അവൻ തന്റെ മൊബൈൽ ഫോൺ തുറന്ന് ഒരു ഫോട്ടോ കാണിച്ചു, ഒറ്റ നോട്ടത്തിൽ എവിടെയോ കണ്ടപോലെ, സൂം ചെയ്ത്

രചന: സമീർ ചെങ്ങമ്പള്ളി ഏട്ടന്റെ കല്യാണം മുടക്കേണ്ടത് ഇന്നലെ വരെ അമ്മയുടെ മാത്രം ആവശ്യമായിരുന്നു, ഇനി മുതൽ എന്റേതും , അതിന് ഒരു കാരണമുണ്ട്, അത് വഴിയേ […]

രചന: സമീർ ചെങ്ങമ്പള്ളി

ഏട്ടന്റെ കല്യാണം മുടക്കേണ്ടത് ഇന്നലെ വരെ അമ്മയുടെ മാത്രം ആവശ്യമായിരുന്നു, ഇനി മുതൽ എന്റേതും , അതിന് ഒരു കാരണമുണ്ട്, അത് വഴിയേ പറയാം……

ഏട്ടന് മുപ്പത് വയസ്സുവരെ കല്യാണം പാടില്ലത്രേ, അങ്ങനെ സംഭവിച്ചാൽ ദോഷം അമ്മയ്ക്കാകുമെന്ന് പറഞ്ഞത് കുടുംബ ജ്യോത്സനാണ്. അന്ന് മുതൽ അമ്മയുടെ മനസ്സിൽ തീയാണ്, ഇനി എങ്ങാനും അവൻ ഒരു പെണ്ണിനേയും വിളിച്ചുകൊണ്ട് വീട്ടിൽ കയറിയാൽ താൻ വെട്ടിയിട്ട വാഴപോലെ വീഴേണ്ടി വരുമോ എന്ന പേടി,

തികച്ചും സ്വാർത്ഥത മനോഭാവം….

ഒരിക്കൽ അവൻ എന്നോട് നാണം പുരട്ടി ഒരു കാര്യം പറഞ്ഞു, അവനൊരു പെൺകുട്ടിയെ ഇഷ്ടമാണെന്ന്. അവളെ ഉടനെ വിവാഹം കഴിച്ചില്ലെങ്കിൽ അവളുടെ അച്ഛൻ മറ്റേതെങ്കിലും പയ്യനെക്കൊണ്ട് അവളെ കെട്ടിക്കുമത്രേ, ഞാൻ എങ്ങനെയെങ്കിലും അമ്മയെപ്പറഞ്ഞ് സമ്മതം വാങ്ങിക്കാൻ വേണ്ടിയാണ് ഈ ഉരുണ്ടുകളി.

കേട്ടപാതി കേൾക്കാത്ത പാതി എന്റെ ആത്മവീര്യം ഉണർന്നു. അല്ലെങ്കിലും പ്രേമിക്കുന്നവർ ഒന്നിക്കാൻ വേണ്ടി എന്ത് സാഹസത്തിനും തയ്യാറാകുന്ന ഒരു ചെറുപ്പക്കാരനാണ് ഞാൻ….

“എന്തിനും ഏതിനും ഞാൻ ഉണ്ടേട്ടാ, ചേട്ടൻ ചുമ്മാതിരി, അമ്മയെ പറഞ്ഞ് സമ്മതിപ്പിക്കേണ്ട കാര്യം ഞാനേറ്റു, ആട്ടെ ഏതാ ആ കൊച്ച്… “

“താങ്ക്സ് ഡാ, നീ കണ്ടിട്ടുണ്ടാകും അവളെ, നിന്റെ കോളേജിന്റെ അടുത്താ…. “

അവൻ തന്റെ മൊബൈൽ ഫോൺ തുറന്ന് ഒരു ഫോട്ടോ കാണിച്ചു, ഒറ്റ നോട്ടത്തിൽ എവിടെയോ കണ്ടപോലെ, സൂം ചെയ്ത് നോക്കിയപ്പോൾ മുഖം കുറെ കൂടി വ്യക്തമായി…

“ദേ, ഇത് അവളല്ലേ… “

“ഏത്?? ….. “

“ഡാ ദുഷ്ടാ, നിനക്കെന്റെ പെണ്ണിനെ തന്നെ വേണമല്ലേ കെട്ടാൻ, മരമാ-,ക്രി… “

“നിന്റെ പെണ്ണോ, ഇത് ഞാൻ അഞ്ചുകൊല്ലമായി പ്രേമിക്കുന്ന പെൺകുട്ടി ആണ്… “

“കളവ് പറയുന്നെടോ കള്ളാ, പണ്ടേ എന്റെതല്ലാം തട്ടിയെടുത്തല്ലേ നിന്റെ ശീലം, നീ എന്റെ വറുത്ത മീൻ കട്ടെടുത്തതും എന്റെ ഷർട്ടുകൾ മോഷ്ടിച്ചതുമെല്ലാം ഞാൻ ക്ഷമിച്ചിരുന്നു, സ്വന്തം കൂടപ്പിറപ്പല്ലേ എന്ന് കരുതി.പക്ഷെ, ഇത് ഞാൻ ക്ഷമിക്കില്ലെടാ ക-,ള്ളാ… “

“നിനക്ക് ഭ്രാന്താടാ പ-,ട്ടി.. “

ഞങ്ങളുടെ തർക്കം കയ്യാങ്കളിയിലെത്തിയതോടെ അമ്മ അടുക്കളയിൽ നിന്നും ഓടി വന്നു.

