ഒരു സായാഹ്നത്തിൽ….
എഴുത്തുകാരി: അനു സാദ്
**************************
“ശ്ശെടാ..എന്താ ഇത്ര ലേറ്റ്?? 3 മണിക്കുള്ള ട്രെയിൻ 4.30 ആയിട്ടും കാണുന്നില്ലല്ലോ?? ഇപ്പോ അന്നൗൺസ്‌മെന്റും നിന്നു തോന്നുന്നു. ഇനി എപ്പോ വീടെത്താനാ?? ഇന്നലെ വൈകീട്ട് പോന്നതാ അവിടന്ന്., ഒരു ജോബ് ഇന്റർവ്യൂ ന് ഇവിടെ ബാംഗ്ലൂര്. ഇന്ന് ഇന്റർവ്യൂ മ് കഴിഞ്ഞ് വൈകീട്ട് തന്നെ തിരിക്കാനുള്ള പ്ലാൻ ൽ..
ഒത്തിരി വൈകാഞ്ഞ മതിയായിരുന്നു. മോൾ അവിടെ എന്താക്കിയോ എന്തോ?? കുഴപ്പൊന്നും ഉണ്ടാവില്ലായിരിക്കും അവൾക് ഉമ്മാനെ മതിയല്ലോ..ഇക്ക ജോബ് ന്റെ തിരക്കായിട്ട് എറണാകുളം വരെ പോയതാ. ഇല്ലെങ്കിൽ ഉറപ്പായിട്ടും എന്റെ കൂടെ വന്നേനെ..
പിന്നെ ആൾടെ ഇഷ്ടവും അതാണ്, ഒക്കെ തനിയെ ചെയ്ത്, തനിയെ പോയി പഠിക്കണമെന്ന്… ആട്ടെ, അങ്ങനെയാവട്ടെ… ഞാൻ എത്തുമ്പഴേക്കും തിരിച്ചെത്താമെന്ന് പറഞ്ഞതാ, എത്തിയോ ആവോ? ഫോൺ ലെ ചാർജ് ഒക്കെ ഒരുമാതിരി തീരാറായി, നല്ല ട്ടയേർഡ് മ് ആണ്.. കുഴയുന്നപോലെ…
ഇന്നലെ തൊട്ട് ഫുഡ് ഒന്നും റെഡി അല്ല, നല്ല തലവേദന മ്.. ഇനി വീടെത്തി. ഇക്കാടെ കൈതണ്ടയിൽ ഒന്ന് പറ്റിച്ചേർന്ന് ഉറങ്ങിയാലെ എല്ലാം റെഡിയാവൂ…”
ഓരോന്ന് ചിന്തിച്ച് വട്ടായിരിക്കുമ്പോഴാണ് എന്റെ തൊട്ടടുത്ത് വന്നിരുന്ന ആളിലേക്ക് കണ്ണൊന്നു പാഞ്ഞത്..
തരിച്ചു പോയി ഞാൻ…നെഞ്ചിലൊരു മിന്നലാളി പോയി,.തലക്ക് ചുറ്റും ഒരു ചൂളം വിളിച്ച പോലെ….
അവനും എന്നേ കണ്ടപ്പോ അതേ അവസ്ഥയിലായെന്ന് തോന്നുന്നു. പരസ്പരം നോക്കി കൊണ്ട് ഞങ്ങളങ്ങനെ തറഞ്ഞു നിന്നു…മനസ്സിൽ എന്തെല്ലാമോ മാറിമറിയുന്നു…
എവിടെയോ കാലഹരണപ്പെട്ട ഓർമ്മകൾ ഉള്ളിൽ പടിപടിയായി സ്ഥാനം പിടിക്കുന്നു…തൊണ്ടയിൽ വാക്കുകൾ നുരയുന്നുണ്ടെങ്കിലും ചുണ്ടിലാരോ അതിര് തീർത്തിരിക്കുന്നു..ഒന്നും മിണ്ടാനാവാതെ ഞാൻ വെമ്പൽ കൊണ്ടു”
”വിധിയാലെ ഏകപ്പെട്ട ഇക്കാടെ മഹറ് എന്റെ കഴുത്തിൽ പിണയുന്ന നിമിഷത്തിന് തൊട്ട് മുന്നെ വരെ ഞാനെന്റെ ഉയിര് പാകി ജീവനായി കണ്ട് സ്നേഹിച്ചവനാണ്…ഇന്നെന്റെ തൊട്ടരികിൽ…എത്രയോ വർഷങ്ങൾക്കപ്പുറം”
ഹൃദയം വല്ലാതെ മിടിക്കുന്നുണ്ട്… വിങ്ങുന്നുണ്ട്..കണ്ണീര് ഉള്ളാഴി കടന്ന് മിഴിയോരത്ത് പെയ്യാനായി തിടുക്കം കൂട്ടുന്നു…അകം തിങ്ങുന്നുണ്ട്..ഒരു മൂളൽ കാതിലടിക്കുന്നു…ബോധം മറയും പോലെ…വീണു പോവാണെന്നു തോന്നുന്നു!!
