താ മോളെ നീ എന്താ ഞങ്ങളോട് ഒന്നും മിണ്ടാത്തത്. ഒന്ന് കരയുക പോലും ചെയ്യാതെ നീ ഈ ഇരുപ്പ് ഇരിക്കാന്‍ തുടങ്ങിയിട്ട് ദിവസങ്ങൾ എത്രയായി? നിന്നെ ഇങ്ങനെ കാണുമ്പോൾ ഞങ്ങൾക്ക് പേടിയാകുന്നു മോളെ…നീ ഒന്ന് പൊട്ടിക്കരയുകയെങ്കിലും ചെയ്യെടീ..”
അമ്മ പൊട്ടി കരഞ്ഞതും അവൾ അവരെ നോക്കി.
“പേടിക്കേണ്ട എന്റെ മാനസിക നില തെറ്റിയിട്ട് ഒന്നുമില്ല. നിങ്ങൾ എനിക്കായി തിരഞ്ഞെടുത്ത ജീവിതമല്ലേ ഇത്. ഞാനിപ്പോൾ സന്തോഷവതിയാണ്. അമ്മയും അച്ഛനും പൊയ്ക്കോളു എനിക്ക് കുറച്ചുനേരം തനിച്ചിരിക്കണം.”
തന്റെ നിർബന്ധപ്രകാരം അവരെ പറഞ്ഞയച്ചപ്പോഴും എന്തൊക്കെയോ ചിന്തിച്ചുകൊണ്ട് അവൾ ഇരുന്നു.
“കരയാനോ?
താൻ എന്തിനു കരയണം?
ആർക്കുവേണ്ടി കരയണം?”
അവൾ ആരോടെന്നില്ലാതെ പിറുപിറുത്തു
ഇഷ്ടമില്ലാതിരുന്ന വിവാഹമായിരുന്നെങ്കിൽ കൂടിയും നല്ലൊരു ഭാര്യയാകാൻ താൻ ശ്രമിച്ചിരുന്നു. എല്ലാം മനപ്പൂർവ്വം മറക്കാൻ ശ്രമിച്ചിരുന്നു. മറ്റൊരാളുടെ ജീവിതം കൂടി തകർക്കരുതെന്ന ചിന്തയായിരുന്നു മനസ്സിൽ.
തകർന്നടിഞ്ഞ തന്റെ മനസ്സിനെ പിടിച്ചുനിർത്താൻ ഒരു ചേർത്തുപിടിക്കൽ മാത്രം മതിയായിരുന്നു, അല്ലെങ്കിൽ ഒരു ആശ്വാസവാക്ക് മാത്രം മതിയായിരുന്നു, ഒരു ഭർത്താവ് എന്ന നിലയിൽ തനിക്ക് അയാളെ അംഗീകരിക്കാൻ കഴിയുമായിരുന്നു.
പക്ഷേ അഞ്ചു വർഷത്തെ ദാമ്പത്യത്തിനിടയിൽ കിടപ്പറയിൽ സ്വന്തം ആവശ്യം കഴിഞ്ഞു മാറി കിടക്കുന്ന ഒരു പുരുഷൻ മാത്രമായിരുന്നു അയാൾ. ഭർത്താവ് എന്ന സങ്കല്പം തന്റെ ഉള്ളിൽ അതുമാത്രമായി ഒതുങ്ങി.
ഈ അഞ്ചുവർഷക്കാലവും താൻ അനുഭവിച്ച ഒരു വീർപ്പുമുട്ടൽ ഉണ്ട്. അയാളുടെ കൈകളിൽ കിടന്ന് അമരുമ്പോൾ സഹിച്ചൊരു നീറ്റൽ ഉണ്ട്. ആഗ്രഹപൂർത്തീകരണത്തിന് ശേഷം അയാൾ കിടന്ന് സുഖമായി ഉറങ്ങുമ്പോൾ തോന്നിയ ഒരു ഒറ്റപ്പെടൽ ഉണ്ട്. ഇനി അതില്ല.
ഇന്ന് താനൊരു വിധവയാണ്. ഭർത്താവ് മരണപ്പെട്ട സ്ത്രീകളെ പൊതുവേ സമൂഹം അങ്ങനെയാണല്ലോ അഭിസംബോധന ചെയ്യാറ്.
