അമ്മക്കിളി
രചന: രജിഷ അജയ് ഘോഷ്
അടുക്കളയിലെ തിരക്കുകൾ കഴിഞ്ഞപ്പോൾ അമ്മയെ വിളിക്കാമെന്ന് കരുതി.
എടുക്കാനെന്താ ഒരു താമസം. ഒന്നുകൂടി ട്രൈ ചെയ്തം നോക്കാം.
ഹലോ മോളെ…മീനൂ, അമ്മയാണ്.
എന്താ ഫോണെടുക്കാൻ വൈകിയേ…?
ഞാനടുക്കളയിൽ ആയിരുന്നു മോളേ…എവിടെ മക്കൾ, ഒച്ചയൊന്നും കേട്ടില്ലല്ലോ…
അവര് കളിക്കുവാ, വെറും കുറുമ്പാ അമ്മെ…
അമ്മ ചിരിച്ചു. ഇടയ്ക്ക് തീ ഊതുന്നത് കേട്ടു
ഇന്നുകഴിച്ചില്ലേ, നേരത്തെ അത്താഴം കഴിക്കുന്നതാണല്ലോ…ഞാൻ ചോദിച്ചു.
ചോറടുപ്പത്താ, ഇന്നു തോട്ടത്തിൽ കുറച്ച് പണിയുണ്ടായിരുന്നു. അതു കഴിഞ്ഞ് കാപ്പി കുടിയും കഴിഞ്ഞിട്ടാ അരി അടുപ്പത്തിട്ടത്.
അമ്മ ഒന്നുകൂടി തീ ഊതി.
അച്ഛനും ദേവൂം എവിടെയാ….?
അമ്മ വീണ്ടും ചിരിച്ചു.
അടുക്കളപ്പണി എൻ്റെ മാത്രംജോലിയല്ലെ, അച്ചനും മകളും ഏതോ സിനിമ കാണുന്നു. അമ്മയുടെ ശബ്ദത്തിലെ പതർച്ച എനിക്കു മനസ്സിലായി…
സാരമില്ലമ്മേ എല്ലാവരും പഠിച്ചോളും, അമ്മ വിഷമിക്കണ്ട. എനിയ്ക്കമ്മയെ മനസ്സിലാവും. പിന്നെ, നമ്മുടെ കിങ്ങിണിക്കിടാവ് വലുതായോ…?
ഞാൻ പതിയെ വിഷയം മാറ്റി.
വീട്ടിൽ പുതിയതായി ഉണ്ടായ പശുക്കിടാവാണ് കിങ്ങിണി. അവളുടെ കുറുമ്പുകൾ പറഞ്ഞാൽ അമ്മയ്ക്ക് തീരാറേയില്ല. തൊഴുത്തിലെ പശുക്കളോടു കിന്നാരം പറയുന്നത് ഇടയ്ക്കിടെ കേൾക്കാം, ഇടയ്ക്ക് പരാതിയും പരിഭവങ്ങളും…
ശരി, മോളെ മക്കളേയും നന്ദനേയും അന്വേഷിച്ചെന്നു പറയൂ ട്ടോ….
ശരി, അമ്മേ…
ഫോൺ വച്ച ശേഷം മനസ്സിൽ വല്ലത്ത വേദന തോന്നി. പാവം അമ്മ…ഭക്ഷണം കഴിച്ചു ഉറങ്ങാൻ വന്നപ്പോഴും മനസ്സ് അമ്മയ്ക്കൊപ്പമായിരുന്നു.
അമ്മ ഒരു പാവം നാട്ടിൻ പുറത്തുകാരിയായിരുന്നു. അമ്മയ്ക്ക് രണ്ടു സഹോദരിമാർ. ഒരാൾ മൂത്തതും ഒരാൾ ള്ളയതും. സന്തോഷത്തോടെ കഴിഞ്ഞ കുടുംബം.
18 ആം വയസ്സിൽ വിവാഹം. വീട്ടുകാരുടെ തീരുമാനം ഇഷ്ടം പോലു ചോദിച്ചില്ല.
