സൈക്കോപാത്ത്…
എഴുത്ത്: ജെയ്നി റ്റിജു
===================
തലവേദനിക്കുന്നു എന്ന് പറഞ്ഞ് രേഖ കയറിവന്നപ്പോഴെ എനിക്ക് വല്ലായ്മ തോന്നി. പതിയെ ഒരു കപ്പ് കാപ്പിയുമായി ഞാൻ അവളെ അന്വേഷിച്ചു ബെഡ്റൂമിലേക്ക് ചെന്നു. ഡ്രസ്സ് പോലും മാറാതെ കണ്ണടച്ചു കിടക്കുന്നുണ്ടായിരുന്നു അവൾ.
“രേഖേ, എന്തുപറ്റി നിനക്ക്?പനിയുണ്ടോ?”
ഞാൻ പതുക്കെ അവളുടെ നെറ്റിയിൽ കൈവെച്ചു.
അവൾ പെട്ടന്ന് എഴുന്നേറ്റു എന്നെ കെട്ടിപിടിച്ചു. അവൾ അങ്ങനെയാണ്. സന്തോഷം വന്നാലും സങ്കടം വന്നാലും എന്നെ ഇറുക്കെ പിടിച്ചിരിക്കണം കുറച്ചു നേരം. ഞാൻ അനങ്ങാതെ ഇരുന്നുകൊടുത്തു. അവൾക്ക് എന്തോ കാര്യമായി പറയാനുണ്ട് എന്ന് എനിക്ക് മനസിലായി.
“ഡേവിച്ചാ, വീ ആർ ഓൾമോസ്റ്റ് ദെർ. ഞങ്ങൾ എന്റെ റിസർച്ചിന്റെ അവസാന സ്റ്റേജ് എത്തിയിരിക്കുന്നു. “
എനിക്ക് പെട്ടെന്ന് ചിരി വന്നു. ഇതിനാണ് പെണ്ണ് മനുഷ്യനെ ടെൻഷൻ അടിപ്പിച്ചത്.
“പക്ഷെ, ഡേവിച്ചാ, ഇനിയുള്ളതാണ് ഏറ്റവും റിസ്ക്. തനിക്ക് അറിയാലോ സൈക്കോപതി ജനറ്റിക്കലി ട്രാൻസ്ഫർ ചെയ്യപ്പെടുന്നു എന്നതാണ് എന്റെ ടോപ്പിക്ക്. എന്നുവെച്ചാൽ ഒരാളുടെ ഇത്തരം ക്രിമിനൽ മൈൻഡ് മക്കളിലേക്കും പാരമ്പര്യമായി പകർന്നു കിട്ടുന്നു എന്ന്. എത്രകാലം അത് അത് പുറത്തു വരാതെയിരുന്നാലും ഏതെങ്കിലും സാഹചര്യത്തിൽ ഒരു ട്രിഗർ ഉണ്ടായാൽ അത് പുറത്ത് വരുകതന്നെ ചെയ്യുമെന്ന്. തിയറിറ്റിക്കലി അത് പ്രൂവ് ആയിട്ടുണ്ട്. ഇനി വേണ്ടത് കുറച്ചു സ്ട്രോങ്ങ് എവിഡൻസ് ആണ്. “
“ഇതൊക്കെ എനിക്ക് അറിയാവുന്നതല്ലേ ടാ.” ഞാൻ അരുമയോടെ ചോദിച്ചു.
“ഇച്ചാ, അതിനു എനിക്കിനി വേണ്ടത് അയാളെ കണ്ടുപിടിക്കുക എന്നതാണ്. ശങ്കരനാരായണന്റെ മകൻ കാർത്തിക് നെ. “
“ആര്? ” ഞാൻ ഒന്നും മനസ്സിലാവാതെ ചോദിച്ചു.
“25 വർഷങ്ങൾക്ക് മുൻപ് പന്ത്രണ്ട് പേരെ മൃ-ഗീയമായി കൊ-ലപ്പെടുത്തിയതിനു തൂ-ക്കിക്കൊന്ന സൈക്കോപാത്ത് കാസർഗോട്ടുകാരൻ ശങ്കരനാരായണനെ ഓർക്കുന്നില്ലേ, അയാളുടെ മകൻ കാർത്തിക്. “
ഞാൻ ഒരു നിമിഷം ഞെട്ടിവിറച്ചു. ഉള്ളിലൂടെ ഒരു വെള്ളിടി കടന്നു പോയി.
“എന്തിനാ നീയിപ്പോ അയാളെ അന്വേഷിക്കുന്നത്. അയാളും നിന്റെ റിസർച്ചും തമ്മിൽ എന്താണ് ബന്ധം? “
അറിയാതെ എന്റെ ശബ്ദം ഉയർന്നു.
“ശൂ, പതുക്കെ. മറ്റാരും അറിയരുത്. ഇതെന്റെ പ്രൊഫഷണൽ സീക്രെട്ട് ആണ്. പക്ഷെ, തനിക്കു ഇക്കാര്യത്തിൽ ഇന്റെരെസ്റ്റ് ഉള്ളത് കൊണ്ട് മാത്രമാണ് ഞാനിത് തന്നോട് പറയുന്നത്. അതും എത്തിക്സ് നു വിരുദ്ധമാണ്. താനൊരു സൈക്കോളജിസ്റ് ആയതുകൊണ്ടും പലകേസുകളുടെ കാര്യത്തിലും താനെന്റെ ഫോറെൻസിക് ടീമിനെ സഹായിക്കാറുള്ളത് കൊണ്ടുമാണ് ഞാനിതൊക്കെ തന്നോട് പറയുന്നത്. “
“രേഖ, എനിക്കറിയാം. പക്ഷെ, അയാൾക്ക് ഇതിലെന്താ കാര്യമെന്നാ ഞാൻ ചോദിക്കുന്നത്? “
“ഇച്ചാ, ഞാൻ പറയുന്നത് താൻ ശ്രദ്ധിച്ചു കേൾക്കണം. 6 വർഷങ്ങൾക്ക് മുൻപ് ബാംഗ്ലൂരിൽ അഞ്ചു കൊ-ലപാതകങ്ങൾ അടുപ്പിച്ചു നടന്നതോർക്കുന്നുണ്ടോ. ഇനിയും പോലീസിന് തെളിയിക്കാൻ കഴിഞ്ഞിട്ടില്ലാത്ത അഞ്ചു പെൺകുട്ടികളുടെ മരണം. ശങ്കരനാരായണന്റെ കേസിലെ അതേ രീതിയിലാണ് ഇതിലും കൊ-ല നടന്നിട്ടുള്ളത്. ഇനി എനിക്ക് അറിയേണ്ടത് ഈ കാർത്തിക് ശങ്കറിന് ആ കൊ-ലപാതകങ്ങളുമായി ബന്ധമുണ്ടോ എന്നതാണ്. അതിനാദ്യം അയാളെ കണ്ടുപിടിക്കണം. ആ കാലഘട്ടത്തിൽ അതായത്, 2016-2017 സമയത്ത് അയാൾ ബാംഗ്ലൂർ ഉണ്ടായിരുന്നോ എന്നതാണ്. “
“മതി. ഇവിടെ വെച്ച് നിർത്തിക്കോ നിന്റെ ഗവേഷണവും തിയറിയും ഒക്കെ. അതൊക്കെ വേണമെങ്കിൽ പോലീസ് കണ്ടുപിടിച്ചോളും. നീയിനി ഇതിന്റെ പുറകെ പോകാൻ ഞാൻ സമ്മതിക്കില്ല. “
“ഡേവിച്ചാ ഞാൻ.. “
അവളെ പൂർത്തിയാക്കാൻ ഞാൻ സമ്മതിച്ചില്ല.