അച്ഛനും അമ്മയും വിഷമിക്കുന്നതിന്റെ കാരണം തനിക്ക് മനസ്സിലാക്കാൻ കഴിയും. സ്വന്തം മകൾ വിധവ എന്ന പദം അലങ്കരിക്കുന്നത് ഏതൊരു അച്ഛനും അമ്മയ്ക്കും ആണ് കണ്ടുനിൽക്കാനാവുക? പക്ഷേ ഈ വേഷമാണ് താൻ ഇപ്പോൾ ഏറെ ഇഷ്ടപ്പെടുന്നതെന്ന് അവർക്കറിയില്ലല്ലോ…
താലികെട്ടിയ പുരുഷൻ കൂടെയുള്ളപ്പോൾ തോന്നിയതിനേക്കാൾ നൂറ് ഇരട്ടി ആനന്ദം താൻ ഇപ്പോൾ അനുഭവിക്കുന്നുണ്ട്.
തന്റെ മനസ്സ് വായിച്ചെടുക്കാൻ കഴിയുമെങ്കിൽ ഒരുപക്ഷേ ഇപ്പോൾ വിലപിക്കുന്ന അച്ഛനും അമ്മയും വരെ തന്നെ വെറുത്തേനെ…
സ്വന്തം ഭർത്താവിന്റെ മരണത്തിൽ ദുഃഖം തോന്നാത്ത ഭാര്യയെ എല്ലാവരും ഒറ്റപ്പെടുത്തിയേനെ. പക്ഷേ അപ്പോഴും താൻ അനുഭവിച്ച വേദനയും ഒറ്റപ്പെടലും വീർപ്പുമുട്ടലും എല്ലാം മറ്റാരും അറിയുന്നില്ലല്ലോ…
അത് തനിക്ക് മാത്രമല്ലേ അറിയുകയുള്ളൂ…
ഇല്ല അത് മറ്റാർക്കും മനസ്സിലാക്കാൻ കഴിയില്ല.
ഭാര്യ എന്ന വേഷത്തേക്കാൾ തനിക്ക് ചേരുന്നത് ഈ വേഷം തന്നെയാണ്. ഒരിക്കൽ പോലും ഇതോർത്ത് തനിക്ക് ദുഃഖം തോന്നിയിട്ടില്ല എന്നതാണ് സത്യം. ഒരിക്കൽ പോലും ഇതോർത്ത് കരയണമെന്നും തോന്നിയിട്ടില്ല.
കാരണം ഈ വർഷക്കാലത്തിനിടയ്ക്ക് താനയാളുടെ ദാസിയായിരുന്നു അയാൾ തന്റെ യജമാനനും.
യജമാനന്റെ ആജ്ഞകൾക്ക് അനുസരിച്ച് പ്രവർത്തിക്കുക എന്നതിനപ്പുറത്തേക്ക്, സ്വന്തം ഇഷ്ടങ്ങളോ ആഗ്രഹങ്ങളോ തനിക് ഉണ്ടായിരുന്നില്ല.
ഈ മരണത്തിൽ ഒരല്പം പോലും തനിക്ക് ദുഃഖം തോന്നാത്തതും അതാകാം.
ഒന്നുറക്കെ ചിരിക്കാൻ ഉള്ള കൊതി കൊണ്ടാകാം…അതുമല്ലെങ്കിൽ സ്വന്തം ആഗ്രഹങ്ങൾക്കൊപ്പം ജീവിക്കാനുള്ള മോഹം കൊണ്ടാകാം…അതുമല്ലെങ്കിൽ സ്വസ്ഥമായി ഒന്ന് ശ്വസിക്കാൻ ഉള്ള തീവ്രമായ ആഗ്രഹം കൊണ്ടാകാം…
ജീവിതം ബന്ധനങ്ങളിൽ നിന്ന് മുക്തമാകുമ്പോൾ പിന്നെ താൻ എന്തിന് കരയണം?
അവൾ മനസ്സുകൊണ്ട് പുഞ്ചിരിച്ചു…