അച്ചൻ്റെ വീട്ടിൽ നിറയെ ആളുകൾ. പട്ടിണി വേറെയും…വീട്ടിൽ പോവുമ്പോഴാണത്രേ അമ്മ വയറു നിറയെ ഭക്ഷണം കഴിക്കുന്നത്.
ഇടയ്ക്കൊക്കെ അമ്മയെന്നോട് പറയും, എൻ്റെ പത്തൊൻപതാം വയസിൽ ഉള്ളതാ നീ…ഞാൻ അമ്മയുടെ വയറ്റിലായിരുന്ന സമയത്ത് വിശപ്പ് സഹിക്കാനവാതെ അടുത്തുള്ള പ്ലാവിൽറ്റന്നും വീണകൂഴ ചക്ക തിന്ന കഥയും അരവയറുമായി ഉറങ്ങിയതുമെല്ലാം പറയുമ്പോൾ ആ കണ്ണുകളിൽ കണ്ണുനീർ ഒഴുകുമായിരുന്നു.
അച്ഛൻ ദേഷ്യം കൂടുതലുള്ള ആളായിരുന്നു. ചെറുപ്പത്തിൽ എന്തിനും ഞാൻ അമ്മയെ മണിയടിക്കും. നേരിട്ടു പറയാൻ പേടിയായിരുന്നു. ചുട്ട അടി തന്നെ കിട്ടും.
നീ ഉറങ്ങീലേ മീനൂ…
ഏട്ടൻ്റെ ചോദ്യം എന്നെ ചിന്തകളിൽ നിന്നും ഉണർത്തി.
ഇല്ല…
എന്തേ ഉറക്കം വന്നില്ലേ….?
എന്തോ ഒരു ക്ഷീണം പോലെ…
ശരിക്കും ഞാൻ വരാഞ്ഞിട്ടല്ലേ പെണ്ണേ നീ ഉറങ്ങാത്തത്.
പിന്നെ, ശരിക്കും ക്ഷീണം തന്നെയാ.
മക്കളുടെ കുറുമ്പും പണികളും കൂടെ നീ മടുത്തിട്ടുണ്ടാവും. ഉറങ്ങിക്കോ, നാളെ എല്ലാവർക്കും ലീവല്ലേ വൈകി എണീറ്റാൽ മതീട്ടോ…
ഏട്ടൻ്റെ നെഞ്ചിൽ തലവച്ചു കിടന്നപ്പോൾ പെട്ടന്നു തന്നെ ഉറങ്ങിപ്പോയി.
രാവിലെ അടുക്കളയിലെ തിരക്കുകൾ ഒതുക്കി തുണിയലക്കുമ്പോളാണ് ഫോണിടച്ചത്. ദേവു(അനിയത്തി )വാണ്. അമ്മ തല കറങ്ങി വീണുഹോസ്പിറ്റലിൽ ആണത്രേ…
നന്ദേട്ടാ…
എൻ്റെ ഉറക്കെയുള്ള ശബ്ദം കേട്ട് ടിവി കാണുന്നിടത്തു നിന്നും ആൾ ഓടിയെത്തി.
എന്താ മീനൂ ഇങ്ങനെ വിളിച്ചു കൂവുന്നേ…
അമ്മ തല കറങ്ങി വീണു ഹോസ്പിറ്റലിൽ ആണ് എന്ന് പറഞ്ഞ് ദേവു വിളിച്ചു.
ന്നാ നീ റെഡിയാവൂ ഞാൻ മക്കളെ റെഡിയാക്കാം നമുക്ക് വേഗം പോവാം…
അവിടെയെത്തുമ്പോൾ അമ്മ മയക്കത്തിലായിരുന്നു. ദേവൂം അച്ഛനും റൂമിലുണ്ട്.
BP കുറഞ്ഞ താ, ട്രിപ്പിട്ടിട്ടുണ്ട് ഇതു കഴിഞ്ഞാൽ വീട്ടിൽ പോവാം…അച്ഛൻ പറഞ്ഞു.
