ചിത്രശലഭങ്ങൾ
എഴുത്ത്: സെബിൻ ബോസ്
=====================
“” അപ്പുറത്തെ ആ അടച്ചിട്ട വീടില്ലേ..അതാരോ മേടിച്ചു കേട്ടോ. അവിടെ ന്തൊക്കെയോ പണി നടക്കുന്നുണ്ട് “”””
“””പിന്നെ ആ ഗോമതി ചേച്ചീടെ മരുമോൾ ഇല്ലേ?….. അവൾ ഒരു ബംഗാളീടെ കൂടെ ഒളിച്ചോടി പോയി.. അത് ഞാൻ നേരത്തെ വിചാരിച്ചതാ. ഏത് നേരവും ആ പെണ്ണ് മൊബൈലിൽ തോണ്ടിക്കൊണ്ടു ഇരിപ്പാ…””
കടയടച്ചു വീട്ടിലേക്ക് വന്ന അരുൺ ഊണ് കഴിക്കുന്നതിനിടെ, ജിഷ പറയുന്നതെല്ലാം മൂളി കേൾക്കുന്നുണ്ടായിരുന്നു .
“”ഏതു സമയോം മൊബൈൽ. അതിലെന്താ ഈ ഇരിക്കുന്നെ. രാത്രി പാതിരായ്ക്ക് കേറിവരും .ഒന്ന് മിണ്ടാൻ കൂടെ സമയമില്ല””.പാത്രമൊക്കെ കഴുകി വന്ന ജിഷ സോഫയിലിരുന്നു ടിവി ഓണാക്കി ന്യൂസും വെച്ച് , തന്റെ മൊബൈലിൽ മെസ്സേജുകൾ നോക്കിക്കൊണ്ടിരുന്ന അരുണിന്റെ കയ്യിൽ നിന്ന് മൊബൈൽ പിടിച്ചു വാങ്ങി .
“” ശെരി.. നീ പറ””
“” ആ…ലീല ചേച്ചീടെ മോൾടെ ഉറപ്പിച്ച ആ കല്യാണമില്ലേ അത് മുടങ്ങി.””
“” അയ്യോ… അത് വലിയ കഷ്ടമായല്ലോ. പാവം. ..””
“” എന്ത് പാവം.. അതിന്റെ വേഷോം ഭാവോം കാണണം…. കോലേക്കെറി. അമ്മ കൂലിപ്പണി ചെയ്താണ് അവളെ പഠിപ്പിക്കുന്നത്. അവളാണേൽ ഫാഷൻ ഡ്രെസ്സെ ഇടൂ..””
“”അമ്മ കൂലിപ്പണിയാണെന്നു കരുതി പിന്നെ തുണിയുടുക്കാതെ നടക്കണോ ജിഷേ.? . കൂലിപ്പണിക്കാരുടെ മക്കൾക്ക് യൂണിഫോം വല്ലതുമുണ്ടോ? ..ആ കുട്ടിക്കൊരു ജോലിയില്ലേ ? .അപ്പോൾ വൃത്തിക്ക് പോയില്ലേൽ പറ്റുമോ ? “”അരുൺ വീണ്ടും ഫോണെടുത്തു.
“” വന്നു കഴിഞ്ഞാൽ ഫോണും കൊണ്ടിരിക്കും. മിണ്ടാൻ പോലും സമയമില്ല. എതവളാ അതിലിരിക്കുന്നെ..””
“” ജീഷേ …ആവശ്യമില്ലാത്തത് പറയരുത് . ഓരോ സീരിയലും പരദൂഷണവും കേട്ട് എല്ലാം അങ്ങനെയാണന്നു ധരിക്കരുത് . ഞാൻ വരുമ്പോ നീ സീരിയലിലാ . സീരിയലും പണികളും കഴിഞ്ഞു ഞാനിരിക്കുമ്പോൾ നീ പറയുന്നത് ഒക്കെ വേണ്ടാത്ത കാര്യങ്ങളും . . ഗോമതി ചേച്ചീടെ മരുമോള് ഒളിച്ചോടി പോയത് നമ്മളെ ബാധിക്കുന്ന കാര്യമല്ല. പിന്നെ ലീലാമ്മ ചേച്ചീടെ മകളുടെ കല്യാണം മുടങ്ങിയത്. ഇതു രണ്ടും …നീ അവരുടെ വിഷമത്തിൽ പങ്കുചേരുവല്ലല്ലോ… ഏതാണ്ട് സന്തോഷം പോലെയല്ലേ പറഞ്ഞത്. അന്യന്റെ അടുക്കള പുറത്തേക്ക് നോക്കാതെ നമ്മുടെ കാര്യം വല്ലതുമാണേൽ ഞാൻ കേട്ടിരിക്കാം. നാളെ കടയിലേക്ക് ചരക്ക് എടുക്കുന്നതോ.. അല്ലെങ്കിൽ നിന്റെ അനിയത്തിയെ ഇനിയേത് കോഴ്സ് പഠിപ്പിക്കണോന്നോ മറ്റോ. അല്ലാതെ മറ്റുള്ളവരുടെ കുറ്റങ്ങളും കുറവുകളും മറ്റും കേട്ടിട്ട് നമുക്കെന്ത് കാര്യം ? അവരുടെ വീട്ടിൽ ഒരു കുഞ്ഞുണ്ടായി എന്നോ പോലെയുള്ള നല്ല വാർത്തകളൊന്നും അല്ലല്ലോ ഇതൊന്നും . “””” അരുൺ അവസാനം പറഞ്ഞത് കേൾക്കാൻ നിൽക്കാതെ ജിഷ ചവിട്ടിത്തുള്ളി അകത്തേക്ക് പോയിരുന്നു
അരുൺ മുറിയിൽ ചെന്നപ്പോഴേക്കും അവൾ ജിഷ കിടന്നിരുന്നു .. ചെരിഞ്ഞു കിടക്കുന്ന അവളുടെ നെറ്റിയിൽ ഒരുമ്മ കൊടുത്തപ്പോൾ ജിഷയാ കൈ തട്ടിമാറ്റി
”’വേണ്ട ..എന്നോട് മിണ്ടണ്ട . ഞാൻ മിണ്ടുന്നതെല്ലാം കുറ്റമല്ലേ “‘
”എന്റെ ജീഷേ …ഞാൻ അങ്ങനെ പറഞ്ഞതാണോ ? എടീ ആവശ്യത്തിന് ടെൻഷനും മറ്റുമുണ്ട് നമുക്ക് . കടയിൽ തീരെ കച്ചവടമില്ല . ഓരോ ദിവസവും കുറയുന്നു . ലോണും മറ്റും അടക്കാനും ചരക്ക് എടുക്കാനുമൊക്കെയുള്ള ടെൻഷനിലാ കടയിലിരിക്കുന്നെ . വീട്ടിൽ വരുമ്പോഴാണ് ഒരാശ്വാസം കിട്ടുന്നത്. .അപ്പൊ നീ കൂടെയിങ്ങനെ തുടങ്ങിയാലോ . ?” അരുൺ ജിഷയെ ചേർത്തുപിടിച്ചു .
ഉണ്ണിക്കുട്ടൻ പോയിട്ടിപ്പോൾ വർഷം ഒന്നാകുന്നു . അവന്റെ വിയോഗം അവളെ അധികം ബാധിക്കാത്തത് ഉണ്ണിക്കുട്ടന്റെ അസുഖം കൊണ്ടായിരിക്കും . എന്നാലും തനിച്ചായതിൽ പിന്നെ അവളുടെ സ്വാഭാവത്തിൽ പ്രകടമായ വ്യത്യസം കാണാൻ തുടങ്ങിയിരുന്നു. തൊട്ടതിനും പിടിച്ചതിനുമൊക്കെ കുറ്റം . . ഒരു കുഞ്ഞിനെ കൂടി ദൈവം തന്നിരുന്നേൽ.. അവളും താനും പ്രാർത്ഥിക്കാത്തതോ അതിനായി ശ്രമിക്കാത്തതോ അല്ലല്ലോ.
അരുൺ രാവിലെ എണീറ്റപ്പോൾ ജിഷ പതിവ് പോലെ പള്ളിയിലേക്ക് പോയിരുന്നു. അന്ന് വൈകിട്ട് അരുൺ വന്നപ്പോൾ അവൾക്കൊരു സന്തോഷവർത്തമാനം പറയാനുണ്ടായിരുന്നു .
“” അതേയ്.. പുതിയ വീട്ടുകാര് വന്ന് വീട് കണ്ടിട്ട് പോയി കേട്ടോ. നല്ലൊരു പെണ്ണും അതിന്റെ മോളും. “”
“” ആഹാ ..നിനക്ക് കൂട്ടായല്ലോ .”” അരുണിനും അതൊരു സന്തോഷം നൽകി.
എന്നാൽ പിറ്റേന്ന് ജിഷക്ക് പറയാൻ ഉണ്ടായിരുന്നത് അത്ര നല്ല കാര്യമായിരുന്നില്ല
“” അതേയ്… അവരവിടെ വല്യ മതില് പണിയുന്നു.. നമ്മളെന്താ പിടിച്ചു പറിക്കാരും കൊള്ളക്കാരുമാണോ. കാശിന്റെ അഹങ്കാരം.””,
അരുൺ അതിനൊന്നും മിണ്ടിയില്ല. ഒരാഴ്ചക്ക് ശേഷം പുതിയ അയൽവക്കംകാരെത്തിയെന്നു അരുൺ ജിഷ പറഞ്ഞറിഞ്ഞു .
“”അതേയ്… അവരത്ര നല്ല കൂട്ടാരല്ല കേട്ടോ.”””
“” ആര്…?””
