ദേവുവിൻ്റെ അച്ഛന്റെയോ ഏട്ടന്മാരുടെയോ മുന്നിൽ നിൽക്കാനുള്ള യോഗ്യത പോയിട്ട്, സ്വന്തമായി ഒരു ജോലി പോലുമായിട്ടില്ല

A Story written by Ammu Santhosh ================= “ഞാനെന്തു ചെയ്യണം അരവിന്ദ്?” ദേവു അഗാധമായ ഹൃദയവേദനയോടെ അരവിന്ദിനെ നോക്കി ചോദിച്ചു. ഏറ്റവും അടുത്ത കൂട്ടുകാരൻ മാത്രമായിരുന്നില്ല […]

A Story written by Ammu Santhosh

=================

“ഞാനെന്തു ചെയ്യണം അരവിന്ദ്?”

ദേവു അഗാധമായ ഹൃദയവേദനയോടെ അരവിന്ദിനെ നോക്കി ചോദിച്ചു.

ഏറ്റവും അടുത്ത കൂട്ടുകാരൻ മാത്രമായിരുന്നില്ല അവൾക്കവൻ. ഒന്നിച്ചു ജീവിക്കാൻ ഒരു പാട് മോഹിപ്പിച്ചവൻ, ഒരു പാട് സ്വപ്‌നങ്ങൾ കാണിച്ചു തന്നവൻ.

അരവിന്ദിനു മറുപടി ഉണ്ടായിരുന്നില്ല. ദേവുവിൻ്റെ അച്ഛന്റെയോ ഏട്ടന്മാരുടെയോ മുന്നിൽ നിൽക്കാനുള്ള യോഗ്യത പോയിട്ട്, സ്വന്തമായി ഒരു ജോലി പോലുമായിട്ടില്ല.

എങ്ങോട്ടാ, വിളിക്കുക അവളെ?

“എനിക്ക് കുറച്ചു കൂടി സമയം വേണം ദേവു. നിനക്ക് അറിയാമല്ലോ, കോഴ്സ് തീർന്നിട്ടേയുള്ളു. ഒരു ജോലി വേണം. അതിനൊക്കെ ഇനി വർഷങ്ങൾ എടുക്കും “

“അത് വരെ എനിക്ക് കാത്തിരിക്കാൻ സമ്മതമാണ്. പക്ഷെ അച്ഛൻ…? അച്ഛൻ സമ്മതിക്കില്ല. ഒന്ന് വന്ന് സംസാരിക്കുമോ, അച്ഛനോട്?”

അവൻ ഇല്ല എന്ന് തലയാട്ടി.

“വന്നാൽ നിന്റെ അച്ഛന്റെ ചോദ്യങ്ങൾക്കുള്ള മറുപടി എന്റെ കയ്യിലില്ല. ഒളിച്ചോടിപ്പോയി കല്യാണം കഴിക്കുക, നിന്റെ വീട്ടിൽ വന്ന് വിളിച്ചിറക്കി പോരുക, അതിനൊന്നും ഞാനില്ല.

കാരണം ഞാൻ പ്രാക്ടിക്കൽ ആണ്. നമ്മൾ സ്നേഹിച്ചു എന്നല്ലേയുള്ളു. ഞാൻ നിന്നെ യൂസ് ചെയ്തിട്ടൊന്നുമില്ലല്ലോ…?

ഞാൻ എന്നും നിന്റെ നല്ല സുഹൃത്തായിരിക്കും. നീ അച്ഛൻ പറയുന്ന ആളെ കല്യാണം കഴിക്ക്. എന്റെ കാര്യമൊന്നും പറയാൻ നിൽക്കണ്ട. എനിക്ക് താല്പര്യമില്ല.”

അവൻ അവളുടെ മുഖത്ത് നോക്കി പറഞ്ഞു.

അവളുടെ ഹൃദയം മുറിഞ്ഞു പോയി. അവൾ കണ്ണീരോടെ തിരിഞ്ഞു നടന്നു

അച്ഛൻ പറയുന്നത് അനുസരിച്ചാണ് എന്നും ശീലം. അരവിന്ദിന്റെ കാര്യം താൻ പറഞ്ഞിട്ടും കാര്യമില്ല. അരവിന്ദ് ഇപ്പോൾ തയാറല്ല.