കണ്ണ് തുറന്നതും ഞാൻ എവിടെയോ കിടക്കുവാണ്..അതൊരു ഹോസ്പിറ്റൽ ആണെന്ന് പെട്ടെന്ന് തന്നെ മനസ്സിലായി..തൊട്ടടുത്ത് അവൻ ഇരിക്കുന്നുണ്ട്..
കുഞ്ഞു അമ്പരപ്പോടെ ഞാൻ ചോദിച്ചു “നീയെന്താ ഇവിടെ??? എന്റെയടുത്ത്….
“അത് ശരി. എന്തെങ്കിലും ഒന്ന് ചോദിക്കുന്നേനും പറയുന്നേനും മുന്നേ നീ വീണുപോയില്ലേ എന്റെ കയ്യിലേക്ക്…ഞാനാ ഇങ്ങോട്ട് കൊണ്ടുവന്നത്.. ഇവിടെ വരുമ്പോ ബിപി വളരേ ലോ ആയിരുന്നു…ഇപ്പോ രണ്ട് ഇൻജെക്ഷൻ എടുത്തു..രണ്ട് കുപ്പി ഡ്രിപ്പ് മ് കേറ്റി..തന്റെ ഫോൺ കുറേ റിങ് ഇട്ടിരുന്നു..ബട്ട് ഞാൻ എടുത്തില്ല.
അപ്പൊ ഞാൻ ഇവിടെ വന്നിട്ട് നേരം ഒരുപാട് വൈകിയിരിക്കുന്നോ??.
“മ്മ്…” ഇങ്ങനെ ഉണ്ടാവാറുണ്ടോ??
“മ്മ്…”
“എന്നിട്ടാണോ ഇത്രയും ദൂരം ഒകെ തനിച്ചു വരുന്നത്..?! നീയിവിടെ എന്തിനു വന്നതാ??
“ഒരു ഇന്റർവ്യൂ ഉണ്ടായിരുന്നു.. ഒറ്റ ദിവസത്തെ കാര്യം ആയോണ്ടാ തനിച്ച് വന്നത്….”
“മ്മ്..ഞാൻ നാട്ടിൽ പോവാൻ ഇറങ്ങിയതാ…ഇന്നിനി ഒന്നും നടക്കുംന്ന് തോന്നുന്നില്ല..
“അതെന്താ…??”
”നമ്മുടെ നാട്ടിലെ ഒരു പേര് കേട്ട പാർട്ടി ലെ നേതാവ് കൊ-ല്ലപ്പെട്ടിട്ടുണ്ട്.. സൊ മിന്നൽ ഹർത്താലാ..ബസ് മ് ട്രെയിനും വണ്ടികളും ഒകെ വഴിയിൽ പിടിച്ചിടാണെന്ന കേട്ടത്..അതറിയാതെ ഞാനും ഇറങ്ങി.. അതൊരു നിമിത്തായത് പോലെ… ഇനി പോക്കൊക്കെ നാളെ നോക്കിയ മതി.!”
“അയ്യോ..!! അപ്പൊ ഞാൻ… ഇന്ന് പോവാൻ പറ്റിയില്ലെങ്കിൽ ഞാൻ എന്ത് ചെയ്യും????
”എവിടെ എങ്കിലും തങ്ങേണ്ടി വരും.. “
“തങ്ങാനോ??!!,, ഇവിടെ എവിടെയും ഒരാളെയും എനിക്ക് പരിചയല്ല്യ..!! ഒറ്റക്ക് ഞാൻ എവിടെ പോവും??