“” ആ സ്ത്രീ. ആ പെങ്കൊച്ചിനെ അവിടെ തനിച്ചാക്കിയിട്ടാണ് അവള് പോകുന്നത്. രാത്രി ഓരോ ആൾക്കാര് കൊണ്ടൊന്ന് വിടും””
“” നീയവരെ പരിചയപ്പെട്ടോ…?””
“” ഞാനോ.. എന്റെ പ*;ട്ടി പോകും പരിചയപ്പെടാൻ. നമ്മളോട് പരിചയപ്പെടാൻ ഇഷ്ടമില്ലാഞ്ഞിട്ടല്ലേ അവര് വല്യമതില് കെട്ടിയെക്കുന്നെ..””
“” അതേയ്….ആ സ്ത്രീ ഓരോ ദിവസവും ഓരോരുത്തരുടെ കാറിലാണ് വരുന്നേ…അവരുടെ ഈ സ്വഭാവം കൊണ്ടാരിക്കും അവൾടെ കേട്ട്യോൻ ഉപേക്ഷിച്ചു പോയേ. അയാളെ അവിടെ കാണുന്നില്ല . ഇവര് രണ്ടും തന്നെയേ ഉള്ളൂ ..””’ .
””’ അതേയ്.. ഇന്ന്ആ പെങ്കൊച്ചു ആ മുറ്റത്തൂടെ നടപ്പുണ്ടായിരുന്നു. ഞാനൊന്ന് ചുമച്ചിട്ടും അവൾ തിരിഞ്ഞു നോക്കിയതല്ലാതെ ഒന്ന് ചിരിച്ചു പോലുമില്ല. അതെങ്ങെനെ യാ ആ തള്ളേടെയല്ലേ മോള്…. അഹങ്കാരം “”ദിവസവും അരുണിനോട് പറയാൻ അയലത്തെ ഓരോ വിശേഷം ജിഷക്കുണ്ടായിരുന്നു .
“” നീയവരെ പരിചയപ്പെട്ടോ. “”
“” എന്നാത്തിന് ? ..അവര് നമ്മുടെ നാട്ടിൽ വന്നിട്ട് ഇങ്ങോട്ട് വന്നല്ലേ പരിചയപെടണ്ടേ.? അവരിങ്ങോട്ട് വരട്ടെ “‘ ജിഷ മുഖം വീർപ്പിച്ചു .
”എടീ ഇതുപോലെയല്ലേ അവരും ചിലപ്പോൾ ചിന്തിക്കുക .നമ്മൾ ചെയ്യാനുള്ളത് നമ്മൾ ചെയ്യണം . വെളുപ്പിനെ പോയാൽ പിന്നെ വൈകിട്ട് വരുന്ന ഞാനിതുവരെ അവരെ കണ്ടിട്ടുപോലുമില്ല . നീ പറഞ്ഞത് നോക്കുമ്പോ ആ കൊച്ചവിടെ തനിച്ചല്ലേ . നീ ചെന്ന് പരിചയപ്പെട് , നിനക്കും അവർക്കും ഒരു കൂട്ടാകും. എന്തേലും വന്നാലൊന്നോടി വരാൻ അവരല്ലേ ഏറ്റവുമടുത്ത അയൽവക്കം .നമ്മളൊന്ന് താഴ്ന്നു കൊടുത്തെന്ന് വെച്ച് മാനമിടിഞ്ഞു വീഴത്തൊന്നുമില്ല”” “‘
“‘ പിന്നെ .. എന്നിട്ട് വേണം ആ പെണ്ണുമ്പുള്ളേടെ കൂടെ കൂടിയെന്ന് പറഞ്ഞു നാട്ടുകാരൊരൊന്ന് പറഞ്ഞു നടക്കാൻ .ഇപ്പ തന്നെ ആ ലീല ചേച്ചിയും രാജമ്മ ചേച്ചിയുമൊക്കെ പറയുന്നത് കേൾക്കണം “‘
“‘എന്തെന്ന് ?””
