മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ….
ഇടവഴിയിലെ കൊഴുത്ത ഇരുട്ടിൽ, ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം പോലും വഴികാട്ടാനില്ലെന്നു പേടിയോടെ ഓർത്തുകൊണ്ട് സന്ധ്യ മുന്നോട്ടു നടക്കുകയാണ്. ദൂരെയെവിടെയോ പൊട്ടുപോലെ ഒരിത്തിരി വെട്ടം കാണുന്നുണ്ട്. അവിടെയാണ് തന്റെ ജീവിതസ്വപ്നങ്ങൾ സഫലമാകുന്ന മോഹങ്ങളുടെ കൂടാരങ്ങളുള്ളത് എന്ന പ്രതീക്ഷയോടെ.
വഴികൾ വ്യക്തമല്ലെങ്കിലും മുന്നോട്ട് തന്നെ ആഞ്ഞു നടക്കുകയാണ്.പെട്ടന്നൊരു നിമിഷം എന്തിലോ കാൽ തട്ടി അവൾ നിലത്തേക്ക് വീണു പോയി.
എഴുന്നേൽക്കാൻ ശ്രമിക്കുന്നതിനിടെ അവളുടെ ദേഹത്തേക്ക് എന്തോ ഒരു ഭാരം വന്നമർന്നു.
ഞെട്ടലോടെ കുതറിക്കൊണ്ട്,അമ്മേയെന്നൊരു ആർത്തനാദം പുറത്തേക്കൊഴുക്കാൻ വെമ്പിയതും ബലിഷ്ഠമായ രണ്ടു കൈകൾ അവളുടെ വാ പൊത്തി, അടങ്ങികിടക്കെടിയവിടെ എന്ന മുരൾച്ചയോടെ.
അത് മഹേഷിന്റെ ശബ്ദമാണെന്ന് അവൾ തിരിച്ചറിഞ്ഞു.
ഞെരിഞ്ഞമരുന്ന കൈകാലുകൾ ഒന്ന് ചലിപ്പിക്കാൻ പോലും കഴിയാതെ ശ്വാസം മുട്ടി പിടയുമ്പോൾ ചുണ്ടുകൾക്ക് മീതെ അമരുന്ന ദംഷ്ട്രകൾ അവളെ കുത്തി നോവിച്ചു.. വായിൽ ചോര ചുവച്ചു തുടങ്ങിയപ്പോൾ, ഊറിക്കൂടിയ ഉമിനീർ അവൾ ശക്തിയിൽ പുറത്തേക്കു തുപ്പി.
ഒരു നിമിഷം മുഖത്തു ഉരസിക്കൊണ്ടിരുന്ന മുള്ളുകൾ പിന്നോട്ട് തെന്നി മാറുന്നതും, മഹേഷിന്റെ അമർത്തിയ അസഭ്യവാക്കുകൾ വിഷം ചീറ്റും പോലെ ചിതറിത്തെറിക്കുന്നതും അവളറിഞ്ഞു.
അതുവരെ കണ്ടുകൊണ്ടിരുന്ന സ്വപ്നത്തിൽ നിന്നും ഊർന്നിറങ്ങിയ സന്ധ്യ പകയോടെ അവന്റെ കഴുത്തിൽ ആഞ്ഞ് കടിച്ചു.
അലർച്ചയോടെ അവളിൽ നിന്നും അടർന്നു മാറിയ മഹേഷ് അവളുടെ കഴുത്തിൽ കുത്തിപ്പിടിച്ചു. പിന്നെ ആ കവിളിൽ ആഞ്ഞടിച്ചു.
സന്ധ്യ കയ്യുയർത്തി അവൾക്ക് നേരെ വരുന്ന അടികൾ തടയാൻ ശ്രമിച്ചു. അതവനെ വീണ്ടും കോപാകുലനാക്കി
അവന്റെ കൈകൾ സന്ധ്യയുടെ മേൽ തലങ്ങും വിലങ്ങും ക്ഷതമേൽപ്പിച്ചുകൊണ്ടിരുന്നു.
ബോധം മറഞ്ഞു പോകുന്നതിന് മുൻപ് അവൾ കാലുയർത്തി അവന്റെ അടിവയറ്റിൽ തൊഴിച്ചു.
******************
“അമ്മേ, രാവിലെ നേരത്തെ ഉണരണം അമ്പലത്തിൽ പോകണം എന്നൊക്കെ പറഞ്ഞു വെച്ചിട്ട് അമ്മ ഇനിയും എണീക്കുന്നില്ലേ.