“നോക്കാം നമുക്ക്… പേടിക്കാതെ.. അറിയുന്ന ഞാനെങ്കിലും ഉണ്ടല്ലോ ഇപ്പൊ.. അത് പോരേ…
എനിക്കൊരു മറുപടിയും ഉണ്ടായിരുന്നില്ല..
“എനിക്ക് റൂം ലേക്ക് തിരിച്ചു പോവാം. ബട്ട് അവിടെ ഫ്രണ്ട്സ് ഉണ്ട്. തനിക്ക് അങ്ങോട്ട് വരാൻ പറ്റില്ല. പിന്നെ അറിയാത്തൊരിടത്തു തന്നെ തനിച്ചാക്കി ഞാൻ പോവില്ല..സൊ എവിടെങ്കിലും സേഫ് ആയ ഒരിടം ഉണ്ടോ നോക്കാം..
അവനോടൊപ്പം പോവാൻ എനിക്ക് ധൈര്യമായിരുന്നു.. പണ്ടും അങ്ങനെ തന്നെ.. എന്നെക്കാൾ വിശ്വാസം എനിക്കവനെയായിരുന്നു!! എങ്കിലും ഇപ്പൊ ഒരു ഭയം.. കാരണം ഇന്ന് ഞാനും അവനും.. രണ്ട് അർത്ഥങ്ങളാണ്… കുറെ ചോദ്യങ്ങൾക്ക് എനിക്ക് ഉത്തരമുണ്ടായിരുന്നില്ല…!
ഒരുപാട് നേരമെടുത്താണ് ഹോസ്പിറ്റലിൽ നിന്ന് ഇറങ്ങിയത്..ഇക്കാനെ വിളിച്ച് ജസ്റ്റ് സേഫ് ആണെന്ന് മാത്രം പറഞ്ഞു..
ഒത്തിരി സങ്കടം തോന്നി…ഇന്ന് വരെയും ഒന്നും മറച്ചു വെച്ചിട്ടില്ല ഇക്കാനോട്..നിഷാൻ ന്റെ കാര്യം പോലും..തമ്മിലത്ര സ്നേഹിച്ചിട്ടും വിധിയുടെ വായ്പ്പിൽ കണ്ടുമുട്ടാതെ പോയവരാണ് ഞങ്ങൾ..!!
“അവന് വേണ്ടി പിറക്കാത്ത അവളെയും അവൾക്ക് വേണ്ടി പിറക്കാത്ത അവനെയും അവർ ഒത്തിരി സ്നേഹിക്കും കൊതി തീരാതെ..പക്ഷെ കാലത്തിന്റെ കണക്കു പുസ്തകത്തിൽ കൂടിചേരുന്നത് മറ്റു ചിലരായിരിക്കും”” എന്ന് പണ്ടാരോ പറഞ്ഞത് പോലെ…അവനെ നഷ്ടപ്പെട്ടപ്പോൾ എനിക്കെന്നെ തന്നെ നഷ്ടമായിരുന്നു…..
ഇക്കാ എന്നെ ചേർത്തുപിടിക്കുമ്പോൾ ഞാൻ മറ്റേതുമില്ലാത്ത ശരീരം മാത്രമായിരുന്നു!! ആ എനിക്ക് ജീവൻ വെച്ചു തുടങ്ങിയത് ഇക്കാടെ സ്നേഹം എന്നിൽ അലിഞ്ഞു ചേർന്നപ്പോഴാണ്…ആ സ്നേഹത്തിനു മുന്നിൽ എന്നന്നേക്കുമായി അടിമപ്പെട്ടവളാണ് ഞാൻ…എന്നിട്ട് ആദ്യമായിട്ടാണിങ്ങനെ….
എന്ത് വന്നാലും നാളെ ഇക്കാനോട് എല്ലാം നേരിട്ട് പറയാൻ അവൾ തീരുമാനിച്ചുറപ്പിച്ചു..