“ഫോറെൻസിക് മെഡിസിൻ ആണ് നീ പഠിച്ചത് സമ്മതിച്ചു. കുറഞ്ഞ സമയം കൊണ്ട് അറിയപ്പെടുന്ന ഒരു പോലീസ് സർജൻ ആയതിലും ഞാൻ അഭിമാനിച്ചു. സൈക്കോപതിയെക്കുറിച്ച് ഗവേഷണം നടത്തുന്നു എന്ന് പറഞ്ഞപ്പോഴും കൂടെ നിന്നിട്ടേയുള്ളു. പക്ഷെ, ഇത് അനുവദിച്ചു തരാൻ പറ്റില്ല. നിന്റെ ജീവൻ അപകടത്തിലാവുന്ന ഒന്നിനും ഞാൻ അനുവദിക്കില്ല. “
ഞാൻ കിതക്കുന്നുണ്ടായിരുന്നു. കുറച്ചു നേരത്തേക്ക് അവൾ ഒന്നും മിണ്ടാതെ എന്നെ തന്നെ നോക്കിയിരുന്നു.
“ഇച്ചാ, തന്റെ പേടി എനിക്ക് മനസ്സിലാവുന്നുണ്ട്. പക്ഷെ, എന്റെ ഈ തിയറി പബ്ലിഷ് ആവുമ്പോൾ അതോരു ചരിത്രം ആവും. അതിന് പുറകെ ഒരുപാട് പഠനങ്ങൾ നടക്കും. സമൂഹത്തിൽ വലിയ തോതിലുള്ള മാറ്റങ്ങൾ തന്നെ ഉണ്ടാക്കാൻ കഴിയും. അതിനെല്ലാം പുറമെ താൻ ആലോചിച്ചു നോക്കിക്കെ, ഇനിയുള്ള തലമുറ പഠിക്കുന്ന ക്രിമിനോളജിയിൽ ഒരു ചാപ്റ്റർ ഡോക്ടർ രേഖ ജോസെഫിന്റെ ആയിരിക്കും. ഈ എന്റെ. “
അവൾ ചിരിച്ചു.
“രേഖാ, തന്റെ എക്സൈറ്റ്മെന്റ് എനിക്ക് മനസ്സിലാവും. ഇതിപ്പോ അയാൾ തന്നെയാണെന്ന് എന്താണുറപ്പ്? ഇനി ആണെങ്കിൽ തന്നെ അയാളുടെ പുറകെയുള്ള പോക്ക് സേഫല്ല. സ്റ്റേറ്റ് പോലീസും ക്രൈംബ്രാഞ്ചും അന്വേഷിച്ചിട്ട് ഇത്രയും കാലമായി ഒരു തുമ്പ് പോലും കിട്ടാത്തവനെ വിലകുറച്ചു കാണരുത്. അവനിലേക്കെത്തുന്നു എന്ന് തോന്നിയാൽ അവൻ അടങ്ങിയിരിക്കുമെന്ന് തോന്നുന്നുണ്ടോ? അവന്റെ അടുത്ത ടാർഗറ്റ് നീയായിരിക്കും ഉറപ്പ്. അങ്ങനെ ഒരു റിസ്ക് നമുക്ക് വേണോ മോളെ? “
ഞാൻ അവളെ നിരുത്സാഹപ്പെടുത്താൻ ശ്രമിച്ചു.
“എടൊ, താനിത്ര ടെൻഷൻ ആവണ്ട. പോലീസിന്റെ ഒരു ടീം തന്നെ കൂടെയുണ്ട്. ഞങ്ങൾ ആരംഭിച്ചു കഴിഞ്ഞു.” അവൾ പറഞ്ഞു.
“ടീമെന്നു പറയുമ്പോ നിന്റെ ഐജി ആദിത്യൻ ആയിരിക്കും ലീഡ്? ” ഞാൻ അല്പം പുച്ഛത്തോടെ ചോദിച്ചു.
“എടോ മാപ്പിളേ, ആദിയേട്ടന്റെ പേര് പറയുമ്പോ തനിക്കിപ്പോഴും ഒരു ടീനേജ് കാമുകന്റെ സ്വരമുണ്ട്.” അവൾ പൊട്ടിച്ചിരിച്ചു.
“പിന്നെ, അതൊന്നുമല്ല. ഈ പറഞ്ഞവൻ നേർക്ക് നേരെ വന്നാൽ ആ കിഴങ്ങനെക്കൊണ്ടൊന്നും അനങ്ങാൻ പറ്റില്ലെന്ന് പറഞ്ഞെന്നെ ഉള്ളൂ. ” ഞാനും സിറ്റുവേഷനു കുറച്ചു അയവു വരുത്താൻ ശ്രമിച്ചു.
“മോളെ, ഞാൻ പഠിച്ച സൈക്കോളജി അനുസരിച്ച് അവൻ ഇപ്പോൾ അഞ്ചാറു വർഷമായി അനങ്ങുന്നില്ലെങ്കിൽ അതിനർത്ഥം എന്തോ ഒന്ന് അവനെ തടയുന്നുണ്ട് എന്നാണ്. അത് ഒരുപക്ഷെ അയാളു ജീവനോടെ ഇല്ല എന്നതാവാം, അല്ലെങ്കിൽ അയാൾ ഈ നാട് വിട്ടു പോയതാകാം, ചിലപ്പോൾ ആരുടെയെങ്കിലും ഭ്രാന്തമായ പ്രണയവുമാവാം. ഇനി അവസാനത്തേതാണെങ്കിൽ, അയാൾക്ക് ആ ബന്ധം നഷ്ടപ്പെടുമെന്ന തോന്നൽ മതി അയാൾ അടക്കിവെച്ചിരിക്കുന്ന കൊ+ലപാതകചിന്തക്ക് ട്രിഗർ ആവാൻ..അയാളെ തടയാൻ എളുപ്പമാവില്ല.”
ഞാൻ വീണ്ടും നിരുത്സാഹപ്പെടുത്താൻ ശ്രമിച്ചു.
“ഇച്ചാ, ഒരു തെറ്റും ചെയ്യാതെ ക്രൂ-രമായി കൊലചെയ്യപ്പെട്ട അഞ്ചു പെൺകുട്ടികൾക്ക് നീതി വേണ്ടേ? മാത്രമല്ല, താൻ പറഞ്ഞപോലെ അയാൾ ഒരു പെണ്ണിനോടൊപ്പം ജീവിക്കുന്നുണ്ടെങ്കിൽ ആ സ്ത്രീയുടെ ജീവനും അപകടത്തിലല്ലേ, ഏത് നിമിഷവും സംഭവിക്കാവുന്ന ഒരു മരണത്തിൽ നിന്ന് അവരെയും മറ്റു ഒരുപാട് പേരെയും രക്ഷിക്കാൻ കഴിഞ്ഞാൽ നല്ലതല്ലേ? പിന്നെ അവർക്ക് കുഞ്ഞുങ്ങളുണ്ടെങ്കിൽ അവരും ഭാവിയിൽ സമൂഹത്തിനു അപകടം ആയേക്കാമെന്നു നേരത്തെ തിരിച്ചറിയണ്ടേ?എനിക്ക് പേടിയില്ല. താനുണ്ടല്ലോ എന്റെ കൂടെ. “
പറഞ്ഞുകൊണ്ട് അവളെന്റെ നെഞ്ചിൽ മുഖമമർത്തി. അവിടെയാണ് ഞങ്ങളുടെ തർക്കങ്ങളെന്നും തീർന്നിരുന്നത്. അവളുടെ പ്രണയമാണെന്നുമെന്റെ ബലഹീനത എന്ന് അവൾക്ക് നന്നായറിയാം.