അച്ഛൻ പറഞ്ഞത് അനുസരിച്ച്, ആ ഞായറാഴ്ച നിവിന്റെ വീട്ടിൽ നിന്നു ആൾക്കാർ വന്നു

സൗമ്യനായ ഒരു ചെറുപ്പക്കാരൻ ആയിരുന്നു നിവിൻ

ബാങ്കിൽ ജോലി. ഒരു അനിയത്തി. അമ്മ. അച്ഛൻ…

“ഇയാൾക്ക് എന്നെ ഇഷ്ടം ആയോ?”

അവൾ എന്ത് പറയണം എന്നറിയാതെ നോക്കി നിന്നു

“ഒറ്റ കാഴ്ചയിൽ ഇഷ്ടം ആവില്ല. അല്ലെങ്കിൽ ആ ഇഷ്ടം ഒരു നല്ല ഇഷ്ടം അല്ല. അത് കൊണ്ട് ഒരു ആറുമാസം നമുക്ക് എടുക്കാം, ഒന്നു അറിയാൻ. എന്നിട്ട് പറഞ്ഞാൽ മതി “

അവൾക്ക് ആശ്വാസം തോന്നി

ആറ് മാസമുണ്ട്, മനസ്സ് ശാന്തമാക്കാൻ

ദിവസങ്ങൾ കടന്നു പോയി…

നിവിൻ എന്നും വിളിക്കും. ധാരാളം സംസാരിക്കും…അവൾ കേട്ടിരിക്കും..

നല്ലവനാണ്. സ്നേഹവും കരുതലും ഉള്ളവൻ

ഒരു ദിവസം അവൾ അരവിന്ദിനെ കുറിച്ച് പറഞ്ഞു. എല്ലാം കേട്ട് അവൻ ഫോൺ വെച്ചു. പിന്നെ വിളിച്ചില്ല.

ഒരു പക്ഷെ, തന്നെ ഒഴിവാക്കിയിട്ടുണ്ടാകും. അവൾ ഓർത്തു.

അങ്ങോട്ട്  വിളിക്കാൻ അവൾക്ക് തോന്നിയില്ല. എന്തോ വല്ലാത്ത ഒരു സങ്കടം അവളെ പൊതിഞ്ഞു.

നിവിനെയവൾ ഇഷ്ടപ്പെട്ടു തുടങ്ങിയിരുന്നു.

പിന്നെ വിചാരിച്ചു വിധിയാണ്

സ്നേഹിക്കുന്നവർ തന്നെ വിട്ട് പോകും. അത് തന്റെ വിധിയാണ്

ഒരു ദിവസം കല്യാണം ആലോചിച്ചു വന്ന ആൾ വന്നു. അവർ ഇതിൽ നിന്ന് ഒഴിയുകയാണ് എന്ന് പറഞ്ഞു.

കാരണം ചോദിച്ചപ്പോ ഒന്നും പറഞ്ഞില്ല. അവർക്ക് താല്പര്യമില്ല അത്രേ തന്നെ…എന്ന് മാത്രം പറഞ്ഞു

വീണ്ടും ഹൃദയത്തിലൂടെ ആഴത്തിൽ ഒരു കത്തിമുന പാഞ്ഞു കയറിയ പോലെ അവൾക്ക് വേദനിച്ചു

പിന്നെ അതും മറക്കാൻ ശ്രമിച്ചു. പക്ഷെ നിവിനെ മറക്കാൻ എളുപ്പമായിരുന്നില്ല.

അവൾ കരഞ്ഞു. ദിനരാത്രങ്ങൾ, അവൾ അവനെ മാത്രം ഓർത്തു

ഒരു ദിവസം അമ്മയെയും കൊണ്ട് ഹോസ്പിറ്റലിൽ പോയതായിരുന്നു അവൾ

നല്ല പരിചയം ഉള്ള ഒരു മുഖം. ഇടനാഴിയിലൂടെ നടന്ന് പോകുന്ന ഒരു പെൺകുട്ടി.

നിവിന്റെ അനിയത്തി…

അവൾ ഓടി ചെന്നു, ആ കൈ പിടിച്ചു

“എന്നെയോർമ്മയുണ്ടോ “

അവൾ തലയാട്ടി

“എന്താ ഇവിടെ?”

