പിന്നെ മകൾക്ക് നൂറ്റിയൊന്നു പവൻ കൊടുത്താണ് ഇറക്കി വിട്ടത്. അവരൊന്നും ആവശ്യപ്പെട്ടിരുന്നില്ല

Story written by Krishna Das ================= എവിടെ വെച്ചാണ് നിങ്ങൾ വിവാഹം നടത്താൻ ഉദ്ദേശിക്കുന്നത്? വരന്റെ അമ്മ വധുവിന്റെ അച്ഛനോട് ചോദിച്ചു. അടുത്തുള്ള ഒരു കല്യാണമണ്ഡപത്തിന്റെ […]

Story written by Krishna Das

=================

എവിടെ വെച്ചാണ് നിങ്ങൾ വിവാഹം നടത്താൻ ഉദ്ദേശിക്കുന്നത്?

വരന്റെ അമ്മ വധുവിന്റെ അച്ഛനോട് ചോദിച്ചു.

അടുത്തുള്ള ഒരു കല്യാണമണ്ഡപത്തിന്റെ പേര് ദാമോദരൻ പറഞ്ഞു.

അയ്യേ അതു മോശം കല്യാണ മണ്ഡപം ആണ്.

കുറച്ചു കൂടി അകലെയുള്ള ഒരു കല്യാണ മണ്ഡപത്തിന്റെ പേര് ലഷ്മിക്കുട്ടിയമ്മ പറഞ്ഞു. അതാണ് ഞങ്ങൾക്കും വരാൻ സൗകര്യം.

ദാമോദരൻ ഞെട്ടി.

അവിടെ ഒരു ലക്ഷം രൂപ ആണ് ചാർജ്. തങ്ങൾ കണ്ടു വെച്ചതിനു നാല്പത്തിനായിരം രൂപ ആണ്. അവിടെ ആണെങ്കിൽ മാത്രമേ വിവാഹം നടക്കുകയുള്ളൂ.

ചെറുക്കന്റെ വീട്ടുകാർ അൽപ്പം കടുപ്പത്തിലുള്ളവർ ആണ് എന്നു തോന്നുന്നു. ബ്രോക്കർ പറഞ്ഞിരുന്നു ചെറുക്കന്റെ വീട്ടുകാർക്ക് ഡിമാൻഡ് ഒന്നുമില്ല എന്ന്.

പക്ഷേ ഇനി വിവാഹം കഴിഞ്ഞാൽ പ്രശ്നമാകുമോ?

നിങ്ങളുടെ ഡിമാൻഡ് എന്താണ്?

ഏതായാലും നേരിട്ട് ചോദിക്കാൻ തന്നെ അയാൾ തീരുമാനിച്ചു.

ഞങ്ങൾക്ക് ഒരു ഡിമാന്റുമില്ല ലഷ്മിക്കുട്ടിയമ്മ ആവർത്തിച്ചു.

പിന്നെ മകൾക്ക് നൂറ്റിയൊന്നു പവൻ കൊടുത്താണ് ഇറക്കി വിട്ടത്. അവരൊന്നും ആവശ്യപ്പെട്ടിരുന്നില്ല. അതു ഞങ്ങൾ ഞങ്ങളുടെ മകൾക്ക് അണിയിച്ചതാണ്.

അവർ കൂട്ടിച്ചേർത്തു.

സൽസ്വഭാവിയായ പയ്യൻ, സർക്കാർ ജോലിക്കാരൻ, ഇനി ഇതുപോലെ ഒരു ആലോചന ഒത്തു വരുമോ?

ദാമോദരൻ ആലോചിച്ചു.

കിഴക്കേ വശത്തെ രണ്ടേക്കർ ഭൂമി കിടപ്പുണ്ട്. അതു വിറ്റിട്ട് ഈ ആലോചന നടത്താം.

അയാൾ കണക്കു കൂട്ടി.

എന്തായാലും അവർ 101 അല്ലെങ്കിലും 80 പവൻ സ്വർണ്ണം കൊടുത്തു ശാരിയുടെ വിവാഹം നടത്തി.