കുറച്ചു നാൾ പിന്നെ ഒന്നും കേട്ടില്ല..പുരോഗതി ഒന്നുമുണ്ടായിട്ടുണ്ടാവില്ല എന്ന് ഞാനും കരുതി. എന്റേതായ ഞാനും തിരക്കുകളിലേക്ക് മടങ്ങി.
ഇന്നവൾ കയറിവന്നപ്പോൾ ഞാൻ അടുക്കളയിൽ ആയിരുന്നു. അതീവ സന്തോഷത്തോടെയാണ് അവൾ എന്റെ അടുത്തേക്ക് വന്നത്.
“ഇച്ചാ, ഞാൻ തന്നെ പേടിപ്പിക്കേണ്ട എന്ന് കരുതി പറയാതെ ഇരിക്കുകയായിരുന്നു. കാർത്തികിനെ കുറിച്ചുള്ള അന്വേഷണം നല്ല രീതിയിൽ തന്നെ പുരോഗമിക്കുന്നുണ്ടായിരുന്നു. ശങ്കരനാരായണന്റെ അറസ്റ്റോടു കൂടി കാർത്തിക്കും അമ്മയും കാസറഗോഡ് വിട്ടു മംഗലാപുരത്തേക്ക് പോയിരുന്നു. പിന്നീട് അവരെക്കുറിച്ച് ഒരു വിവരവും ഇല്ലാതായി. അന്നത്തെ അയാളുടെയും അമ്മയുടെയും ഫോട്ടോയും ചില വിവരങ്ങളും വെച്ച് അന്വേഷണം നടക്കുന്നുണ്ടായിരുന്നു. അന്ന് നാടുവിടുമ്പോൾ അയാൾക് ഏകദേശം പത്തുവയസ്സ് കാണും. അങ്ങനെയാണെങ്കിൽ ഈ കേസ് നടക്കുമ്പോൾ ഏകദേശം 28-30 വയസ്സുണ്ടാവും. ആ രീതിയിൽ അന്വേഷിച്ചിട്ട് വല്യ ഡെവലപ്പ്മെന്റ് ഒന്നുമുണ്ടായില്ല. ഇന്ന് സുപ്രധാനമായൊരു വിവരം കിട്ടിയത്..അയാളെ തിരിച്ചറിയാനുള്ള ഒരു വഴി. മംഗലാപുരത്തു വെച്ച് അയാളുടെ അമ്മ മരിച്ചതിനെതുടർന്നു അയാളെ ഒരു ക്രിസ്ത്യൻ കുടുംബം ദത്തെടുത്തിരുന്നു. എന്നുവെച്ചാൽ ഇപ്പോൾ അയാളുടെ പേര് കാർത്തിക് ശങ്കർ എന്നായിരിക്കാൻ സാധ്യതയില്ല എന്നർത്ഥം. അഡോപ്ഷൻ നടന്നത് ലീഗലി ആണെങ്കിൽ അയാളിലേക്ക് ഇനി അധികദൂരമില്ല.”
പറഞ്ഞു കൊണ്ട് അവളെന്നെ കെട്ടിപിടിച്ചു. എന്റെ മനസ്സിൽ ഒരു വെള്ളിടി വെട്ടി..എന്റെ തൊണ്ട വറ്റിവരണ്ടു. എന്ത് ചെയ്യണമെന്ന് അറിയാത്തപോലെ…എനിക്ക് എല്ലാം നഷ്ടപ്പെടാൻ പോകുന്നു. എന്റെ രേഖ, എന്റെ കുടുംബം..ആറു വർഷങ്ങൾക്ക് ശേഷം എന്റെ ചെവിയിൽ വീണ്ടും വണ്ടുകൾ മുരണ്ടു. തലയ്ക്കുള്ളിലിരുന്നാരോ കൊ-ല്ല് കൊ-ല്ലവളെ എന്ന് ആർത്തു വിളിച്ചു. പുതിയൊരു ഇര മുന്നിൽ കിട്ടുമ്പോഴുണ്ടായിരുന്ന ഉന്മാദം വീണ്ടും അനുഭവിച്ചു. ഡേവിഡ് എബ്രഹാം എന്ന ഞാൻ രേഖയോടുള്ള ഭ്രാന്തമായ പ്രണയത്തിൽ അടക്കിനിർത്തിയിരുന്ന എന്റെ ഉള്ളിലെ ആ പഴയ കാർത്തിക് ഉയർത്തെഴുന്നേൽക്കുന്നപോലെ…
അതേ, ഡേവിഡ് തോൽക്കുകയാണ്, കാർത്തിക് വിജയിക്കുകയും…
എന്റെ കൈകളിലേക്ക് രക്തം ഇരച്ചു കയറി..അവളെ ചേർത്ത് പിടിച്ചിരുന്ന രണ്ടുകൈകളിലൊന്നു കൊണ്ട് സ്ലാബിൻ മുകളിലിരുന്ന ചുറ്റികയിൽ ഞാൻ പിടി മുറുക്കി…
“രേഖമോളെ, ഒന്നിങ്ങോട്ട് ഓടിവന്നേ. എന്റീശോയേ, ഞാനെന്താ ഈ കാണുന്നെ? “
റാഹെലടത്തിയുടെ ശബ്ദം മുറ്റത്തു നിന്ന് കേട്ടതോടെ ഞങ്ങൾ അകന്നുമാറി. ഞാൻ പെട്ടെന്ന് ചുറ്റികയിൽ നിന്ന് കയ്യെടുത്തു.
രേഖയാണാദ്യം മുറ്റത്തേക്ക് ഓടിയത്. പുറകെ ഞാനും. മുറ്റത്ത് ഞങ്ങളുടെ നാലുവയസ്സുകാരൻ അലൻകുട്ടൻ ഇരുപ്പുണ്ട്. അടുത്തൊരു കോഴിക്കുഞ്ഞും. ഞങ്ങൾ ഇല്ലാത്തപ്പോൾ അവനെ നോക്കുന്നത് റാഹലെടത്തി ആണ്. പിന്നെ അടുക്കളയിൽ സഹായത്തിനും. എല്ലാം കൂടി പുള്ളിക്കാരി ഒരു ഓൾ ഇൻ ഓൾ ആണ്.