തിരക്കൊഴിഞ്ഞ ആ റോഡിലൂടെ അവന്റെ കൂടെ നടക്കുമ്പോൾ മൗനം ഞങ്ങൾക്കിടയിൽ കൂടെ കൂടിയിരുന്നു..മുമ്പൊത്തിരി സംസാരിച്ച് കൂട്ടിയതോണ്ടാകും ഇപ്പോഴൊന്നും പറയാനാകാത്തത്
” ഈ എംജി റോഡിലൂടെ ഒരുപാട് രാത്രികൾ എന്റെ കൂടെ നടക്കാൻ അവൻ ആഗ്രഹിക്കുന്നുണ്ടെന്ന് മുമ്പ് പലവട്ടം പറഞ്ഞിരുന്നു…ഇങ്ങനെയാണോ?? ഇത്രയും വർഷങ്ങൾ എടുത്താണോ പടച്ചോനെ നീ അത് നിറവേറ്റിയത്??
ഇന്ന് അവൻ ഓർക്കുന്നുണ്ടോ പോലും അറിയില്ല..!! അവൻ എന്തോ ചിന്തയിലാണല്ലോ??… “”
”എന്താ ആലോചിക്കുന്നെ??” പണ്ടെങ്ങോ കണ്ടു മറന്ന ഒരു സ്വപ്നമുണ്ടായിരുന്നു…അതൊന്ന് ആലോചിച്ചതാ,,,”
മിഴിയിൽ ഒരു നീര് പൊടിഞ്ഞു..അത് അവനെ കാണിക്കാതെ എന്നിലൊതുക്കാൻ ആ ഇരുൾ എനിക്ക് ധാരാളമായിരുന്നു…
പതിയെ ഞങ്ങളെന്തൊക്കെയോ സംസാരിച്ചു തുടങ്ങി..അവനിപ്പഴും ഒരു മാറ്റവും വന്നിട്ടില്ലാ…കാലങ്ങൾ മാറ്റിയെടുത്തത് ഞങ്ങളുടെ രൂപങ്ങളും ഭാവങ്ങളും ആണ്…
ഞാനിപ്പോ ഏത് ലോകത്താണെന്ന് പോലും എനിക്ക് തിരിച്ചറിയുന്നില്ല..സ്വപ്നത്തിൽ പോലും ചിന്തിക്കാത്ത കാര്യങ്ങളാണ് ചുറ്റിലും…എന്നും അതങ്ങനെയാണല്ലോ…
ആഗ്രഹങ്ങൾക്കും പ്രതീക്ഷകൾക്കും അപ്പുറം ഒരു ലോകം ഉണ്ടെങ്കിൽ അതാണെന്റെ ജീവിതം..ഞങ്ങൾ തമ്മിൽ കുറച്ച് വർഷത്തെ പ്രണയമേ ഉണ്ടായിരുന്നുള്ളൂ..പക്ഷെ അത് ഒരു ഒന്നൊന്നര ജീവിതമായിരുന്നു..
“”അവൻ എന്നിലും ഞാൻ അവനിലും തുളഞ്ഞു കയറിയ പ്രണയം…പഠിച്ചോണ്ടിരിക്കുമ്പോൾ തുടങ്ങിയ ഗംഭീര വഴക്ക്. പരസ്പരം അടുക്കാൻ കാരണങ്ങളൊന്നുമില്ലാത്ത ആ വഴക്കിനെ ഞങ്ങൾ കരുവാക്കി..
മെല്ലെ ആ വഴക്കിൽ നിന്ന് പ്രണയം വഴുതിവീണു..തമ്മിൽ ഉള്ളറിഞ്ഞിട്ടും ഞങ്ങൾ തുറന്നു പറഞ്ഞില്ല.. ഒടുവിൽ ഒരു കളിയിലൂടെ അവൻ ഇഷ്ടം അറിയിച്ചപ്പോഴും എന്റെ ഈഗോ അത് സമ്മതിക്കാതെ പിന്തിരിഞ്ഞു നിന്നു.. ഒരുപക്ഷെ എന്നെക്കാൾ കൂടുതൽ അവൻ അത് അറിഞ്ഞിട്ടുണ്ടാകും..”
“ഒളിഞ്ഞും തെളിഞ്ഞും മറഞ്ഞും എന്നെ നോക്കിയുള്ള അവന്റെ ഇരിപ്പ് ഞാൻ കണ്ടിട്ടും കാണാതെ ഇരുന്നു.. ആ നടിപ്പ് എനിക്കൊത്തിരി പ്രിയമായിരുന്നു. അവൻ അടുത്ത് വരുമ്പോൾ ഒഴിഞ്ഞു മാറുന്നതും..
