പിരിയുകയാണെങ്കിൽ അത് സ്വയം സൃഷ്ടിക്കുന്ന പ്രാണഹത്യക്ക് മാത്രമേ ഞങ്ങളെ തമ്മിൽ പിരിക്കാനാവൂ എന്നത് ഞങ്ങളിൽ സുനിശ്ചിതവുമായിരുന്നു….

Story written by Pratheesh
================

ആ രാത്രി ജീവിതത്തിലെ അവസാന രാത്രിയായി കണ്ട് അന്നു ഞാൻ കിടന്നു,

എനിക്ക് ഇനിയൊരു പുലരിയുണ്ടോ ?പിറവിയുണ്ടോ ? എന്നൊന്നും അറിയാതെ….

വിശ്വാസത്തിന്റെയും അവിശ്വാസത്തിന്റെയും ഇടയിലെ നേർത്ത നൂൽപ്പാലത്തിനിടയിലിട്ടു അവളെ തൂക്കി നോക്കാതിരുന്നതാണ് ഞാനവളോട് ചെയ്ത ഏറ്റവും വലിയ അപരാധം !

ആ സമയം മരണമെന്നെ മാടി വിളിക്കുമാറ് വേദനകൾ ഉറുമ്പുകളെപ്പോലെ എന്നെ വലയം ചെയ്യുന്നുണ്ടായിരുന്നു,

ആയിരം കാരമുള്ളുകൾ നെഞ്ചിൽ ഒന്നിച്ചു തറക്കുന്ന വേദനയിലും,

എന്റെ ഹൃദയം അവസാനത്തേതെന്നോണം
എന്റെ കഴിഞ്ഞു പോയ സ്വപ്നങ്ങളെ ഒന്നൊന്നായി ഓർത്തെടുക്കാൻ തുടങ്ങി,

അത്രക്കിഷ്ടമായിരുന്നു എനിക്കവളെ….!

ഭൂമിയിലെ പരിശുദ്ധവും സത്യസന്ധവുമായ  അവസാനത്തെ ആത്മാർത്ഥ പ്രണയം ഞങ്ങളുടേതായിരിക്കും എന്നതിൽ എനിക്കൊരു സംശയവും എനിക്കില്ലായിരുന്നു,

പിരിയുകയാണെങ്കിൽ അത് സ്വയം സൃഷ്ടിക്കുന്ന പ്രാണഹത്യക്ക് മാത്രമേ ഞങ്ങളെ തമ്മിൽ പിരിക്കാനാവൂ എന്നത് ഞങ്ങളിൽ സുനിശ്ചിതവുമായിരുന്നു,

ഞങ്ങൾ പരസ്പരം ഒരാൾ മറ്റൊരാൾക്ക്‌ തന്റെ സ്വഹൃദയത്തിൽ കൊടുത്തിരുന്ന സ്ഥാനം ഈ ലോകത്ത് മറ്റൊരു വ്യക്തിക്കും  നല്കുകയില്ലന്ന് തമ്മിൽ സത്യം ചെയ്തിരുന്നു,

അങ്ങനെ വേണ്ടി വന്നേക്കാവുന്ന സന്ദർഭം പിറവി കൊള്ളുന്ന നിമിഷം മരണത്തെ പ്രണയിക്കാനും ഞങ്ങൾ തീരുമാനിച്ചിരുന്നു,

ഒരാൾക്ക് ജിവിതത്തിൽ ഒരിക്കൽ മാത്രം സാധിക്കുന്ന തീക്ഷണതയോടെ അങ്ങിനെ ഞങ്ങൾ പരസ്പരം വാശിയോടെ സ്നേഹിച്ചു,

പ്രണയം ഞങ്ങളുടെ രാവുകളെ പകുതിയായി ചുരുക്കി പരസ്പരം
ആ പകുതി ഇരുവരും സ്വന്തമാക്കി സൂക്ഷിച്ചു,