“ഒന്നുമില്ല “

എന്തോ മറയ്ക്കാൻ ശ്രമിക്കുന്ന പോലെ

അവൾ വീണ്ടും ചോദിച്ചു

“ഏട്ടൻ ഇവിടെ അഡ്മിറ്റ് ആണ് “

റൂം നമ്പർ പതിനാലിന്റെ വാതിൽ തുറന്നു ദേവു ചെല്ലുമ്പോൾ, നിവിൻ ഒരു വിളർച്ചയോടെ നോക്കി

അനിയത്തി, ഒരു നിമിഷം രണ്ടു പേരെയും നോക്കി നിന്നിട്ട് പോയി

“ഇത്രയും അന്യ ആയിരുന്നു ഞാൻ എന്ന് എനിക്ക് മനസിലായില്ല നിവിൻ. ഞാൻ കരുതി എന്റെ പാസ്റ്റ് അറിഞ്ഞിട്ട് വിട്ടിട്ട് പോയതാണെന്ന്. ഞാൻ ക്ഷമിച്ചേനെ. ഇതിപ്പോ..”

അവൾ പെട്ടെന്ന് തിരിച്ചു നടക്കാൻ ശ്രമിച്ചു

ആ കയ്യിൽ ഒരു പിടിത്തം വീണു

“അന്ന്, ഫോൺ വെച്ചിട്ട് റോഡ് ക്രോസ്സ് ചെയ്യുമ്പോൾ ഒരു ലോറി. അതേ ഓർമ്മ ഉള്ളു. പിന്നെ ഹോസ്പിറ്റലിൽ ആണ്. ഒരു കാല് മുറിച്ചു കളയേണ്ടി വന്നു. ആദ്യത്തെ രണ്ടാഴ്ച ശരിക്കും ബോധം പോലുമില്ലായിരുന്നു.

പിന്നെ ബോധം വന്നപ്പോ അറിഞ്ഞു. ഒരു കാല്…

പിന്നെ ഒരു മരവിപ്പ്..തന്നെ എന്തിന് വെറുതെ ഞാൻ ഇതിലേക്ക്…

അതാണ് അങ്ങനെ വീട്ടിൽ വന്നു പറഞ്ഞത്..

സ്നേഹം ഇല്ലാഞ്ഞിട്ടല്ല ദേവു…

സ്നേഹം കൂടിപ്പോയി അത് കൊണ്ടാണ്.

എനിക്ക് തന്നെ ജീവനാണ് ദേവു. പക്ഷെ ഒരു കാലില്ലാത്ത ഞാൻ വേണ്ടെന്ന് തോന്നി.”

അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി. അൽപനേരം അങ്ങനെ കടന്ന് പോയി

“എന്നാ ഡിസ്ചാർജ്?”

“നാളെ “

“നിവിൻ….

എന്നെ കല്യാണം കഴിക്കാമോ”

പെട്ടന്നായിരുന്നു ആ ചോദ്യം

അവൻ നടുക്കത്തോടെ അവളെ നോക്കി

“ഞാൻ ഇപ്പൊ നിവിനെ സ്നേഹിക്കുന്നുണ്ട് നിവിൻ. നിവിൻ വിളിക്കാതെയായപ്പോൾ…

ഞാൻ…..

ഇപ്പൊ കാണുന്ന വരെ ഞാൻ എത്ര ഉരുകി പോയെന്നോ….

എന്നെ കൂടെ കൂട്ടാമോ?”

നിവിൻ ആ കയ്യിൽ മുറുകെ പിടിക്കുക മാത്രം ചെയ്തു

എന്ത് പറയണമെന്ന് അവനറിയില്ലായിരുന്നു

കുറച്ചു നാളുകൾ കഴിയട്ടെ ദേവു എന്ന് മാത്രം പറഞ്ഞു

വീണ്ടും….

കുറച്ചു ദിവസങ്ങൾ കഴിഞ്ഞു..

ദേവുവിന് സ്കൂളിൽ ജോലി കിട്ടി.