“എന്റെ മക്കളെ, കഴിഞ്ഞയാഴ്ചയാ ഈ കോഴിക്കുഞ്ഞുങ്ങൾ വിരിഞ്ഞിറങ്ങിയേ. ഇതിപ്പോ നാലുദിവസം ആയി കുഞ്ഞുങ്ങൾ ഓരോന്നും ഈരണ്ടുമായി ചത്തുകിടക്കുന്നു. എന്നാ പറ്റിയെ എന്നോർത്ത് ഞാനാകെ മനപ്രയാസപ്പെട്ടിരിക്കുകയായിരുന്നു. ഇന്നിതാണ്ടേ, നോക്കുമ്പോ ഈ കൊച്ചിതിന്റെ കഴുത്തു പിടിച്ചു തിരിച്ചിട്ട് അത് കിടന്നു പിടയുന്നത് നോക്കിക്കൊണ്ടിരിക്കുന്നു. “
റാഹലെടത്തി വീണ്ടും പതം പറയുന്നുണ്ട്. രേഖ അവരെ ആശ്വസിപ്പിക്കുന്നുണ്ട്. അവൻ കുഞ്ഞല്ലേ പറഞ്ഞു മനസ്സിലാക്കാം എന്നൊക്കെ പറയുന്നുണ്ട്. ഞാൻ ശ്രദ്ധിച്ചത് അവന്റെ കണ്ണുകളായിരുന്നു. അത് വല്ലാതെ തിളങ്ങുന്നുണ്ടായിരുന്നു. ചുണ്ടിൽ ഒരു കൊച്ചുകുഞ്ഞിന് ചേരാത്ത വികലമായ ഒരു ചിരിയും. ആ കണ്ണിലെ തിളക്കത്തിൽ ഞെട്ടലോടെ ഞാനെന്റെ പ്രതിരൂപം കണ്ടു….
****************
ഐജി ആദിത്യൻ ഓഫീസിൽ നിന്ന് ഇറങ്ങാൻ തുടങ്ങുമ്പോഴാണ് മൊബൈൽ റിംഗ് ചെയ്തത്. സിഐ ബഷീറാണ്. ബഷീറും ടീമുമാണ് കാർത്തിക് കേസിന്റെ അന്വേഷണവുമായി ബാംഗ്ലൂർ ഉള്ളത്. ഒരാഴ്ചയോളമായി അവർ ഇതിന്റെ പുറകിൽ തന്നെയായിരുന്നു.
“ഹലോ ബഷീർ, എന്തെങ്കിലും പുതിയ ഡെവലപ്പ്മെന്റ്സ് ഉണ്ടോ?
“സർ, അത് പറയാനാണ് ഞാൻ വിളിച്ചത്. അയാളുടെ ഫുൾ ഡീറ്റെയിൽസ് കിട്ടി. കേസ് ഹിസ്റ്ററിയും ഇവിടുത്തെ ലോക്കൽ സ്റ്റേഷനിൽ നിന്നും കളക്ട് ചെയ്തിട്ടുണ്ട്. സാഹചര്യതെളിവുകളും അയാളിലേക്ക് തന്നെയാണ് വിരൽ ചൂണ്ടുന്നത്.”
“എക്സലന്റ്. മതി. ബാക്കി നമുക്ക് ശരിയാക്കാം. താൻ ബാക്കി പറ. എന്നിട്ട് എവിടെ ഉണ്ടാ പരമ റാ-സ്കൽ. രാജ്യം തന്നെ വിട്ടോ അതോ.? “
“സർ, ഞാൻ ഇനി പറയുന്നത് ക്ഷമയോടെ കേൾക്കണം. അയാൾ ഇപ്പോൾ കേരളത്തിൽ തന്നെയുണ്ട്. അയാളെ നമ്മളറിയും. പേര് ഡേവിഡ് എബ്രഹാം . 2016-17 കാലഘട്ടത്തിൽ ബാംഗ്ലൂർ നിംഹാൻസ് ഹോസ്പിറ്റലിൽ ക്ലിനിക്കൽ സൈക്കോളജിയിൽ പിഎച്ഡി ചെയ്തിരുന്ന ഡേവിഡ് എബ്രഹാം. “
“നോ. ബഷീർ, താൻ ഉദ്ദേശിച്ചത്…ഒരിക്കലും അത്…”
ആദിത്യൻ പതറി.
“സർ, ഇതാണ് ഞാൻ പറഞ്ഞത്. സർ ഇത് ക്ഷമയോടെ കേൾക്കണം എന്ന്. കൺഫേം ആണ്. നമ്മുടെ ഡോക്ടർ രേഖയുടെ ഭർത്താവ് ഡേവിഡ് തന്നെ. ഓർഫനേജിൽ നിന്ന് അയാളെ ദത്തെടുത്ത ദമ്പതികളുടെ ഡീറ്റെയിൽസ് എല്ലാം കറക്റ്റ് ആണ്. ഹോസ്പിറ്റലിൽ നിന്നും യൂണിവേഴ്സിറ്റിയിൽ നിന്നും ഡീറ്റെയിൽസ് കിട്ടിയിട്ടുണ്ട്. പിന്നെ, ഡിജിറ്റലി കൊച്ചു കാർത്തികിന്റെ ഫോട്ടോ ഇപ്പോഴത്തെ പ്രായത്തിലേക്ക് കോൺവെർട്ട് ചെയ്തതും മാച്ചിങ് ആണ്. “
“ബഷീർ, തനിക്കിനി എന്തെങ്കിലും ഡീറ്റെയിൽസ് വേണമെങ്കിൽ അതും കളക്ട് ചെയ്യുക. ആ സമയത്ത് കൂടെ പഠിച്ചവരോ വർക്ക് ചെയ്തവരോ അങ്ങനെ കിട്ടാവുന്നതിന്റെ മാക്സിമം. ഇക്കാര്യത്തിൽ നമുക്ക് തെറ്റ് പറ്റിക്കൂടാ. പിന്നെ ഇനിയുള്ള നീക്കങ്ങൾ സ്‌ട്രിക്‌ട്ലി കോൺഫിഡൻഷ്യൽ ആയിരിക്കണം. രേഖ കോൺടാക്ട് ചെയ്താൽ ഒരു ഡെവലപ്പ്മെന്റും ഇല്ലെന്നേ പറയാവൂ. തിരിച്ചു വരുമ്പോൾ റിപ്പോർട്ട് ടു മി ഡയറക്റ്റ്ലി. മനസ്സിലായോ? “
ആദിത്യൻ പറഞ്ഞു.
“യെസ് സർ.”
ബഷീർ ഫോൺ കട്ട് ചെയ്തിട്ടും ആദിത്യൻ നെറ്റിയിൽ കയ്യമർത്തി സീറ്റിൽ തന്നെ ഇരുന്നു.
*********************
ഇന്നൊരു തിരക്കേറിയ ദിവസം ആയിരുന്നു. മൂന്നോ നാലോ പോ-സ്റ്റ്മോർട്ടം ഇനിയും അവശേഷിക്കുന്നു. അപ്പോഴാണ് മൊബൈലിൽ ആദിയേട്ടന്റെ കോൾ വന്നത്. എത്രയും പെട്ടെന്ന് ഗസ്റ്റ് ഹൗസിലേക്ക് ഒന്ന് ചെല്ലാൻ.
ബാക്കിയുള്ള കേസുകൾ അത്ര കോംപ്ലിക്കേറ്റഡ് അല്ലാത്തതിനാൽ ജൂനിയർസിനെ ഏൽപ്പിച്ചു ഞാൻ ഗസ്റ്റ് ഹൗസിലേക്ക് പോയി. എന്തുപറ്റി ആവോ ആദിയേട്ടൻ ഓഫീസിലേക്ക് വിളിക്കാതെ ഗസ്റ്റ് ഹൗസിൽ ചെല്ലാൻ പറഞ്ഞത്. എന്തെങ്കിലും സീക്രെട്ട് ആയിരിക്കും.