“” അണിഞ്ഞൊരുങ്ങി നടന്നാൽ മതിയല്ലോ കാശുകിട്ടും , ഇക്കൂട്ടരൊക്കെ നാട്ടിൽ വന്നാൽ നമ്മുടെ നാട് കൂടി മുടിഞ്ഞുപോകത്തേയുള്ളെന്ന് “‘
”ആണോ ..എന്നാൽ നീ പോകണ്ട . അവരൊക്കെ പരിചയപ്പെട്ടു കാണും അല്ലെ ?”‘
“” ഹേ ഇല്ല ..എല്ലാരും കാണുന്നതല്ലേ രാവിലെ ഒരു കാറിൽ കേറി പോകുന്നതും വിലകൂടിയ കാറിൽ രാത്രി വരുന്നതും . ഓരോ ദിവസോം വേറെ വേറെ ആൾക്കാരാ “‘
:”” ജീഷേ ..നിനക്ക് ശെരിക്കറിയാമെങ്കിലേ പറയാവൂ .അല്ലാതെ നാട്ടുകാരൊരൊന്ന് പറയുന്നത് കേട്ട് വിളിച്ചു കൂവി നടക്കരുത് . ഇവരൊന്നും അവരെ പരിചയപ്പെട്ടിട്ടില്ല . അവരെങ്ങോട്ടാ പോകുന്നെന്ന് അറിയത്തില്ല . “‘
“‘ ഓ ..ഞാമ്പറഞ്ഞതാ ഇപ്പ കുറ്റം . ഞാൻ നിങ്ങളോടല്ലേ പറഞ്ഞുള്ളൂ .”‘
“‘അതെങ്ങനാ വല്യ മതിലും കെട്ടി അകത്തു ഒളിച്ചിരുന്നാൽ പരിചയപ്പെടാൻ ആള് വരുന്നേ . അവരുടെ ഒന്നും നമുക്ക് വേണ്ട . ആ കിണറൊക്കെ മൂടിപ്പൊതിഞ്ഞു വെച്ചേക്കുവാ . ഇന്നലെ ഒരു പിച്ചക്കാരൻ ഗേറ്റിൽ വന്നിട്ട് ആ പെങ്കൊച്ചൊന്നും കൊടുത്തില്ല . ആ പെങ്കൊച്ച് ഗേറ്റിന് മുന്നിൽ തന്നെയുണ്ടായിരുന്നു . ഞാൻ നൂറു രൂപ കൊടുത്തു “‘
“‘പിച്ചക്കാരനോ ? നൂറു രൂപയോ ..എന്റെ ദൈവമേ “‘അരുൺ ചങ്കത്തു കൈ വെച്ച് പോയി .
“‘എടീ ..അയാൾക്ക് ഒരു വീട്ടിൽ നിന്ന് കുറഞ്ഞത് പത്തുരൂപ കിട്ടും . ഒരു മുപ്പത് വീട്ടിൽ നിന്നാകുമ്പോ മുന്നൂറു രൂപ . ഞാനിവിടെ വെളുപ്പിനെ കടതുറന്നുകുത്തിപ്പിടിച്ചിരുന്നാലാ അത്രേം ഉണ്ടാക്കുന്നെ . ഒന്നാമത് കച്ചോടമില്ല .”‘
“‘ഇല്ലാത്തവർക്കല്ലേ …ദാനം ചെയ്താൽ പുണ്യം കിട്ടും . ..അതിനും കുറ്റം പറഞ്ഞോ “‘
“‘ നീ അയാൾക്ക് വേണ്ട ആഹാരം കൊടുത്തോ … കുഴപ്പമില്ല . നമ്മളെ പോലെയുള്ള സാധാരണക്കാരായ ആളുകൾക്ക് ദിവസം ഇരുനൂറ്റിയമ്പത് രൂപ പോലും വേണ്ട .ചിലവിന് . ഒരു കുഞ്ഞൊക്കെ ഉണ്ടേൽ പിന്നെ അവരുടെ പഠനച്ചിലവും ഒക്കെയായിട്ട് വേണം . ഇതുപോലെയുള്ള ആളുകളെ പ്രോത്സാഹിപ്പിക്കരുത് . പത്തുവീട്ടിൽ നിന്നും ആഹാരം മാത്രം കിട്ടിയാൽ അവർ പിന്നെ വരില്ല . ഭിക്ഷാടന മാഫിയ കുറയും . കേട്ടിട്ടില്ലേ പിള്ളേരെ വരെ തട്ടിക്കൊണ്ട് പോയി പിച്ചയെടുപ്പിക്കും . അതെങ്ങനാ നിനക്ക് ആ പെങ്കൊച്ചിനെ കാണിച്ചു പൈസ കൊടുക്കണം , ആളാകണം . “‘
“‘ ഓ …ഞാൻ കിടക്കാൻ പോകുവാ . രാവിലെ പള്ളീൽ പോണം “” ജിഷ മുഖം വീർപ്പിച്ചു കിടന്നു .
” ഇന്നൊണ്ടല്ലോ ..അവള് പോയില്ല “‘
”’ആര് ?”
“‘അപ്പറത്തെ വീട്ടിലെ ആ പെണ്ണില്ലേ ..അത് ”
“‘ഹമ് “‘ അരുൺ അലക്ഷ്യമായി മൂളി . ഇപ്പോൾ ദിവസവും അപ്പുറത്തെ എന്തെങ്കിലും വാർത്തകളാവും ജിഷക്ക് പറയാനുള്ളത് .
“‘അതെന്തിനാ പോകുന്നെ . ഇപ്പൊ വീട്ടിലേക്കല്ലേ ആൾക്കാര് വരുന്നേ . ഇന്ന് മൂന്നാലു കാറിൽ ആൾക്കാര് വന്നു . ഇങ്ങനെയാണേൽ നാട്ടുകാരെ കൂട്ടി തടയൂന്നാ ലീലചേച്ചിയൊക്കെ പറഞ്ഞെ . മനുഷ്യന് സ്വസ്ഥമായിട്ട് ജീവിക്കാനും പറ്റില്ലാന്ന് വെച്ചാൽ .”‘ അരുൺ ഒന്നും മിണ്ടിയില്ല .