“നിർത്തെടാ, എന്താടാ പ്രശ്നം?? … “

“അമ്മേ എന്റെ പൊന്നമ്മേ, ഇവൻ ഏതോ പെണ്ണിനെ കല്യാണം കഴിക്കാൻ പോകുവാണെന്ന്, അങ്ങനെ എന്തെങ്കിലും സംഭവിച്ചാൽ നമ്മുടെ അമ്മയ്ക്കെന്തെങ്കിലും സംഭവിക്കില്ലേ എന്ന് ഞാൻ ചോദിച്ചപ്പോൾ ഈ ദുഷ്ടൻ പറയാ, ആ ത-,ള്ളയ്ക്കെന്തെങ്കിലും സംഭവിച്ചാൽ എനിക്ക് ഒരു ചുക്കൂല്ലാന്ന്…“

എന്റെ ഫസ്റ്റ് ക്ലാസ് വെടി കേട്ടതും അമ്മ വെട്ടിയിട്ട വാഴപോലെ തന്നെ നിലത്തു വീണു.

അമ്മയുടെ വീഴ്ച കണ്ടു വാപൊളിച്ചു ഓടി വന്ന അവന്റെ നേരെ കൈ ചൂണ്ടി ഞാൻ ആക്രോശിച്ചു…

“തൊട്ടുപോകരുതെന്റെ അമ്മയെ, മാതൃ സ്നേഹമില്ലാത്ത ദ്രോ-,ഹി… “

മാതൃ സ്നേഹത്താൽ ഭ്രാന്തനായി മാറിയ എന്റെ പുതിയ അവതാരം കണ്ട് അവൻ തരിച്ചു നിന്നതും ഞാൻ അമ്മയെ പിടിച്ചെഴുന്നേൽപ്പിച്ച് ഒരു വിധം സോഫയിൽ കിടത്തി,

അടുക്കളയിൽ നിന്ന് ഒരു ഗ്ലാസ്‌ വെള്ളം കൊണ്ടുവന്ന് അമ്മയുടെ മുഖത്തേക്ക് തെളിച്ചതും അമ്മ കറന്റു വന്നപോലെ ചാടി എഴുന്നേറ്റു, അവന്റെ അടുത്തേക്ക് ഓടി….

“ദേ ഡാ പൊന്നുമോനെ, അമ്മയുടെ ചക്കരയല്ലേ, നിനക്കൊരു രണ്ടു കൊല്ലം കൂടെ കാത്തിരുന്നിട്ട് പോരെടാ,.. “

അവൻ ഒന്നും മനസ്സിലാകാതെ കിളി പോയി നിൽക്കെയാണ്. അമ്മ അവന്റെ അടുക്കലേക്ക് ചെന്നു. അവന്റെ ശിരസ്സിൽ പതിയെ തലോടിക്കൊണ്ട് കണ്ണുനീർ വാർത്തു കരഞ്ഞു.

“എന്റെ കുഞ്ഞിന്റെ തലയിൽ ഏതോ ബാധ കേറിയിട്ടുണ്ട്, അല്ലെങ്കിൽ അവൻ ഇങ്ങനെയൊന്നും തോന്നില്ല… “

അപ്പോഴും എന്റെ മനസ്സ് നിറയെ ഉത്തരം കിട്ടാത്ത ചോദ്യങ്ങളായിരുന്നു,

ഗീതുവിനെ ഞാൻ പ്രേമിക്കാൻ തുടങ്ങിയിട്ട് കൊല്ലം ഒന്നാകാറായി. ഇതിനിടയിൽ ഞങ്ങൾ തമ്മിൽ പരസ്പരം കാണാത്ത ദിവസങ്ങൾ തന്നെ വിരളമാണ്. ആ ഗീതയുടെ ഫോട്ടോയാണ് ഏട്ടനിപ്പോൾ കാണിച്ചത്.

ഒന്നുകിൽ അവളെന്നെ ഇത്രയും കാലം വഞ്ചിക്കുകയായിരുന്നു, അല്ലെങ്കിൽ കാണാൻ കൊള്ളാവുന്ന പെൺകുട്ടിയെ കണ്ടപ്പോൾ ഏട്ടൻ കള്ളം പറയുന്നു.