അവൾക്ക് അന്ന് ഒരു വിസിറ്റർ ഉണ്ടായിരുന്നു, അരവിന്ദ്

“എനിക്ക് ദുബായിൽ ഒരു ജോലി ശരിയായി ദേവു. ഞാൻ നിന്റെ അച്ഛനെ വന്നു കാണട്ടെ. നീ ആഗ്രഹിച്ച പോലെ നമ്മൾ ആഗ്രഹിച്ച പോലെ, ഒരു ജീവിതം..”

ദേവു അൽപനേരം അവനെ നോക്കി നിന്നു

പണ്ടൊക്കെ അവനെ കാത്ത് നിന്ന്, അവൻ വരുമ്പോൾ ഹൃദയത്തിൽ, ഒരു തിരമാല അടിക്കും

കണ്ണുകൾ സ്നേഹം കൊണ്ട് നിറയും..

ഇന്ന് ഒന്നുമില്ല…

ഏതോ ഒരാൾ…

ഉള്ളിൽ തണുപ്പ് നിറയുന്നു

ഒരാൾ വന്ന് എന്തൊക്കെയോ പറയുന്നു

“നിന്റെ അഭിപ്രായം എന്താ ദേവു”

“എന്റെ കല്യാണം കഴിഞ്ഞു. നിവിൻ എന്നാണ് ആളുടെ പേര്. ബാങ്കിൽ ആണ് ജോലി “

അവൻ നടുങ്ങി പോയി

“നുണ. ഞാൻ അന്വേഷിച്ചു. നിന്റെ കല്യാണം കഴിഞ്ഞിട്ടില്ല. നീ പിണങ്ങല്ലേ. എന്റെ സിറ്റുവേഷൻ അതായത് കൊണ്ടല്ലേ ഞാൻ അന്നങ്ങനെ പറഞ്ഞത്. നിനക്ക് കാത്തിരുന്നു കൂടായിരുന്നോ ?”

അവൾ ചിരിച്ചു

“എന്റെ അച്ഛനോട് വെറുതെ എങ്കിലും പറഞ്ഞു വെയ്ക്ക്, എന്ന് ആയിരം തവണ ഞാൻ പറഞ്ഞു, അരവിന്ദ്…

പിന്നെ ഒരിക്കലും അരവിന്ദ് എന്നെ വിളിച്ചിട്ടുമില്ല. ഞാൻ വിളിച്ചിട്ട് എടുത്തിട്ടുമില്ല. ഞാൻ ഇന്ന് ഒരാൾക്ക് വാക്ക് കൊടുത്തു. ഞാൻ അയാൾക്കൊപ്പമേ ജീവിക്കു..

അരവിന്ദിനു ബെറ്റർ ചോയ്സ് തീർച്ചയായും കിട്ടും. പോട്ടെ അടുത്ത പീരിയഡ് ക്ലാസ്സ്‌ ഉണ്ട് “

അവൾ ക്ലാസ്സിലെക്ക് നടന്ന് പോയി

അരവിന്ദ് അൽപനേരം അങ്ങനെ നിന്നിട്ട് ഇറങ്ങി പോയി

പ്രണയം സ്നേഹം എല്ലാം അങ്ങനെ തന്നെ. ഒരിക്കൽ നീറിപ്പിടിക്കും. പിന്നെ അടർത്തി മാറ്റുമ്പോൾ, വേദനയോടെ അകറ്റി കളയുമ്പോൾ, തണുത്തു മരവിച്ചു മഞ്ഞു പോലെയാകും

അരവിന്ദിനു വേണ്ടി, നിവിനെ ഉപേക്ഷിച്ചു കളയാൻ ദേവു ഒരുക്കാമായിരുന്നില്ല

ഒരു പക്ഷെ, നിവിൻ വന്നില്ലായിരുന്നെങ്കിലും അരവിന്ദ്നൊപ്പം പിന്നെ അവൾ പോകുമായിരുന്നില്ല

തന്നെ, തന്റെ പ്രണയത്തെ, തിരസ്കരിച്ചവനോട് അവൾ ക്ഷമിക്കില്ലായിരുന്നു

അത് ശരിയാവാം തെറ്റാവാം

അത് അവരെ ആശ്രയിച്ചിരിക്കും

വേദനയുടെ ആഴത്തെ ആശ്രയിച്ചു ഇരിക്കും…

പ്രണയം അങ്ങനെയുമുണ്ട്.

Scroll to Top