കാലം ഒരു പുഴ പോലെ മാറി മാറി ഒഴുകിക്കൊണ്ടിരുന്നു,

1000 ഭംഗിയുള്ള മുഖങ്ങളെ
നമുക്ക് നമ്മുടെ കണ്ണു കൊണ്ട് സ്നേഹിക്കാനാവും എന്നാൽ നമ്മളെ ഹൃദയം കൊണ്ട് സ്നേഹിക്കുന്ന മുഖത്തിനെ മാത്രമേ നമുക്ക് ഉള്ളു കൊണ്ട് സ്നേഹിക്കാനാവൂ,
എന്നു ഞങ്ങൾക്കറിയാമായിരുന്നു,

ഞങ്ങൾക്കെന്നും ഒരേ ഇഷ്ടങ്ങളായിരുന്നു, ഒരേ ആഗ്രഹങ്ങളായിരുന്നു, ഒരേ ചിന്തകളായിരുന്നു, ഒന്നിച്ച് ഒരേ മനസ്സായിരുന്നു…. !!

ഹൃദയത്തിന്റെ നേർക്കാഴ്ചകൾ പരസ്പരം സ്വന്തമാക്കി ഞങ്ങളുടെ പ്രണയം ആകാശം മുട്ടെ ഉയർന്നു പൊങ്ങി,

“അനുരാഗമാം നദിക്ക് വിഘ്‌നങ്ങളില്ലാതെ കുത്തൊഴുക്കാനുവദിക്കില്ലെന്ന ” ദൈവവചനം ഞങ്ങൾ മറന്നു,

പക്ഷെ ദൈവം അത് മറന്നില്ലെന്നും, ഞങ്ങളിലെ സ്നേഹത്തെ പരീക്ഷിക്കാൻ ദൈവം തീരുമാനിച്ചിരുന്നു എന്നും പിന്നീടാണ് എനിക്ക് മനസിലായത്,

ഒരു ഞായറാഴ്ച്ച അതിന്റെ ആദ്യപടിയെന്നോണം ഒരു ലക്ഷ്വറി കാർ അവളുടെ വീട്ടിന്റെ മുന്നിൽ വന്നു നിന്നു,

സുമുഖനും സുന്ദരനും വിദ്യാസമ്പന്നനും ഉയർന്ന ജോലിക്കാരനുമായ ഒരുവനെ നല്ല റോയൽ ലുക്കുമായി ദൈവം അവളുടെയും വീട്ടുകാരുടെയും മുന്നിലെത്തിച്ചു,

ഏതൊരു പെണ്ണിനും
പ്രഥമദർശനത്തിൽ തന്നെ താൽപ്പര്യം തോന്നിക്കുന്ന കണ്ണുകളും ചിരിയും,
നാവിൽ സൗമ്യസുന്ദരമായ തേൻ പുരട്ടിയ വാക്കുകളും നിറഞ്ഞ അവനെ വീടിന്റെ സ്വീകരണ മുറിയിൽ കൊണ്ടിരുത്തിയതും,

വീടിന്റെ അകത്തുള്ളവരുടെയെല്ലാം മനസ്സും മുഖവും പ്രകാശം കൊണ്ട് തിളങ്ങി,

അകത്തെ മുറിയിലായിരുന്ന അവളുടെ അടുത്തുവന്ന് കസിൻസെല്ലാം കൂടി  അവനെക്കുറിച്ച് ഒന്ന് വിടാതെയുള്ള വർണ്ണനകൾ കൊണ്ട്  അങ്ങ്  സമ്പന്നമാക്കിയപ്പോൾ,

ആദ്യമായി വെറുതെയെങ്കിലും അയാളെ ഒന്ന് കാണാൻ അവളുടെ മനസ്സ് തുടിച്ചു,

സ്വീകരണമുറിയിലേക്ക് അവൾ ആനയിക്കപ്പെട്ടതും അവനെ കണ്ടതും താൻ ദൈവകരങ്ങളാൽ പരീക്ഷിക്കപ്പെടുകയാണെന്നറിയാതെ,

അവളുടെ മനസ്സും ഒരു നിമിഷം തനിക്ക് “ഒരാളുമായി ഇഷ്ടം ഉണ്ടായിരുന്നില്ലെങ്കിൽ ? എന്ന ചിന്തക്ക് അവളെ അടിമയാക്കി….!