മറ്റുള്ളവരോട് കൂടുതൽ അടുപ്പം കാണിക്കുന്നതും അവനെ വാശി കേറ്റുന്നതും ചൂട് പിടിപ്പിക്കുന്നതും എനിക്ക് പതിവായിരുന്നു…സ്നേഹത്തിന്റെ മധു എന്നിലും അവനിലും നിറഞ്ഞു തൂവിയ നിമിഷങ്ങൾ.. ഒരിക്കലും അന്യമാവല്ലേയെന്ന് മോഹിച്ച നാളുകൾ..വാക്കുകൾക്ക് മീതെ കണ്ണുകളിലും നോക്കിലും ചിരിയിലും കുഞ്ഞു കുറുമ്പുകളിലും എരിപിരി കൊണ്ട പ്രണയം..
“അവന്റെ മിടിപ്പിൽ ആവാഹിച്ചിരുത്തിയിരുന്നു … എന്റെ ഹൃദയത്തെ..തെന്നിനീങ്ങാൻ അനുവദിക്കാതെ…””
പക്ഷെ യഥാർത്ഥ ജീവിതത്തിലേക്ക് കടക്കാൻ ഒരുങ്ങിയപ്പോൾ തുരു തുരയായി പ്രശ്നങ്ങൾ വന്നുതുടങ്ങി.. പെണ്ണിന്റെയും ചെക്കന്റെയും പ്രായവും പഠിപ്പും അവന്റെ ജോലിയും ഞങ്ങളുടെ വീട്ടുകാരുടെ പ്രാരാബ്ദങ്ങളും കുടുംബക്കാരുടേം നാട്ടുകാരുടേം കുറ്റപ്പെടുത്തലും മുള്ള് കൊണ്ട വാക്കുകളും ഒക്കെയായപ്പോൾ എല്ലാം ഉള്ളിലൊതുക്കി ഞങ്ങൾ പിരിയാനൊരുങ്ങി.. ഒത്തിരി വേദനയോടെ…..
”മരിക്കുവോളം ഒരുമിച്ച് എന്ന വാക്കിൽ വരച്ചിട്ടതെല്ലാം…മറന്നേക്കണം എന്ന മറുവാക്കിൽ മായ്ച്ചുകളഞ്ഞവരാണ് ഞങ്ങൾ… “”
പഴയ ഓർമ്മകളിൽ കാട് കേറിയിരുന്നു ഞാൻ..അവൻ തട്ടിവിളിച്ചപ്പോഴാണ് ബോധം വന്നത്. കുറേ അന്വേഷിച്ചു ഒരു റൂം കിട്ടി. ഡബിൾ റൂം കിട്ടിയില്ല.
എനിക്ക് കുഴപ്പമില്ലെങ്കിൽ സിംഗിൾ എടുകാം അല്ലങ്കിൽ വേറെ നോകാം എന്ന് അവൻ പറഞ്ഞപ്പോൾ സിംഗിൾ മതി എന്ന് ഞാൻ സമ്മതിച്ചു. ഇനിയും അലയാൻ എനിക്ക് വയ്യായിരുന്നു.. ശരീരത്തേകാളുപരി എന്റെ മനസ്സ് നന്നേ ക്ഷീണിച്ചിരുന്നു..
റൂമിലെത്തി ഫ്രഷായി.. ഉറക്കം വരാതെ കിടന്നു.. ഇന്ന് ഞാൻ ഉറങ്ങില്ലെന്ന് എനിക്കുറപ്പായിരുന്നു.. കാരണം എന്തൊക്കെയോ സങ്കടങ്ങൾ മനസ്സിന് കൂട്ടുണ്ടായിരുന്നു!! വെറുതെ ജനാലയിലൂടെ പുറത്തേയ്ക്ക് നോക്കിനിന്നു… ഒരിക്കലും പ്രതീക്ഷിക്കാത്തൊരു രാത്രി..
ഇങ്ങനെ എത്രയോ രാത്രികൾ ഉറങ്ങാതെ ഞാൻ കണ്ണീരിനെ കടിച്ചമർത്തിയിട്ടുണ്ട്….ഇതുപോലെ ഓരോരുത്തരുടേം ജീവിതത്തിൽ കാലങ്ങൾക്കിപ്പുറവും എന്തെല്ലാം എഴുതിവെച്ചിട്ടുണ്ടെന്ന് ആർക്കറിയാം ഞാൻ ഉറങ്ങാത്തത് കൊണ്ടാവും ക്ഷീണമുണ്ടെങ്കിലും അവനും മിഴി പൂട്ടാതിരുന്നത്..