ഞാൻ പതിയെ അമ്മയ്ക്കരികിൽ ഇരുന്നു. ആ കൈകളിൽ പതുക്കെ തലോടി. അമ്മ കണ്ണുകൾ തുറന്നു. ക്ഷീണം നിറഞ്ഞ കണ്ണുകൾ, വിളറിയ ചിരി.
എൻ്റെ കണ്ണിലെ സങ്കടം കണ്ടിട്ടാവാം, പതിഞ്ഞ സ്വരത്തിൽ “എനിക്കൊന്നുമില്ലെ”ന്നു പറഞ്ഞു.
ഞാനൊന്നും പറഞ്ഞില്ല. വെറുതെയൊന്നു മൂളി.
നന്ദേട്ടൻ അച്ഛനോടും അമ്മയോടും സംസാരിക്കുന്നുണ്ടായിരുന്നു. മക്കൾ ദേവൂ ൻ്റെ കൂടെ പുറത്തിറങ്ങി.
ഞാൻ അമ്മയെ നോക്കി, എന്തൊരു കോലമാണിത്. അമ്മയെ ചെറുപ്പത്തിൽ കാണാൻ എന്തൊരു ഭംഗിയായിരുന്നു. ഞങ്ങൾ രണ്ടു പേരുമുണ്ടായപ്പോഴും അമ്മ പഴയതുപോലെ തന്നെയായിരുന്നു.
അയൽപക്കത്തെ ചേച്ചി അസൂയയോടെ അമ്മയോടു “ചേച്ചീനെ കണ്ടാൽരണ്ടു പെറ്റതാണെന്ന് തോന്നൂല്ലാട്ടോ..” എന്നു പറയുന്നത് ഞാൻ കേട്ടിരുന്നു.
പിന്നെ എപ്പോഴാണ് അമ്മ ഇങ്ങനെയായത്.
ആദ്യമൊക്കെ ഇടയ്ക്ക് അച്ഛനും അമ്മയും വഴക്കു കൂടുമായിരുന്നു. എനിക്കത് വലിയ വിഷമമായിരുന്നു.
പിന്നെ പിന്നെ കറിയ്ക്ക് ഉപ്പില്ല, പുളി കൂടി, അങ്ങനെ നിരന്തരം കുറ്റങ്ങൾ കേൾക്കാമായിരുന്നു. അമ്മയെന്തു പറഞ്ഞാലും അച്ഛൻ അതിൽ കുറ്റങ്ങൾ കണ്ടു പിടിക്കാൻ ശ്രമിക്കുമെന്നാണ് അമ്മ പറയാറ്.
ഇതൊരു പതിവായി.
അമ്മയും അമ്മയുടെ പണികളും ആയങ്ങനെ നടക്കും. അമ്മയുടെ ലോകം അച്ഛനും ഞങ്ങളുമാണെന്ന് ആരുമറിയാതെ പോയോ…?
ഞാനും നന്ദേട്ടനമായുള്ള വിവാഹം അച്ഛൻ തീരുമാനിക്കുമ്പോൾ എനിക്കും ജീവിതത്തെക്കുറിച്ചു നല്ല ഭയമായിരുന്നു.
അമ്മയുടെ കണ്ണുനീർ എൻ്റെയുള്ളിലും മുറിവുകൾ സൃഷ്ടിച്ചിരുന്നു. പക്ഷേ നന്ദേട്ടൻ എന്നെ ഞെട്ടിച്ചു കളഞ്ഞു.
സ്ത്രീകളെ വളരെയധികം സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന വ്യക്തിയായിരുന്നു അദ്ദേഹം. ഞാനവിടെ സന്തോഷമായിരുന്നു.
പക്ഷേ, അമ്മയുടെ സങ്കടങ്ങൾ കൂടി വന്നതേയുള്ളൂ…എന്തുകൊണ്ടോ അമ്മയെ മനസ്സിലാക്കാൻ അച്ഛൻ ശ്രമിച്ചില്ല.