പിറ്റേന്ന് ഞായറായിരുന്നു .
ജനാല തുറന്നിട്ട് ഷേവ് ചെയ്തിട്ട് , മീശ വെട്ടുകയായിരുന്ന അരുൺ മതിലിനപ്പുറത്തെ അനക്കം കണ്ടങ്ങോട്ട് നോക്കി .
അപ്പുറത്തെ വീട്ടിലെ ആ പെൺകുട്ടി .
എട്ടിലോ ഒമ്പതിലോ ആവും പഠിക്കുക . നല്ല സുന്ദരിക്കുട്ടി . തെരുതെരെയടയുന്ന കണ്ണുകളിൽ കരിമഷിയെഴുതിയിരിക്കുന്നു .
അവൾ മുന്നോട്ട് നടന്നു പൂന്തോട്ടത്തിലേക്കിറങ്ങി . മനോഹരമായ പൂക്കൾ കൊണ്ട് സമൃദ്ധമാണ് പൂന്തോട്ടം . വീട് മോടിപിടിപ്പിച്ചത് കണ്ടിരുന്നു . റെഡിമേഡ് ഗാർഡനും മരങ്ങളും മെഷീൻ കൊണ്ട് വന്നു പിടിപ്പിക്കുകയായിരുന്നെന്നു ജിഷ പറഞ്ഞു കേട്ടിരുന്നു .
” ഓ ..മോളെ ..”” പെട്ടന്ന് ആ പെൺകുട്ടി മുന്നിൽ വീണുകിടന്നിരുന്ന കമ്പിൽ തട്ടി വീഴാൻ തുടങ്ങിയപ്പോൾ അരുൺ വിളിച്ചുപോയി . കുനിഞ്ഞു തപ്പി ആ കൊമ്പെടുത്തു സൈഡിലേക്ക് വലിച്ചെറിയുന്ന ആ കുട്ടിയെ കണ്ടപ്പോൾ അരുണിന്റെ നെഞ്ചിലൊരു പിടച്ചിലുണ്ടായി .
“‘ആ ..ആ കുട്ടിക്ക് കണ്ണ് കാണില്ലേ ദൈവമേ “‘ അരുൺ പെട്ടന്ന് മുറിക്ക് പുറത്തേക്കിറങ്ങി
“‘എങ്ങോട്ടാ ..എങ്ങോട്ടാ ഓടുന്നെ ..”‘
ഹാളിൽ പള്ളിയിൽ പോകാനായി ഒരുങ്ങുകയായിരുന്ന ജിഷ അയാളുടെ പുറകെ വന്നു .
“‘ മോളെ ..അത് പുഴുവാ .. തൊടല്ലേ “‘ അരുൺ മതിൽകെട്ടിന് അരികിലെത്തിയപ്പോൾ ചെടിയിൽ തലോടുന്ന ആ കുട്ടി കൈ തട്ടിയ എന്തിലോ വീണ്ടും പിടിക്കാൻ ഒരുങ്ങുകയായിരുന്നു .
“‘ഏഹ് ..പുഴുവോ .. പൂമ്പാറ്റ ആകുന്ന പുഴുവാണോ സാറെ “” ഒച്ചകേട്ട ഇടത്തേക്ക് അവൾ തിരിഞ്ഞപ്പോൾ അരുണിന് മനസ്സിലായി അവൾക്ക് കണ്ണ് കാണില്ലായെന്ന് .
”’ ആരോട് വർത്താനം പറയുവാ ..ഇവിടെ വാ ..പള്ളീൽ പോകാൻ സമയം പോകുന്നു “‘ പുറകിൽ നിന്ന് ജിഷ അരുൺ ആ കുട്ടിയോട് സംസാരിക്കുന്നതിഷ്ടപ്പെടാതെ വിളിച്ചു പറഞ്ഞു .
“‘അല്ല മോളെ …അത് ചൊറിയുന്ന പുഴുവാ ”’ അരുൺ ജിഷയെ തിരിഞ്ഞു നോക്കിയാണത് പറഞ്ഞത് . അവളത് കേട്ടില്ല .
“‘മോൾടെ അമ്മയെന്തിയെ ?”’
“‘അമ്മയോ …എനിക്കമ്മയില്ല സാറെ ..അത് ചേച്ചിയാ . പ്രിയേച്ചി ഒന്ന് വീണു . കാലിൽ സ്റ്റിച്ചുണ്ട് “‘ അവൾ അരുണിന്റെ ശബ്ദം കേൾക്കുന്ന സ്ഥലത്തേക്ക് നോക്കി പറഞ്ഞു .