അതോടെ അതുവരെയും ദൃഢമായിരുന്ന പ്രണയത്തിന്റെ മഞ്ഞുമലയിടിയാൻ തുടങ്ങി,

വന്നവനും അവന്റെ വീട്ടുക്കാരും ഇഷ്ടമാണെന്ന് അറിയിച്ചതോടെ,

അവനോ ഞാനോ എന്ന ബോധം പേറി അവൾ തീരെ ചെറിയ കാര്യങ്ങൾക്ക് പോലും എന്നോട് വഴക്കിടാൻ തുടങ്ങി,

അവൾ പറയുന്നതിനെല്ലാം തലയാട്ടി കൊടുത്തിട്ടും തെറ്റുകൾ എല്ലാം പിന്നീടെപ്പോഴും എന്റെ ഭാഗത്ത് മാത്രമായി,

പെണ്ണു കാണാൻ വന്നവർക്ക് ഒരവസാന തീരുമാനം വേണമെന്നായതോടെ,

ആദ്യമായി അവളുടെ നാവിൻതുമ്പത്തു നിന്ന് “നമ്മൾ തമ്മിൽ ഒത്തുപോകുമെന്നു തോന്നുന്നില്ല ” എന്ന പിരിയലിന്റെ മുന്നേയുള്ള ഏറ്റവും സോഫ്റ്റായ വാക്കുകൾ അവളിൽ പിറന്നു,

തുടർന്നുള്ള 48 മണിക്കൂറിനുളിൽ തന്നെ പ്രണയത്തെ ഒഴിവാക്കാൻ ശ്രമിക്കുന്ന
പെണ്ണുങ്ങളുടെ ട്രേഡ്മാർക്ക് വാക്കായ,

“വീട്ടുകാരെ ധിക്കരിക്കാനാവുന്നില്ല ” എന്ന വാക്കോടെ ഏറ്റവും സത്യമെന്നും,
പരിശുന്ധമെന്നും, തീവ്രമെന്നും, അചഞ്ചലം, എന്നൊക്കെ എനിക്ക് തോന്നിയ എന്റെ വിശ്വാസം മണ്ണോടു മണ്ണായി മാറി,

അതോടെ ദൈവം പരീക്ഷണം തന്റെ പൂർത്തിയാക്കി….!

എത്ര വലിയ വിശ്വാസപൂർണ്ണതയെയും കഴുത്തറുത്തു കളഞ്ഞ് കൂടുതൽ സുരക്ഷിതമെന്ന് തോന്നുന്നതിനെ ഒരു ഉളുപ്പുമില്ലാതെ സ്വീകരിക്കാൻ മടി കാണിക്കാത്ത മനുഷ്യന്റെ അവസരോചിതവും നീചവുമായ പ്രവർത്തിയെ നോക്കി ദൈവം ഒരിക്കൽ കൂടി പല്ലിളിച്ചു കാട്ടി  !

ഇതൊന്നും അറിയാതെ അന്ന് നഷ്ടപ്രണയത്തിന്റെ വേദനയിൽ എന്തൊക്കെയോ ഓർത്തു ഞാൻ  കിടന്നു,

പണ്ട് സത്യം ചെയ്ത പ്രകാരം ഒരാൾ മറ്റൊരാൾക്ക്‌ തന്റെ ഹൃദയത്തിൽ കൊടുത്ത സ്ഥാനം മറ്റൊരു വ്യക്തി കയ്യേറുന്ന നിമിഷം മരിക്കാമെന്ന് പറഞ്ഞത് ഒന്നിച്ചായിരുന്നു,

ഇന്നിപ്പോൾ അവളുടെ ഹൃദയത്തിൽ നിന്നു പുറത്തായി പോയതിലുള്ള തീരാ ദു:ഖം കൊണ്ട്,

മനസ്സിൽ ജീവൻ വെടിയുന്ന ചിന്ത  മാത്രമാണ് തളം കെട്ടി നിൽക്കുന്നത്,

ജീവിക്കാൻ ഒരു ആശയും തോന്നുന്നുമില്ല, എങ്ങിനെയെങ്കിലും മരണം വരിക്കുക എന്നതു മാത്രമായിരുന്നു ഉള്ളിൽ,