ആദ്യരാത്രി പാലുമായി സുഖിലിന്റെ മുമ്പിലേക്ക് എല്ലാവരും കൂടി തള്ളി വിട്ടപ്പോൾ ശാരിയുടെ മുഖം തുടുത്തു. എന്നാൽ പകൽ കണ്ട പ്രസന്നത സുഖിലിന്റെ മുഖത്ത് കണ്ടില്ല.

മുഖവുര ഒന്നും കൂടാതെ സുഖിൽ ചോദിച്ചു ഇതു എത്ര പവൻ ഉണ്ട്.?

എൺപത്.

സുനിത്രക്ക് 101 പവൻ കൊടുത്ത കാര്യം ഞങ്ങൾ പറഞ്ഞിരുന്നതല്ലേ?

അപ്പോൾ കൂടുതൽ ഇല്ലെങ്കിലും അതെങ്കിലും വേണ്ടേ?

ശാരി ശരിക്കും വിയർത്തു.

നീ വിയർക്കേണ്ട, ഇതു പ്രശ്നമാകും. അമ്മ അറിഞ്ഞാൽ ഇന്ന് തന്നെ നിന്നെ ഇറക്കി വിടും. നീ ഒരു കാര്യം ചെയ്യ്. താഴത്തു പുതപ്പ് വിരിച്ചു കിടക്ക്.

അവൾക്ക് അപമാനം തോന്നി.

ഇതിൽ ഒരു തീരുമാനം എടുക്കണം.

അടുത്ത ദിവസം തന്നെ വിരുന്നിനു കൊണ്ടു പോകുവാൻ അവളുടെ അച്ഛനും അമ്മയും ബന്ധുക്കാരുമെത്തി.

അവരുടെ മുമ്പിൽ സുഖിൽ സന്തോഷത്തോടെ പെരുമാറി.

എല്ലാവർക്കും സന്തോഷമായി.

സ്വന്തം വീട്ടിലേക്ക് ചെന്നപ്പോൾ ശാരിക്ക് ഉറക്കെ ഒന്നു കരയണമെന്ന് തോന്നി.

മകളുടെ മുഖം കണ്ടു ദേവിക എന്താ നിനക്ക് പറ്റിയത്? എന്നു ചോദിച്ചു.

അവൾ അമ്മയുടെ തോളിലേക്ക് ചാഞ്ഞു പറഞ്ഞു..

ഞാൻ ഇനി അങ്ങോട്ട്‌ പോകുന്നില്ല?

പോകുന്നില്ലേ…?

ഞെട്ടലോടെ ദേവിക ചോദിച്ചു.

അവർ ആഗ്രഹിച്ചത് 101 പവൻ ആണ്. നമ്മൾ 80 പവൻ അല്ലെ എടുത്തുള്ളൂ?

സുഖിൽ ഇന്നലെ അൽപ്പം മുഷിഞ്ഞു.

അതു സാരമില്ല നമുക്ക് ബാക്കി ഇരുപത് പവൻ കൂടി നൽകാം. ഇനി ഈ ബന്ധം വേണ്ടെന്നു വെച്ചാലും നിനക്ക് മറ്റൊരു ബന്ധം കിട്ടില്ല. ഇതുവരെ ചിലവാക്കിയ തുക എല്ലാം നഷ്ടം.

അവരെ കൊണ്ടാക്കിയപ്പോൾ തികച്ചു സ്വർണവും അവരുടെ വീട്ടിലേക്ക് ആവശ്യമായ എല്ലാ ഗൃഹ ഉപകരണങ്ങളും അഞ്ചു കുലപഴം, അച്ചപ്പം,കുഴലപ്പം, അലുവ, എന്നിവ എല്ലാം ഒരുക്കിയാണ് വിട്ടത്.

സുഖിലിന്റെ മുഖം തെളിയുന്നത് ശാരി കണ്ടു.

അന്ന് രാത്രി സുഖിൽ അവളെ കെട്ടിപുണരാൻ ശ്രമിച്ചു.