”ആരാ ഇന്ദുമോളെ അത് …”‘ വീടിന്റെ ഭാഗത്തുനിന്ന് ചോദ്യം കേട്ടപ്പോൾ അരുൺ അവിടേക്ക് നോക്കി .
“‘ദൈവമേ …പ്രിയാ തോമസ് . “‘ അരുൺ പിറുപിറുത്തു .
“” പ്രിയ ടീച്ചറാണോ മോൾടെ ചേച്ചി .? ”” പൂമുഖത്തേക്ക് മുടന്തി വന്ന സ്ത്രീയെ അരുൺ അത്ഭുതത്തോടെ നോക്കി .
“‘അതെ ..സാററിയുമോ ?”
“‘ഞാൻ ടീച്ചറുടെ ക്‌ളാസ്സ് കൂടിയിട്ടുണ്ട് . മോളെ “”’ ഞാനിപ്പോ വരാട്ടോ “‘ അരുൺ പറഞ്ഞിട്ടകത്തേക്ക് കയറി .
”’ നിങ്ങളല്ലേ അവരോട് മിണ്ടാൻ പോകൂ ..എന്നാ വേഗത്തിലിങ്ങോട്ട് ഓടിപ്പോന്നെ ? മതിയായോ “” വേഗത്തിൽ ഷർട്ടിടുന്ന അരുണിന്റെ അടുത്തേക്ക് വന്ന ജിഷ ചോദിച്ചതും അരുൺ അവളെ ക്രൂദ്ധമായി നോക്കി
“‘നീ വന്നേ … അത് പ്രിയാ തോമസാണ് .. പ്രിയ ടീച്ചർ “”
“”‘ഏത് പ്രിയ ടീച്ചർ “‘
“‘ ഉണ്ണിക്കുട്ടനെ നോക്കാനൊക്കെ പഠിപ്പിക്കുന്ന ഒരു ക്‌ളാസ്സിന് ഞാൻ പോയത് ഓർക്കുന്നുണ്ടോ . നീ വന്നില്ലതിന് . ആളുകളുടെ സഹതാപം ഇഷ്ടമല്ലന്ന് പറഞ്ഞു നീ ഒഴിവായി . ആ ക്‌ളാസ്സിലൂടെയാണ് ഓട്ടിസം ബാധിച്ചവരെ കുറിച്ച് കൂടുതലായറിയുന്നേ . ഉണ്ണിക്കുട്ടനെ എങ്ങനെ നോക്കണമെന്നും എന്താണ് അവരുടെ സ്വഭാവങ്ങളെന്നുമൊക്കെ പഠിച്ചത് . ആ ക്‌ളാസ് എടുത്തത് ഇവരാ . പ്രിയ ടീച്ചർ . പല ക്ലബ്ബ്കളും ചാരിറ്റി സ്ഥാപനങ്ങളും ഒക്കെ ഇവരെ ക്ലാസ് എടുക്കാൻ വിളിക്കാറുണ്ട് . . വണ്ടിയിൽ വന്നു വിളിച്ചുകൊണ്ട് പോകും . കൊണ്ട് വന്നു വിടുകയും ചെയ്യും . അന്ന് ക്‌ളാസ് കഴിഞ്ഞു ഞാൻ മടങ്ങിയ കാറിലാണ് ഇവരും മടങ്ങിയത് . കാറിലിരുന്നും ഉണ്ണിക്കുട്ടന്റെ കാര്യങ്ങൾ ഓരോന്നും ചോദിച്ചറിഞ്ഞു പറഞ്ഞു തന്നു . ആളറിയാതെ , ആളെ മനസ്സിലാക്കാതെയാണ് നീയൊക്കെ ഓരോന്നും ഇത്രനാളും പറഞ്ഞു കൊണ്ടിരുന്നത്””
“‘ പള്ളീൽ ..പള്ളീൽ പോകാൻ നേരം പോയി . അരുണേട്ടൻ വന്നേരെ “‘ജിഷ അയാളുടെ കുറ്റപ്പെടുത്തൽ കേൾക്കാനാവാതെ ധൃതിയിൽ അവിടുന്ന് രക്ഷപെടാൻ നോക്കി .
“‘ പള്ളീലേക്കല്ല .നമ്മൾ അവരുടെ അടുത്തേക്കാണ് പോകുന്നത് . നിന്റെ അയൽവക്കംകാരെ സഹായിക്കാതെയും സ്നേഹിക്കാതെയും ബലിയർപ്പിച്ചിട്ടെന്താ കാര്യം . പ്രിയടീച്ചർ ക്ലാസ്സെടുക്കാൻ പോകുമ്പോൾ നീയാ കുട്ടിയെ ഇങ്ങോട്ട് വിളിക്ക് . നീയും തനിച്ചല്ലേയുള്ളു .അതൊരു പെൺകുട്ടിയല്ലേ ? .എന്ത് വിശ്വസിച്ചാണ് അവളെ അവിടെ തനിച്ചിരുത്തുക . നീയതലോചിട്ടുണ്ടോ ? ..വാ നമുക്ക് അങ്ങോട്ട് പോകാം “‘ ‘അരുൺ അവളുടെ കൈ പിടിച്ചു .