നന്ദു കവിളിൽ തട്ടി വിളിക്കുന്നതറിഞ്ഞ് സന്ധ്യ മെല്ലെ കണ്ണ് തുറന്നു.
അല്പനേരം മോളെ ഉറ്റുനോക്കി അവൾ അതേ കിടപ്പ് കിടന്നു.
പിന്നെ,കഴിഞ്ഞ രാത്രിയിലെ സംഭവങ്ങൾ ഓരോന്നും ഓർത്തെടുക്കാൻ ശ്രമിച്ചു കൊണ്ട് അവൾ തളർന്ന കണ്ണുകൾ വീണ്ടും ചേർത്തടച്ചു
എന്താമ്മേ.. എന്തുപറ്റി.. അമ്മക്ക് വയ്യേ.
നന്ദുവിന്റെ ചോദ്യം കരച്ചിലിലേക്ക് വഴിമാറിത്തുടങ്ങിയതറിഞ്ഞ് സന്ധ്യ കണ്ണ് തുറന്ന് എഴുന്നേറ്റിരുന്നു.
“അമ്മക്ക് ഒന്നൂല്യ..മോള് വേഗം കുളിച്ചു റെഡിയായിക്കോ നമുക്ക് പോകാം.”
എന്തോ തീരുമാനിച്ചുറപ്പിച്ചപോലെ സന്ധ്യ കട്ടിലിൽ നിന്നും എഴുന്നേറ്റു.
“മൂട്ടിൽ വെയിലടിച്ചു തുടങ്ങി. അമ്പലത്തിൽ പോകാൻ പറ്റിയ സമയം തന്നെ..അതെങ്ങനെ മൂക്കറ്റം വെട്ടി വിഴുങ്ങിയതല്ലേ ഇന്നലെ. ക്ഷീണം കാണും.”
ഇന്ദിരാമ്മയുടെ മുറുമുറുപ്പ് കേട്ടതും സന്ധ്യ അങ്ങോട്ട് ചെന്നു.
തലേന്ന് ചോറും കറികളും റെഡിയാവാൻ വൈകിയതിന്റെ ദേഷ്യം മുഴുവൻ അവരുടെ മുഖത്തുണ്ടായിരുന്നു.
“നിങ്ങളുടെ മോൻ ചിലവിന് കൊണ്ട് തന്നിട്ടല്ല ഞാൻ മൂക്കുമുട്ടെ തിന്നുന്നതും ഉറങ്ങുന്നതും. ഞാൻ നല്ല പോലെ അധ്വാനിച്ചിട്ടാ. കുറേയായി ഞാൻ സഹിക്കുന്നു. മിണ്ടാതിരിക്കുന്നു എന്ന് കരുതി വെറുതെ ചൊറിയാൻ വരരുത് നിങ്ങൾ. എന്റെ സമനില തെറ്റി നില്ക്കാ ഞാൻ.. വല്ലതും ചെയ്തു പോകും.
“ഓ.. പിന്നെ നീയെന്നെ എന്തോ ചെയ്യുമെന്നാടി. എനിക്കിവിടെ ചോദിക്കാനും പറയാനും ആരുമില്ലന്ന് കരുതിയോടി തേവിടിച്ചി.. എന്റെ മോന്റെ ജീവിതം നശിപ്പിച്ചു ഇനി എന്നേക്കൂടി കൊല്ലണമല്ലേ നിനക്ക്..
“കേട്ടോ അമ്മിണി, ഇവൾക്കെന്നെ കൊല്ലണം ന്ന്.
വേലിക്കപ്പുറം നിന്ന് എത്തിനോക്കിയ അമ്മിണിയോട് വിളിച്ചു പറഞ്ഞു കൊണ്ട് ഇന്ദിരമ്മ മുറ്റത്തേക്കിറങ്ങി.
ഇനിയവരെ പിടിച്ചാൽ കിട്ടില്ലന്നും, അവരോട് പറഞ്ഞു ജയിക്കാൻ ആകില്ലന്നും അറിവുള്ളതു കൊണ്ട് സന്ധ്യ ശബ്ദമടക്കി അകത്തേക്ക് കയറി പോന്നു.
കുളിച്ചു സാരി മാറ്റി പുറത്തേക്കിറങ്ങുമ്പോൾ അവരുടെ പ്രാക്കും കൂക്കിവിളിയും ഉച്ചത്തിലായി.