അവിടെ ചെന്നപ്പോൾ ബഷീറിനെ കൂടെ കണ്ടപ്പോൾ ഉറപ്പിച്ചു കാർത്തിക്കിനെ കുറിച്ചുള്ള ഇൻഫർമേഷൻ തന്നെയാവും വിഷയം എന്ന്. എന്റെ ഹൃദയം മിടിക്കുന്നത് എനിക്ക് കേൾക്കാനുണ്ടായിരുന്നു.
“ഹായ് ബഷീർ, എനിക്ക് ഉറപ്പാണ്, താൻ എനിക്കൊരു നല്ല വാർത്തയുമായാണ് വന്നിരിക്കുന്നത്. അല്ലെ, ആദിയേട്ടാ? “
രണ്ടുപേരോടും എനിക്ക് പൂർണ്ണസ്വാതന്ത്ര്യം ഉണ്ട്. ആദിയേട്ടൻ പപ്പയുടെ അടുത്ത സുഹൃത്തിന്റെ മകനാണ്. ഒരു കുടുംബം പോലെയാണ് ഞങ്ങൾ വളർന്നത്. എന്നെ സ്വന്തം പെങ്ങളായിത്തന്നെയാണ് അദ്ദേഹം കണ്ടിട്ടുള്ളത്..എന്തുകൊണ്ടോ ഡേവിക്ക് അദ്ദേഹത്തെ അത്ര താല്പര്യമില്ല. ബഷീർ ആണെങ്കിൽ പോലീസിൽ എനിക്ക് കിട്ടിയ ഏറ്റവും നല്ല സുഹൃത്തും. ഞാനിത്ര സന്തോഷം പ്രകടിപ്പിച്ചിട്ടും അവരുടെ മുഖം മുറുകിയിരുന്നത് കൊണ്ട് എന്തോ സീരിയസ് മാറ്റർ ആണെന്ന് മനസിലായി.
ആദിയേട്ടനാണ് ആദ്യം സംസാരിച്ചത്.
“രേഖാ, നീ ഞാൻ പറയുന്ന കാര്യങ്ങൾ സംയമനത്തോടെ കേൾക്കണം. നീ ബുദ്ധിയുള്ള കുട്ടിയാണ് ഞാൻ കണ്ടതിൽ ഏറ്റവും ബ്രേവ് ആയ കുട്ടി. നിനക്ക് കാര്യങ്ങൾ വേണ്ടവിധത്തിൽ ഡീൽ ചെയ്യാൻ കഴിയുമെന്നാണ് എന്റെ വിശ്വാസം. “
“എന്റെ ആദിയേട്ടാ, എന്താണെങ്കിലും തെളിച്ചു പറ. ചുമ്മാ മനുഷ്യനെ ടെൻഷൻ ആക്കാതെ.” എന്റെ ക്ഷമ നശിച്ചു.
“രേഖ, ഞാൻ പറയാം.”
ബഷീറാണ് പിന്നെ സംസാരിച്ചത്.
“ഞാൻ കുറച്ചു ദിവസങ്ങളായി ഈ കാർത്തിക്കിന് പുറകെ ആയിരുന്നു എന്ന് തനിക്ക് അറിയാലോ..
പറഞ്ഞതിലും സമയം എടുത്താണ് ഞാനീ അന്വേഷണം പൂർത്തിയാക്കിയത്. മാക്സിമം ഡീപ് ആയിത്തന്നെ അന്വേഷിച്ചു. കിട്ടാവുന്ന ഡീറ്റെയിൽസ് മുഴുവൻ കളക്ട് ചെയ്തു. ഞാൻ ശരിയാണെന്ന് വീണ്ടും വീണ്ടും ഉറപ്പിച്ചു. കാരണം ഇക്കാര്യത്തിൽ എനിക്ക് റിസ്ക് എടുക്കാൻ വയ്യായിരുന്നു. “
ഒന്ന് നിർത്തി അവൻ തുടർന്നു…
“അന്ന് കാർത്തികിനെ ദത്തെടുത്തത് ജർമനിയിൽ സെറ്റിൽ ആയിരുന്ന ഒരു ദമ്പതികളാണ്. ഒരു എബ്രഹാം വർക്കിയും ലിസ എബ്രഹാമും. അവർ അവന്റെ പേര് മാറ്റി ഡേവിഡ് എന്നാക്കി. ഡോക്ടർ ഡേവിഡ് എബ്രഹാം, ക്ലിനിക്കൽ സൈക്കോളജിസ്റ്റ്, തിരുവനന്തപുരം മെഡിക്കൽ കോളേജ്. “
“നോ…..നോ…..” ഞാൻ അലറുകയായിരുന്നു.
“ഞാൻ വിശ്വസിക്കില്ല. നിങ്ങൾക്ക് തെറ്റുപറ്റി. എനിക്കറിയില്ലേ എന്റെ ഡേവിച്ചനെ. യൂ കാന്റ് ഡൂ ദിസ് ടു മി. “
ഞാൻ പൊട്ടിക്കരഞ്ഞുകൊണ്ട് ബഷീറിന്റെ ഷർട്ടിൽ പിടിച്ചുലച്ചു. ബഷീർ പ്രതികരിച്ചില്ല. എനിക്ക് ഇത് ഉൾകൊള്ളാൻ കുറച്ചു സമയം വേണം എന്നവർക്ക് തോന്നിക്കാണും…
“രേഖാ, മോളെ, നമുക്ക് തെളിവുകൾ ഉണ്ട്. അവന്റെ പേരെന്റ്സ് സമ്മതിച്ചതുമാണ്. ജർമനിയിൽ ഡിഗ്രിയും മാസ്റ്റേഴ്‌സും എടുത്ത അവൻ എന്തിനാ പിഎച്ഡി ക്ക് ഇന്ത്യയിലേക്ക് വന്നത് എന്ന് ഞാൻ നിങ്ങളുടെ മാര്യേജ് ന്റെ സമയത്ത് അവനോട് ചോദിച്ചത് ഓർക്കുന്നുണ്ടോ? നാട്ടിൽ സെറ്റിൽ ആവാനാണ് ആഗ്രഹം എന്നൊക്കെ അന്നവൻ പറഞ്ഞു. പക്ഷെ, ജർമ്മനിയിൽ വെച്ച് അവന്റെ സ്വഭാവത്തിൽ ചില മാറ്റങ്ങൾ കണ്ടുതുടങ്ങിയപ്പോൾ, അവനെപ്പറ്റി സ്ഥിരം കംപ്ലയിന്റ് ആയിതുടങ്ങിയപ്പോൾ ഒരു മാറ്റം എന്ന നിലക്കാണ് അവർ എല്ലാം നിർത്തിപ്പോരാൻ തീരുമാനിച്ചത്. ഇവിടെ വന്നു പഠനത്തിൽ കേന്ദ്രീകരിച്ചു എന്നവർ തെറ്റിദ്ധരിച്ചു. ഇതിനോടകം മകനുമായി അവർ മാനസികമായി അകന്നു കഴിഞ്ഞിരുന്നതിനാലും അവർക്ക് ഇവിടെ കാര്യമായി ഒന്നും ചെയ്യാനില്ലാത്തതിനാലും അവർ ജർമനിക്ക് തിരിച്ചു പോയി. ബാക്കിയുള്ള കാര്യം നിനക്ക് അറിയാവുന്നതാണ്. ഇവിടെ മെഡിക്കൽ കോളേജിൽ വെച്ചു നിങ്ങൾ പ്രണയത്തിലാവുന്നതും വിവാഹം കഴിക്കുന്നതും. പഴയ കാര്യങ്ങളൊന്നും നീയും കുടുംബവും അറിയരുതെന്നു അവൻ പേരെന്റ്സ് നെ നിർബന്ധിച്ചു. ഒരു കുടുംബം ഉണ്ടാകുന്നതോടെ അവൻ ഇനി പഴയ രീതിയിലേക്ക് പോകില്ലെന്ന് കരുതി അവരും എല്ലാം മറച്ചു വെച്ചു. ഒരു തരത്തിലും പഴയ കാര്യങ്ങൾ നീ അറിയാതിരിക്കാൻ ഒരു ബന്ധുക്കളുമായോ സുഹൃത്തുക്കളുമായോ നിന്നേ അടുപ്പിച്ചില്ല.