പക്ഷെ വിധി മറ്റൊന്നായിരുന്നു ഞാൻ പോലും അറിയാതെ അന്നു എപ്പോഴോ ഞാനുറങ്ങി പോയി,

പിന്നെ ഞാൻ കാണുന്നത് ഉറങ്ങി കിടക്കുന്ന എനിക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ട  ദൈവത്തെയാണ്,

ആകെ കരഞ്ഞു തളർന്നുപോയ
എന്റെ കണ്ണുകളിലേക്കും, വേദനകൾ സഹിക്കാനാവാതെ തളർന്നു പോയ എന്റെ ഹൃദയത്തിലേക്കും,

നോക്കി ദൈവം എന്നോടു പറഞ്ഞു,

“കുഞ്ഞേ നീ പേടിക്കേണ്ട “

സത്യത്തിനും സ്നേഹത്തിനും വേണ്ടി  നിലകൊള്ളുന്നവരെ ഞാൻ ഒരിക്കലും  കൈവെടിയുകയില്ല,

വ്യക്തി ജീവിതത്തിൽ വെല്ലുവിളികൾക്കു മുന്നിൽ സ്വന്തമായി ശരിയുത്തരങ്ങൾ തെരഞ്ഞെടുക്കാൻ പ്രാപ്തിയുള്ളവർക്കേ മനസ്സെന്ന സ്വരത്തിൽ ഉറച്ചു നിൽക്കാനാവു.,

അല്ലാത്തത് കീഴടങ്ങലിന്റെ മനുഷ്യ ശബ്ദമാണ് “

അവളുടെത് സാഹചര്യം നിർമ്മിച്ച സ്നേഹം മാത്രമാണ്,

അവസരത്തിനൊത്ത് മിന്നുന്നതെല്ലാം പൊന്നാണെന്ന് അവൾ ധരിക്കുന്നു “

മനസ്സിന്റെ തൃപ്തിയിൽ നിന്നാണ് നെറുകയിലെ സിന്ദൂരത്തിനും നെഞ്ചിലെ താലിക്കും മഹത്വമുണ്ടാവുന്നതെന്ന് അവൾ മനസിലാക്കുന്നില്ല “

അതു പോലെ നിങ്ങൾക്ക് പരസ്പരം എത്ര വലിയ വിശ്വാസം ഉണ്ടായിരുന്നാലും നിങ്ങളിലെ ഇഷ്ടങ്ങളെ പരീക്ഷണങ്ങൾക്കു വിധേയമാക്കാതെ ഒരു പ്രണയവും ഞാൻ ചേർത്തു വെച്ചിട്ടുമില്ല,

തുടർന്ന് ദൈവം മറ്റൊന്ന് എന്നോടു പറഞ്ഞു,

ഞാൻ നിനക്ക് രണ്ട് കാഴ്ച്ചകൾ കാണിച്ചു തരാം,

അതും പറഞ്ഞു ദൈവം കൈ ചൂണ്ടിയയിടത്തേക്ക് ഞാൻ നോക്കിയതും,

അവിടെ എന്റെ ഇടതു ഭാഗത്തെ ചുമരിലെ ക്ളോക്കിൽ അപ്പോൾ സമയം പുലർച്ചെ നാലുമണി,

തുടർന്ന് അതേ ചുമരിൽ തന്നെ
അതേ നേരത്തെ എന്റെ വീടിന്റെ അടുക്കളയുടെ ദൃശ്യവും തെളിഞ്ഞു,

രാവിലെ കറന്റില്ലാതെയും
ഒരു മെഴുകുതിരിയുടെ അരണ്ട വെട്ടത്തിൽ അടുപ്പിൽ വെച്ച പാത്രത്തിലെ വെള്ളവും തിളക്കുന്നത്  നോക്കി കൈയ്യിലെ പ്ലേറ്റിലെ അരിമണിയിൽ പകൽ നോക്കിയതിനു പുറമേ തൃപ്തി പോരാതെ വീണ്ടും വീണ്ടും കല്ലോ മറ്റു കരടോ ഉണ്ടോയെന്ന് പരിശോധിച്ചുറപ്പുവരുത്തി ഞങ്ങൾക്കായി ഭക്ഷണം പാചകം ചെയ്യുന്ന എന്റെ അമ്മയുടെ മുഖം….!