ദേവു പഠിക്കാനുണ്ടെന്ന് പറഞ്ഞ് അവളുടെ റൂമിലാവും അധികവും. ഭക്ഷണം കഴിക്കാൻ വിളിച്ചാൽ വന്നു കഴിച്ചിട്ടു പോവും. എല്ലാം കൂടി അമ്മയെ വല്ലാതെ തളർത്തിയിരിക്കുന്നു.
അച്ഛനോട് ഒന്നും പറയാൻ എനിക്കാണേൽ ധൈര്യവുമില്ല. വച്ചുവിളമ്പാനും തുണിയലക്കാനും വീടു വൃത്തിയാക്കാനും മാത്രമുള്ള ഒരു ഉപകരണം മാത്രമല്ല സ്ത്രീ എന്ന് ഉറക്കേ വിളിച്ചു പറയാനെനിക്കു തോന്നി.
ചേച്ചിയെന്താ ആലോചിക്കുന്നേ “ദേവുവാണ്…”
ഞാനമ്മയെ കൂടെകൊണ്ടുപോവാണ്. നീ വീട്ടിലെ കാര്യങ്ങളും അച്ഛനേം കുറച്ചു ദിവസം നോക്ക്.
ഞാനോ എനിക്കൊന്ന അറിയില്ലാട്ടോ…അവൾ ഞെട്ടി.
നീയും നമ്മുടെ അമ്മയുടെ മകളല്ലേ, നിനക്കെന്താ ഇടയ്ക്കൊന്നു അമ്മയെ സഹായിച്ചാൽ, ഇടയ്ക്കൊന്നു ചേർത്തു പിടിച്ചാൽ, മക്കളും ഭർത്താവും കൂടെയുണ്ടെന്നു തോന്നിയാൽ ഒറ്റയ്ക്കല്ലെന്ന് മനസിലായാൽ പിന്നെ ഒരു വിഷമവും ഒന്നും തന്നെ അലട്ടില്ല ഒരു സ്ത്രീയെ…
സ്നേഹത്തേക്കാൾ വലിയ തായ് ഒന്നുമില്ല, ഞാൻ മനസ്സിലാക്കിയത് അമ്മയ്ക്ക് ശരീരത്തിൻ്റെ ക്ഷീണത്തേക്കാളും മനസ്സിനാക്ഷീണം. അടുക്കളയും തൊടിയും പിന്നെ നമ്മളും മാത്രമാ ആ പാവത്തിൻ്റെ ലോകം…
ഒറ്റ ശ്വാസത്തിൽ അവളോടതു പറയുമ്പോൾ എൻ്റെ ശബ്ദം ശക്തവും ദൃഢവുമായിരുന്നു. കണ്ണുകൾ നിറഞ്ഞിരുന്നു.
“അമ്മ എന്നും ചെയ്യുന്നതല്ലേ എന്നു കരുതി, ഞാനിതൊന്നും ചിന്തിച്ചില്ല…”
ദേവു കരയാൻ തുടങ്ങിയിരുന്നു.
അച്ഛനും മനസ്സിലാക്കിയിരിക്കാം എന്ന് ഞാനാശ്വസിച്ചു.
നന്ദേട്ടൻ പതിയെ വന്നെന്നെ ചേർത്ത് പിടിച്ചപ്പോൾ ഞാൻ പൊട്ടിക്കരഞ്ഞുപോയി.
ഞാൻമനസ്സിൽ പറഞ്ഞു “ഇത്രയും എന്നെ പ്രവർത്തിയിലൂടെ പഠിപ്പിച്ചതും ഇന്നിവിടെ പറയാൻ ധൈര്യം തന്നതും ൻ്റെ നന്ദേട്ടനല്ലേ…”
അമ്മയുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു.
“ഞാനെത്രയോ തവണ ഉറക്കെ പറയാൻ ആഗ്രഹിച്ച വാക്കുകളാണിത്….” എന്നാ കണ്ണുകൾ എന്നോടു പറയാതെ പറയുന്നുണ്ടായിരുന്നു.