പറയുമ്പോൾ എല്ലാം ആദ്യം തന്നെ പറയണമല്ലോ?? കല്യാണം കഴിഞ്ഞ് ജോലിക്ക് പോകുന്നത് പ്രയാസമാകും..

എഴുത്ത്: ഗായത്രി ഗോവിന്ദ് “അച്ഛാ എന്തൊക്കെ പറഞ്ഞാലും ഞാൻ ഈ വിവാഹത്തിന് സമ്മതിക്കില്ല.. ജോലിയിൽ കയറിയിട്ട് ആറു മാസം പോലും ആയില്ല.. എനിക്കു ഒന്നു സേറ്റിൽഡ് ആയ […]

എഴുത്ത്: ഗായത്രി ഗോവിന്ദ്

“അച്ഛാ എന്തൊക്കെ പറഞ്ഞാലും ഞാൻ ഈ വിവാഹത്തിന് സമ്മതിക്കില്ല.. ജോലിയിൽ കയറിയിട്ട് ആറു മാസം പോലും ആയില്ല.. എനിക്കു ഒന്നു സേറ്റിൽഡ് ആയ ശേഷം മതി വിവാഹം..”

“ശരി മോളെ.. പക്ഷേ വരാമെന്ന് പറഞ്ഞവരോട് എങ്ങനെയാ ഇനിയും വിളിച്ചു വരേണ്ട എന്നു പറയുന്നത്.. അവർ വന്നു കണ്ടിട്ട് പൊയ്ക്കോട്ടേ. “

“കണ്ടിട്ട് പോവുകയെയുള്ളൂ..” രാധിക മുഖം വെട്ടിച്ചു അകത്തേക്ക് പോയി.. ഇപ്പോഴും അവളുടെ അമ്മയുടെ മുഖം കടന്നൽ കുത്തിയ കണക്കിന് വീർത്തിരുന്നു…

“രാജേട്ടൻ ആണ് ഇവളെ ഇങ്ങനെ വഷളാക്കുന്നത്.. നമ്മുടെ ഒരു വിധി അല്ലാതെ എന്താ.. രണ്ടു പെണ്മക്കളുടെയും ജാതകത്തിൽ ചൊവ്വാ ദോഷം.. ഇവളുടെ നടന്നിട്ട് വേണ്ടേ ഇളയവളുടെ കല്യാണം ആലോചിക്കാൻ.. അവളുടെ ക്ലാസും കഴിയാറായി..”

“നീ ഇങ്ങനെ ഒച്ച വയ്ക്കാതെ ഇന്ദു.. എന്തായാലും അവർ വന്നു കണ്ടിട്ട് പോകട്ടെ.. ബാക്കി കാര്യങ്ങൾ പിന്നീട് നോക്കാം..”

അവര് പിറുപിറുത്തുകൊണ്ട് അടുക്കളയിലേക്ക് പോയി..

അടുത്ത ദിവസം തന്നെ ചെക്കനും കൂട്ടരും രാധികയെ കാണാനായി എത്തി.. അച്ഛൻ പറഞ്ഞത് അനുസരിച്ചു അവൾ ചായയുമായി എല്ലാവർക്കും മുൻപിൽ എത്തി.. പയ്യന്റെയും വീട്ടുകാരുടെയും മുഖത്ത് നിന്നും തന്നെ വ്യക്തമായിരുന്നു അവർക്ക് അവളെ ഇഷ്ടമായി എന്ന്..

“ചേട്ടൻ കാണാൻ അടിപൊളിയാണല്ലോ ചേച്ചി..” രാധികയുടെ അനിയത്തി ഋതിക അവളോട്
ചെവിയിൽ പറഞ്ഞു..രാധിക അവളെ ദഹിപ്പിക്കുന്ന ഒരു നോട്ടം നോക്കി.

ഇനിയും ചെക്കനും പെണ്ണും എന്തെങ്കിലും സംസാരിക്കട്ടെ അല്ലേ?? പയ്യന്റെ അമ്മാവനാണ് പറഞ്ഞത്.. രാധിക അച്ഛനെ വേണ്ട എന്നർത്ഥത്തിൽ കണ്ണു കൊണ്ടു ആംഗ്യം കാണിച്ചു.. അപ്പോഴേക്കും അവിടെ ഉണ്ടയിരുന്നവർ എല്ലാം എഴുന്നേറ്റിരുന്നു.. എല്ലാവരും പുറത്തു പോയി പിന്നാലെ രാധികയുടെ അച്ഛനും പുറത്തേക്ക് പോയി

“ഇരിക്കൂ..” അയാൾ അവളോടായി പറഞ്ഞു.രാധിക അയാൾക്ക് എതിർവശം ഇരുന്നു..

