വേഷങ്ങൾ… Story by Bindu NP
വാട്സ്ആപ്പിൽ കുറേ നാളായി ഇടയ്ക്കിടെ അറിയാത്ത ഒരു നമ്പറിൽ നിന്നും വരുന്ന മെസ്സേജ് അപർണ്ണ ശ്രദ്ധിച്ചു തുടങ്ങിയിരുന്നു. ഇന്നും വന്നു കിടപ്പുണ്ട് ഒരു “ഹായ് “.
അവൾ വെറുതെ അതെടുത്തു നോക്കി. ആ നമ്പറിന്റെ കൂടെയുള്ള പേരിലേക്ക് കണ്ണുകൾ ഉടക്കി.
ആദിത്യൻ മഹാദേവൻ
അങ്ങനെ ഒരു പേര് തന്റെ ഓർമ്മയിലേ ഇല്ലല്ലോ. ഈ ഫോൺ നമ്പർ മക്കളുടെ ഫ്രണ്ട്സിന്റെ കൈയ്യിലൊക്കെ ഉള്ളതാണല്ലോ. ഇനി അവരുടെ കൂട്ടുകാർ ആരെങ്കിലും ആയിരിക്കുമോ എന്ന് ഓർത്തിരിക്കവേ വീണ്ടും ഫോണിൽ മെസ്സേജ് വരുന്ന ശബ്ദം കേട്ടു
ആ നമ്പറിൽ നിന്നാണ് .”മെസ്സേജ് സീൻ ചെയ്തിട്ട് എന്താ ഒന്നും മിണ്ടാത്തെ “…
“നിങ്ങളാരാണ്..” അവൾ ചോദിച്ചു
“ഇത് അപർണ്ണ അല്ലേ…അപർണ്ണ ശ്രീകുമാർ “…
“അതെ “..
“ഞാൻ ആദി…ആദിത്യൻ മഹാദേവൻ..ഓർമ്മയില്ലേ..”
“ഇല്ല ഇങ്ങനെ ഒരു പേര് ഓർമ്മയിലേ ഇല്ലല്ലോ ..”
“എടോ ഞാനും താനും എഫ് ബിയിൽ യിലെ നല്ല കൂട്ടുകാരായിരുന്നില്ലേ പണ്ട് . താൻ ഇപ്പൊ എഴുത്തൊന്നും ഇല്ലേ..?”
“ഇല്ല..എനിക്ക് ഓർമ്മ വരുന്നില്ല…താങ്കളുടെ ഒരു ഫോട്ടോ അയക്കൂ “…
അതിന് മറുപടിയായി വന്നത് അവളുടെ സെൽഫികളായിരുന്നു. അവൾ ഞെട്ടിപ്പോയി.
“ഇതൊക്കെ താൻ പണ്ടെനിക്ക് അയച്ചു തന്നതാണ്”
അവൾ ആ പഴയ കാലം ഓർത്തു…
അന്ന് മനസ്സിന് ഭ്രാന്ത് പിടിച്ച സമയത്ത് താൻ എഫ് ബിയിൽ ആരോടൊക്കെയോ കൂട്ടുകൂടുകയും അതിൽ ആർക്കൊക്കെയോ സെൽഫികൾ അയച്ചു കൊടുക്കുകയും ചെയ്തിട്ടുണ്ട്. അതിൽ ഒരാളാവാം ഇതും. പക്ഷേ ഈ പേര് ഓർമ്മയിൽ വരുന്നേയില്ലല്ലോ..
“ഇപ്പോഴും തനിക്കോർമ്മയില്ലെ എന്ന് പറഞ്ഞ് അയാൾ അയാളുടെ ഫോട്ടോകളും അവൾക്കയച്ചു കൊടുത്തു. സുമുഖനും സുന്ദരനുമായ ഒരു ചെറുപ്പക്കാരൻ.
എവിടെയോ നേർത്തൊരോർമ്മ പോലെ..പക്ഷേ..ഇപ്പോഴും വ്യക്ത മാവുന്നില്ലലോ..