ഞാൻ എല്ലാം കേട്ടുകൊണ്ടിരുന്നു..എന്റെ മനസിലേക്ക് ജീവിതത്തിൽ സംഭവിച്ച ഓരോ കാര്യങ്ങളും കടന്നുവന്നു. ഇപ്പോൾ ചിത്രങ്ങൾക്ക് ഒരു വ്യക്തത കിട്ടുന്നുണ്ട്. സ്നേഹം കൊണ്ട് അന്ധത ബാധിച്ച എനിക്ക് പലതും കാണാൻ കഴിഞ്ഞില്ല.
“മോളെ, രേഖേ.. “
ആദിയേട്ടൻ വീണ്ടും വിളിച്ചു. സമയം ഏറെയായിരിക്കുന്നു, ഞാനിതേ ഇരുപ്പ് ഇരിക്കാൻ തുടങ്ങിയിട്ട്.
“നിർമലയോട് ഞാൻ പറഞ്ഞിട്ടുണ്ട് അലൻ മോനെ വീട്ടിലേക്ക് കൂട്ടാൻ. ഡേവിഡിനെ അറസ്റ്റ് ചെയ്യുമ്പോൾ കുഞ്ഞ് അവിടെ വേണ്ട. നീയാ റാഹലിനോട് വീട്ടിൽ പൊക്കോളാൻ പറ. അറസ്റ്റ് ചെയ്താലും നമുക്കൊന്നും ചെയ്യാനില്ല. എത്രയും പെട്ടന്ന് കർണാടക പൊലീസിന് കൈമാറണം. “
ആദിയേട്ടൻ പറഞ്ഞു.
ആദിയേട്ടന്റെ ഭാര്യ നിർമല ചേച്ചിയാണ് അലൻകുട്ടൻ പഠിക്കുന്ന സ്കൂളിന്റെ പ്രിൻസിപ്പൽ.
“ആദിയേട്ടാ, ഞാൻ ഇതുവരെ നിങ്ങളുടെ ഒഫീഷ്യൽ കാര്യത്തിൽ ഇടപെട്ടിട്ടില്ല. ഇത്തവണ എനിക്ക് വേണ്ടി ഒരു വിട്ടുവീഴ്ച ചെയ്യണം എന്റെ അപേക്ഷയാണ് പ്ലീസ്. “
ഞാൻ പ്രതീക്ഷയോടെ രണ്ടുപേരുടെയും മുഖത്തേക്ക് നോക്കി.
“അവനെപ്പോലൊരുത്തനെ വെറുതെ വിടണം എന്ന് താൻ ആവശ്യപ്പെടില്ല എന്ന് തന്നെയാണ് ഞങ്ങളുടെ വിശ്വാസം.”
ബഷീറിന്റെ ശബ്ദം കനത്തിരുന്നു.
“ഒരിക്കലും ഇല്ല. പക്ഷെ, നമ്മൾ അന്വേഷിച്ചു കണ്ടുപിടിച്ചു എന്നല്ലാതെ അദ്ദേഹം സ്വയം കീഴടങ്ങിയാൽ നിയമത്തിന്റെ എന്തെങ്കിലും ആനുകൂല്യം കിട്ടിയേക്കും എന്ന് എനിക്കൊരു പ്രതീക്ഷയുണ്ട്. അതിന് ഇന്നൊരു ദിവസം എനിക്ക് തരാമോ. നാളെ ഡേവിച്ചനെ കൊണ്ട് ഞാൻ തന്നെ വരാം കീഴടങ്ങാൻ. പ്ലീസ്. “
ഞാൻ കൈകൂപ്പി.
“എന്ത് വിഡ്ഢിത്തമാണ് കുട്ടി നീയി പറയുന്നത്. അവനെ നിനക്കറിയില്ല. പിടിക്കപ്പെടും എന്നറിയുന്ന നിമിഷം അവൻ എന്തും ചെയ്യും. അങ്ങനെ നിന്നേ വെച്ചൊരു റിസ്ക് എടുക്കാൻ ഞാൻ തയ്യാറല്ല. “
ആദിയേട്ടൻ തറപ്പിച്ചു പറഞ്ഞു.
“ഇല്ല ഏട്ടാ, ഒന്നും സംഭവിക്കില്ല..എന്നെ ഒന്നും ചെയ്യാൻ അദ്ദേഹത്തിനു കഴിയില്ല. കഴിയുമായിരുന്നെങ്കിൽ എന്നേ ആകാമായിരുന്നു. എനിക്ക് വേണ്ടി ഇത് മാത്രം. ദയവു ചെയ്ത്. മോനെ കൊണ്ടുപൊക്കോളാൻ നിമ്മിച്ചേച്ചിയോട് പറഞ്ഞേക്ക്. ഇന്നൊരു രാത്രി ഞങ്ങൾ മാത്രം മതി. “
ഞാൻ നിശ്ചയദാർഢ്യത്തോടെ പറഞ്ഞു.
“ശരി, നിന്റെ ധൈര്യം പോലെ. പക്ഷെ, വീടിനു മുന്നിൽ പോലീസുണ്ടാവും. എന്ത് പന്തികേട് തോന്നിയാലും വിളിക്കണം. പിന്നെ, ഈ റിവോൾവർ കയ്യിൽ വെക്കു. അവൻ നിന്റെ നേർക്ക് വന്നാൽ പിന്നൊന്നും നോക്കണ്ട. ഷൂട്ട് ഹിം ഡൌൺ. ബാക്കി ഞാൻ നോക്കിക്കോളാം. മനസിലായോ. “
ആദിയേട്ടൻ ആ തോക്ക് എന്റെ കയ്യിൽ വെച്ച് തന്നു.
ഞാൻ വീട്ടിൽ എത്താൻ വൈകുമെന്നും മോനെ ചേച്ചി കൊണ്ടുപോയി എന്നും വിളിച്ചു പറഞ്ഞിരുന്നതിനാൽ എന്തോ പന്തികേട് തോന്നിയിരുന്നെങ്കിലും അത്താഴം ഒരുക്കി കാത്തിരിക്കുന്നുണ്ടായിരുന്നു ഡേവിച്ചൻ.