” രാധിക എന്നാണ് പേരല്ലേ?? എന്റെ പേര് ആനന്ദ്.. വർക്ക് ചെയ്യുന്നുണ്ടല്ലേ?? “

“അതേ..ഇൻഫോസിസിൽ ആണ് ജോലി.. പിജി കഴിഞ്ഞു ജോലിക്ക് കയറിയതേയുള്ളൂ.. ആറുമാസമായി.. “

” അവധിക്കു വന്നതാണോ ഇപ്പോൾ?? “

“ഹ്മ്മ്.. അത്യാവശ്യ കാര്യം എന്തോ ഉണ്ടെന്ന് പറഞ്ഞു അമ്മ വിളിച്ചു വരുത്തിയതാണ്..”

” ഹ..ഹ..ഹ..”അയാൾ ഉറക്കെ ചിരിച്ചു.

“കല്യാണവും അത്യാവശ്യകാര്യമല്ലേ?? നമ്മൾ ചൊവ്വാ ദോഷക്കർക്ക് ഏറ്റവും പ്രയാസവുമുള്ള കാര്യം അല്ലേ??” രാധിക ഒന്നും മിണ്ടിയില്ല…

“പറയുമ്പോൾ എല്ലാം ആദ്യം തന്നെ പറയണമല്ലോ?? കല്യാണം കഴിഞ്ഞ് ജോലിക്ക് പോകുന്നത് പ്രയാസമാകും.. എനിക്ക് എന്റെ വീടിന്റെ അടുത്ത് തന്നെയാണ് ജോലി.. താൻ ഇത്രയും ദൂരം പോയി ജോലി ചെയ്യേണ്ട ആവശ്യമില്ല.. നമ്മുക്ക് അടുത്ത് വല്ലതും കിട്ടുമോ എന്ന് നോക്കാം..”

രാധിക മറുപടി പറയാതെ ഇരുന്നതേയുള്ളു..

“താൻ എന്താ ഒന്നും പറയാത്തത്??”

“Let me think.. ” അപ്പോഴേക്കും മറ്റുള്ളവർ അകത്തേക്ക് വന്നു.. കുറച്ചു നേരം കൂടി ഇരുന്ന ശേഷം എല്ലാവരും യാത്ര പറഞ്ഞു മടങ്ങി..

“എന്ത് നല്ല പയ്യൻ അല്ലേ??” ഇന്ദു പറയുന്നത് കേട്ട് രാധികയുടെ മുഖം ചുവന്നു..

“അതേ അമ്മാ ഒരു ഫിലിം സ്റ്റാറിനെ പോലെയുണ്ട്..” ഋതിക പറഞ്ഞു

“അച്ഛാ.. അച്ഛൻ പറഞ്ഞിട്ട് വന്നവർ ആയതുകൊണ്ടാണ് ഞാൻ അയാളോട് മറുത്തൊന്നും പറയാഞ്ഞത്.. ജോലിക്ക് പോകാൻ അനുവദിക്കുന്ന ഒരാൾ ആയിരുന്നുവെങ്കിൽ അയാളോട് ഇത്തിരി ബഹുമാനം എങ്കിലും തോന്നിയേനെ.. ഇനിയും ഈ ആലോചന മുൻപോട്ട് കൊണ്ടുപോകാനാണ് പ്ലാൻ എങ്കിൽ ഞാൻ ഇങ്ങോട്ട് വരില്ല അച്ഛാ.. “

“രാധു.. നിന്റെ ഇഷ്ടം നോക്കാതെ അച്ഛൻ നിന്നെ നിർബന്ധിക്കുമെന്ന് തോന്നുന്നുണ്ടോ??”

അവൾ തല കുനിച്ചു..

“ഇല്ലല്ലോ.. അകത്തേക്ക് പോ..”

അവൾ റൂമിലേക്ക് പോയി..

“രാജേട്ടാ… എത്ര ആലോചന വന്നിട്ടാ ഒരെണ്ണം ശരിയാവുന്നത്.. എന്ത് കഷ്ടമാണ്.. ഈ ചൊവ്വാ ദോഷം” പറഞ്ഞു മുഴുവപ്പിക്കാൻ അയാൾ ഇന്ദുവിനെ അനുവദിച്ചില്ല

“മതി നിർത്തു.. ഞാൻ ഒരു ശാസ്ത്ര അധ്യാപകൻ ആണ് ഇന്ദു.. ചൊവ്വയും ബുധനും എന്നൊക്കെ പറഞ്ഞു അവളുടെ ഇഷ്ടങ്ങളെ എതിർക്കാൻ എനിക്ക് കഴിയില്ല.. മക്കളുടെ കാര്യത്തിൽ അവരുടേതാണ് അവസാന തീരുമാനം..”

ഇന്ദു ഒന്നും പറയാതെ അകത്തേക്ക് പോയി..