“” അയ്യോ .. ടീച്ചറോ ..ഞങ്ങളങ്ങോട്ട് വരുവായിരുന്നു.”” പുറത്തേക്കിറങ്ങാൻ തുടങ്ങിയ അരുൺ സിറ്റൗട്ടിലേക്ക് ഇന്ദുവിന്റെ കൈപിടിച്ച് കയറി വരുന്ന പ്രിയയെ കണ്ടു .
“‘ വന്നിട്ടിത് വരെ അയൽവക്കംകാരെ പരിചയപ്പെടാൻ പറ്റിയില്ല . തിരക്കായിപ്പോയി . ഇപ്പൊ മോള് പറഞ്ഞു എന്റെ ക്‌ളാസ് കേട്ടിട്ടുണ്ടെന്ന് . അതാ പെട്ടന്നോടി വന്നേ . അരുൺ ..അരുണല്ലേ ..എന്തിയെ മോൻ ?”” പ്രിയ അരുണിന്റെ പുറകിലേക്ക് നോക്കി .
“‘ ഉണ്ണിക്കുട്ടൻ ..അവൻ പോയി ടീച്ചറെ . ഇപ്പൊ ഒരു വർഷമാകുന്നു . “‘
“‘ ഓഹ് ..സോറി കേട്ടോ . ഞാനറിഞ്ഞിരുന്നില്ലല്ലോ … സാരമില്ല .എല്ലാം ദൈവത്തിന്റെ ഇഷ്ടമല്ലേ . വൈകല്യമുള്ളവർ മരിക്കുമ്പോഴാണ് ചിത്രശലഭങ്ങളായി പുനർജനിക്കുകയെന്ന് കേട്ടിട്ടുണ്ട് . ഉണ്ണിക്കുട്ടനിപ്പോ ഒരു പൂമ്പാറ്റയായി പാറിപ്പറന്നു നടപ്പുണ്ടാവും “‘ പ്രിയ പുഞ്ചിരിച്ചു .
”മോള് വാ .. ഇത് കണ്ടോ ഒരു ചേച്ചി . മോൾക്ക് ചേച്ചി പോകുമ്പോ കൂട്ടാവും മോൾടെ ചേച്ചിയെ പോലെ തന്നെ കണ്ടാൽ മതി കേട്ടോ . ..”‘ അരുൺ ഇന്ദുമോളുടെ കൈ പിടിച്ചു ജിഷയുടെ അടുത്തേക്ക് .നിർത്തി .
“‘ ചേച്ചി … സുഖമാണോ ?”’ഇന്ദു ജിഷയുടെ ശരീരത്തിൽ പരതി . അത് കണ്ടതും ജിഷ അമ്പരപ്പോടെ പ്രിയയയെയും അരുണിനെയും നോക്കി .
”അവൾക്ക് കണ്ണ് കാണില്ല ജീഷേ .”” അരുൺ മെല്ലെ പറഞ്ഞു .
“‘ മൂന്നിൽ പഠിക്കുമ്പോഴാണ് മോൾക്ക് കണ്ണിലൊരു മൂടലുണ്ടായത് . കുറെ ട്രീറ്റ്‌മെന്റ് നടത്തി . ഇനിയൊരു ഓപ്പറേഷൻ കൂടി വേണമെന്ന് പറഞ്ഞിരുന്നു . ക്യാഷിന്റെ പ്രശ്നത്തിൽ അത് മാറ്റി വെച്ചിരിക്കയായിരുന്നു . ഇവിടെയടുത്തൊരാൾ ആണ് ഈ വീട് റെഡിയാക്കി തന്നത് .അദ്ദേഹത്തിന്റെ രണ്ടു പിള്ളേരും ഓട്ടിസം ബാധിച്ചവരാണ് . ഇവിടെയാകുമ്പോൾ എനിക്കിടക്ക് വന്നു പോകാല്ലോയെന്ന് പറഞ്ഞദ്ദേഹമാണ് ഈ വീട് അറേഞ്ച് ചെയ്‌തത്. ഇവൾക്കിപ്പോ വെക്കേഷനാണ് .ഈ വെക്കേഷനിൽ ആ ഓപ്പറേഷൻ നടത്തണമെന്ന് കരുതുന്നു . അദ്ദേഹം സഹായിക്കാമെന്ന് പറഞ്ഞു . “”
””‘ ചായ കുടിക്ക് “‘ ജിഷ ചായ ഉണ്ടാക്കി കൊണ്ട് വന്നപ്പോൾ പ്രിയ കപ്പെടുത്തു . .ഇന്ദുമോൾ അവളുടെ കയ്യിൽ തൂങ്ങി കൂടെയുണ്ടായിരുന്നു .