അത്താഴം കഴിഞ്ഞു പതിവ് പോലെ ടെറസിലേക്ക് പോയി. അവിടെ ഇരുന്നാണ് ഞങ്ങൾ എല്ലാകാര്യങ്ങളും ഡിസ്‌കസ് ചെയ്യാറുള്ളത്. ഞാൻ തന്നെയാണ് സംസാരിച്ചു തുടങ്ങിയത്.
“ഇച്ചാ, ഞങ്ങൾ അയാളെ തിരിച്ചറിഞ്ഞു..കാർത്തികിനെ..ബാംഗ്ലൂരിൽ വെച്ച് അഞ്ചു പാവം പെൺകുട്ടികളെ യാതൊരു ദാക്ഷിണ്യവുമില്ലാതെ കൊ-ന്നുകളഞ്ഞ, എന്നിട്ട് ഈ നിമിഷം വരെയും മനസ്താപമില്ലാതെ ജീവിച്ച ആ മാനസികരോഗി നിങ്ങളായിരുന്നല്ലേ? “
എന്തൊക്കെയോ ശക്തമായ ഭാഷയിൽ ചോദിക്കണമെന്നും അയാൾക്കെതിരെ പൊട്ടിത്തെറിച്ചുപോകുമെന്നും കരുതിയിട്ടും എന്തുകൊണ്ടോ എന്റെ ശബ്ദം വല്ലാതെ ദുർബലമായിരുന്നു. എന്നിട്ടും ഞാൻ പ്രതീക്ഷിച്ച ഞെട്ടലോ തകർച്ചയോ ഒന്നും ഞാൻ ആ മുഖത്ത് കണ്ടില്ല..ചെറിയ ഒരു വിളർച്ച തോന്നി. അത്രമാത്രം.
“നീ അറിഞ്ഞതെല്ലാം സത്യമാണ്. ഞാൻ തന്നെയാണത്. ഏത് നിമിഷവും ഈ ചോദ്യം പ്രതീക്ഷിച്ചു തന്നെയാണ് ഞാൻ ഈ അടുത്തിടെയെല്ലാം ജീവിച്ചത്. നീ പറഞ്ഞപോലെ ഒരു മാനസികരോഗം തന്നെയായിരിക്കണം അത്. ഒരാളെ കൊ-ല്ലണമെന്ന് തോന്നിയാൽ എനിക്ക് എന്നേ കൺട്രോൾ ചെയ്യാൻ കഴിയുമായിരുന്നില്ല..പക്ഷെ മോളെ, നിന്നേ കണ്ടതിൽ പിന്നെ, നീ എന്റെ ജീവിതത്തിൽ വന്നതിൽ പിന്നെ ഞാൻ ഒരു തെറ്റും ചെയ്തിട്ടില്ല. നീയാണേ, നമ്മുടെ മോനാണെ സത്യം. നീ എന്നെ രക്ഷിക്കണം. ആദി നിന്റെ സഹോദരൻ അല്ലെ, നീയും അദ്ദേഹവും വിചാരിച്ചാൽ ഇത് പുറത്തറിയാതെ വെക്കാൻ കഴിയില്ലേ? ഒഫീഷ്യൽ അന്വേഷണം ഒന്നുമല്ലല്ലോ. പ്ലീസ്, ഞാൻ നിന്റെ കാലു പിടിക്കാം. നമ്മുടെ മോന് വേണ്ടി…ഇതെങ്കിലും എനിക്ക് വേണ്ടി ചെയ്തൂടെ.”
അയാൾ കെഞ്ചുകയായിരുന്നു. ആ കണ്ണുകൾ നിറഞ്ഞൊഴുകുന്നുന്നുണ്ടായിരുന്നു..എന്റെ ഉള്ളൊന്നു പിടഞ്ഞു. പാടില്ല. ഞാൻ പതറിക്കൂടാ. മക്കളെ നഷ്ടപ്പെട്ട ആ മാതാപിതാക്കളുടെ കണ്ണീരിനു മുന്നിൽ ഇതിനെന്ത് വില?
“നിനക്കറിയാലോ എന്റെ റിസർച്ച് ടോപ്പിക്. മരണത്തിനു തൊട്ടുമുന്നിലുള്ള ഓരോ മനുഷ്യരുടെയും മാനസികാവസ്ഥയെക്കുറിച്ചായിരുന്നു അത്. ബുക്കുകളിൽ നിന്നും വീഡിയോകളിൽ നിന്നും കിട്ടിയ അറിവ് ഒന്നും എനിക്ക് സാറ്റിസ്‌ഫാക്ഷൻ തന്നില്ല. പിന്നെ ഞാനെന്ത് ചെയ്യും. നേരിട്ട് കണ്ടറിയുകയല്ലാതെ. എന്റെ റിസർച്ച് നു വലിയ അംഗീകാരം ആണ് കിട്ടിയത്. ആ-ത്മ-ഹത്യയുടെ വക്കിലുള്ള പലരെയും ഈ പഠനം വഴി തിരിച്ചറിയാൻ കഴിയുമെന്നും കൗൺസിലിംഗിലൂടെ ജീവിതത്തിലേക്ക് മടക്കി കൊണ്ട് വരാൻ കഴിയുമെന്നുമാണ് അന്നെന്റെ പ്രൊഫസർ എന്റെ തീസിസ് പബ്ലിഷ് ചെയ്തപ്പോൾ പറഞ്ഞത്. അങ്ങനെ നോക്കിയാൽ ഞാൻ സമൂഹത്തിന്റെ നല്ലതിന് വേണ്ടിയല്ലേ ചെയ്തത്. പറ, നീ വിചാരിച്ചാൽ എന്നെ രക്ഷിക്കാൻ കഴിയില്ലേ? “
ഞാൻ ഞെട്ടിത്തരിച്ചു നിൽക്കുകയായിരുന്നു. എന്റെ ഭർത്താവിന്റെ ഞാൻ ഇതുവരെ കാണാത്ത ഒരു മുഖം.
“ഇച്ചാ, ഇനിയും ന്യായീകരിക്കാൻ നിങ്ങൾക്ക് നാണമില്ലേ..താൻ ഞാൻ പറയുന്നത് കേൾക്കണം. താൻ സ്വയമേ കീഴടങ്ങണം. ചെയ്തതുപോയതിനുള്ള ശിക്ഷ ഏറ്റുവാങ്ങിയേ തീരൂ.ഇനി നിങ്ങൾ രക്ഷപ്പെടുമെന്ന് പ്രതീക്ഷിക്കണ്ട. “
ഞാൻ എത്ര നിയന്ത്രിച്ചിട്ടും എന്റെ ശബ്ദം വല്ലാതുയർന്നു.
“എനിക്ക് രക്ഷപെടാൻ നിന്റെ സമ്മതം വേണമെന്നാരാടി പറഞ്ഞത്? പുല്ല് പോലെ ഞാനിവിടെ നിന്ന് പോകും. ഒരുത്തനും എന്നെ തടയാൻ കഴിയില്ല. അതിന് വേണ്ടി ഞാൻ എന്തും ചെയ്യും. എന്തും.. “
അയാൾ ചാടിയെഴുന്നേറ്റ് എന്റെ കഴുത്തിനു കുത്തിപ്പിടിച്ചു..ആ കണ്ണുകൾ ചുവക്കുന്നതും വല്ലാതെ തിളങ്ങുന്നതും ഞാൻ കണ്ടു. എങ്കിലും അക്ഷോഭ്യയായി ഞാൻ ആ മുഖത്തേക്ക് നോക്കിനിന്നു.