“എന്റെ ജീവിതത്തിൽ ആകപ്പാടെ പ്രശ്നങ്ങൾ ആയിരുന്നു. ഞാൻ ഡിപ്രഷനിൽ ആയിരുന്നു കുറേ കാലം. അന്നെന്റെ ഫോണും അതിലെ കുറേ ഡീറ്റൈൽസും എല്ലാം നഷ്ടപ്പെട്ടു പോയി. കൂട്ടത്തിൽ തന്റെ നമ്പറും…പിന്നീട് ഞാൻ ഡിവോഴ്സ് ആയി. വർഷങ്ങൾ കഴിഞ്ഞു ജീവിതത്തിലെ സാധാരണ അവസ്ഥയിലേക്ക് തിരിച്ചു വരാൻ. ഈ അടുത്ത കാലത്താണ് എന്റെ ഒരു പഴയ ഡയറി എനിക്ക് കിട്ടിയത്. അതിൽ കുറിച്ചിട്ട തന്റെ നമ്പർ കണ്ടപ്പോഴാണ് ഞാൻ വീണ്ടും തന്നെ ഓർത്തത്. അതുകൊണ്ടാണ് ഞാൻ തന്നെ അന്വേഷിച്ചു വന്നത്…എടോ…ഞാൻ തന്റെ എഴുത്തുകളെയും ആ എഴുത്തുകാരിയെയും ഒരുപാട് ഇഷ്ടപ്പെട്ടിരുന്നെടോ…അതല്ലേ ഞാനിപ്പോഴും തന്നെ അന്വേഷിച്ചു വന്നത്. ഇന്ന് ഞാൻ ഉയർന്ന നിലയിൽ ആണെടോ..ഗൾഫിൽ ഒരു ബാങ്കിലെ മാനേജർ ആണ്. തനിക്കെന്ത് ആവശ്യം ഉണ്ടെങ്കിലും എന്നോട് പറയാൻ മടിക്കരുത്. ആ പഴയ ഞാൻ തന്നെയാണിന്നും…
അപർണ്ണ അപ്പോഴും സംശയത്തിൽ ആയിരുന്നു. ഇത്രയേറെ അടുപ്പത്തിൽ സംസാരിക്കുന്ന ഒരാളോട് എനിക്കിനിയും തന്നെ മനസ്സിലായിട്ടില്ലെന്ന് എങ്ങനെ പറയും. അവൾ അപരിചിതത്വമൊന്നും കാട്ടാതെ സംസാരിച്ചു മതിയാക്കുമ്പോഴും തന്റെ ഓർമ്മകളെ ഓർത്തെടുക്കാൻ ശ്രമിക്കുകയായിരുന്നു.
അവൾ ഒരു തീരുമാനം എടുത്തു. എല്ലാം അവനോട് തുറന്നു പറയണം. അല്ലാതെ ഇങ്ങനെ മുഖം മൂടിയണിഞ്ഞു പെരുമാറാൻ വയ്യാ. പിറ്റേന്നും അവന്റെ മെസ്സേജുകൾ കണ്ടപ്പോൾ അവൾ പറഞ്ഞു ..
“എനിക്ക് കുറച്ച് കാര്യങ്ങൾ സംസാരിക്കാനുണ്ട്. അത് കേട്ടുകഴിഞ്ഞു തീരുമാനിക്കൂ…ഈ സൗഹൃദം തുടരണോ വേണ്ടയോ എന്ന്..”
“പറയൂ “…
“വർഷങ്ങൾക്കു മുമ്പ് എന്റെ ജീവിതത്തിൽ ഒരു ട്രാജഡി സംഭവിച്ചു..”
“എന്താ..”
“ഞാനും എന്റെ ശ്രീയേട്ടനും കുട്ടിക്കാലം മുതലേ ഇഷ്ടത്തിലായിരുന്നു. വീട്ടുകാരെ എതിർത്ത് ജീവിതം ആരംഭിച്ചപ്പോഴും പിന്നീട് ആ ജീവിതത്തിൽ രണ്ട് കുട്ടികൾ കടന്നു വന്നപ്പോഴും ഞങ്ങളെറെ സന്തോഷിച്ചു. അങ്ങനെ ഇരിക്കെയാണ് ശ്രീയേട്ടന് ഒരു ഗവണ്മെന്റ് ജോലി കിട്ടുന്നത്. അന്ന് ആ കോച്ചിങ് ക്ലാസ്സിൽ വെച്ച് ഒരു പെൺകുട്ടിയെ പരിചയമുണ്ടായിരുന്നു ശ്രീയേട്ടന്. അവൾ എന്റെയും സഹപാഠിയാണെന്നറിഞ്ഞപ്പോൾ പഴയ സൗഹൃദം ഞങ്ങൾ പുതുക്കുകയും ചെയ്തു. ചിലപ്പോഴൊക്കെ അവൾ ഞങ്ങളുടെ വീട്ടിലെ നിത്യ സന്ദർശകയുമായി. അങ്ങനെ അവർക്കിടയിൽ അരുതാത്ത ഒരടുപ്പം രൂപപ്പെട്ടു. അത് ഞാൻ അറിയാൻ വൈകി. ഒരുദിവസം എന്റെ കണ്മുന്നിൽ അവരെ അത്തരത്തിൽ കാണുന്നത് വരേ ആ ബന്ധം തുടർന്നു…അത് മനസ്സിലാക്കിയ ഞാൻ ആകെ തകർന്നുപോയി. പിന്നെ ഈ ലോകത്തോട് മുഴുവൻ വെറുപ്പായിരുന്നു. ഞാൻ മരിക്കാൻ തന്നെ തീരുമാനിച്ചു…