സന്ധ്യ അത് വക വെക്കാതെ മോൾടെ കയ്യും പിടിച്ചു വഴിയിലേക്കിറങ്ങി.
********************
“മോൾക്ക് കഴിക്കാനെന്താ വേണ്ടേ..?
തലപ്പാവുവെച്ച സപ്ലയർ മുന്നിലെത്തിയപ്പോൾ സന്ധ്യ മോളോട് ചോദിച്ചു..
ടൗണിലെ ഒരു ഹോട്ടലിൽ ഇരിക്കുകയായിരുന്നു അവർ.
“എനിക്ക് പൊറോട്ട മതിയമ്മേ.”
“ഇത്ര രാവിലെ തന്നെ പൊറോട്ട കഴിച്ചാൽ വയറിന് കൊള്ളില്ല നന്ദു.”
“എന്നാലും എനിക്ക് പൊറോട്ട മതി..”
“എന്നാപ്പിന്നെ പൊറോട്ടയും മുട്ടക്കറിയും എടുത്തോളൂ.”
അവൾ സപ്ലയറെ നോക്കി പുഞ്ചിരിച്ചു.
“മാഡത്തിന് എന്താ വേണ്ടതെന്നു പറഞ്ഞില്ല.”
“എനിക്കൊരു ചായ മാത്രം മതി.”
“ഓക്കേ മാം”
അയാൾ തല കുലുക്കിക്കൊണ്ട് തിരിഞ്ഞു നടന്നു.
മാഡം വിളി കേട്ട് സന്ധ്യക്ക് ചിരി വന്നു. പിന്നെ അയാളോട് സഹതാപവും.
ഭക്ഷണം കഴിച്ചു കഴിഞ്ഞ് സന്ധ്യ നേരെ ചിൽഡ്രൻസ് പാർക്കിലേക്ക് നടന്നു.
നന്ദു സന്തോഷം കൊണ്ട് തുള്ളിച്ചാടി. അവൾ അവിടെ കണ്ട ഊഞ്ഞാലിലും, സീസോയിലുമൊക്കെ ചാടിക്കയറി ഗ്രൗണ്ട് മുഴുവൻ ഓടി നടന്നു.
സന്ധ്യ സിമന്റ് ബെഞ്ചിൽ ചാരി അവളുടെ കളികൾ നോക്കിയിരുന്നു.
അവളുടെ പ്രായത്തിൽ ഇതുപോലൊരിടം കാണാൻ കൂടി ഭാഗ്യം കിട്ടിയിട്ടില്ല തനിക്ക്.സന്ധ്യ വേദനയോടെ ഓർത്തു.
ദീപ്തി എപ്പോഴും പറയും, എന്റെ പൊന്നു സന്ധ്യേ നീയിങ്ങനെ നഷ്ടപെട്ടതിനെയോർത്ത് സങ്കടപ്പെട്ടു നടക്കാതെ ഇനിയുള്ള ജീവിതത്തിൽ നിന്റെതായിട്ടുള്ള സന്തോഷങ്ങൾ കണ്ടെത്തി മനസ്സിനെ ഹാപ്പിയാക്കാൻ ശ്രമിക്ക്.ജീവിതം ഒന്നേയുള്ളു. അത് ഇന്നോ നാളെയോ കൊഴിഞ്ഞു പോകും. ഉള്ള കാലം നന്നായി എൻജോയ് ചെയ്യാൻ ശ്രമിക്കെടി.
അത് കേൾക്കുമ്പോൾ തോന്നും അവൾ പറയുന്നതിൽ കാര്യമുണ്ട്. അടുത്ത ശമ്പളം കിട്ടുമ്പോ എന്തായാലും മോളെയും കൂട്ടി ഒരു സിനിമക്ക് പോകണം. നല്ലൊരു സാരി വാങ്ങിക്കണം എന്നൊക്കെ.
പക്ഷേ ഒരിക്കലും അത് നടക്കാറില്ല. പ്രതീക്ഷിക്കാത്ത എന്തെങ്കിലും ചിലവുകൾ മോൾക്കായി വന്നു ചേരും.
ദീപ്തിയെക്കുറിച്ചോർത്തപ്പോഴാണ് ബാഗിൽ കിടക്കുന്ന ഫോൺ സ്വിച്ചോഫ് ആണല്ലോ എന്നവൾ ഓർത്തത്. അവളെയൊന്നു വിളിച്ചുമില്ല ഇതുവരെ.