വൈകുന്നേരം ബ്രോക്കർ വിളിച്ചപ്പോൾ രാധികയുടെ ഇഷ്ടക്കേട് അയാളെ അവർ അറിയിച്ചു.. ഏറെ സമയത്തിന് ശേഷം വീണ്ടും ബ്രോക്കർ വിളിച്ചു..

” അതെ ഇളയ കുട്ടിക്കും ചൊവ്വാദോഷം ഇല്ലേ.. ആ മോൾക്ക് വേണ്ടി ആലോചിച്ചാലോ.. നല്ല കൂട്ടരണ്.. “

“അവളുടെ ക്ലാസ്സ്‌ കഴിയാൻ രണ്ടു മാസം കൂടിയുണ്ട്… അതുമാത്രമല്ല മൂത്ത കുട്ടി നിൽക്കുമ്പോൾ ഇളയ ആളെ..”

“കല്യാണം ഒക്കെ പതിയെ മതിയെന്നെ.. നമ്മുക്ക് ഉറപ്പിച്ചു നിർത്താലോ.. ചെക്കൻ വീട്ടുകാർ തന്നെയാണ് ഇങ്ങനെ ഒരു അഭിപ്രായം പറഞ്ഞത്.. പിന്നെ മൂത്ത ആളുടെ നോക്കി നിന്നു ഇളയ ആൾക്കും നല്ലൊരു ജീവിതം കിട്ടാതെ ആവരുത്..”

ഭക്ഷണം കഴിക്കാൻ ഇരുന്നപ്പോൾ രാജീവൻ എല്ലാവരോടുമായി ബ്രോക്കർപറഞ്ഞ കാര്യങ്ങൾ പറഞ്ഞു..

ഇന്ദുവിന് മനസ്സിൽ വിഷമം ആയിരുന്നു മൂത്ത കുട്ടി നിൽക്കുമ്പോൾ ഇളയ ആളുടെ കല്യാണം നടത്തുക എന്നുള്ളത്.. പക്ഷേ ഋതികയുടെ മുഖത്ത് സന്തോഷം നിറഞ്ഞു..

“ചേച്ചി നിൽക്കുമ്പോൾ അനിയത്തിയുടെ കല്യാണം അതോർക്കുമ്പോൾ.. ” ഇന്ദു പരുങ്ങി

“ആഹ് ഈ ചേച്ചി കെട്ടിയിട്ടു കല്യാണം കഴിക്കാൻ നിന്നാൽ എന്റെ മൂക്കിൽ പല്ല് വരും.. “

അറിയാതെ ഋതികയുടെ നാവിൽ നിന്നും വന്നു..

“അച്ഛാ എനിക്കു അങ്ങനെയൊരു പ്രശ്‌നമേയില്ല.. ഇവൾക്ക് ഇഷ്ടമാണെങ്കിൽ നടത്തിക്കോ… ഇവളുടെ ഇഷ്ടമാണ് പ്രധാനം.. എന്റെ life എനിക്ക് ചൂസ് ചെയ്യാമെങ്കിൽ ഇവളുടെ life ഇവൾക്കും തിരഞ്ഞെടുക്കാമല്ലോ… പക്ഷേ ഋതു കഥകളിലെയും സിനിമയിലെയും പോലെ ഒന്നുമല്ല ജീവിതം.. സ്വന്തം കാലിൽ നിന്നിട്ട് കല്യാണം കഴിച്ചാൽ നാളെ എന്തെങ്കിലും പ്രശ്നം വന്നാൽ നിനക്ക് എളുപ്പത്തിൽ ഫേസ് ചെയ്യാൻ കഴിയും..”

“ഓഹ് തുടങ്ങി ഉപദേശം.. “

“അവൾ പറയുന്നത് ശരിയാണ് മോളെ..”

“രാജേട്ടന് അല്ലെങ്കിലും അവൾ എന്തു പറഞ്ഞാലും ശരിയാണ്.. “

പിന്നെ അയാൾ ഒന്നും പറഞ്ഞില്ല..

ഋതികയുടെ കല്യാണം ആനന്ദുമായി ഉറപ്പിച്ചു..അവളുടെ കോഴ്സ് കഴിഞ്ഞതും ഇരുവരും തമ്മിലുള്ള വിവാഹവും നടത്തി.. വിവാഹ ദിനത്തിൽ ബന്ധുക്കളും നാട്ടുകാരും എല്ലാം രാധികയെ സഹതാപത്തോടെ നോക്കുകയും അടക്കം പറയുകയും ഒക്കെ ചെയ്യുന്നുണ്ടായിരുന്നു.. അവൾ അതൊന്നും ശ്രെദ്ധിക്കാനേ പോയില്ല…

🌸🌸🌸🌸🌸🌸

വർഷങ്ങൾക്ക് ശേഷം..