സ്വസ്ഥത ഞാൻ നഷ്ടപെട്ട ഞാൻ റൂമിലേക്ക് നടന്നു. അവളെ വിളിച്ച് കാര്യം പറഞ്ഞാലോ എന്നാണ് ആദ്യം കരുതിയത്. എന്റെ ഏട്ടനേയും നീ കറക്കി എടുത്തോ എന്ന് പച്ചയ്ക്ക് ചോദിക്കാൻ ധൈര്യമില്ലാത്തതുകൊണ്ട് അതിന് തുനിഞ്ഞില്ല.

കുറെ നേരം റൂമിൽ ഉലാത്തിയതിന് ശേഷം ഉറങ്ങാൻ കിടന്നു. പക്ഷേ നിദ്ര ദേവി എന്നെ കണ്ട ഭാവം പോലും കാണിച്ചില്ല.

പെട്ടെന്നാണ് എന്റെ മൊബൈൽ ഫോൺ ശബ്ദിച്ചത്.

ഞാൻ ഫോണെടുത്തതും, മറുതലക്കൽ ഒരു പെൺശബ്ദം…

“ഹലോ, വൈശാഖല്ലേ…”

“എന്റെ പേര് ദീപ, ഞാൻ എന്ന് മുതലാടോ തന്റെ കാമുകി ആയത് മരത്തലയാ, നീ എന്നെ ഇതിന് മുമ്പ് കണ്ടിട്ടുണ്ടോ, വിപിന്റെ അനിയനായി പോയി, അല്ലെങ്കിൽ തോന്നിവാസം പറഞ്ഞു പരത്തിയതിന് നിന്റെ ചെകിടടിച്ചു പൊട്ടിച്ചേനെ..”

അപ്പുറത്തെ സ്ത്രീ ശബ്ദം കനത്തതും എന്റെ തൊണ്ടയിലെ വെള്ളം വറ്റി…

“ചേച്ചി പൊറുക്കണം, പറഞ്ഞാൽ വിശ്വസിക്കൂല്ല, ചേച്ചീടെ പോലെ തന്നെ ഒരു കുട്ടിയുണ്ട് മ്മടെ നാട്ടിൽ… “

“എന്നെപ്പോലെയോ, എന്താ അവളെ പേര്???.. “

”ഗീതു എന്നാണ്, ഒരു പാവം കൊച്ചാ… “

“ഓഹോ അതാണല്ലേ, ഇപ്പോൾ കള്ളനെ കിട്ടി, നീ പറഞ്ഞ ആ പാവം കോച്ചിപ്പോൾ ഇവിടെ കൂർക്കം വലിച്ചുറങ്ങുന്നുണ്ട്, എന്റെ അനിയത്തിയാ, ഇതിനിടയിൽ ഇങ്ങനെ ഒരു പരിപാടി നടക്കുന്നുണ്ടായിരുന്നല്ലേ, ശെരിയാക്കി തരാമെടാ”

” അയ്യോ എന്റെ പൊന്നെ, എനിക്കറിയില്ലായിരുന്നുട്ടോ, ഞാൻ അവളെ പൊന്നുപോലെ നോക്കിക്കൊള്ളാം, എന്താലെ ദൈവത്തിന്റെ ഒരു വികൃതികളെ, അല്ലെങ്കിൽ നിങ്ങൾ രണ്ടുപെണ്ണുങ്ങളും ഒരു വീട്ടിലേക്ക് വരില്ലല്ലോ…. “

“അതൊക്കെ നിൽക്കട്ടെ, നീ പറഞ്ഞതെല്ലാം തിരിച്ചെടുത്ത് നിന്റെ അമ്മയെ പറഞ്ഞ് മനസ്സിലാക്കിയില്ലെങ്കിൽ പുന്നാരേ മോനെ എന്റെ വികൃതി എന്താണെന്ന് നീ അറിയും, വെച്ചിട്ട് പോടാ പുല്ലേ… “

ജീവിതത്തിൽ ആദ്യമായാണ് ഒരു പെൺകുട്ടിയുടെ ചീത്ത കേൾക്കുന്നതെങ്കിലും ജീവിതം തിരിച്ചു കിട്ടിയ സന്തോഷമായിരുന്നു മനസ്സ് നിറയെ, ഇനി ഇപ്പോൾ അമ്മയെ എങ്ങനെ പറഞ്ഞു മനസ്സിലാക്കുമെന്ന് ഒരു എത്തും പിടീം കിട്ടണില്ല,

എന്തായാലും വലിയ പ്രശ്നം അവസാനിച്ചല്ലോ എന്നോർത്തുക്കൊണ്ട് ഞാൻ പുതച്ചു മൂടി കിടന്നുറങ്ങാൻ പോയതും പെട്ടെന്നതാ ഏട്ടന്റെ നിലവിളി…

“ഡാ ഓടി വാടാ, അമ്മയിതാ കയറെടുത്ത് റൂമിലേക്ക് പോണു… “

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top