ആ കാഴ്ച അവസാനിച്ചതും ദൈവം എന്നോട് പറഞ്ഞു,

നിന്നെ സ്നേഹിക്കുന്നവരിൽ നീ ഒറ്റക്കാണ് എന്നറിഞ്ഞാൽ മരണത്തിൽ നിന്നു പോലും എഴുന്നേറ്റു വരുവാൻ കഴിവുള്ള  ഒരേ ഒരാളേയുള്ളൂ,

നിന്റെ അമ്മ…..!

അത് കേട്ട് ഉറക്കത്തിലും എന്റെ കണ്ണുകൾ നിറഞ്ഞൊഴുകി,

വീണ്ടും അടുത്ത കാഴ്ച്ചക്കായി
ദൈവം ഇടതുവശത്തെ ചുമരിലേക്ക് വീണ്ടും വിരൽ ചൂണ്ടിയതും മറ്റൊരു ചിത്രം തെളിഞ്ഞു,

കൈയിലൊരു കുരുത്തോലയുമായി ചുരിദാറിന്റെ ഷാൾ തലയിലൂടെ തട്ടം പോലെയിട്ട്, പള്ളിയിൽ നിന്ന് ഇറങ്ങി വരുന്ന ഒരു പെൺകുട്ടിയുടെ രൂപം….!

തുടർന്ന് ദൈവം പറഞ്ഞു,

സ്വന്തം ഹൃദയത്തിന്റെ പരിശുദ്ധി തന്റെ പുഞ്ചിരിയിലുള്ള, കണ്ണുകളിൽ സ്നേഹത്തിന്റെ വറ്റാത്ത നീരുറവ കാത്തു സൂക്ഷിക്കുന്ന, വജ്രം പോലെ വിലമതിക്കാനാവാത്ത സ്നേഹവുമായി ഒരാൾ നിന്നെയും കാത്തിരിക്കുന്നുണ്ട്,

എന്റെ അമ്മയെ പോലെയൊരുവൾ… !

അതു കേട്ട് ആ സമയം വേദനയുടെ കണ്ണീർ ആനന്ദ കണ്ണീരായി പെയ്തിറങ്ങി,

തുടർന്ന് ദൈവം അപ്രത്യക്ഷമായതും,
പെട്ടന്ന് എന്റെ വീട്ടിന്റെ അടുത്തുള്ള മുസ്ലിംപള്ളിയിൽ നിന്നുള്ള സുബഹ്ബാങ്ക് കേട്ട് ഞാനും ഉണർന്നു,

ഉണർന്നതും കണ്ടതെല്ലാം അവിശ്വസനിയമായാണ് എനിക്കു തോന്നിയത്,

എങ്കിലും എന്റെ മരണഭയം എന്നെ വിട്ടുമാറി പിന്നെ ഞാൻ കിടന്നില്ല എഴുന്നേറ്റ് നേരെ അടുക്കളയിലേക്ക്  പോയി,

ദൈവം നേരത്തെ എനിക്ക് ദർശനം നൽകിയ പോലെ തന്നെ അവിടെ അമ്മയെ കണ്ടതും പിന്നിലൂടെ പോയി അമ്മയെ കെട്ടിപിടിച്ചു,

അതു പോലെ, അവളോടുള്ള ഇഷ്ടം കൊണ്ടും, അവളെ മറക്കാൻ സാധിക്കുമോ എന്ന തോന്നൽ കൊണ്ടും രണ്ടാമത്തെ കാഴ്ച്ചയും ഇതു പോലെ യാഥാർത്ഥ്യമാവുമോ എന്ന് ഇപ്പോൾ എനിക്കറിയില്ല,

എന്നാൽ എന്നെക്കാൾ ദൈവത്തിനറിയാം,

“ഓർമ്മകളെക്കാൾ ശക്തമാണ് മറവി” എന്നത്.

~Pratheesh