രണ്ടാളും വിശേഷങ്ങളൊക്കെ പങ്കുവെച്ചു. ഭാവിയും ഭൂതവും വർത്തമാനവുമൊക്കെ പറഞ്ഞ് അങ്ങനെ ഇരുന്നു… ഞങ്ങളുടെ സ്കൂളും കോളേജ് മ് പ്രണയവും ഒകെ വന്നുചേർന്നു…
” അവനെന്റെ നിഴലായി കൂടെകൂടിയത്.. കിട്ടുന്ന ഇടവേളകളെല്ലാം സ്വർഗത്തുല്യമാക്കിയത്.. ഞങ്ങളുടെ ഓരോ പിണക്കവും കൂടുതൽ അടുക്കാൻ വഴിയൊരുക്കിയത്.. ഇഷ്ടങ്ങൾ കൈമാറിയത്.. അറിയാതെ തമ്മിൽ കൂട്ടിമുട്ടുമ്പോൾ ഒരു കള്ളച്ചിരി ഒളിപ്പിക്കുന്നത്..
എന്റെ കഴുത്തിൽ പതിഞ്ഞു കിടന്നിരുന്ന നൂല് മാല യായിരുന്നെങ്കിലെന്ന് പലപ്പോഴും പറഞ്ഞത്.. ആ മാലയിൽ പിടുത്തമിട്ട് ഞാനിരിക്കുമ്പോൾ എന്നെ ദേഷ്യത്തോടെ ഉറ്റുനോക്കുന്നത്.. അവന്റെ നാടും വീടും കാണാൻ പോയത്.. ആ വീട്ടിൽ ഒരാളാവാൻ നിനവേകി പ്രാർത്ഥിച്ചത്..
ഒരുമിച്ച് എല്ലാവരും ടൂർ പോയത്.. തട്ടമിടാൻ മറന്നിരിക്കുമ്പോൾ ആരും കാണാതെ വന്ന് എന്റെ തലയിൽ തട്ടമിട്ട് പോവുന്നത്.. എന്തോ ഒരു ദേഷ്യത്തിൽ എല്ലാരുടേം മുന്നിൽ വെച്ച് ഞാനവനെ കൈനീട്ടി അടിച്ചത്.. വാശി കേറ്റാൻ എന്തോ പറഞ്ഞതിന്., കവിളിൽ ഒരു ഉമ്മ തന്ന് ഓടിമറഞ്ഞത്.. ഞാൻ പൊട്ടിത്തെറിച്ചതും.. പിണങ്ങിയതും.. അവന്റെ ചങ്ക് പിടഞ്ഞതും ഇനിയുണ്ടാവില്ലെന്ന് പിന്നാലെ നടന്ന് കേണ് പറഞ്ഞതും..
അങ്ങനെ എണ്ണിയാലൊടുങ്ങാത്ത ഓർമ്മകൾ ഓരോന്നും ഓർത്തെടുത്ത് ഞങ്ങൾ ചിരിക്കുമ്പോൾ.. ഒടുക്കം ആ ചിരിയിൽ തെല്ലു കണ്ണീരിന്റെ ചായ്‌വുണ്ടായിരുന്നു!!! മുമ്പ് കനവ് തന്നതെല്ലാം ഇന്ന് നനവായി മാറിയിരിക്കുന്നു..ഇരു മനസ്സുകളും കുത്തിനോവും പോലെ…””
പുതിയൊരു ജീവിതത്തെ കുറിച്ച് ചിന്തിക്കണ്ടേ എന്ന് ഞാൻ ചോദിച്ചു.
“ചിന്തിക്കണം..ജന്മം കൊണ്ട് തലയിലേറിയ കുറേ ഉത്തരവാദിത്തമില്ലേ നമുക്ക്?! അത് നിറവേറ്റണ്ടേ””
ബട്ട് ഇനി സ്നേഹിക്കാനോ ഹാപ്പി ആവാനോ കഴിയോന്നും അറിയില്ല.. “”
“അതൊക്കെ ആവും.. സ്നേഹം അങ്ങനെയാണ്,“”””ഒരാളെ തളർത്താനും ഉയർത്തെണീപ്പിക്കാനും ഉള്ള കഴിവുണ്ട്”
ഇല്ലായിരുന്നെങ്കിൽ ഇന്ന് നീയെന്നെ കാണില്ലായിരുന്നല്ലോ???