എന്നാൽ ശാരി അയാളെ തടഞ്ഞു കൊണ്ടു പുതപ്പ് എടുത്തു തറയിൽ വിരിച്ചു കിടന്നു.

ഓ! എനിക്ക് കാര്യം മനസ്സിലായി.
നിനക്ക് റെസ്റ്റിന്റെ സമയം ആയി അല്ലെ?

ഒരു കുസൃതിയോടെ അയാൾ ചോദിച്ചു.

അല്ല! അവൾ മറുപടി നൽകി.

എനിക്ക് എന്റെ T TC കോഴ്സ് പൂർത്തിയാക്കണം.

അതിനിടയിൽ കുഞ്ഞുങ്ങൾ ഉണ്ടായാൽ പഠനം നിലക്കും.

അതിനെന്താ നമുക്ക് പ്രതിരോധ മാർഗങ്ങൾ നോക്കാം.

എന്തായാലും കുറച്ചു നാളുകൾ കൂടി ഷമിക്ക്.

അവൾ പറഞ്ഞു.

അപ്രിയത്തോടെ അയാൾ കിടന്നു.

അവൾ പഠനം തുടർന്നു…

നല്ല മാർക്കോടെ തന്നെ അവൾ പാസ്സായി.

അടുത്തുള്ള എയ്ഡ്‌ഡ് സ്കൂളിൽ പ്ലസ്ടു ടീച്ചറുടെ വെക്കാൻസി ഉണ്ടെന്നു അറിഞ്ഞു.

അമ്പതു ലക്ഷം രൂപ ആണ് അവർ ആവശ്യപ്പെടുന്നത്.

നിനക്ക് എന്തിനാ ഇപ്പോൾ ജോലി?

എനിക്ക് ജോലി ഉണ്ടല്ലോ…

സുഖിൽ ചോദിച്ചു.

നിന്റെ ജോലിയും കൂലിയും നിന്റെ സ്വന്തം.

എനിക്ക് ജോലി ഉണ്ടെങ്കിൽ മാത്രമേ എനിക്ക് കൂലി കിട്ടു.

അതിന് എവിടുന്നാണ് ഇത്രയും തുക?

അതു എന്റെ സ്വർണ്ണം വിറ്റു ഞാൻ കണ്ടെത്തിക്കോളാം.

നിന്റെ സ്വർണ്ണമോ? അതു എനിക്ക് കൂടി ആവശ്യപ്പെട്ടതാണ്.

അതിനു നമ്മൾ ഒരുമിച്ചു ജീവിക്കുന്നെങ്കിൽ മാത്രമല്ലെ അതു നിന്റേതു കൂടി ആകുന്നുള്ളൂ.

ഞാൻ ഇനി നിന്നോടൊപ്പം ജീവിക്കാൻ ആഗ്രഹിക്കുന്നില്ല.

അപ്പോൾ നിന്റെ പഠനത്തിന് വേണ്ടി ചിലവാക്കിയ കാശ്?

അതു അടുക്കള കാണാൻ വന്ന വകയിൽ കൂട്ടിക്കോളൂ.

അവൾ തന്റെ വസ്ത്രവും എടുത്തു പടിയിറങ്ങി.

***************

എന്തുകൊണ്ടാണ് നിങ്ങൾ പിരിയാൻ ആഗ്രഹിക്കുന്നത്?

കുടുംബ കോടതിയിൽ ജഡ്ജി അവളോട്‌ ചോദിച്ചു.

ഒരു ഷണ്ഠനായ ഒരാളോടൊപ്പം ജീവിക്കാൻ എനിക്ക് താല്പര്യം ഇല്ല.

അയാൾ ഞടുങ്ങി.

എനിക്ക് ഒരു കുഴപ്പവുമില്ല.

കൂടെ കിടന്നവർക്ക് അല്ലെ സത്യം അറിയുകയുള്ളൂ.

അവൾ മൂർച്ചയോടെ പറഞ്ഞു.

ജഡ്ജി ഡിവോഴ്സ് അനുവദിച്ചു.

അയാൾ തളർച്ചയോടെ കസേരയിൽ അമർന്നു ഇരുന്നു.

Scroll to Top