“” താങ്ക്യൂ … ഇന്ദു പെട്ടന്ന് കൂട്ടായല്ലോ ജിഷയോട് . ഉണ്ണിക്കുട്ടൻ ഒറ്റ മോനെ ഉണ്ടായിരുന്നുള്ളോ ?”’ പ്രിയാ തോമസ് ചായകപ്പ് എടുത്തിട്ട് ചോദിച്ചു
“‘അതേ ടീച്ചറെ . അവനിങ്ങനെ ആയപ്പോൾ ഒരു ഭയം .അതു കൊണ്ട് ഇനിയൊരു കുട്ടി വേണ്ടന്നായിരുന്നു ചിന്തിച്ചിരുന്നത് “‘
”. ഓട്ടിസം ഒരു മാനസിക അവസ്ഥയാണ് . ആയിരത്തിൽ രണ്ടുപേർക്ക് ഓട്ടിസമുണ്ടാകുമെന്നാണ് കണക്കുകൾ . പല തരത്തിലുണ്ട് ഓട്ടിസം . പഠന വൈകല്യം ഉള്ളവരും തീരെ സംസാര ശേഷി കുറഞ്ഞവരും മുതൽ സ്വന്തമായി കുടുംബം നോക്കാനും വരുമാനം ഉണ്ടാക്കാനും വരെ പറ്റുന്നവർ .ഒന്നര വയസ് മുതലേ നമുക്കാ രോഗം മനസ്സിലാക്കാൻ പറ്റും . അപ്പോൾ അവർക്ക് വേണ്ടുന്ന പരിചരണം കൊടുത്താൽ അവരും തീർച്ചയായും സാധാരണക്കാരെ പോലെ ഇടപഴകും .ഓർക്കുക ചാൾസ് ഡാർവിനെ പോലെയുള്ള ശാസ്ത്രജന് വരെ ഓട്ടിസം ഉണ്ടായിരുന്നു . പിന്നെ സംഗീതം പോലെയുള്ള കലകളിൽ ഒക്കെ അവർക്ക് പ്രാഗത്ഭ്യമുണ്ടാകും “”’
”’ ഉണ്ണിക്കുട്ടനെ പോലെയുള്ള കുട്ടി ആവുമെന്ന് കരുതി അതിന് ശ്രമിക്കാതിരിക്കണ്ട.. ഓട്ടിസം ബാധിച്ച ഒന്നോ അതിലധികമോ കുഞ്ഞുണ്ടായാൽ രണ്ടാമത്തെയും മൂന്നാമത്തെയും കുഞ്ഞിന് വരാൻ ചാൻസുണ്ട് . എന്ന് കരുതി ഇതൊന്നും നമ്മുടെ കയ്യിലല്ലല്ലോ . ഇന്ദുമോളെ നോക്കൂ .അവൾക്കൊരു കുഴപ്പവും ഉണ്ടായിരുന്നില്ലല്ലോ . അത് കഴിഞ്ഞല്ലേ കാഴ്ച ശക്തി പോയത് . ഇതൊക്കെ ദൈവത്തിന്റെ തീരുമാനങ്ങളല്ലേ ? ദൈവീക ദാനമല്ലേ.കുഞ്ഞുങ്ങൾ ? അത് കൊണ്ട് നിങ്ങൾ ഉറപ്പായും ഇനിയൊരു കുഞ്ഞിന് വേണ്ടി കൂടി ട്രൈ ചെയ്യണം . .”” പ്രിയയുടെ ഓരോ വാക്കുകളും ശ്രദ്ധിച്ചു കേൾക്കുകയായിരുന്ന ജിഷ ഇന്ദുമോളുടെ കയ്യിൽ മുറുകെ പിടിച്ചിട്ടുണ്ടായിരുന്നു .
“‘ പ്രിയ ടീച്ചർടെ ഹസ്ബൻഡ് ?”’
” ഞാൻ കല്യാണം കഴിച്ചിട്ടില്ല . ഇവളുടെ കാര്യം നേരെയായിട്ട് വേണം .”‘
””’ഇന്ദു മോളുടെ കാര്യമോർത്തു ടീച്ചർ പേടിക്കണ്ട .ടീച്ചർ ജോലിക്ക് പോകുമ്പോൾ എന്റടുത്തേക്ക് വിട്ടേക്ക് . ഞാൻ നോക്കിക്കോളാം എന്റെ മോളായിട്ട്….ടീച്ചറുടെ കല്യാണം കഴിഞ്ഞാലും ഞാൻ നോക്കിക്കോളാം . “” “‘ ജിഷ ഇന്ദുവിന്റെ നെറുകയിൽ ഉമ്മവെച്ചു .
പള്ളിയിലെ ദിവ്യബലിക്കുള്ള മണി മുഴങ്ങുന്നുണ്ടായിരുന്നപ്പോൾ ….
malayalam stories, Malayalam Short Story, Malayalam Story Reading