ഉള്ളില് പലതും പുകയുന്നുണ്ടാകും…ആ പുകച്ചിൽ നമ്മൾ മാത്രമേ അറിയൂ!!എങ്കിലും നമ്മൾ ഹാപ്പി ആവും…
“ചിലതങ്ങനെയാടോ.. ഏറ്റെടുക്കാനും പറ്റില്ല.. എടുത്ത് കളയാനും ഒക്കത്തില്ല… അതിങ്ങനെ നമ്മുടെ ജീവനിലിങ്ങനെ ചുറ്റിവരിഞ്ഞോണ്ടിരിക്കും… ചിലപ്പഴൊക്കെ ഞാൻ ആഗ്രഹിച്ചിട്ടുണ്ട്.,
ഒന്ന് മരിച്ചുപോയെങ്കില്ലെന്ന്… അല്ലെങ്കില് എന്റെ ഓർമ്മകൾ എങ്കിലും ഒന്ന് നശിച്ചിരുന്നെങ്കിലെന്ന്!! അത്രയും സഹിക്കാൻ വയ്യാഞ്ഞിട്ട്,,, എവിടെ തുടങ്ങിയാലും ഒടുക്കം അവശേഷിക്കുന്ന ചിന്ത നിന്നിലായിരിക്കും…ഒരു ദിനം പോലും ഒഴിയാതെ എപ്പഴെങ്കിലും ഒരിക്കലെങ്കിലും നീയെന്റെ ചിന്തകളിൽ വന്ന് എത്തിനോകാറുണ്ട്…
നമ്മൾ മുറുകെ പിടിച്ച മാറ്റങ്ങൾ നമ്മുടെ മനസ്സിനറിയില്ലല്ലോ??? അതിപ്പോഴും പ്രിയപ്പെട്ടതെന്തോ തിരയാണ് “”” എന്നാലും മുന്നോട്ടു പോവാൻ കാരണങ്ങളുണ്ടാവും… എനിക്ക്.,എന്റെ ഇക്കയെയും മോളെയും പോലെ…
രണ്ടു പേരും മൂകരായി ഇരുന്നു..
നേരം പുലരാൻ അധികമൊന്നും ഇല്ലായിരുന്നു.. ഇങ്ങനെയൊരു രാത്രി അവസാനിക്കരുതെന്ന് ആഗ്രഹിക്കുന്നവരുണ്ടാകാം… അല്ലെങ്കിൽ ആരും അറിയില്ലല്ലോ എന്ന് കരുതി ഈയൊരു രാത്രി ഒന്നുചേർന്നവരുമുണ്ടാകാം”
പക്ഷെ ഞാൻ ആഗ്രഹിക്കുന്നത് എത്രയും വേഗം എന്റെ ഇക്കയിലേക്ക് ഓടിയെത്താനാണ്… കാരണം മനസ് കൊടുത്ത് പ്രണയിച്ചവർക്ക് ശരീരത്തിന് വിലയിടാൻ ഒരിക്കലുമാവില്ല…
എന്റെ ഇക്കാ എന്നിൽ ഉതകിയ സ്നേഹത്തിനും വിശ്വാസത്തിനും ഇനിയൊരു മറുവാക്കില്ലാ… ആ ഹൃദയത്തിൽ ഞാൻ അർപ്പിച്ചതൊന്നും തിരിച്ചെടുക്കാനാവത്തുമില്ല… മരണം വന്ന് നെറുകയിൽ തൊട്ടാൽ പോലും പോലും!!””” അത് കൂട്ടിയുറപ്പിക്കാൻ ഇത്തിരി മുമ്പും എന്റെ ഫോണിൽ വൈകി വന്ന ഇക്കാടെ ആ ഒരൊറ്റ മെസ്സേജ് മതി…
“”ലവ് യൂ അയ്ശൂ… “””
പിറ്റേന്ന് തിരിച്ചുപോവുമ്പോൾ ഇന്നലെ ഒരൊറ്റ ദിവസം കൊണ്ട് ഞങ്ങളറിയാത്ത രണ്ട് വ്യക്തികളും ഞങ്ങൾക്കുള്ളിലുണ്ടെന്ന് ബോധ്യപ്പെട്ടു…
എന്തോ ഒരു സന്തോഷം തോന്നി.. വേദനകൾക്കല്പം മയം വന്നത് പോലെ.. നാടെത്തിയതും ഞങ്ങളിറങ്ങി.. പോകാൻ നേരം ഒരു ഫോട്ടോയെടുക്കാമെന്ന് ഞാൻ പറഞ്ഞു.. അത്പോലെ നമ്പറും ചോദിച്ചു. പക്ഷെ…
“അത് വേണ്ടടോ…മനസ്സിൽ പതിഞ്ഞതിനോളം വരില്ലലോ ഒന്നും.. പിന്നെ., താൻ തന്ന സ്നേഹത്തിന്റെ പൊള്ളുന്ന ചൂട് ഇപ്പോഴും ഉള്ളിലെവിടൊക്കെയോ ഉണ്ട്.. ഞാനത് പതിയെ ഊതി തണുപ്പിച്ചോണ്ടിരിക്ക്യാ,,, ഇനിയും അത് എരിയിക്കാൻ വയ്യടോ!!””