സന്ധ്യ ഫോൺ ഓണാക്കി ദീപ്തിയുടെ നമ്പർ കാളിങ്ങിൽ ഇട്ടു.
രണ്ടാമത്തെ റിങ്ങിൽ ദീപ്തി കാൾ എടുത്തു.
“ഓ… സന്ധ്യ മാഡം ജീവനോടെയുണ്ടോ. ഞാൻ കരുതി ഇന്നലെ വീട്ടിൽ ചെന്ന വഴി കെട്ട്യോൻ തല്ലിക്കൊന്നു കാണും ന്ന്.. ഞാൻ അങ്ങോട്ട് അന്വേഷിച്ചു വരാൻ തുടങ്ങുവായിരുന്നു.”
സോറി ഡീ… ഇന്നലെ ജോലി കഴിഞ്ഞിറങ്ങുമ്പോ ഒത്തിരി ലേറ്റ് ആയി.
“മോൾടെ പിറന്നാൾ അല്ലായിരുന്നോ ഇന്നലെ
“അതേ.. മോൾക്കൊരു കേക്ക് വാങ്ങി. പക്ഷേ സന്തോഷത്തോടെ അതൊന്ന് കട്ട് ചെയ്യാനോ, തൃപ്തിയോടെ അതീന്ന് ഒരു കഷ്ണം കഴിക്കാനോ പറ്റിയില്ല ദീപു.
“അത് പിന്നെ എന്നും അങ്ങനെയൊക്കെയല്ലേ. ഇന്നലെ എന്താ ഉണ്ടായേ..?
ദീപ്തിയുടെ സ്വരം ആർദ്രമാകുന്നതറിഞ്ഞപ്പോൾ സന്ധ്യ വിങ്ങിപ്പൊട്ടിപ്പോയി.
“കരയാതെ കാര്യം പറയെടി.”
ഒരു തേങ്ങലോടെ സന്ധ്യ പറഞ്ഞു തുടങ്ങി. അതുവരെ അടക്കി വെച്ച നോവുകൾ ചാറ്റൽ മഴയായി പേമാരിയിലേക്ക് വഴിമാറി.
“നീയിരുന്നു മോങ്ങിക്കോ. അതിനെ നിന്നെക്കൊണ്ട് കഴിയൂ..
സന്ധ്യ പറഞ്ഞു നിർത്തിയതും ദീപ്തി ദേഷ്യം കൊണ്ട് വിറച്ചു പോയി.
“എത്ര തവണ ഞാൻ വിളിച്ചതാ ഇവിടേയ്ക്ക്.അപ്പൊ മോളെ ഒറ്റക്കാക്കി പോരാൻ വയ്യ. എന്നിട്ട് വീണ്ടും വീണ്ടും ആ നാറിയുടെ അടിയും തൊഴിയും കൊള്ളാൻ ചെന്ന് കേറികൊടുക്കും. ഇതിപ്പോ ആദ്യമായിട്ടൊന്നുമല്ലല്ലോ അവൻ നിന്നെ റേപ്പ് ചെയ്യുന്നത്. പെണ്ണുങ്ങളായാൾ അല്പം സെൽഫ് റെസ്‌പെക്ട് വേണമെടി. നിനക്കതില്ല. ഉണ്ടായിരുന്നെങ്കിൽ അവൻ ആദ്യ തവണ വന്നപ്പോൾ തന്നെ അവന്റെ കരണം പുകച്ചിട്ട് ഇറങ്ങി പോന്നേനെ നീ.. ഇതിപ്പോ കണ്ടവന്റെ അടുക്കളയിൽ എച്ചിൽ പാത്രം കഴുകി കിട്ടുന്നതും പിടിച്ചു പറിച്ചു തിന്ന് നടക്കുന്നവനെ മോൾക്ക് വേണ്ടി സഹിച്ചോണ്ട് നടക്കുന്നു. നീയിനി എന്നോട് മിണ്ടണ്ട. എന്നെ വിളിക്കേം വേണ്ട.എവിടേലും പോയി തുലയ്.
ദീപ്തിയുടെ രോഷം അടങ്ങുന്നില്ലയിരുന്നു. അവൾ കാൾ കട്ട് ചെയ്തതറിഞ്ഞിട്ടും സന്ധ്യ ചെവിയിൽ നിന്നും ഫോൺ മാറ്റിയില്ല. ശബ്ദവും കേൾവിയും നഷ്ടപ്പെട്ട് അവൾ മരവിച്ചു പോയിരുന്നു.
തുടരും….