“നിങ്ങൾക്ക് എന്നെ എന്ത് ചെയ്യാൻ കഴിയും? കൊ-ല്ലുമോ എന്നെ? കഴിയില്ല. കാരണം ഞാൻ എപ്പോഴേ മരിച്ചു കഴിഞ്ഞിരിക്കുന്നു. സത്യത്തിൽ നിങ്ങൾ കൊ-ന്നത് അഞ്ചുപേരെ അല്ല. ആറുപേരെ. പിന്നെ, നിങ്ങൾ എത്ര ശ്രമിച്ചാലും ഇവിടെ നിന്ന് രക്ഷപെടില്ല. പുറത്തു പൊലീസുണ്ട്. പണ്ടത്തെ പോലെ അല്ല. ഇന്ന് നിങ്ങൾക്ക് വ്യക്തമായ മുഖവും ഐഡന്റിറ്റിയുമുണ്ട്. “
അയാൾ പതുക്കെ എന്റെ കഴുത്തിൽ നിന്ന് കയ്യെടുത്തു.
“ആലോചിക്ക്. നമ്മളായിട്ട് കീഴടങ്ങിയാൽ നിയമപരമായി എന്തെങ്കിലും ആനുകൂല്യം കിട്ടും. നിങ്ങൾക്ക് കിട്ടാവുന്ന മാക്സിമം നിയമസഹായം ഞാൻ ചെയ്യും. കാരണം അറ്റ്ലീസ്റ്റ് എനിക്കും നമ്മുടെ മോനുമെങ്കിലും നിങ്ങൾ നല്ലവനായിരുന്നു.”
കരഞ്ഞു പോകുമെന്ന് തോന്നിയപ്പോൾ ഞാൻ ഓടി ബെഡ്‌റൂമിൽ കയറി വാതിൽ അടച്ചു.
എത്ര നേരം ഞാൻ അങ്ങനെ ഇരുന്നു എന്നറിയില്ല. ഇടയ്ക്കു എപ്പോഴോ ഡേവി വാതിലിൽ മുട്ടിവിളിക്കുന്നുണ്ടായിരുന്നു.
ഞാൻ പ്രതികരിച്ചില്ല. ഒരു രാത്രി മുഴുവൻ ആലോചിച്ചു അനുയോജ്യമായ തീരുമാനം എടുക്കട്ടെ എന്ന് കരുതി. എപ്പോഴോ ഉറങ്ങിപ്പോയി. എഴുന്നേറ്റപ്പോഴേക്കും നേരം വെളുത്തിരുന്നു.
ഡേവിച്ചനെ എവിടെയും കണ്ടില്ല. ഗസ്റ്റ് റൂമിന്റെ ഡോർ അടഞ്ഞിരുന്നതിനാൽ അതിൽ മുട്ടി. കുറെ നേരം കഴിഞ്ഞിട്ടും തുറക്കാത്തതിനാൽ പന്തികേട് തോന്നി ഞാനോടി പുറത്തിറങ്ങി ജനൽ വഴി നോക്കിയപ്പോൾ എന്റെ ഡേവി ഫാനിൽ തൂങ്ങിനിൽക്കുന്നു.
ഒരു നിമിഷത്തെ വിറങ്ങലിപ്പ്, ഒരു തളർച്ച, പിന്നെ ആകെ ഒരു മരവിപ്പ്. ഇദ്ദേഹം ആ-ത്മ-ഹത്യ ചെയ്തേക്കുമെന്ന് ഞാനെന്താണ് ചിന്തിക്കാതെ പോയത്? ഇത്രയും ക്രൂ-രമായ മനസ്സുള്ള ഒരു വ്യക്തി സൂ-യിസൈ-ഡ് ചെയ്യാനും മാത്രം ഭീരുവാകില്ല എന്ന് കരുതിയോ അതോ മനസ്സുകൊണ്ടെങ്കിലും ഈ മരണം ഞാൻ ആഗ്രഹിച്ചിരുന്നോ?
ആളുകൾ കൂടിയതും പോസ്റ്റ്മോർട്ടം കഴിഞ്ഞതും ബോ-ഡി അടക്കം ചെയ്തതും എല്ലാം ഒരു ദുസ്വപ്നം പോലെ. ഒരു കത്തെഴുതി വെച്ചിരുന്നത്രെ.
“എല്ലാത്തിനും മാപ്പ്, നിന്നെയും ഈ ജീവിതവും ഞാൻ അർഹിക്കുന്നില്ല “.
അത്ര മാത്രം…ആളുകൾ അവർക്കാകുംപോലെ കഥകൾ മെനഞ്ഞു. ആദിയേട്ടനും ബഷീറും എല്ലാത്തിനും കൂടെ നിന്നു. മകന്റെ ശരീരം കാണാൻ വന്ന അപ്പനും അമ്മയും താമസിയാതെ തിരിച്ചു പോയി. ഇതിനിടയിൽ അവർ എനിക്കും മോനുമുള്ള വിസ ശരിയാക്കിയിരുന്നു. ഇനിയുള്ള ജീവിതം അവിടെയാണ് നല്ലത് എന്നെനിക്കും തോന്നി. ഈ സാഹചര്യങ്ങളിൽ നിന്ന് മാറി നിൽക്കണം.
വിവരങ്ങൾ അറിയിച്ചപ്പോൾ ആദിയേട്ടനും എതിർപ്പ് പറഞ്ഞില്ല. ബഷീർ മാത്രം പറഞ്ഞു, ആ പഠനറിപ്പോർട്ട് പൂർത്തിയാക്കണമെന്ന്…
ഇല്ല ബഷീർ, ഇനിയതിനു എനിക്ക് കഴിയില്ല. എന്റെ ഗവേഷണം ചിലപ്പോൾ വിജയിച്ചേക്കാം. എന്തായാലും അത് എനിക്ക് പരാജയം മാത്രമാണ്. എന്റെ മകന് അങ്ങനെ ഒരു പേഴ്സണാലിറ്റി ട്രൈറ്റ് ഉണ്ട് എന്ന് തെളിയിക്കപ്പെട്ടാൽ ഒരമ്മ എന്നനിലയിൽ അതെന്റെ തകർച്ചയാണ്. പക്ഷെ, എനിക്ക് കഴിയാവുന്ന വിധത്തിൽ ഞാൻ അവനെ ശ്രദ്ധിക്കും, കൗൺസിലിംഗോ ട്രീറ്റ്മെന്റോ എന്തുവേണമെങ്കിലും കൊടുക്കും. അതിന് മറ്റൊരു നാടാണ് നല്ലത്.
പിന്നെ എന്റെ ഡേവിയും അവസാനനിമിഷം ആഗ്രഹിച്ചിരുന്നിരിക്കും ഈ കഥ പുറത്തറിയരുതെന്ന്. ആ കഥകൾ വായിച്ചു, അതിൽ പ്രചോദനം ഉൾക്കൊണ്ട് ആരും പരീക്ഷണങ്ങൾക്ക് മുതിരരുതെന്ന്…
മറ്റൊരു ഡേവിഡ് ഇനിയിവിടെ ഇനിയുണ്ടാവരുതെന്ന്…..