പിന്നെ ഇത്പോലെ വീണ്ടും നമ്മൾ തമ്മിൽ കണ്ടുമുട്ടാതിരിക്കട്ടെ!!! അത് ആഗ്രഹമില്ലാഞ്ഞിട്ടല്ലട്ടോ… ഇനിയും ഏറെ ഓർമ്മകൾ പേറാൻ ഒക്കത്തില്ലടോ.!! അത് കൊണ്ടാ.. പോട്ടെടോ??!!..
മ്മ്…
ശരിയാണ് അവൻ പറഞ്ഞത്.. വേണ്ട.. ഒന്നും വേണ്ട.. മനസ്സ് ചൊന്നെങ്കിലും ഇനിയൊരു വട്ടം കൂടി തിരിഞ്ഞുനോക്കാൻ വയ്യാ.. അവൻ നോക്കുന്നുണ്ടാവ്വോ?? അറിയില്ലാ… വേണ്ട അറിയണ്ട… ഞാൻ നടന്നടുക്കുന്നത് എന്റെ ജീവിതത്തിലേക്കാണ്… ഇനിയും ഒരുപാട് പുതുമകൾ രചിക്കാനുള്ള എന്റെ ജീവിതത്തിലേക്ക്!
“ഇക്കാടെ നെഞ്ചോടമർന്ന് എല്ലാം പറയുമ്പോഴും.. കൂടുതൽ ആഴത്തിൽ ഇക്കാനെ എന്റെ കൈകൾ വരിഞ്ഞു മുറുക്കുമ്പോഴും… ഇക്കാ മൗനം പൂണ്ടതിൽ ഉള്ള് വല്ലാതെ നൊമ്പരപ്പെട്ടു…
പക്ഷെ പിന്നീട് എന്നെ തലോടിയ ആ നിമിഷം ഞാനറിഞ്ഞു.. ആ കരുതലിൽ ഞാൻ രുചിച്ചതെല്ലാം ഇക്കയിൽ നിന്നും വകഞ്ഞൊഴുകിയ സ്നേഹമായിരുന്നു “” അത് മാത്രം മതിയായിരുന്നു എനിക്ക്.. ഇനി ഉടനീളം ജീവിച്ച് തീർക്കാൻ”””
” നീ എന്നിൽ വെച്ച വിശ്വാസത്തിന്റെ പുറത്തല്ലേ അയ്ശൂ.. എന്നോടെല്ലാം തുറന്ന് പറഞ്ഞത്.. ആ വിശ്വാസത്തിനു പകരം വെക്കാൻ ഇനിയൊരു വാക്കില്ലലോ പെണ്ണേ ” “എന്റെ ഹൃദയം നിന്നോട് മറുപടി പറയും.,, നിന്റെയുള്ളിലേക്ക് കുതിക്കുന്ന ഉമിത്തീയാകുന്ന പ്രണയമായിട്ട് “””.
അപ്പോഴാ നെഞ്ഞിലെ കുളിരിൽ ഞാൻ പാതി മയങ്ങുവായിരുന്നു…