നാളെയാണ് രാധികയുടെ വിവാഹം.. എല്ലാവരും ഉണ്ട് വീട്ടിൽ.. ഋതു മാത്രം റൂമിൽ കയറി കതക് അടച്ചിരിക്കുകയാണ്..

ആനന്ദുമായി ജീവിതം ആരംഭിച്ചു കുറച്ചു നാൾ കഴിഞ്ഞപ്പോൾ തന്നെ പ്രശ്നങ്ങൾ ഉണ്ടാവാൻ തുടങ്ങി.. പരസ്പരം അംഗകരിക്കാനോ സ്നേഹിക്കാനോ ഇരുവർക്കും കഴിയില്ല എന്നായപ്പോൾ ബന്ധം വേർപ്പെടുത്താൻ തീരുമാനിച്ചു.. അതിനും ആ അച്ഛനാണ് ഓടി നടന്നത്.. പക്ഷേ ബന്ധം അവസാനിക്കുമ്പോൾ അവരുടെ ഇടയിൽ ഒരു നാല് വയസ്സുകാരി ഉണ്ടായിരുന്നു.. ഋതികയുടെ ഭാഗ്യമോ ആ കുട്ടിയുടെ നിർഭാഗ്യമോ ആവാം ഒരിക്കൽ പോലും ആനന്ദ് കുട്ടിയെ കാണണം എന്ന ആവശ്യം ഉന്നയിച്ചു വന്നിട്ടില്ല.. അതിൽ നിന്നും മനസിലാക്കാം അയാളുടെ സ്നേഹം..

“ഋതു.. കതക് തുറക്ക്.. “

രാധികയുടെ ശബ്ദം കേട്ട് ഋതു വന്നു കതക് തുറന്നു..

“നീ എന്താ മോളെ താഴേക്ക് വരാത്തത് എല്ലാവരും താഴെയുണ്ട്.. ഇവിടെ കതക് അടച്ചിരുന്നാൽ അവരൊക്കെ എന്ത് കരുതും..”

“എനിക്ക് വയ്യ ചേച്ചി.. എല്ലാവരെയും ഫേസ് ചെയ്യാൻ നല്ല ബുദ്ധിമുട്ട്.. ജീവിതത്തിൽ തോറ്റു പോയ എന്നെ കാണുമ്പോൾ അവരൊക്കെ എന്തെങ്കിലും പറയും.. സഹതാപത്തോടെ നോക്കും.. എനിക്ക് വയ്യ അങ്ങനെയൊക്കെ കാണാൻ.. “

“നീ എത്ര നാൾ ഇങ്ങനെ മറ്റുള്ളവരിൽനിന്ന് ഓടിയൊളിക്കും.. അതിന് എന്ത് തെറ്റാണ് നീ ചെയ്തത്..വീട്ടുകാരും നാട്ടുകാരും എന്ത് പറയും എന്നോർത്ത് ജീവിക്കാൻ തുടങ്ങിയാൽ ജീവിക്കാൻ നേരം ഉണ്ടാവില്ല.. ഞാൻ നിക്കുമ്പോൾ നിന്നെ കല്യാണം കഴിപ്പിച്ചാൽ മറ്റുള്ളവർ എന്ത് കരുതും എന്ന് ഞാൻ ഓർത്തിരുന്നുവെങ്കിൽ.. എന്റെ സ്വപ്‌നങ്ങൾ ഒക്കെ എന്തായേനെ.. എനിക്ക് ഇന്നു ഈ പൊസിഷനിൽ എത്താൻ കഴിയുമായിരുന്നോ.. വിജയിയെ പോലെ ഒരു ഫ്രണ്ടിനെ കിട്ടുമായിരുന്നുവോ? അവനെ നല്ല പാതിയായി കിട്ടുമായിരുന്നോ?? മറ്റുള്ളവർക്ക് വേണ്ടി ജീവിക്കാതെ നിനക്കായി ജീവിക്കു.. ഒരു ജോലി നേടി മകൾക്ക് നല്ല വിദ്യാഭ്യാസവും അറിവും നൽകു.. ജീവിതത്തിൽ നിന്നെ മനസിലാക്കാൻ കഴിയുന്ന ഒരാളെ കണ്ടെത്തുവാണെങ്കിൽ ജീവിതത്തിലേക്ക് കൂട്ടാനും മടിക്കേണ്ട… Live for you.. “

ഋതു രാധികയെ മുറുകെ പുണർന്നു..

അവസാനിച്ചു

🖋ഗായത്രി ഗോവിന്ദ്

കഥ ഇഷ്ടപെട്ടാൽ ലൈക്കും കമന്റും ചെയ്യാൻ മറക്കല്ലേ…

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top