ആയിടയ്ക് ആരോടൊക്കെയോ ഉള്ള വാശി തീർക്കാനെന്ന പോലെ എഫ് ബി യിൽ ആരോടൊക്കെയോ കൂട്ടുകൂടുകയും ആർക്കൊക്കെയോ സെൽഫികൾ അയച്ചു കൊടുക്കുകയും ചെയ്തിരുന്നു ഞാൻ. മരിക്കാൻ തീരുമാനിച്ച ഒരാൾക്ക് മറ്റെന്താണ് ചിന്തിക്കാൻ ഉള്ളത്..പിന്നീട് എല്ലാത്തിനോടും മടുപ്പ് തോന്നിയപ്പോ ഫെയ്സ് ബുക്കും വാട്സ്ആപ്പും ഇൻസ്റ്റയും എല്ലാം ഉപേക്ഷിച്ച് എന്നിലേക്ക് തന്നെ സ്വയം ചുരുങ്ങിപ്പോകുകയായിരുന്നു ഞാൻ..ആ കൂട്ടത്തിൽ ഒരാളാവാം താങ്കൾ. ” അവൾ പറഞ്ഞു നിർത്തി
അപ്പോൾ അവൻ അവൾക്കൊരു ഫോട്ടോ അയച്ചു കൊടുത്തു. നല്ല സെറ്റ് സാരിയുടുത്ത് തലയിൽ മുല്ലപ്പൂവ് ചൂടി പുഞ്ചിരിച്ചു നിൽക്കുന്ന അപർണ്ണയുടെ ഫോട്ടോ.
“അപർണ്ണാ…താനീ ഫോട്ടോ ഓർക്കുന്നുണ്ടോ…ഇതയച്ചു തരുമ്പോ താൻ എന്നോടൊരു കാര്യം പറഞ്ഞിട്ടുണ്ടായിരുന്നു. ഞാൻ ഇത് നിനക്കുവേണ്ടി മാത്രം എടുത്തതാണ്…ഇത് ഞാൻ മറ്റാർക്കും അയച്ചു കൊടുക്കില്ല എന്നായിരുന്നു അത്.”
അതെ…ഈ ഫോട്ടോ…ഇതവൻ
തന്നെ. ഒരിക്കൽ സെറ്റ് സാരിയുടുത്ത് മുല്ലപ്പൂ ചൂടിയ ഒരു ഫോട്ടോ വേണമെന്ന് പറഞ്ഞപ്പോൾ ഏതോ ഒരു ബന്ധുവിന്റെ കല്യാണത്തിന് അമ്പലത്തിൽ പോകാൻ ഒരുങ്ങിയപ്പോ മക്കൾ എടുത്തു തന്ന ഫോട്ടോ..ഇത് ഞാൻ അവന് മാത്രമാണ് അയച്ചു കൊടുത്തത്..പക്ഷേ…ആ പേര്..തന്റെ ഓർമ്മകളിലെ അവന്റെ പേര് മറ്റെന്തോ ആയിരുന്നു…അത് മാത്രമാണ് കൺഫ്യൂഷൻ..തന്റെ ഓർമ്മകൾക്ക് എന്തോ സംഭവിച്ചിരിക്കുന്നു.
അപ്പോഴും അവൻ സന്ത്വനിപ്പിച്ചു കൊണ്ടേയിരുന്നു…. “താൻ ചെയ്തതൊന്നും ഒരു തെറ്റല്ലെടോ…അന്നത്തെ തന്റെ ഭ്രാന്തമായ അവസ്ഥയിൽ…ആ ഡിപ്രഷനിൽ താൻ ചെയ്തു പോയതല്ലേ അതൊക്കെ..അത് താൻ വിട്ടേക്ക്…ഇപ്പോ താൻ സന്തോഷത്തോടെയിരിക്കൂ…തനിക്ക് ഞാനില്ലേ..എനിക്ക് തന്നോടുള്ള ഇഷ്ടത്തിന് ഇപ്പോഴും ഒരു മാറ്റവും സംഭവിച്ചിട്ടില്ലെടോ…എന്നും താനെന്റെ ഉള്ളിൽ തന്നെയുണ്ട്…എല്ലാ പരിശുദ്ധിയോടും കൂടി..എന്താവശ്യമുണ്ടെങ്കിലും എന്നോട് പറയാൻ മറക്കണ്ടാ ട്ടോ..താൻ ടെൻഷൻ ഒക്കെ കളഞ്ഞ് പോയി സുഖമായി ഉറങ്ങ്…നമുക്ക് രാവിലെ കാണാം. ഗുഡ് നൈറ്റ്…” അതും പറഞ്ഞ് നെറ്റ് ഓഫായി.
അപ്പോഴും ഉറക്കം വരാതെ അവൾ മറവിയുടെ മാറാപ്പിൽ നിന്നും ഓർമ്മകളെ തിരയുകയായിരുന്നു….
~ബിന്ദു